യാത്രാവിവരണങ്ങൾ

ഭോപ്പാൽഗഡ് കോട്ട (കോട്ട # 77) (ദിവസം # 38 – രാത്രി 09:32)


11
ന്നലെ രാത്രി കല്ല്യാണ ആഘോഷങ്ങൾ കഴിഞ്ഞ് ഭാഗിക്കൊപ്പം കിടന്നുറങ്ങിയ സ്ഥലം ഇന്ന് രാവിലെയാണ് ഞാൻ ശ്രദ്ധിച്ചത്. പാലസിന് നേരെ എതിർവശത്തുള്ള തെരുവ് എന്തെങ്കിലും പ്രശ്ന സാദ്ധ്യതയുള്ള ഇടമാണോ എന്ന് പോലും നോക്കാതെയാണ് കിടന്നത്. ഏതൊരു അപരിചിതമായ തെരുവിലും യാതൊരു ആശങ്കകളും ഇല്ലാതെ ഉറങ്ങാൻ കഴിയുന്നതോടെ ഒരാൾ കറകളഞ്ഞ തെണ്ടിയായി മാറുന്നു, എന്നാണ് എൻ്റെ വിലയിരുത്തൽ.

പണ്ട് കോട്ടയായിരുന്ന ചോമു പാലസിന്റെ മതിലിന്റെ കനം 3 മീറ്റർ ആണെന്ന് മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. അതിന്റെ ഒരു ചിത്രം എടുത്താൽ കൊള്ളാമെന്നുണ്ടായിരുന്നു എനിക്ക്. അജിത്തിന്റെ റൂമിൽ ചെന്ന് പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ച ശേഷം അവിടെ നിന്ന് ബാൽക്കണിയിലൂടെ കോട്ട മതിലിന് മുകളിൽ കയറി ചിത്രം എടുത്തു. ചിലയിടങ്ങളിൽ മൂന്നു മീറ്ററിൽ അധികം വീതിയുണ്ട് ചോമു കോട്ടമതിലിന്.

കല്യാണത്തിന്റെ രണ്ടാം ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ നിന്നില്ല. അജിത്തിനോട് യാത്ര പറഞ്ഞ് ഖേത്ത്ടി കോട്ടയിലേക്ക് പുറപ്പെട്ടു. സ്ഥലത്തിന്റെ പേരാണ് ഖേത്ത്ടി. കോട്ടയുടെ പേര് ഭോപ്പാൽഗഡ് എന്നാണ്. ഖേത്ത്ടി കോട്ട എന്നും അറിയപ്പെടുന്നു.

പട്ടണത്തിലേക്ക് എത്താൻ രണ്ട് കിലോമീറ്റർ ബാക്കിയുള്ളപ്പോൾ പെട്ടെന്ന് ഇടത്തേക്ക് തിരിഞ്ഞ് ഭാഗി മുകളിലേക്ക് കയറാൻ തുടങ്ങി. കുത്തനെയാണ് കയറ്റം. അല്പം പരിഭ്രമത്തോടെയാണ് ഞാൻ ഭാഗിയെ നിയന്ത്രിച്ചത്. ഭാഗിയുടെ ഹാൻഡ് ബ്രേക്ക് വളരെ മോശമാണ്. അവൾ എങ്ങാനും ന്യൂട്രലിലേക്ക് വീണാൽ താഴേക്ക് പെട്ടെന്ന് ഊർന്നിറങ്ങും. രണ്ട് ഹെയർപിൻ വളവുകളും കൂടി തിരിഞ്ഞാണ് കോട്ട വാതിലിന് മുന്നിലെത്തുക. എന്തായാലും ആരവല്ലി മല ട്രക്ക് ചെയ്ത് കയറേണ്ടി വന്നില്ല.

1770ൽ മഹാരാജ ഭോപ്പാൽ സിംഗ് ആണ് ഖേത്ത്ടി കോട്ട നിർമ്മിച്ചത്. അതുകൊണ്ടുതന്നെ ഭോപ്പാൽഗഡ് എന്ന പേരിലും ഈ കോട്ട അറിയപ്പെടുന്നു.

സത്യത്തിൽ കോട്ട എന്ന നിലക്ക് ഇത് ഉരുത്തിരിയുന്നതിന് മുൻപ് തന്നെ ഇവിടെ ഗ്രാമവാസികൾ താമസിക്കുന്നുണ്ടായിരുന്നു. അവരുടെ ഇടിഞ്ഞു പൊളിഞ്ഞ വീടുകൾ കോട്ടയ്ക്കുള്ളിൽ ഇന്നും കാണാം. ഷെഖാവത്ത് രാജവംശത്തിന്റെ ആദ്യ നാല് തലമുറകൾ ഈ കോട്ടയ്ക്കുള്ളിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. മോത്തി മഹൽ, ശീഷ് മഹൽ എന്നിങ്ങനെ രണ്ട് കൊട്ടാരങ്ങൾ ഇതിനകത്ത് ഉണ്ട്.

ശീഷ് മഹലിൽ ഇപ്പോൾ പുതുക്കിപ്പണിയലുകൾ നടക്കുകയാണ്. എന്നാലും കയറി കാണാം. മോത്തി മഹലിലേക്ക് കയറാൻ പറ്റില്ല. അതിലേക്കുള്ള വഴി കാടുപിടിച്ചു കിടക്കുകയാണ്. അതിന്റെ പുനരുദ്ധാരണം അഞ്ചുവർഷത്തെ പദ്ധതിയായി തുടങ്ങാൻ പോകുകയാണെന്ന് ജോലിക്കാർ പറയുന്നു.

ശിഖാവത്ത് കലകളുടേയും വാസ്തുവിദ്യയുടേയും മാതൃകയാണ് ഈ കൊട്ടാരം. വഴി കാടുപിടിച്ചു കിടക്കുന്നതുകൊണ്ട് അതിലേക്ക് കയറാൻ പറ്റിയില്ല എന്നത് ഒരു നഷ്ടബോധമായി. ഖേത്ത്ടി കോട്ടയ്ക്ക് ഇന്ത്യയുടെ ഭൂപടത്തിന്റെ ഏറെക്കുറെ സാദൃശ്യം ഉണ്ടെന്നാണ് കോട്ടയ്ക്കുള്ളിൽ കട നടത്തുന്ന നരേന്ദ്ര ശർമ്മ പറയുന്നത്.

ഗ്രാമവാസികൾ ആരും ഇപ്പോൾ അവിടെ താമസിക്കുന്നില്ലെങ്കിലും, പുതുക്കിപ്പണിയലുകൾക്ക് വേണ്ടി വന്നിരിക്കുന്ന ജോലിക്കാർക്ക് വേണ്ടിയാണ് നരേന്ദ്ര ശേഷം ശർമ്മ ആ കട നടത്തുന്നത്.
സ്വാമി വിവേകാനന്ദനും മഹാരാജ അജിത് സിങ്ങും തമ്മിലുള്ള സ്നേഹബന്ധം വളരെ പ്രശസ്തിയാർജ്ജിച്ചതാണ്. സ്വാമി വിവേകാനന്ദൻ ഖേത്ത്ടിയിൽ വരുമ്പോൾ രാജാവിന്റെ അതിഥിയായി താമസിക്കുകയാണ് പതിവ് എന്ന് മാത്രമല്ല കോട്ടയിലെ ഈ ഗ്രാമത്തിൽ വന്ന് സ്വാമി താമസിച്ചിട്ടുണ്ട്.

ഒരുപാട് സമയമെടുത്ത് ശീഷ് മഹലിലും കോട്ടയ്ക്കുള്ളിലും കോട്ട മതിലിലുമെല്ലാം ഞാൻ കയറിയിറങ്ങി നടന്നു. കോട്ടയെ മൊത്തത്തിൽ ഭോപ്പാൽഗഡ് എന്നാണ് വിളിക്കുന്നതെങ്കിലും കോട്ടയുടെ ഒരു ഭാഗത്ത് മാറി നിൽക്കുന്ന ചെറിയ ഒരു ദുർഗ്ഗമാണ് ഭോപ്പാൽഗഡ്. കോട്ട മതിലും മറ്റ് കൊട്ടാര ഭാഗങ്ങളും എല്ലാം പിന്നീട് വന്നതാണെന്ന് സൂചിപ്പിച്ചല്ലോ.

സ്വാമി വിവേകാനന്ദന്റെ കഥകൾ കേട്ടപ്പോൾ എനിക്ക് അദ്ദേഹം ചെന്ന് താമസിച്ചിരുന്ന കൊട്ടാരം കാണണമെന്ന് ആഗ്രഹമുദിച്ചു. ഒന്നുമില്ലെങ്കിലും കേരളത്തിൽ വന്ന് അതൊരു ഭ്രാന്താലയം ആണെന്ന പച്ചപരമാർത്ഥം വെട്ടിത്തുറന്ന് പറഞ്ഞ മനുഷ്യനല്ലേ?

ഭയാശങ്കകളോടെ തന്നെ ഭാഗിയുമായി ഞാൻ കോട്ട ഇരിക്കുന്ന ആരവല്ലി മലയിറങ്ങി. നഗരത്തിൽ ആരോട് ചോദിച്ചാലും ശ്രീരാമകൃഷ്ണ മിഷൻ കെട്ടിടങ്ങൾ കാണിച്ചുതരും. ഫത്തേ ബിലാസ് പാലസ് എന്ന കൊട്ടാരമാണ് അത്. മഹാരാജ അജിത് സിംഗ് ആ കൊട്ടാരം രാമകൃഷ്ണ മിഷന് നൽകുകയായിരുന്നു.

ഇപ്പോൾ അതിന്റെ പ്രധാന ഭാഗം അജിത് വിവേക് മ്യൂസിയമായി പ്രവർത്തിക്കുന്നു. സ്വാമി വിവേകാനന്ദന്റെ ജനനം മുതൽ അദ്ദേഹത്തിൻ്റെ ജീവചരിത്രം മുഴുവനും അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ആ കൊട്ടാരത്തിന്റെ മൂന്നാമത്തെ നിലയിൽ സ്വാമി വിവേകാനന്ദൻ തൻ്റെ ആദ്യ സന്ദർശനത്തിൽ താമസിച്ചിരുന്ന മുറി വളരെ കാര്യമായി സംരക്ഷിച്ചിരിക്കുന്നു.

മ്യൂസിയത്തിനകത്ത് ഫോട്ടോഗ്രാഫി അനുവദിക്കാത്തത് കൊണ്ട് അതൊന്നും പകർത്താൻ എനിക്കായില്ല. ധ്യാനത്തിൽ ഇരിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ആ മുറി മനോഹരമായി പരിപാലിച്ചിരിക്കുന്നു. സ്വാമി വിവേകാനന്ദൻ ധ്യാനത്തിൽ ഇരിക്കുന്ന ഒരു മാർബിൾ പ്രതിമയും അതിനകത്തുണ്ട്. ആ മുറിയിൽ നിന്ന് നോക്കിയാൽ ഖേത്ത്ടി എന്ന കൊച്ചു പട്ടണത്തിൻ്റെ മുഴുവൻ ദൃശ്യവും കിട്ടും.

സ്വാമി വിവേകാനന്ദനും മഹാരാജ അജിത് സിംഗും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. എനിക്ക് ഈ ലോകത്തിൽ സുഹൃത്തായി അജിത് സിംഗ് മാത്രമേയുള്ളൂ എന്ന് സ്വാമി ഒരിക്കൽ പറഞ്ഞിട്ടുണ്ടത്രേ! വിവേകാനന്ദന്റെ വിദേശയാത്രകൾ മിക്കവാറും എല്ലാം സ്പോൺസർ ചെയ്തിരുന്നത് മഹാരാജ അജിത് സിംഗ് ആയിരുന്നു.

ഭോപ്പാൽ കേട്ട് കോട്ട സന്ദർശനത്തിന് പുറമേ വിവേകാനന്ദന്റെ ദർശനങ്ങളിലൂടെ കടന്നുപോയതിനുള്ള സന്തോഷം കൂടെ ഇന്നുണ്ട്.

മ്യൂസിയത്തിനകത്ത് പടം എടുക്കാൻ പറ്റില്ല എന്നത് കൊണ്ട് തന്നെ അതിനകത്തുള്ള കാര്യങ്ങൾ ഡോക്യുമെന്റ് ചെയ്തിട്ടുള്ള ഒരു പുസ്തകം വാങ്ങാനായി ആ വളപ്പിലുള്ള ബുക്ക് സ്റ്റാളിലേക്ക് കടന്നു. 70 ന് മുകളിൽ പ്രായമുള്ള ഒരാളാണ് ബുക്ക് സ്റ്റാളിൽ ഇരിക്കുന്നത്. ഞാൻ കേരളത്തിൽ നിന്നാണ് വരുന്നതെന്ന് മനസ്സിലാക്കിയപ്പോൾ രണ്ടുദിവസം എന്തുകൊണ്ട് ഇവിടെ തങ്ങിക്കൂടാ എന്നായി അദ്ദേഹം.

തെരുവോരത്ത് ഉണ്ടുറങ്ങി അലക്കി കുളിച്ച് നടക്കുന്ന എനിക്ക് അത് വളരെ സന്തോഷമുള്ള ഒരു ചോദ്യം തന്നെ ആയിരുന്നു. കൊട്ടാരത്തിന്റെ മറ്റ് ഭാഗത്തുള്ള മുറികളിൽ സന്യാസിമാരാണ് താമസിക്കുന്നത്. സെക്രട്ടറിയെ വിളിച്ച് മുറി ഏർപ്പാടാക്കട്ടെ എന്ന് അദ്ദേഹം ചോദിച്ചു. പക്ഷേ വളരെ സ്നേഹത്തോടെ ആ സൗകര്യം ഞാൻ നിരസിച്ചു. ആ കൊട്ടാരത്തിന്റെ ഇടനാഴികളിലും ക്യാമ്പസിലും തളം കെട്ടി നിൽക്കുന്ന ഏകാന്തത അത്രയ്ക്ക് ഭീകരമായിരുന്നു. ഭോപ്പാൽഗഡിലെ കാടുപിടിച്ച് കിടക്കുന്ന മോത്തി മഹലിനകത്തു കിടക്കാൻ എനിക്ക് അത്രയും ബുദ്ധിമുട്ട് ഉണ്ടാകില്ല.
ഇരുൾ വീഴാൻ ഇനിയും സമയമുണ്ട്. ഭാഗിയും ഞാനും അഞ്ചര മണിയോടെ സിക്കറിലെ ഗുരുകൃപ റസ്റ്റോറന്റിൽ എത്തി.

ഒരു മോശം വാർത്തയുണ്ട് ഇന്ന്. ഭാഗിക്കകത്ത് ഇനിയും എലി(കൾ) ഉണ്ട്. ഒരു സ്പോഞ്ചിന്റെ കഷണം ഇന്നലെ രാത്രി കരണ്ട് തിന്നിരിക്കുന്നു. ഇന്ന് രാത്രി വീണ്ടും എലിക്കെണി വെച്ചിരിക്കും.

ശുഭരാത്രി.