നിയമലംഘനം

നെഞ്ചുക്ക് നീതി


12
സിനിമ തമിഴ് ആണെങ്കിലും മലയാളത്തിൽ പിറക്കേണ്ടിയിരുന്നതാണെന്ന് തോന്നി. രണ്ട് പെൺകുട്ടികൾ മരത്തിൽ തൂങ്ങിയാടുന്നത് കാണുമ്പോൾ വാളയാറിലെ പെൺകുട്ടികളെ ഓർക്കാത്ത ഒറ്റ മലയാളി പ്രേക്ഷകനും ഉണ്ടാകാൻ സാദ്ധ്യതയില്ല. അഥവാ ഉണ്ടെങ്കിൽ അവർ സിനിമയുടെ മാത്രം ഭാഗമാണ്; മലയാളി സമൂഹത്തിൻ്റെ ഭാഗമല്ല. (വാളയാർ കേസെല്ലാം എന്തായോ എന്തോ?)

തമിഴ് സിനിമയുടെ ശരാശരി കണക്ക് വെച്ച് നോക്കിയാൽ, നായകൻ്റേതായ വലിയ വീരസ്യങ്ങളൊന്നും ഈ സിനിമയിൽ ഇല്ല. ഒരു കേസന്വേഷിക്കാൻ ACP കൂടെയായ അദ്ദേഹം (ആരി അരുജുനൻ) കിണഞ്ഞ് ശ്രമിക്കുന്നുണ്ട്, പക്ഷേ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് പോലും പിന്തുണയില്ല. കക്ഷിരാഷ്ട്രീയവും ജാതിവ്യവസ്ഥയുമാണ് വില്ലൻ്റെ റോളിൽ. അവസാനം കേസ് അട്ടിമറിക്കാൻ CBI വരെ രംഗത്ത് എത്തുന്നുണ്ടെങ്കിലും അതെല്ലാം മറികടക്കാൻ നായകന് ആകുന്നിടത്ത് മാത്രമാണ് അൽപ്പമെങ്കിലും ഹീറോയിസം.

സ്റ്റേഷനിലെ പൊലീസുകാരെല്ലാം ACPക്ക് മുന്നിൽ വളഞ്ഞ് നിന്ന് ജാതി വ്യവസ്ഥയും തീണ്ടിക്കൂടായ്മയും വിശദീകരിക്കുന്ന രംഗം ഒരേ സമയം ചിരിപ്പിക്കുകയും അതേസമയം, ഇതാണല്ലോ രാജ്യത്തിൻ്റെ അവസ്ഥ എന്നാലോചിക്കുമ്പോൾ ഉൾക്കിടിലം ഉണ്ടാക്കുകയും ചെയ്യും.

ഓടകൾ വൃത്തിയാക്കാൻ മനുഷ്യജന്മങ്ങൾ ഇറങ്ങുന്ന രംഗങ്ങൾ സിനിമാ നടന്മാരെ വെച്ച് എടുത്തതാകാൻ വഴിയില്ല. രജനീകാന്തിന് കൊടുക്കുന്ന പ്രതിഫലം തരാമെന്ന് പറഞ്ഞാൽപ്പോലും നടീനടന്മാർ ആരും അത്രയും അഴുക്കുള്ള ചാലിൽ തലയറ്റം മുങ്ങാൻ തയ്യാറാകില്ല. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും റോക്കറ്റുകൾ വിക്ഷേപിക്കുന്ന രാജ്യത്ത് ഇപ്പോഴും ഓട വൃത്തിയാക്കാൻ മനുഷ്യക്കോലങ്ങൾ തന്നെ അശാസ്ത്രീയമായി ഇറങ്ങണമെന്നതും വിഷവാതകം ശ്വസിച്ച് ചത്ത് മലക്കണമെന്നതും വിരോധാഭാസമാണ്.

ഇതേ ജനുസ്സിൽ പല സിനിമകൾ പല ഭാഷകളിൽ മുൻപും വന്നിട്ടുള്ളതാണ്. പക്ഷേ സിനിമയ്ക്ക് പാത്രമാകുന്ന വിഷയത്തിന് ഒരു കുറവും രാജ്യത്ത് സംഭവിക്കുന്നില്ലല്ലോ? അങ്ങനാകുമ്പോൾ ഇനിയും ഇത്തരം സിനിമകൾ ഇറങ്ങും. കുപ്പി പുതിയതാണെങ്കിൽ വീഞ്ഞ് പഴയതാണെങ്കിലും നമ്മളത് ആസ്വദിക്കുകയും ചെയ്യും.

OTT:- Sony LIV