നിയമലംഘനം

സജി ചെറിയാന് നന്ദി


88
രണഘടനെയെ വിമർശിച്ചതിൻ്റെ പേരിൽ സജി ചെറിയാൻ, മന്ത്രിസ്ഥാനം രാജി വെക്കേണ്ടത് തന്നെ. രാജി വെക്കുകയും ചെയ്തു. വളരെ നല്ലത്.

പക്ഷേ, മന്ത്രി ഇപ്പോഴും പറയുന്നത്, താൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും തൻ്റെ വാക്കുകൾ വളച്ചൊടിച്ചു എന്നുമാണ്. അദ്ദേഹത്തിൻ്റെ രാജിയുടെ മഹത്വം തന്നെ റദ്ദ് ചെയ്യുന്ന പ്രസ്ഥാവനയാണത്. എന്തുകൊണ്ട് ?

നമുക്ക് കുറച്ച് കാലം പിന്നോട്ട് പോകാം. മാദ്ധ്യമ ചാനലുകളും ഏതൊരു മനുഷ്യൻ്റെ കൈയിലും മൊബൈൽ ക്യാമറകളും സജീവമാകുന്നതിന് മുൻപുള്ള ഡിജിറ്റൽ കാലഘട്ടത്തിനും മുന്നേയുള്ള ഒരു കാലത്തെപ്പറ്റിയാണ് പറയുന്നത്. അക്കാലത്ത്, ഇത്തരത്തിൽ വിവാദ പ്രസ്ഥാവനകൾ ആരെങ്കിലും നടത്തിയാൽ അത് റിപ്പോർട്ട് ചെയ്യുന്നത് അച്ച് നിരത്തുന്ന പത്രമാദ്ധ്യമങ്ങളായിരിക്കും. വിവാദ പ്രസ്ഥാവനയുടെ നിജസ്ഥിതി ചികഞ്ഞ് പോയി അതേപടി കേട്ട് മനസ്സിലാക്കാൻ പൊതുജനത്തിന് അവസരമുണ്ടായിരുന്നില്ല. വാർത്ത റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകൻ അത് വളച്ചൊടിച്ചിട്ടുണ്ടാകാം, ഇല്ലാതെയുമിരിക്കാം. പക്ഷേ, അത് തെളിയിക്കാൻ മാർഗ്ഗങ്ങളൊന്നും പൊതുജനത്തിന് അക്കാലത്തുണ്ടായിരുന്നില്ല.

ആയതുകൊണ്ടുതന്നെ ‘എൻ്റെ വാക്കുകൾ വളച്ചൊടിച്ചു‘ എന്ന ന്യായീകരണവും ഉടായിപ്പും അന്നത്തെ കാലത്ത് വിലപ്പോകുമായിരുന്നു. കാലം മാറിയത് സജി ചെറിയാനൊന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ഇന്നിപ്പോൾ സജി ചെറിയാൻ പറഞ്ഞത് എന്താണെന്ന് പലവട്ടം റിവൈൻഡ് ചെയ്ത് കണ്ട് വിലയിരുത്താൻ ഭൂലോകത്തുള്ള ഏതൊരാൾക്കും സാധിക്കും. വാക്കുകൾ വളച്ചൊടിച്ചിട്ടുണ്ടോ ഇല്ലയോ എന്നൊക്കെ മനസ്സിലാക്കാൻ പോന്ന വിവരവും വിദ്യാഭ്യാസവും ഉള്ള മലയാളികളോടാണ് സംസാരിക്കുന്നതെന്ന് ബോദ്ധ്യം എപ്പോഴും ഉണ്ടായിരിക്കണം. സ്വന്തം പാർട്ടി അണികളും, കണ്ണുമടച്ച് ഗ്വാ ഗ്വാ വിളിക്കുന്നവർ പോലും കൂടെയുണ്ടാകില്ല ഡിജിറ്റൽ യുഗത്തിന് മുന്നേ അന്ത്യക്രിയ ചെയ്ത് ഒഴിവാക്കിയ ‘എൻ്റെ വാക്കുകൾ വളച്ചൊടിച്ചു‘ എന്ന ന്യായീകരണമോ ക്യാപ്സൂളോ വാരിവിതറിയാൽ.

ആ യുഗം കഴിഞ്ഞു നേതാക്കന്മാരേ. രണ്ടേ രണ്ട് മാർഗ്ഗങ്ങളാണ് ഇനി മുന്നിലുള്ളത്.

1. പറ്റുമെങ്കിൽ ഇജ്ജാതി മണ്ടത്തരങ്ങൾ വിളിച്ച് പറയാതിരിക്കുക.

2. ഇനി അഥവാ നാക്ക് പിഴച്ച് പോയാലും, പിഴ പറ്റിയ അതേ നാക്കുകൊണ്ട്, ‘എൻ്റെ വാക്കുകൾ വളച്ചൊടിച്ചു‘ എന്ന ന്യായീകരണം എഴുന്നള്ളിക്കാതിരിക്കുക. ഇത് ഡിജിറ്റൽ യുഗമാണ്.

മന്ത്രി രാജി വെച്ച് ഒഴിഞ്ഞത് വലിയ ധാർമ്മിക സംഭവമാണെന്ന നിലയ്ക്കുള്ള വാർത്തകളും വാഴ്ത്തുകളും കേൾക്കാനിടയായി. അതേപ്പറ്റിയും അൽപ്പം പറയണമെന്നുണ്ട്.

ഒന്നാമതായി, മന്ത്രി രാജിവച്ചു എന്നല്ലാതെ പറഞ്ഞത് തെറ്റായിപ്പോയെന്നും അതിൽ ഖേദിക്കുന്നു എന്നും ഇതുവരെ പറഞ്ഞിട്ടില്ല. അതുകൂടാതെ ചെയ്താലേ കാര്യങ്ങൾ പൂർണ്ണമാകൂ.

രണ്ടാമതായി, അങ്ങനെയിങ്ങനെയൊന്നും ആരും വെച്ചൊഴിഞ്ഞ് പോകുന്ന ഒരു സ്ഥാനമല്ല മന്ത്രിപദം. അത് ആ ചക്കരക്കുടത്തിൽ കൈയിട്ട് നക്കിയിട്ടില്ലെങ്കിലും ആ ചക്കരക്കുടത്തിൻ്റെ സാമീപ്യം മാത്രം തരുന്ന അധികാര സുഖസുന്ദര അനുഭവങ്ങൾ കൊണ്ട് ഏതൊരു നേതാവും കൊതിക്കുന്ന ഒന്നാണ്. മന്ത്രി മാത്രമല്ല മന്ത്രിയെച്ചുറ്റിപ്പറ്റിയുള്ള ഡസൻ കണക്കിനുള്ള പരിവാരങ്ങൾക്ക് കൂടെയാണ് മന്ത്രിയുടെ രാജി പ്രശ്നമാകുന്നത്. അങ്ങനെ ഏത് വഴിക്ക് നോക്കിയാലും, ധാർമ്മികതയുടെ പേരിൽ ഒരു മന്ത്രിയും ചുമ്മാ ഇട്ടെറിഞ്ഞ് പോകുന്ന ഒന്നല്ല മന്ത്രിപദം. കഴിഞ്ഞ 20 വർഷക്കാലയളവിൽ എത്ര മന്ത്രിമാർ, ഒരു വിവാദത്തിൻ്റേയോ മറ്റേതെങ്കിലും കാരണത്തിൻ്റേയോ പേരിൽ, അങ്ങനെ നിന്ന നിൽപ്പിൽ സ്ഥാനം ത്യജിച്ചിട്ടുണ്ടെന്ന് കണക്കെടുത്താൽ ഇപ്പറഞ്ഞ ചക്കരക്കുടത്തിൻ്റെ കാര്യം ആർക്കും ബോദ്ധ്യമാകുന്നതാണ്.

ഈ കേസിൽ സജി ചെറിയാൻ്റെ വാക്കുകൾ ആരും വളച്ചൊടിച്ചിട്ടില്ല എന്നത് വ്യക്തമാണ്. എനിക്കങ്ങനെയാണ് ബോദ്ധ്യപ്പെട്ടിട്ടുള്ളത്. സ്വന്തം പാർട്ടിയുടെ ഉൾത്തളങ്ങളിൽ എന്തെക്കൊയോ പറഞ്ഞ് പറഞ്ഞ് ആവേശം കേറിയപ്പോൾ പുറത്ത് ചാടിയ വിവരക്കേടോ നാക്കുപിഴയോ തന്നെയാണ് സജി ചെറിയാന് ഈ ഗതി വരുത്തി വെച്ചത്.

അതൊക്കെ എന്തായാലും ഈ വിവാദവും സജി ചെറിയാൻ്റെ രാജിയും മൂലം ഞാനടക്കം പലർക്കും ഭരണഘടനയേപ്പറ്റി മുൻപ് അറിയാതിരുന്ന പല കാര്യങ്ങളും അറിയാൻ പറ്റി. ഇന്നലെ രാത്രി ക്ലബ്ബ് ഹൗസിലെ ഒരു റൂമിൽ ഉണ്ടായ ചർച്ച, ഭരണഘടനയെപ്പറ്റിയുള്ള ഒരുപാട് കാര്യങ്ങളിലേക്ക് വെളിച്ചം വീശാൻ പോന്നതായിരുന്നു. ഭരണഘടനയുടെ ശിൽപ്പി എന്ന പേരിൽ നമ്മൾ എടുത്ത് പറയുന്ന അംബേഡ്കർ തന്നെയാണോ ശരിക്കുള്ള ശിൽപ്പി. അതോ അദ്ദേഹത്തോളം പങ്ക് വഹിച്ചിട്ടുള്ള മറ്റാരെങ്കിലും ഉണ്ടോ ? എത്രത്തോളം പേർ എത്രനാൾ പ്രയത്നിച്ചാണ് ഭരണഘടന ഉണ്ടാക്കിയത്. 60ൽപ്പരം രാജ്യങ്ങളുടെ ഭരണഘടന ഈ അവശ്യത്തിലേക്കായി പഠിക്കുകയും അതിലെല്ലായിടങ്ങളിൽ നിന്നുമുള്ള നല്ല നല്ല കാര്യങ്ങൾ ഉൾക്കൊണ്ട് ഉണ്ടാക്കിയതാണ് ഇന്ത്യൻ ഭരണഘടനയെന്നുമൊക്കെ മനസ്സിലാക്കാൻ ഇടവന്നത് സജി ചെറിയാൻ കാരണമാണ്. അതിനദ്ദേഹത്തോട് നന്ദി പറയാതെ വയ്യ.

ഇന്ത്യൻ ഭരണഘടന എല്ലാം തികഞ്ഞ ഒന്നാകണമെന്നില്ല. അത് പറയാള്ള സാക്ഷരത എനിക്കില്ല. കുറ്റങ്ങളും കുറവുകളും പോരായ്മകളും ഉണ്ടായേക്കാം. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന എല്ലാവരും ഭരണഘടനെയെപ്പറ്റി ഗ്രാഹ്യമുള്ളവരാകണമെന്നില്ല. പാവപ്പെട്ടവൻ്റേയും സാധാരണക്കാരൻ്റേയും വലിയ വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലാത്തവരുടേയുമൊക്കെ പ്രതിനിധികളാണ് തിരഞ്ഞെടുക്കപ്പെടുന്നത്. അത് തന്നെയാണ് ജനധിപത്യത്തിൻ്റെ സൗന്ദര്യവും. പക്ഷെ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അധികാരസ്ഥാനങ്ങളിലേക്ക് കയറി ആസനമമർത്തുന്നതിന് മുൻപ് ഇക്കൂട്ടർക്കെല്ലാം ഒരു മിനിമം യോഗ്യതാ പഠനക്ലാസ്സ് അവരവരുടെ പാർട്ടിയോ അല്ലെങ്കിൽ സർക്കാർ തലത്തിൽത്തന്നെയോ നൽകിയാൽ ഇതുപോലുള്ള അബദ്ധങ്ങളിൽച്ചെന്ന് ചാടാതെ നോക്കാം.

48 മണിക്കൂറിനകം സജി ചെറിയാൻ സ്വന്തം നിലയ്ക്കോ പാർട്ടിയുടെ നിർദ്ദേശപ്രകാരമോ മന്ത്രിസ്ഥാനം രാജി വെച്ചില്ലെങ്കിൽപ്പോലും, ഗവർണ്ണറോ കേന്ദ്രമോ ഇടപെടുമായിരുന്നെന്ന കാര്യം സുവ്യക്തമാണ്. അവരാരെങ്കിലും ഇടപെട്ട് പുറത്താക്കിയാൽ സജി ചെറിയാനും അദ്ദേഹത്തിൻ്റെ പാർട്ടിക്കും ഉണ്ടാകുന്ന നാണക്കേട് ചില്ലറയൊന്നും അല്ല. അതുകൊണ്ട് മാത്രമാണ്ര് രാജി ഉണ്ടായതെന്നാണ് എൻ്റെ വ്യക്തിപരമായ നിഗമനം. ധാർമ്മികതയുടെ പേരിലാണ് രാജിയെങ്കിൽ 24 മണിക്കൂർ പോലും വേണ്ട രാജി സമർപ്പിക്കാൻ. അത്തരം ധാർമ്മികതയുള്ള നേതാക്കളൊക്കെ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോളില്ല. ‘ഞാനെന്തിന് രാജി വെക്കണം‘ എന്ന് മാദ്ധ്യമങ്ങളോട് ചോദിച്ച സജി ചെറിയാൻ, ആ ചോദ്യത്തിൻ്റെ മുനയൊടിയും മുൻപേ രാജിവെക്കണമെങ്കിൽ അതിന് കാരണം മേൽപ്പറഞ്ഞത് അടക്കമുള്ള ഒരുപാട് കാരണങ്ങളാണ്. ആയതിനാൽ ധാർമ്മികതാ ക്യാപ്സൂൾ, അത് ചിലവാകുന്ന ഇടങ്ങളിൽ മാത്രം ഇറക്കിയാൽ മതി.

സജി ചെറിയാന് ഒരിക്കൽക്കൂടെ നന്ദി. രാജി വെക്കാതെ കൂടുതൽ നീട്ടിക്കൊണ്ട് പോയി പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി പ്രതിപക്ഷത്തിൻ്റെ ധർണ്ണയും പിക്കറ്റിങ്ങും വഴി തടയലും കരിങ്കൊടി കാണിക്കലും ഒക്കെ ചേർന്ന് പൊതുജനത്തെ നടുറോഡിലിട്ട് കഷ്ടപ്പെടുത്താതിരുന്നതിനും ഭരണഘടനയെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ അവസരമുണ്ടാക്കിത്തന്നതിനും.

വാൽക്കഷണം:- സജി ചെറിയാൻ MLA പദവി കൂടെ രാജിവെക്കണമെന്ന് മുറവിളി നടക്കുന്നുണ്ട്. വ്യക്തിപരമായി എനിക്കാ അഭിപ്രായം ഇല്ല. എന്നിട്ട് വേണം ആ ഉപതെരഞ്ഞെടുപ്പിന്റെ ഭാരം കൂടെ പൊതുജനം ചുമക്കാൻ.