നിയമലംഘനം

വൈകി വരുന്ന ബോധോദയങ്ങൾ !


55
വൈദ്യുത തൂണിൽ പരസ്യം പതിച്ചാലും എഴുതിയാലും ഇനിയങ്ങോട്ട് ക്രിമിനൽ കേസും പിഴയുമുണ്ടാകും! 1940ൽ, അതായത് കേരളത്തിൽ വൈദ്യുതി വന്ന കാലത്ത് നടപ്പിലാക്കേണ്ട കാര്യമാണ്. അതായത്, 82 വർഷം മുൻപ് പ്രാവർത്തികമാക്കേണ്ട കാര്യം ഇപ്പോൾ ചെയ്ത് തുടങ്ങിയിരിക്കുന്നു. പക്ഷേ, തിരുത്തിയെടുക്കാൻ ഇനിയും ഒരു 10 വർഷമെടുക്കും.

കൊച്ചി മെട്രോ വന്നപ്പോൾ അതിൻ്റെ പില്ലറുകളിൽ അനധികൃത പരസ്യങ്ങളോ പോസ്റ്ററുകളോ പതിക്കാൻ പാടില്ലെന്ന് നിഷ്ക്കർഷയുണ്ടായിരുന്നു. അത് ലംഘിച്ച് എല്ലാ പാർട്ടിക്കാരുടേയും പോസ്റ്ററുകൾ തൂണുകളിൽ പ്രത്യക്ഷപ്പെട്ടു. കൊച്ചി മെട്രോ കടുത്ത നിലപാട് സ്വീകരിച്ചു. പോസ്റ്ററൊട്ടിച്ച എല്ലാ പാർട്ടിക്കാർക്കും നോട്ടീസ് അയച്ചു. പരസ്യങ്ങൾ നീക്കിയില്ലെങ്കിൽ നിയമനടപടിയും പിഴയും ഉണ്ടാകുമെന്ന് അറിയിച്ചു. സംഭവം ഏറ്റു. അതിന് ശേഷം ഒരു അനധികൃത പരസ്യവും മെട്രോ പില്ലറുകളിൽ വന്നിട്ടില്ല.

അതുപോലെ കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു ഇതും. ആദ്യത്തെ പോസ്റ്റർ വൈദ്യുതി പോസ്റ്റിൽ പ്രത്യക്ഷപ്പെട്ട സമയത്ത് നടപടി എടുക്കേണ്ടിയിരുന്നു. ഇന്നിപ്പോൾ വൈദ്യുത പോസ്റ്റിൻ്റെ നമ്പർ പോലും കാണാൻ പറ്റാത്ത തരത്തിലാണ് അനധികൃത പോസ്റ്ററുകൾ പതിയുന്നത്. ഗതികെട്ടപ്പോൾ നിയമം നടപ്പിലാക്കാൻ തുടങ്ങിയെന്ന് സാരം.

റോഡുകളിൽ പതിയുന്ന പരസ്യങ്ങളും ഇത് പോലെ തന്നെ നിയന്ത്രിക്കേണ്ട ഒന്നാണ്. റോഡുകളിൽ എന്ന് പറഞ്ഞാൽ റോഡരുകിലല്ല, ടാറിട്ട റോഡ് ഒരു ബ്ലാക്ക് ബോർഡ് എന്ന നിലയ്ക്ക് ഉപയോഗിക്കുന്ന കാര്യമാണ് സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കാർ തന്നെയാണ് ഇത് കൂടുതലായും ചെയ്യുന്നത്. ചില സന്ദർഭങ്ങളിൽ കലാപരിപാടികളും കായിക മത്സരങ്ങളും നടത്തുന്നവർ ദൂരദേശങ്ങളിൽ നിന്ന് വരുന്നവർക്ക് വഴി പറഞ്ഞ് കൊടുക്കാനായി റോഡ് മുഴുവൻ അടയാളവും അമ്പടയാളവും ഇടുന്നതും കാണാനാകും. ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്ബോൾ സമയത്ത് ആരാധകർ സ്വന്തം രാജ്യങ്ങളുടെ പതാകകളും കളിക്കാരുടെ പടങ്ങൾ പതിക്കാനും റോഡുകൾ ഉപയോഗിച്ചു. അതെല്ലാം തെറ്റായ നടപടികളാണ്.

ട്രാഫിക്ക് സംബന്ധിയായ കാര്യങ്ങൾ അടയാളപ്പെടുത്താൻ മാത്രമുള്ളതാണ് റോഡുകൾ. ഉദാഹരണത്തിന്, തുടർച്ചയായ വെള്ളവര, ഇടവിട്ടുള്ള വെള്ളവര, സീബ്രാ ക്രോസിങ്ങ്, മഞ്ഞവര, സ്പീഡ് ലിമിറ്റ് എന്നിങ്ങനെയുള്ള കാര്യങ്ങൾ മാത്രം അടയാളപ്പെടുത്താനാണ് റോഡുപയോഗിക്കേണ്ടത്.

ഒരു ദിവസം എത്ര പുതിയ വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നതെന്ന് നിശ്ചയമില്ലെങ്കിലും, എത്ര വാഹനാപകടങ്ങളാണ് ഉണ്ടാകുന്നതെന്ന് മനസ്സിലാക്കാൻ പത്രം മറിച്ചുനോക്കിയാൽ മതിയാകും. അപകടങ്ങളുടെ തോത് കൂടുന്നതോടെ റോഡിൽ കൃത്യമായ ട്രാഫിക്ക് അടയാളങ്ങൾ പതിപ്പിച്ചേ മതിയാകൂ എന്ന അവസ്ഥ വരുക തന്നെ ചെയ്യും. അന്ന്… അന്ന് മാത്രമായിരിക്കും. മേൽപ്പറഞ്ഞ അനധികൃത അടയാളങ്ങളും പരസ്യങ്ങളും റോഡുകളിൽ പാടില്ലെന്ന് കർശനമായ നിബന്ധന വരുക.

നമ്മൾ വർഷങ്ങൾ പിന്നിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. പറ്റിപ്പോയ തെറ്റുകൾ തിരുത്തണമെങ്കിൽപ്പോലും പിന്നേയും വർഷങ്ങളെടുക്കും. കേരളം ഒന്നാമതാണ്, ഇന്ത്യ കുതിച്ചുയർന്ന് ലോകശക്തിയാകും എന്നൊക്കെയുള്ള വീരസ്യങ്ങളുടെ ആത്മരതിയിൽ മുങ്ങി നിവരുക മാത്രമാകും എക്കാലത്തും നമുക്കുള്ള ആശ്വാസം.

അതൊക്കെ പോട്ട്. വൈദ്യുത പോസ്റ്റുകൾ മാറി ഭൂഗർഭ കേബിളുകൾ എന്നാണ് നമുക്കുണ്ടാകുക? മറ്റ് പല സംസ്ഥാനങ്ങളിലും അതൊക്കെ വന്നിട്ട് പതിറ്റാണ്ടുകളായി. കേരളത്തിൽ അതിനെന്തെങ്കിലും സാങ്കേതിക തടസ്സം ഉണ്ടോ?

വാൽക്കഷണം:- തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടി കൊടികൾ വൈദ്യുത പോസ്റ്റുകളിൽ തൂക്കിയാൽ ക്രിമിനൽ കേസും പിഴയും ഉണ്ടാകുമോന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.