നിയമലംഘനം

പബ്ലിക് ഐ (Public Eye)


88
ർണ്ണാടകയിൽ മോട്ടോർ വെഹിക്കിൾ വകുപ്പിൻ്റെ വഹ Public Eye എന്നൊരു ആപ്പ് ഉണ്ട്. നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവരുടെ ചിത്രവും ലൊക്കേഷനും സഹിതം അധികാരികൾക്ക് റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യമാണ് ഈ ആപ്പ് നൽകുന്നത്. താഴെക്കാണുന്ന നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.

1. No parking
2. One way/No entry
3. Parking on footpath
4. Riding on footpath
5. Riding without a helmet
6. Defective/Fancy number plate
7. Stopped on zebra cross
8. Triple riding
9. Using mobile phone while driving
10. Wrong parking
11. Jumping traffic signal
12. Pillion rider not wearing helmet.
13. Stunt riding

നിയമലംഘനത്തിൻ്റെ ഒരു ചിത്രവും ലൊക്കേഷനും നൽകിയാൽ മതി. പടം എടുത്ത ഉടനെയാണ് റിപ്പോർട്ട് അയക്കുന്നതെങ്കിൽ ജിപിഎസ് വഴി ലൊക്കേഷൻ ആപ്പ് സ്വയം രേഖപ്പെടുത്തിക്കൊള്ളും. നമ്മൾ നൽകിയ പരാതിയുടെ സ്റ്റാറ്റസ് കാണാനുള്ള സൗകര്യവും ആപ്പിൽ ഉണ്ട്.

നമ്മൾ നിയമം അനുസരിക്കുന്നവരല്ല എന്നതുകൊണ്ടും നിയമലംഘനങ്ങൾ എല്ലാം പിടികൂടാനുള്ള ട്രാഫിക്ക് പൊലീസ് സൗകര്യം പലയിടത്തും ഇല്ല എന്നതുകൊണ്ടും ഇത്തരത്തിൽ ഏതെങ്കിലും ഒരു ആപ്പ് എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകേണ്ടത് ആവശ്യമാണ്.

മാത്രമല്ല, ഇത്തരത്തിൽ സർക്കാറിലേക്ക് മുതൽക്കൂട്ടാകുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം നിയമലംഘനം റിപ്പോർട്ട് ചെയ്യുന്നവർക്ക് നൽകണമെന്ന നിർദ്ദേശം മുന്നോട്ട് വെക്കണമെന്നൊക്കെയുണ്ട്. പക്ഷേ അങ്ങനെയൊരു സൗകര്യം വന്നാൽ, കാത്തിരുന്ന് കരുതിക്കൂട്ടി ഇതെല്ലാം റിപ്പോർട്ട് ചെയ്യുന്ന ഒരു ജനസമൂഹം തന്നെ ഉണ്ടായി വരുമെന്നതുകൊണ്ടും അവർ മറ്റ് പണിക്കൊന്നും പോകാതെ ഈ അഭ്യാസത്തിലൂടെ മാത്രം നല്ല വരുമാനം ഉണ്ടാക്കുന്നത് അവരുടെ എതിർപക്ഷത്തുള്ളവർക്ക് വൈരാഗ്യബുദ്ധി ജനിപ്പിക്കുകയോ അതിൻ്റെ പേരിൽ മറ്റ് സംഘർഷങ്ങളും കേസുകളും ഉണ്ടാകുകയും അത് റിപ്പോർട്ട് ചെയ്യാൻ പൊലീസിന് വ്യത്യസ്തങ്ങളായ കൂടുതൽ ആപ്പുകൾ ഉണ്ടാക്കേണ്ടി വന്നേക്കാം എന്നതിനാലും ആ നിർദ്ദേശം തൽക്കാലം തമസ്ക്കരിക്കുന്നു.

ഹൈക്കോടതിയുടെ മുന്നിലുള്ള നോ പാർക്കിംഗ് ബോർഡിൻെറ അടിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ പടമെടുത്ത് ഫേസ്ബുക്കിൽ ഇടുന്ന പതിവുണ്ടായിരുന്നു എനിക്ക്. (ഈ ഫോൾഡറിൽ ആ പടങ്ങൾ കാണാം) ഒരിക്കൽ ഒരു വക്കീലിൻ്റെ വാഹനം ആ പടങ്ങളുടെ കൂട്ടത്തിൽ വന്നു. അദ്ദേഹത്തിൻെറ വാഹനത്തിന്റെ പടമെടുത്ത് ഫേസ്ബുക്കിൽ ഇട്ടതിന് എനിക്കെതിരെ കേസ് കൊടുക്കുമെന്ന് അദ്ദേഹം വന്ന് ഭീഷണി മുഴക്കുകയും ചെയ്തു. കേരളത്തിൽ ഇങ്ങനെയൊരു ആപ്പ് വരണമെങ്കിൽ ഇത്തരത്തിൽ ഒരുപാട് മാന്യവ്യക്തികളെ മറികടക്കേണ്ടിവരുമെന്നത് തുണിയുടുക്കാത്ത സത്യമാണ്.

വാൽക്കഷണം:- നമ്മൾ നൽകുന്ന പരാതിയുടെ കാരണഭൂതൻ്റെ നമ്പർ തപ്പിയെടുത്ത് അവർക്ക് ഫൈൻ നൽകിയിട്ടുണ്ടോ എന്ന് മറ്റ് വഴികളിലൂടെ പരിശോധിക്കുമ്പോൾ, Closed എന്നാണ് ആപ്പിലെ സ്റ്റാറ്റസെങ്കിലും ഫൈൻ നൽകിയതായി കാണാനാകുന്നില്ല എന്നൊരു പരാതിയും ഈ ആപ്പിനെപ്പറ്റിയുണ്ട്. ചതിയിൽ വഞ്ചന പാടില്ല.