സാങ്കേതികം

ഇന്ന് മുതൽ ചെയ്യാത്ത കുറ്റത്തിന് പെടും


77
ന്നുമുതൽ ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ ബൂത്തുകളിൽ ക്യാഷ് കൊടുത്ത് പോകാനുള്ള ക്യൂ ഉണ്ടാകുന്നതല്ല. ഫാസ്റ്റ് ടാഗ് ഇല്ലാത്തവർ ഇരട്ടി പണമടച്ച് കടന്ന് പോകേണ്ടി വരും. എല്ലാവരേയും കൊണ്ട് ഫാസ്റ്റ് ടാഗ് എടുപ്പിക്കാനുള്ള നീക്കവും നിയമം കർശനമായി നടപ്പിലാക്കാനുള്ള ആർജ്ജവവും നല്ലത് തന്നെ. പക്ഷേ……

നിലവിൽ ഫാസ്റ്റ് ടാഗിനുള്ള പ്രശ്നങ്ങൾ അധികാരികളും സർക്കാരും പരിഹരിച്ചോ ? ഫാസ്റ്റ് ടാഗ് എടുത്തവരെല്ലാം ഫാസ്റ്റായിട്ടാണോ ടോൾ ബൂത്തുകൾ താണ്ടുന്നത് ? ഒന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.

ഈ വിഷയത്തിൽ പലപ്പോഴായി കുറിപ്പുകൾ എഴുതിയിട്ടുണ്ട്. ഫാസ്റ്റ് ടാഗ് ഒരു സമ്പൂർണ്ണ പരാജയമാണെന്നായിരുന്നു അവസാനം എഴുതിയ കുറിപ്പിന്റെ രത്നച്ചുരുക്കവും തലക്കെട്ടും. ആ അഭിപ്രായത്തിന് ഇപ്പോഴും മാറ്റമില്ല. അതിനെതിരെ അഭിപ്രായങ്ങൾ പലതുമുണ്ടായി. പക്ഷേ, എതിർത്തവരിൽ പലരും, ഫാസ്റ്റായി ടോൾ ബൂത്തിലൂടെ വാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റാത്തത് പോരായ്മയാണെന്ന് സമ്മതിക്കാൻ തയ്യാറല്ലായിരുന്നു. ഫാസ്റ്റ് ടാഗിന്റെ സാങ്കേതികത്വം മുഴുവൻ വിശദീകരിച്ച് പോലും അഭിപ്രായങ്ങൾ വന്നു. പക്ഷേ, എന്താണ് ഫാസ്റ്റ് ടാഗ്, എന്തിനാണ് ഫാസ്റ്റ് ടാഗ് എന്നത് മറന്ന്, അവരുടെ പരിചയസമ്പന്നതയും സാങ്കേതിക മികവും വിളമ്പുന്ന മറുപടികൾ മാത്രമായി അത് ചുരുങ്ങി.

ഈ മാസം 12 മുതൽ 14 വരെ, അതായത് ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുന്ന അവസാന തീയതി വരെ 1220 കിലോമീറ്ററോളം സഞ്ചരിക്കുകയും അതിനിടയ്ക്ക് 25ൽപ്പരം ടോൾ ബൂത്തുകളിൽ കയറിയിറങ്ങുകയും ചെയ്ത ഒരാളെന്ന നിലയ്ക്ക്, ഈ ദിവസങ്ങളിലുണ്ടായ അനുഭവങ്ങളും അതിന്റെ വെളിച്ചത്തിൽ ഒരു ചെറിയ നിർദ്ദേശവും പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.

നിർദ്ദേശം ആദ്യമേ പറയാം. പുതിയ വാഹനം വാങ്ങുന്നവർ ഷോ റൂമിൽ നിന്ന് ഏർപ്പാട് ചെയ്ത് തരുന്ന ഫാസ്റ്റ് ടാഗുകൾ വാ‍ങ്ങാതിരിക്കുക. വാങ്ങിയാൽ നിങ്ങൾ പെട്ടു. തുടർന്ന് വായിച്ചാൽ അതെന്തുകൊണ്ടെന്ന് മനസ്സിലാക്കാം.

ഞാൻ കഴിഞ്ഞ ഒരു വർഷമായി ഉപയോഗിക്കുന്നത്, സഹോദരീപുത്രൻ തേജസ് കൃഷ്ണയുടെ കാറാണ്. ഫെബ്രുവരി 12ന് ഗോകർണ്ണത്തേക്ക് യാത്ര പുറപ്പെട്ട ഉടനെ തേജസ്സിൻ്റെ ഫോൺ വരുന്നു ഫാസ്റ്റ് ടാഗിൽ പണം ടോപ്പ് അപ്പ് ചെയ്യാൻ പറ്റുന്നില്ല. KYC അപ്ഡേറ്റ് ചെയ്തിട്ടില്ല എന്നതാണ് അവർ പറയുന്ന കാരണം. പക്ഷേ പാൻകാർഡും KYCയും അടക്കമുള്ള എല്ലാ കാര്യങ്ങളും അപ്ഡേറ്റ് ചെയ്തതായി അവർ തന്നെ ഈ-മെയിൽ അയച്ചിട്ടുണ്ട്. ആ തെളിവുകൾ ഹാജരാക്കിയതിനുശേഷം, 10 മണിക്കൂറിനുള്ളിൽ എല്ലാം ശരിയാകും എന്ന് പറഞ്ഞെങ്കിലും മൂന്നു ദിവസം കഴിഞ്ഞിട്ടും ഫാസ്റ്റ് ടാഗിൽ പണമിടാൻ പറ്റുന്നില്ല. യാത്രയിൽ ഉടനീളം ഞങ്ങൾ ക്യാഷ് കൗണ്ടറുകൾ വഴിയാണ് കടന്നുപോയത്.

യാത്രയ്ടക്കിടയിൽ ഒരു ഫാസ്റ്റ് ടാഗ് കൗണ്ടറിൽ കയറി പണം ടോപ്പ് അപ്പ് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. SBI & Axis ബാങ്കുകളുടെ ഫാസ്റ്റ് ടാഗുകൾക്ക് പ്രശ്നമുണ്ടെന്നാണ് അവിടുന്ന് അറിഞ്ഞത്. കാര്യം നടന്നില്ല. വീണ്ടും ക്യാഷ് കൗണ്ടറുകൾ വഴി യാത്ര.

ഷോ റൂമുകളിൽ നിന്ന് എടുത്ത ഫാസ്റ്റ് ടാഗുകൾക്ക് പ്രശ്നമുണ്ടെന്ന് മറ്റൊരു കൗണ്ടറിൽ നിന്ന് അറിഞ്ഞു. ഇക്കാര്യം ICICI ബാങ്കിന്റെ ഫാസ്റ്റ് ടാഗ് FAQൽ പറയുന്നുമുണ്ട്.

ഫാസ്റ്റ് ടാഗ് ക്യൂവിൽ 2 കിലോമീറ്റർ സ്പീഡിൽ വാഹനം നിരക്കി നീക്കിയാലേ സ്ക്കാനിങ്ങ് നടക്കൂ എന്ന അടിസ്ഥാന പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നു. ക്യാഷ് കൊടുത്ത് ഞങ്ങൾ കടന്നു പോകുമ്പോൾ പല ഫാസ്റ്റ് ടാഗ് നിരകളും നീണ്ടുനീണ്ട് കിടക്കുന്നുണ്ടായിരുന്നു. പിന്നെങ്ങനെയാണ് ഇതിനെ ഫാസ്റ്റ് എന്ന് വിളിക്കുക. കണ്ടം ചെയ്യേണ്ടതും നേരെ ചൊവ്വെ പ്രവർത്തിക്കാത്തതുമായ ഈ സാങ്കേതികവിദ്യ ജനങ്ങളിൽ അടിച്ചേല്പിക്കുന്നതിന് മുൻപ്, ഇത് ശരിക്കും പ്രവർത്തിക്കുന്നുണ്ടോ എന്ന് പോലും അധികൃതർ പരിശോധിക്കുന്നില്ല.

ഫാസ്റ്റ് ടാഗ് ഇല്ലാത്തവരും ടാഗിൽ ആവശ്യത്തിന് പണം ഇല്ലാത്തവരും മറ്റ് സാങ്കേതിക പ്രശ്നങ്ങൾ കാരണം ഫാസ്റ്റ് ടാഗ് പ്രവർത്തിക്കാത്തവരും ഇരട്ടിപ്പണം അടക്കണം എന്നതാണ് ഇന്നുമുതൽ നടപ്പിലാക്കാൻ പോകുന്ന കർശന നിയമം.

ഇവിടെയാണ് ഷോറൂമുകളിൽ നിന്നെടുത്ത ഫാസ്റ്റ് ടാഗുകൾ യാത്രക്കാർക്ക് പ്രശ്നമാകാൻ പോകുന്നത്. വാഹന ഡീലർമാരും അവരുമായി സഹകരിക്കുന്ന ബാങ്കുകളും തമ്മിലുള്ള ഇടപാടാണ് അത്. ഉപഭോക്താവിന് ആ ബാങ്കുമായി ഒരു ബന്ധവുമില്ല. ഗ്രാമീൺ ബാങ്കുകൾ വരെ ഇത്തരത്തിൽ ഡീലർമാരുമായി ചങ്ങാത്തം ഉണ്ടാക്കി ഫാസ്റ്റ് ടാഗുകൾ വിറ്റ് പണമുണ്ടാക്കുന്നുണ്ട്. ആ ഫാസ്റ്റ് ടാഗുകൾക്ക് സാങ്കേതിക പ്രശ്നം എന്തെങ്കിലും ഉണ്ടായാൽ ഉപഭോക്താക്കൾക്ക് ബാങ്കുമായി ബന്ധപ്പെടാനുള്ളത് ഒരു ടോൾഫ്രീ നമ്പറും ഒരു ഇ-മെയിൽ ഐഡിയും മാത്രമാണ്. ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം അതൊരു വെർച്ച്വൽ ബാങ്ക് അക്കൗണ്ടാണ്. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഒരു ഫോൺ നമ്പറും ഒരു മെയിൽ ഐഡിയും പോരാത്തതുകൊണ്ടാണ് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രശ്നങ്ങൾ പ്രശ്നങ്ങളായിത്തന്നെ നിലനിൽക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം യാത്രക്കാരൻ റോഡിൽ പെട്ട് കിടക്കുകയാണ് അല്ലെങ്കിൽ ഇരട്ടിപ്പണം അടച്ചുകൊണ്ടിരിക്കുകയാണ് എന്നത് മറക്കരുത്.

നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന സാലറി അല്ലെങ്കിൽ സേവിങ്ങ്സ് അക്കൗണ്ടുകളിലേക്ക് ബന്ധപ്പെടുത്തി മാത്രം ഫാസ്റ്റ് ടാഗ് എടുക്കുക എന്നതാണ് ഇതിനൊരു ചെറിയ പോംവഴി. അങ്ങനെ ചെയ്താൽ ടോപ്പ് അപ്പ് ചെയ്യാത്തതിൻ്റെ പേരിൽ ഫാസ്റ്റ് ടാഗ് പ്രവർത്തനം നിലക്കാനുള്ള സാഹചര്യം കുറയും. നിങ്ങൾക്ക് നേരിട്ട് സ്വന്തം ബാങ്കിൽ ചെന്ന് പ്രശ്നം അവതരിപ്പിച്ച് കുത്തിയിരുന്ന് പരിഹാരമുണ്ടാക്കി മടങ്ങാനാകും.

ഈ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടാൻ പോകുന്നത് യാത്രക്കാരനും ഫാസ്റ്റ് ടാഗ് കൗണ്ടറിലെ ജീവനക്കാരും മാത്രമാണ്. ബാങ്ക്, വാഹന ഡീലർ, അധികാരികൾ എന്നിവർ സീനിൽ ഇല്ലല്ലോ. അടി ഉണ്ടാകാൻ പോകുന്നത് ടോൾബൂത്ത് ജീവനക്കാരനും വാഹനങ്ങൾ ഓടിക്കുന്നവരും തമ്മിലാണ്. അതും തങ്ങളുടേതല്ലാത്ത പ്രശ്നത്തിന്റെ പേരിൽ.

ഇനി തങ്ങളുടേതായ പ്രശ്നത്തിൻ്റെ പേരിൽ ടോൾ പ്ലാസകളിൽ കുടുങ്ങാനും അടിയുണ്ടാക്കാനും സാദ്ധ്യതയുള്ളവരെപ്പറ്റി പറയാം. വല്ലപ്പോഴും മാത്രമാണ് വാഹനം ഉപയോഗിക്കുന്നതെന്നും ടോൾ പ്ലാസ വഴി കടന്ന് പോകുന്നതെന്നും പറയുന്നവരാണ് അതിൽ ഒരു കൂട്ടം. ഹൃദ്രോഗം അടക്കമുള്ള പല രോഗങ്ങൾ ഉണ്ടെന്നും ഏറെ ക്ഷീണിതനാണെന്നും ഒരു മണിക്കൂറിലധികമായി ടോൾ പ്ലാസയിൽ കുടുങ്ങിക്കിടക്കുകയാണ് പറയുന്ന ഒരാളെ ഇന്ന് രാവിലെ ചാനലിൽ കണ്ടു. അത്രയും രോഗ പ്രശ്നങ്ങളുണ്ടെങ്കിലും ഫാസ്റ്റ് ടാഗ് എടുക്കില്ല.

ചുരുക്കിപ്പറഞ്ഞാൽ എല്ലാവരുംകൂടി ഇത് പരമാവധി വൃത്തികേടാക്കും. പി.സി.ജോർജ്ജ് പാലിയേക്കര ടോൾ പ്ലാസയിൽ ഉണ്ടാക്കിയതിലും വലിയ അടിയും ബഹളവും വരാൻ കിടക്കുന്നതേയുള്ളൂ.

ഫാസ്റ്റ് ടാഗ് എടുക്കാൻ ആവശ്യത്തിലുമധികം സമയം സർക്കാർ കൊടുത്തുകഴിഞ്ഞു എന്നുള്ള ചിലരുടെ വാദത്തിനോട് എനിക്ക് പൂർണ്ണ യോജിപ്പാണ്. പല അവധികൾ കൊടുത്തശേഷം ജനുവരി 1 മുതൽ നിർബന്ധമാക്കും എന്ന് പറഞ്ഞത് പിന്നെയും ഫെബ്രുവരി 15 വരെ നീട്ടിക്കൊടുത്തു. പക്ഷെ ഈ കാലയളവിൽ സ്വന്തം ഭാഗത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരികൾ ശുഷ്ക്കാന്തി കാണിച്ചില്ല. ആയതിനാൽ അതെല്ലാം പരിഹരിക്കുന്നത് വരെ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുന്ന നടപടിയിൽ നിന്ന് അധികൃതർ വിട്ടുനിൽക്കുക തന്നെ വേണം.

തേജസിൻ്റെ കാറിന്റെ ഫാസ്റ്റ് ടാഗ് പ്രശ്നം തീരുന്നത് വരെ എൻ്റെ യാത്രകൾ മുടങ്ങും. എൻ്റേതല്ലാത്ത കുറ്റത്തിന് ഇരട്ടിപ്പണം നൽകാനോ റോഡിൽ സമയം പാഴാക്കാനോ ഞാൻ തയ്യാറല്ല. 15 വർഷത്തെ അഡ്വാൻസ് റോഡ് ടാക്സ് അടച്ച് വാഹനം വാങ്ങുന്നവരുടെ ഗതികേട് എന്നല്ലാതെ എന്തുപറയാൻ !

അതിനിടയ്ക്ക് ഒരു സന്തോഷ വർത്തമാനം പറയാൻ മറന്നു. ഫാസ്റ്റ് ടാഗ് സംബന്ധിയായി എന്തെങ്കിലും പരാതി അവരുടെ സൈറ്റിൽ (www.fastag.org) ചെന്ന് ബോധിപ്പിക്കാമെന്ന് വെച്ചാൽ, നിയമം കർശനമാക്കിയ ഇന്നലെ രാത്രി മുതൽ ഇന്ന് ഈ സമയം (10:52am 16 Feb 2021) വരെ ആ സൈറ്റ് പ്രവർത്തിക്കുന്നില്ല.

വാൽക്കഷണം:- ലോകത്ത് പലയിടത്തും ഒരു പ്രശ്നവുമില്ലാതെ പ്രവർത്തിക്കുന്ന ടോൾ സംവിധാനങ്ങൾ പതിറ്റാണ്ടുകളായി നിലവിലുണ്ട്. പക്ഷേ, അവിടുത്തെ സർക്കാരുകളും നിയമങ്ങളും സംസ്ക്കാരവും ചിന്താഗതികളും നിയമങ്ങൾ നടപ്പിലാക്കുന്ന രീതികളും വേറെയാണ്. നമുക്ക് പഴയത് പോലെ കറൻസി കൊടുത്ത് ചില്ലറ എണ്ണിവാങ്ങി, ചില്ലറയില്ലെങ്കിൽ പകരം മിഠായി കൈപ്പറ്റി നുണഞ്ഞ് പോകുന്ന ഏർപ്പാടേ ചേരൂ.