നിയമലംഘനം

ഒറ്റ ദിവസം കൊണ്ട് കുതിരാൻ്റെ പരിപ്പെടുത്തു !


Screenshot_20220121-152342
ടിപ്പറിൻ്റെ പിൻഭാഗം ഉയർത്തി വെച്ച് ഓടിച്ച് കുതിരാനിലെ ക്യാമറകളും ലൈറ്റുകളും നശിപ്പിച്ചിരിക്കുന്നു എന്ന വാർത്തയുമായി ബന്ധപ്പെടുത്തി ചില സംശയങ്ങളും അഭിപ്രായങ്ങളും പരിഹാസങ്ങളുമുണ്ട്.

ടണലിൽ ഇത്രയധികം ക്യാമറകൾ ഉണ്ടായിട്ട് അതിൽ ഒന്നിൽപ്പോലും ടിപ്പറിൻ്റെ നമ്പർ പതിഞ്ഞില്ലത്രേ ! പിന്നെന്തോന്നിന് അത്രേം ക്യാമറകൾ ?! ഓ… ക്ഷമിക്കണം, അത്രേം ക്യാമറകൾ പിടിപ്പിക്കുമ്പോൾ വേണ്ടപ്പെട്ടവർക്ക് കിട്ടുന്ന കമ്മീഷൻ്റെ കണക്ക് പെട്ടെന്നോർത്തില്ല.

ആദ്യത്തെ ലൈറ്റിലോ ക്യാമറയിലോ വാഹനം തട്ടുമ്പോൾ, അങ്ങനൊരു തട്ടൽ നടന്നു എന്ന് മനസ്സിലാകില്ലേ ടിപ്പർ ഡ്രൈവർക്ക് ? മനസ്സിലാകുമ്പോഴേക്കും വാഹനം 90 അടിയോളം മുന്നോട്ട് പൊയ്ക്കഴിഞ്ഞു കാണും എന്നാണ് ഉത്തരമെങ്കിൽ. അസാമാന്യ വേഗത്തിലായിരിക്കണം ടിപ്പറിൻ്റെ പാച്ചിൽ. അത് പിന്നെ അവരുടെ ഒരു അവകാശമാണല്ലോ ! അതല്ലെങ്കിൽ ടിപ്പർ ഡ്രൈവർ നല്ല ഒന്നാന്തരം പൊടിയടിക്കാരനാണ്. ആ പൊടി ഏതാണെന്ന് കണ്ടെത്തി, അതിൻ്റെ ഉറവിടം ഇല്ലാതാക്കാനെങ്കിലും ശ്രമിക്കണം അധികൃതർ. വേറെ പലതരത്തിലും അത് ഗുണം ചെയ്യും.

ബോധപൂർവ്വം ക്യാമറകൾ തകർക്കാൻ വേണ്ടിയുള്ള ഓട്ടിക്കലായിരുന്നാലും, മുകളിൽപ്പറഞ്ഞത് പോലെ കാര്യം അറിഞ്ഞപ്പോഴേക്കും വാഹനം 90 മീറ്റർ സഞ്ചരിച്ചുകഴിഞ്ഞിരുന്നെങ്കിലും പൊടിയാണ് കാരണഭൂതമെങ്കിലും, ഡ്രൈവറേയും വാഹനത്തേയും കണ്ടെത്തി രണ്ടിൻ്റേം ലൈസർസും രജിസ്ടേഷനും റദ്ദാക്കാൻ അധികാരികൾ തയ്യാറാകുമോ ?

10 ലക്ഷം രൂപയുടെ നാശനഷ്ടമാണ് വിലയിരുത്തുന്നത്. ആ തുകയും, ലൈറ്റും ക്യാമറകളും വീണ്ടും പിടിപ്പിക്കാനുള്ള ചിലവും കമ്മീഷനുമെല്ലാം അടക്കം നാശമുണ്ടാക്കിയ ടിപ്പറുകാരനെ കണ്ടെത്തി അയാളിൽ നിന്ന് തന്നെ ഈടാക്കുമെന്നും പൊതുജനത്തിൻ്റെ കടക്കെണിപ്പെട്ടിയിലേക്ക് ഈ തുക പിന്നെയും അടിച്ചേൽപ്പിക്കില്ല എന്നും പ്രതീക്ഷിക്കാമല്ലോ അല്ലേ ?

കുതിരാനിലെ രണ്ടാമത്തെ ടണൽ തുറന്ന് കൊടുത്തത് ഇന്നലെയാണ്. അതായത്, പൂർണ്ണ അർത്ഥത്തിൽ, ടണൽ ഉപയോഗപ്രദമാക്കിയതിൻ്റെ അടുത്ത ദിവസം തന്നെ അതിൻ്റെ പരിപ്പെടുത്തിരിക്കുന്നു. എത്ര കർമ്മോത്സുകരായ ജനത !

ഒരു ജനതയ്ക്ക് അവരർഹിക്കുന്ന ഭരണകർത്താക്കളെയേ കിട്ടൂ എന്ന് കേട്ടിട്ടുണ്ട്. എന്നതുപോലെ, ഒരു ജനതയ്ക്ക് അവരർഹിക്കുന്ന പൊതുസൗകര്യങ്ങളേ നൽകാൻ പാടുള്ളൂ എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. നേരാം വണ്ണം വാഹനമോടിക്കാനും ട്രാഫിക്ക് നിയമങ്ങൾ പാലിക്കാനും പറ്റുന്ന എത്ര ഡ്രൈവർമാർ നിരത്തിലുണ്ടെന്ന് കണ്ടെത്താനായി, 3 വർഷത്തിൽ ഒരിക്കലെങ്കിലും റീ ടെസ്റ്റ് ഏർപ്പാടാക്കിയാൽ, നിരത്ത് കാലിയായിക്കിട്ടും. ഇപ്പോഴുള്ള സൗകര്യങ്ങൾ ധാരാളം മതിയാകും അടുത്ത 50 കൊല്ലത്തേക്ക്. അങ്ങനെയൊന്ന് ആലോചിക്കാൻ പറ്റുമോ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിന് ?

വാൽക്കഷണം:- കുതിരാൻ ടണലിൽ ഇതിനകം കണ്ട് തുടങ്ങിയിരിക്കുന്ന ചോർച്ച അപകടകരമാണെന്നും കല്ലിടിഞ്ഞ് വീഴാൻ സാദ്ധ്യതയുണ്ടെന്നും അതുണ്ടാക്കിയവർ തന്നെ പറയുന്നുണ്ട്. പാലാരിവട്ടം പാലത്തിൻ്റെ അവസ്ഥ ഉണ്ടാകാതിരുന്നാൽ മലയാളിയുടെ ഭാഗ്യം.