സാങ്കേതികം

ഒരു പാസ്‌പ്പോർട്ട് പുതുക്കൽ അനുഭവം


44
കാലാവധി തീരുന്നതിന് മുന്നേ പേജുകൾ തീരുന്നതുകൊണ്ട്, 10 വർഷം തികയുന്നതിന് മുൻപ് പലവട്ടം പാസ്സ്പ്പോർട്ട് പുതിക്കിയിട്ടുണ്ട് ഞാൻ. പക്ഷേ കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി രാജ്യം വിട്ട് പുറത്ത് പോകാത്തതുകൊണ്ട് 2020 മാർച്ചിൽ പാർസ്സ്പോർട്ട് മൃതിയടഞ്ഞത് അറിഞ്ഞതുപോലുമില്ല. കോവിഡ് കാരണം ബാംഗ്ലൂരിൽ പെട്ടുപോയതുകൊണ്ട് പാസ്പ്പോർട്ട് പുതുക്കാനായി കൊച്ചിയിൽ എത്താനും പറ്റിയില്ല.

കൂടുതൽ വെച്ച് വഷളാക്കേണ്ടെന്ന് കരുതി ഡിസംബർ 7ന് പാസ്സ്പോർട്ട് പുതുക്കാനുള്ള നടപടിക്രമങ്ങൾ തൃപ്പൂണിത്തുറയിലുള്ള പാസ്സ്പോർട്ട് ഓഫീസിൽ പൂർത്തിയാക്കി. സാധാരണ നിലയ്ക്ക് 2-3 ദിവസത്തിനുള്ളിൽ പാസ്സ്പോർട്ട് പുതുക്കി കിട്ടാറുണ്ട്. പക്ഷേ, എന്റെ കാര്യത്തിൽ പാസ്സ്പോർട്ടിലെ അഡ്രസ്സ് മാറ്റുന്നത് കാരണം പുതിയ പൊലീസ് സ്റ്റേഷൻ (തൃക്കാക്കര) അതിർത്തിയിൽ പൊലീസ് വേരിഫിക്കേഷൻ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടുള്ള കാലതാമസവും പ്രതീക്ഷിച്ചിരുന്നു. അടുത്ത ദിവസം (ഡിസംബർ 8) കമ്മീഷണർ ഓഫീസിൽ നിന്ന് ഒരു ഫോൺ വന്നു. പൊലീസ് വേരിഫിക്കേഷൻ സംബന്ധിച്ചാണെന്നും ലോക്കൽ സ്റ്റേഷനിൽ നിന്ന് വേറെ വിളി വരുമെന്നും പറഞ്ഞു. പക്ഷേ തീയതി ഡിസംബർ 10 കഴിഞ്ഞിട്ടും തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്ന് വേരിഫിക്കേഷൻ സംബന്ധിയായ അനക്കമൊന്നും ഇല്ല. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾ ഉണ്ടാകാം എന്ന് കരുതി ആശ്വസിച്ചു.

ഡിസംബർ 10 രാവിലെ വോട്ട് ചെയ്ത് ബാംഗ്ലൂർക്ക് മടങ്ങാനായിരുന്നു പദ്ധതി. അതിനകം പാസ്പ്പോർട്ട് കിട്ടുമെങ്കിൽ കൈപ്പറ്റാം. അല്ലെങ്കിൽ അതിനായി വീണ്ടും ബാംഗ്ലൂര് നിന്ന് കൊച്ചിയിൽ വരേണ്ടി വന്നേക്കാം. ആ ഒരു യാത്ര ഒഴിവാക്കാനായി 2 ദിവസം കൂടെ കൊച്ചിയിൽ നിൽക്കാൻ തയ്യാറാണ്. പക്ഷേ, ആ 2 ദിവസത്തിൽ പാസ്പ്പോർട്ട് കിട്ടുമെന്ന് ഉറപ്പാണെങ്കിൽ മാത്രം.

അതൊന്ന് തീർപ്പാക്കാൻ, നേരെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് ചെന്ന് കാര്യം അവതരിപ്പിച്ചു. (സന്ദർശനം 1). പാസ്പ്പോർട്ട് വേരിഫിക്കേഷൻ ജോലികൾ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ 3 മണിക്ക് വരും അപ്പോൾ വന്ന് കാണൂ എന്ന് നിർദ്ദേശം കിട്ടിയതനുസരിച്ച് വീട്ടിലേക്ക് മടങ്ങുകയും വീണ്ടും 3 മണിക്ക് സ്റ്റേഷനിൽ ഹാജരാകുകയും ചെയ്തു. (സന്ദർശനം 2). ഉദ്യോഗസ്ഥനെ കണ്ടു. എന്റെ ഫയൽ അദ്ദേഹത്തിന്റെ പക്കൽ തന്നെയാണ് ചെന്നിരിക്കുന്നത്. പക്ഷേ, ഒരു ചെറിയ പ്രശ്നം. എന്റെ പേരിൽ ഒരു കേസുള്ളതുകൊണ്ട് വേരിഫിക്കേഷൻ വഴിമുട്ടി നിൽക്കുന്നു!

കേസ് എന്താണെന്ന് അന്വേഷിച്ചപ്പോൾ, 2012ൽ മുളവുകാട് പൊലീസ് ഉദ്യോഗസ്ഥന്മാർ ചാർജ്ജ് ചെയ്ത ഒരു ട്രാഫിക്ക് കേസ് ആണെന്ന് മനസ്സിലായി. ആ കേസിൽ നിരപരാധി ആയിരുന്നതുകൊണ്ട് വക്കീലിനെ വെച്ച് ഞാൻ കേസ് നടത്തുകയും 2016ൽ കോടതിയിൽ തീർപ്പാകുകയും ചെയ്തതാണ്. (അത് വിശദമായി പറയാനുള്ള ഒരു കേസുണ്ട്. തൽക്കാലം ആ ഉപകഥക്കേസ് വിപുലമാക്കുന്നില്ല.)

4 വർഷം മുൻപ് തീർപ്പായ ഒരു പെറ്റി ട്രാഫിക് കേസിന്റെ പേരിലാണ് പാസ്പ്പോർട്ട് വഴിമുട്ടി നിൽക്കുന്നത്. കേസ് തീർപ്പാക്കിയതിന്റെ രസീത് കാണിച്ചാൽ പൊലീസ് വേരിഫിക്കേഷൻ മുന്നോട്ട് നീങ്ങും. അല്ലെങ്കിൽ 3 ദിവസത്തിനകം പാസ്പ്പോർട്ട് റിജക്റ്റ് ചെയ്യപ്പെടും. തീർപ്പായ ഒരു കേസിന്റെ രസീത് ആരാണ് നാലുവർഷം സൂക്ഷിച്ച് വെക്കുക ?!

മുളവുകാട് പൊലീസ് സ്റ്റേഷനിൽ ചെന്ന് അന്വേഷിച്ചാൽ വല്ല രേഖകളും കിട്ടുമോ എന്നറിയാൻ അങ്ങോട്ട് വെച്ചുപിടിച്ചു. തിരഞ്ഞെടുപ്പ് കാരണം അവിടെ ഉദ്യോഗസ്ഥർ കാര്യമായി ആരുമില്ല. എങ്കിലും ഒരു പൊലീസുകാരനോട് സംസാരിച്ച് കേസിന്റെ കോടതി നമ്പർ സംഘടിപ്പിച്ചു. ഫയലിൽ എന്റെ അപ്പുറവും ഇപ്പുറവും ഉള്ള കേസുകളെല്ലാം ഫൈനടച്ച് ക്ലോസ് ചെയ്തിട്ടുണ്ട്, എന്റേത് മാത്രം ഓപ്പൺ ആണെന്നുള്ള വിവരവും അദ്ദേഹം തന്നു.

സമയം 5 മണി ആകുന്നു. തിരഞ്ഞെടുപ്പ് ദിവസം. കോടതിയിൽ ചെന്ന് ഈ കേസ് നമ്പർ വെച്ച് രസീത് തപ്പിയെടുക്കാനുള്ള സമയം ഇല്ല. അടുത്ത ദിവസം വെള്ളിയാഴ്ച്ചയാണ്. അന്നുകൂടെ കാര്യം നടന്നില്ലെങ്കിൽപ്പിന്നെ ശനി, ഞായർ ഒക്കെ കഴിഞ്ഞ് വരുമ്പോഴേക്കും പൊലീസ് വേരിഫിക്കേഷൻ നെഗറ്റീവ് ആയെന്ന് വരും. പാസ്പ്പോർട്ടും ബക്കറ്റ് ലിസ്റ്റിൽ ബാക്കിയുള്ള വിദേശയാത്രകളും മറന്നേക്കുക. അങ്ങനെയല്ലാതെ മറ്റൊന്നും ആലോചിക്കാൻ എനിക്കപ്പോൾ കഴിഞ്ഞില്ല.

പെട്ടെന്നൊരു മനുഷ്യന്റെ മുഖം മുന്നിൽ തെളിഞ്ഞുവന്നു. ഓൺലൈൻ വഴി പരിചയപ്പെട്ട് സൈക്കിളിങ്ങിലൂടെ സൌഹൃദം ദൃഢമാക്കിയ അജിത് കളമശ്ശേരി. കക്ഷം നിറയെ കേസുകളുള്ള ഒരാളാണ് ഞാനെന്ന് അറിയുന്നത് കൊണ്ടാകാം, ‘കോടതി സംബന്ധമായ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാൻ മടിക്കേണ്ട’ എന്ന് കാണുമ്പോഴെല്ലാം സൂചിപ്പിക്കാറുണ്ട് അജിത്.

അജിത്തിനെ വിളിച്ചു. അജിത് കേസ് നമ്പർ ആവശ്യപ്പെട്ടു. എങ്ങനെ പോയാലും തിങ്കളാഴ്ച്ചയ്ക്കുള്ളിൽ രസീത് തപ്പിയെടുത്ത് തരാമെന്ന് ഏറ്റു. പക്ഷേ, അപ്പോഴുമുണ്ട് ഒരു പ്രശ്നം. മേൽപ്പറഞ്ഞ കോടതി ഇപ്പോൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. നാല് കൊല്ലം മുന്നുള്ള രസീതുകൾ അവരെടുത്ത് കുപ്പയിൽ തട്ടിയിട്ടുണ്ടെങ്കിൽ ആ സാദ്ധ്യതയും മങ്ങുന്നു.

അപ്പോഴാണ് മറ്റൊരു കാര്യം ഓർമ്മ വന്നത്. കേസ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ രസീത് കൈയ്യോടെ തന്നിരുന്നില്ല ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ. ‘ഒരു മണിക്കൂർ കഴിഞ്ഞ് വന്നാൽ രസീത് ഇവിടെ തൂക്കിയിട്ടുണ്ടാകും‘ എന്ന് പറഞ്ഞ് ഒരു കമ്പി കാണിച്ച് തരുകയാണ് ഉണ്ടായത്. നിലവിൽ ആ കമ്പിയിൽ ധാരാളം രസീതുകൾ തൂങ്ങുന്നുണ്ട്. കുറേ രസീതുകൾ നിലത്ത് പാറി നടക്കുന്നുണ്ട്. ആൾക്കാർ അവരവരുടെ രസീതുകൾ പറിച്ചെടുക്കുകയും ഊരിയെടുക്കുകയും ചെയ്യുന്ന ഒരു കാടൻ സംവിധാനമാണത്. ഒരു മണിക്കൂർ കഴിഞ്ഞ് ചെന്നെങ്കിലും അതിൽ നിന്ന് രസീത് കണ്ടെത്താൻ ആയില്ല. തീർന്ന കേസിന്റെ പേരിൽ എന്തിനിത്ര സമയം കളയണം എന്ന ചിന്തയുമായി അവിടം വിടുകയാണുണ്ടായത്.

പത്ത് മിനിറ്റിനകം അജിത് തിരിച്ച് വിളിച്ചു. മനോജിന്റെ കേസ് തീർന്നതായി രേഖയുണ്ടല്ലോ ഇന്റർനെറ്റിൽ ! പ്രതീക്ഷയുടെ പുതുകിരണം !! e – court services എന്നൊരു ആപ്പ്/വെബ്ബ് ഉണ്ട്. അതിൽ ഇന്ത്യാ മഹാരാജ്യത്തെ സകലമാന കേസുകളുടേയും നിലവിലെ അവസ്ഥ, അതുവരെയുള്ള അവസ്ഥ, കേസ് തുടങ്ങിയ അന്ന് മുതൽക്കുള്ള എല്ലാ നടപടിക്രമങ്ങളുടേയും വിശദവിവരങ്ങൾ എന്നിവ ലഭ്യമാണ്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമുള്ള ഈ ആപ്പിൽ/വെബ്ബിൽ എല്ലാ കോടതി ദിവസങ്ങളിലും അന്നേ ദിവസത്തെ കേസ് വിവരങ്ങൾ അടിച്ച് കയറ്റിയ ശേഷം മാത്രമാണ് രാജ്യമെമ്പാടുമുള്ള ജീവനക്കാരും ഉദ്യോഗസ്ഥരും കോടതി വിടുന്നത്. വളരെ വലിയ അറിവും സഹായവുമാണ് അജിത്തിൽ നിന്ന് ലഭിച്ചത് !!

വാഹനം സൈഡൊതുക്കി, ആപ്പ് ഇൻസ്റ്റാൾ ചെയ്ത്, എന്റെ കേസ് നമ്പർ അടിച്ച് നോക്കി. സകല വിവരങ്ങളും അവിടെയുണ്ടെന്ന് മാത്രമല്ല Case dispersed എന്ന് സ്റ്റാറ്റസ് കാണിക്കുന്നുമുണ്ട്. വീണ്ടും തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക്. (സന്ദർശനം 3). ഇത്രയും വിവരങ്ങൾ എന്റെ വേരിഫിക്കേഷൻ നടത്തുന്ന ഉദ്യോഗസ്ഥനെ ധരിപ്പിച്ചു. ആപ്പിലെ/വെബ്ബിലെ വിവരങ്ങൾ മതിയാകുമെന്ന് അദ്ദേഹം. പഴയ പാസ്പ്പോർട്ടുമായി വന്നാൽ ഉടൻ തന്നെ വേരിഫിക്കേഷൻ പൂർത്തിയാക്കാമെന്നും അദ്ദേഹം പറഞ്ഞതനുസരിച്ച് വീട്ടിലേക്ക് മടങ്ങി പഴയ പാസ്പ്പോർട്ട് എടുത്ത് വീണ്ടും സ്റ്റേഷനിലെത്തി. (സന്ദർശനം 4). അപ്പോഴേക്കും സമയം രാത്രി 07:30. സ്റ്റേഷൻ വരാന്തയുടെ ഇരുളിലിരുന്ന് പൊലീസ് ഉദ്യോഗസ്ഥൻ വേരിഫിക്കേഷൻ പൂർത്തിയാക്കി. ആശ്വാസം, നെടുവീർപ്പ്, പുത്തനുണർവ്വ്, യാത്രാപ്രതീക്ഷകൾ!!

ഇനി പറയാനുള്ളത് ചില സംശയങ്ങളും ഗുണപാഠങ്ങളും മുൻ‌കരുതലുകളും ഉപദേശങ്ങളുമാണ്. വേണമെന്നുള്ളവർക്ക് എടുക്കാം അല്ലാത്തവർക്ക്, ‘ആർക്ക് വേണം അക്ഷരാഭ്യാസം ഇല്ലാത്തവന്റെ ഉപദേശം?’ എന്ന് തള്ളിക്കളയാം.

ഉപദേശം 1:- ജീവിതത്തിൽ എന്നെങ്കിലും ഒരു കേസിൽപ്പെട്ട്, കേസ് തീർപ്പായാലും രസീത് കിട്ടാൻ ഒരു മണിക്കൂർ കഴിഞ്ഞ് വരുന്ന ഏർപ്പാട് സമ്മതിക്കരുത്. രസീത് കിട്ടിയേ പോകൂ എന്ന് കോടതി ഉദ്യോഗസ്ഥരോട് ശഠിക്കുക.

ഉപദേശം 2:- കേസ് തീർപ്പായാലും അതിന്റെ രേഖകൾ ചാകുന്നത് വരെ സൂക്ഷിച്ച് വെക്കുക. ശവമടക്കുമ്പോൾ അതോടൊപ്പം കുഴിയിലിട്ട് മൂടുകയോ ചിതയിലെ മാവിന്റെ കഷണത്തിന് പകരമായോ ഇത്തരം രേഖകൾ ഉപയോഗിക്കാം.

ഉപദേശം 3:- കേസും കൂട്ടവും ഉള്ളവർ e – court services എന്ന ഓൺലൈൻ സൌകര്യം ഗംഭീരമായി പ്രയോജനപ്പെടുത്തുക.

ഉപദേശം 4:- തീർപ്പായിട്ടും അപ്ഡേറ്റ് ചെയ്യപ്പെടാത്ത ഒരു പെറ്റി ട്രാഫിക്ക് നിയമലംഘനക്കേസ് ധാരാളം മതിയാകും സാധാരണക്കാരൻ ഒരാളുടെ പാസ്പ്പോർട്ട് തടയപ്പെടാൻ. അതിനിടയ്ക്ക്, പിടിപാടുള്ള കൊടുംകുറ്റവാളികൾ ഒന്നും രണ്ടും പാസ്പ്പോർട്ട് കൈവശം വെച്ച് വിലസുകയും ചെയ്യും. ആയതിനാൽ കേസും കൂട്ടവും ഇല്ലാതെ ജീവിച്ച് പോകാൻ ശ്രമിക്കുക. അല്ലെങ്കിൽ സകലയിടങ്ങളിലും പിടിപാടുള്ള വടവൃക്ഷങ്ങളായി വളർന്ന് പന്തലിക്കുക.

സംശയം 1:- 2012 ലെ ട്രാഫിക് പെറ്റി കേസ് സിസ്റ്റത്തിൽ അടിച്ച് കേറ്റാൻ മുളവുകാട് പൊലീസ് ഉദ്യോഗസ്ഥരോ കോടതി ഉദ്യോഗസ്ഥരോ കാണിച്ച ശുഷ്ക്കാന്തി, 2016ൽ കേസ് തീർന്നപ്പോൾ അക്കാര്യം സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യാൻ അവരെന്തേ കാണിച്ചില്ല?

സംശയം 2:- അവരത് ഇനിയും അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകുമെന്ന് കരുതാൻ വയ്യ. നാളെ മറ്റൊരു പൊലീസ് വേരിഫിക്കേഷൻ വന്നാലും എന്റെ കാര്യത്തിൽ റിജൿറ്റ് ചെയ്യപ്പെടും. അതിലേക്ക് ഞാനെന്ത് നടപടിയാണ് ഇനി സ്വീകരിക്കേണ്ടത് ? ഈ ചോദ്യത്തിനുള്ള ഉത്തരം അജിത് പറഞ്ഞ് തന്നിട്ടുള്ളത് ഇപ്രകാരമാണ്. മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് ഒരു വിവരാവകാശ കത്ത് (RTI) ആയക്കുക. e-court services-ൽ എന്റെ ഇന്ന നമ്പർ കേസ് ക്ലോസ്‌ഡ് ആണ്. അതേ കേസിന്റെ സ്റ്റേഷൻ റെക്കോഡ് പ്രകാരമുള്ള സ്റ്റാറ്റസ് എന്താണ് ? ക്ലോസല്ലെങ്കിൽ അതിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ? ഈ വിവരാവകാശം ചെല്ലുന്നതോടെ കേസിന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ അവർ നിർബന്ധിതരാകും. കേസ് ക്ലോസ് ചെയ്ത ശേഷം എനിക്ക് മറുപടി അയക്കും. ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ആർക്കെങ്കിലും അറിയാമെങ്കിൽ നിർദ്ദേശിക്കാം.

സംശയം 3:- പൊലീസ് വേരിഫിക്കേഷൻ അടക്കമുള്ള സ്റ്റേറ്റ് പൊലീസിന്റെ കാര്യങ്ങൾ മൊബൈൽ ഫോൺ വഴിയാണ് ഉദ്യോഗസ്ഥൻ ചെയ്തത്. അതിന് പ്രത്യേക ആപ്പ് എന്തെങ്കിലും ഉണ്ടാകാം. ഉണ്ടെങ്കിൽ ആ ആപ്പും ഈ-കോർട്ട് സർവ്വീസസ് ആപ്പും തമ്മിൽ ബന്ധപ്പെടുത്തിയിട്ടില്ല എന്ന് എന്റെ അനുഭപ്രകാരം ഉറപ്പ്. അവർക്കെന്തുകൊണ്ട് അത് തമ്മിൽ ബന്ധിപ്പിച്ചുകൂട ? രണ്ട് പൊലീസ് സ്റ്റേഷനുകളിൽ 5 പ്രാവശ്യം ഒരാളെ കയറ്റിയിറക്കാനാണെങ്കിൽ ഇത്രയും സാ‍ങ്കേതികവിദ്യയും കൊടച്ചക്രവുമൊക്കെ എന്തിനാണ്?

സംശയം 4 :- അരീം തിന്ന് ആശാരിച്ചിനേം കടിച്ചിട്ടും പട്ടിക്ക് തന്നെ മുറുമുറുപ്പ് എന്ന് പറഞ്ഞതുപോലെ, എന്റെ 50ൽപ്പരം പേജുകൾ ഭാര്യയുടേയും മകളുടേയും പേരടക്കം മോഷ്ടിച്ച് പുസ്തകമാക്കി ഇറക്കിയിട്ടും സാഹിത്യസപര്യ തീരാത്ത കള്ളൻ കാരൂർ സോമൻ, മാവേലിക്കര സെഷൻസ് കോടതിയിൽ എനിക്കെതിരെ കൊടുത്തിരിക്കുന്ന മാനഷ്ടക്കേസ് എന്തുകൊണ്ട് പൊലീസുകാരുടെ ഈ സിസ്റ്റത്തിനകത്ത് കാണിക്കുന്നില്ല.

സംശയം 5:- മാലിന്യസംസ്ക്കരണ വിഷയത്തിൽ കൊച്ചിൻ കോർപ്പറേഷന്റെ പഴയ മേയർ ടോണി ചമ്മിണി എനിക്കെതിരെ നൽകിയ സൈബർ കേസ് ഇതിൽ കാണിക്കാത്തതെന്ത് ? വഴിവിട്ട മാർഗ്ഗത്തിലൂടെ തീരദേശ നിയമങ്ങൾ ലംഘിച്ച് അനധികൃതമായാണ് ആശുപത്രി പണിതുയർത്തിയതെന്ന് ഫേസ്ബുക്കിൽ സമർത്ഥിച്ചതിന്, ആസ്റ്റർ മെഡിസിറ്റി എനിക്കെതിരെ നൽകിയ സൈബർ കേസ് ഇതിൽ കാണിക്കാത്തതെന്ത് ? എന്ത് വ്യവസ്ഥയും വെള്ളിയാഴ്ച്ചയുമാണ് കേരള പൊലീസിന്റെ ഈ സിസ്റ്റത്തിനുള്ളത്?

വാൽക്കഷണം:- സോഷ്യൽ മീഡിയ വഴി പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ തന്നെയാണ് ഈ അനുഭവത്തിലും താരം. സോഷ്യൽ മീഡിയ വഴി അജിത്തിനെ പരിചയപ്പെട്ടിലായിരുന്നെങ്കിൽ, ഈയടുത്തെങ്ങും തീരില്ല എന്ന് കരുതിയിരുന്ന ഒരു പ്രശ്നം 5 മണിക്കൂറിനകം പരിഹരിക്കാൻ കഴിയുമായിരുന്നില്ല. അജിത്തിന് ഒരുപാട് നന്ദി. സോഷ്യൽ മീഡിയയ്ക്കും ഒരു ലോഡ് നന്ദി.