നിയമലംഘനം

നിയമം ബാധകമല്ലാത്ത ആശ്രമക്കോട്ടകൾ


11
വിദേശികൾ സഞ്ചാരികളായി ഇന്ത്യയിലേക്ക് വരുമ്പോൾ FRRO (Foreign Regional Registration Office) എന്ന സർക്കാർ സംവിധാനം നടപ്പിലാക്കുന്ന ചില നിയമങ്ങളും നിബന്ധനകളുമുണ്ട്. ഹോട്ടലുകളും ഹോംസ്റ്റേകളും റിസോർട്ടുകളും നടത്തുന്നവർക്ക് ഇത് കൃത്യമായി ധാരണ ഉണ്ടായിരിക്കും; കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും.

പണ്ടുകാലത്ത് വിമാനത്താവളങ്ങളിൽ പൂരിപ്പിച്ച് നൽകിയിരുന്ന എമിഗ്രേഷൻ കാർഡുകളെക്കാൾ മൂന്നിരട്ടി ചോദ്യോത്തരങ്ങളാണ്, വിദേശികളെ താമസിപ്പിക്കുന്ന സ്ഥാപനങ്ങൾ FRROയിൽ പൂരിപ്പിച്ചു നൽകേണ്ടത്.

എത്ര ദിവസം വിദേശികൾ ഇവിടങ്ങളിൽ താമസിക്കുന്നു എന്നതിന് പുറമേ, അവർ Check in ചെയ്ത ഉടനെയുള്ള ഒരു ഫോട്ടോ, കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ അവർ തങ്ങിയ ഇടം, അവിടത്തെ അഡ്രസ്സ്, ഫോൺ നമ്പർ, ഇവിടെ നിന്ന് പോയിക്കഴിഞ്ഞുള്ള മൂന്ന് ദിവസങ്ങളിൽ എവിടെയൊക്കെ അവർ താമസിക്കുന്നു, അവിടത്തെ അഡ്രസ്സ്, ഫോൺ നമ്പർ, എന്നിങ്ങനെ FRROയിൽ നൽകേണ്ട വിവരങ്ങൾ പലതും വളരെ സങ്കീർണമാണ്.

പക്ഷേ ഇതൊക്കെ പൂരിപ്പിച്ച് കൊടുത്തേ പറ്റൂ. ഒരു വിദേശി ചെക്ക് ഇൻ ചെയ്ത് 6 മണിക്കൂറിനുള്ളിൽ ഇത് നൽകിയില്ലെങ്കിൽ സ്ഥാപനത്തിന്റെ ലൈസൻസ് വരെ റദ്ദാക്കപ്പെടാം.

ഇതെല്ലാം ചെയ്യേണ്ടത് എങ്ങനെയെന്ന് FRR ഓഫീസിൽ, സ്ഥാപനത്തിന്റെ പ്രതിനിധിയെ വിളിച്ചുവരുത്തി വളരെ ക്ഷമയോടെയും സൗമ്യതോടെയും പറഞ്ഞ് പഠിപ്പിക്കുന്നുണ്ട് ഉദ്യോഗസ്ഥർ.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ അയൽരാജ്യങ്ങളിൽ നിന്ന് വരുന്ന വിദേശികൾ ആണെങ്കിൽ ഈ രേഖകൾ അടക്കമുള്ള കാര്യങ്ങളുമായി തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലും വിവരം അറിയിക്കണം.

ജോലിക്കാര്യത്തിനായാണ് ഒരു വിദേശി ഇന്ത്യയിൽ വരുന്നതെങ്കിൽ അയാളുടെ മുഴുവൻ രേഖകൾക്ക് പുറമേ താമസിക്കുന്ന ഇടത്തിന്റെ വിശദവിവരവും അഡ്രസ്സും ഫോൺ നമ്പറും അയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുള്ള രേഖകളും ആ സ്ഥാപനത്തിന്റെ തലവന്റെ മുഴുവൻ വിവരങ്ങളും അതിനൊപ്പം നൽകണം.

ഒരു വിദേശിയെ രാജ്യത്ത് എവിടെയെങ്കിലും താമസിപ്പിക്കണമെങ്കിൽ ഇത്രയേറെ നിബന്ധനകളും കടലാസ് പണികളും ഉണ്ടെന്നിരിക്കെ, അമൃതാനന്ദമയി മഠം പോലുള്ള സ്ഥലങ്ങളിൽ എത്ര വിദേശികൾ ഉണ്ടെന്നും എങ്ങനെ എത്രനാൾ താമസിക്കുന്നെന്നും സർക്കാറിന് കൃത്യമായി അറിവൊന്നുമില്ലെന്നാണ് ഇന്ന് പുറത്ത് വന്നിരിക്കുന്ന ചില വാർത്തകൾ തെളിയിക്കുന്നത്. ഒരു വാർത്ത ഈ ലിങ്കിൽ വായിക്കാം.

12

പ്രമുഖ മലയാളം പത്രങ്ങളിലൊന്നും ഈ വാർത്ത വന്നിട്ടില്ല, വരുമെന്ന് പ്രതീക്ഷയുമില്ല. അങ്ങുമിങ്ങും തൊടാതെ ഒരു വാർത്ത ഹിന്ദു പത്രത്തിലുണ്ട്. ഈ വാർത്തയിൽ അപാകതകൾ ഉണ്ടെങ്കിൽ ഈ വാർത്ത വ്യാജമാണെങ്കിൽ ഇത് പ്രസിദ്ധീകരിച്ച എല്ലാവർക്കുമെതിരെ നടപടിയുണ്ടാകണമെന്നും ഈ അവസരത്തിൽ വ്യക്തമാക്കുന്നു.

ഇറ്റലിക്കാരും ചൈനക്കാരുമടക്കം 68 വിദേശികൾ അമൃതാനന്ദമയി ആശ്രമത്തിൽ ഉണ്ടായിരുന്നിട്ടും 22 പേർ എന്നാണ് കണക്കുകളിൽ അവർ വെളിപ്പെടുത്തിയിരുന്നത്. പൊലീസുകാർ അകത്തുകടന്ന് പരിശോധിച്ചപ്പോൾ മാത്രമാണ്, വിദേശികൾ 68 പേർ ഉള്ളിലുണ്ടെന്ന് വ്യക്തമാകുന്നത്. അത് പിടിക്കപ്പെട്ടപ്പോൾ അത്രയും പേരെ ക്വാറന്റൈയിനിൽ വെച്ചിരിക്കുകയായിരുന്നു എന്നാണ് ന്യായീകരണം. എണ്ണത്തിൽ അധികമുള്ള വിദേശികളുടെ കാര്യത്തിൽ ഒന്നും പറയാനില്ലേ?

ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കുന്ന ഒരു രോഗാവസ്ഥയിൽപ്പോലും ഇത്തരക്കാർ യാതൊരു നിയന്ത്രണവുമില്ലാതെ അവരുടെ സൗകര്യം പോലെ നടപടികൾ കൈക്കൊള്ളുന്നത് ഒരു ഫെഡറൽ സംവിധാനത്തിന്റെ വീഴ്ച്ചയും പിടിപ്പുകേടുമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു സമാന്തര സർക്കാർ തന്നെയാണ് ഇത്തരം ആൾദൈവങ്ങളുടെ ആശ്രമക്കോട്ടകൾ.

ലോകമെമ്പാടുമുള്ള അനുയായികൾ കൊടുക്കുന്ന കോടിക്കണക്കിന് രൂപ സ്വന്തം ആർഭാടങ്ങൾക്കും കുടുംബാംഗങ്ങളുടേയും ബന്ധുജനങ്ങളുടേയും ആർഭാടങ്ങൾക്കും വേണ്ടി ചിലവഴിച്ച ശേഷം ബാക്കിയുള്ളത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്ന ഇത്തരക്കാർക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന ഭരണകൂടവും കക്ഷിരാഷ്ട്രീയക്കാരും വിവരവും വിദ്യാഭ്യാസവുമുള്ള അനുയായികളും ഉള്ളപ്പോൾ ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം.

ഒരു വിദേശി, ഹോട്ടലിലോ റിസോർട്ടിലോ ഹോംസ്റ്റേയിലോ ചെക്ക് ഇൻ ചെയ്ത് 6 മണിക്കൂറിനുള്ളിൽ FRROയിൽ അറിയിച്ചില്ലെങ്കിൽ ഷോക്കോസ് നോട്ടീസ് കൊടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യുന്ന രാജ്യത്ത്, അമൃതാനന്ദമയി മഠം പോലുള്ള സ്വേച്ഛാധിപത്യ സ്ഥാപനങ്ങളുടെ തോന്ന്യാസത്തിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് അറിഞ്ഞാൽ കൊള്ളാം. അതല്ല വിദേശികളെ താമസിപ്പിക്കുന്നതിന് ഇവർക്ക് പ്രത്യേകം നിയമാവലികൾ ഉണ്ടെങ്കിൽ അതും വ്യക്തമാക്കണം.

മറ്റുള്ളവർ നൽകുന്ന പണംകൊണ്ട് കൊട്ടിഘോഷിച്ച് ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന ഈക്കൂട്ടർക്ക് സമൂഹത്തോടുള്ള ശരിയായ പ്രതിബദ്ധത എന്തെന്ന് മനസ്സിലാക്കാൻ ഈയൊരു ഉദാഹരണം ധാരാളം മതിയാകും. സർക്കാർ സംവിധാനങ്ങൾക്കൊന്നും ഇവർ പുല്ലുവില കൽപ്പിച്ചിട്ടില്ല, അല്ലെങ്കിൽ ഇക്കൂട്ടർ ഭരണസംവിധാനങ്ങൾക്കെല്ലാം വെളിയിലുള്ള വലിയ ശക്തികളാണ്. അങ്ങനെയാണെങ്കിൽ അത് ചില്ലറ അപകടമൊന്നുമല്ല.

പൂച്ചയ്ക്ക് ആരെങ്കിലും മണി കെട്ടുമോ? മണി കെട്ടുന്നതിനെപ്പറ്റി ആലോചിക്കുകയെങ്കിലും ചെയ്യുമോ എന്നൊക്കെ കണ്ടറിയണം. അതിലും എളുപ്പമായിരിക്കും മണി കെട്ടണമെന്ന് പറയുന്നവരുടെ വായടപ്പിക്കാൻ.

വാൽക്കഷണം:- ഇരിക്കുന്നതിന് മുന്നേ കാല് നീട്ടിയതിന്റെ പേരിൽ അകത്തായിപ്പോയ സന്തോഷ് മാധവൻ നിർഭാഗ്യവാൻ. കൃത്യമായി ഇരുന്നശേഷം കാലുനീട്ടിയവർ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ കണ്ടില്ലേ ?