സാങ്കേതികം

ചെറിയ വീടുകളാണ് സുഖപ്രദം


ചാനലുകളിലും മാസികകളിലും വീടുകളെപ്പറ്റി വരുന്ന ലേഖനങ്ങളും ഫീച്ചറുകളും ശ്രദ്ധിച്ചിട്ടുണ്ടോ ? കോടീശ്വരന്മാർക്ക് മാത്രം നിർമ്മിക്കാനോ എത്തിപ്പിടിക്കാനോ കഴിയുന്ന ആഢംബര സൌധങ്ങളായിരിക്കും അതിൽ 95 ശതമാനവും. എന്നിട്ടതിന്റെ തലക്കെട്ടുകളോ ? “ആരും കൊതിച്ചു പോകുന്ന വീട്” എന്ന തരത്തിലുമായിരിക്കും. അത്താഴപ്പട്ടിണിക്കാരായ ചോർന്നൊലിക്കുന്ന കൂരകളുടെ ഉടമകളെയാണ് കൊതിപ്പിക്കുന്നതെന്നോർക്കണം !

നിറയെ മരങ്ങളുണ്ടായിരുന്ന ഒരിടത്തിൽ ഏക്കറുകണക്കിന് കാട് വെട്ടിത്തൂർത്ത് മുറ്റം മുഴുവൻ ടൈൽ പാകിയ അത്തരം വീടുകൾക്ക് കുറഞ്ഞത് 5 ബെഡ് റൂമും രണ്ട് അടുക്കളയും രണ്ട് സ്വീകരണ മുറിയും ആറ് കുളിമുറികളും സിനിമാ തീയറ്ററും ജാക്കൂസിയും അടക്കം എല്ലാ ആഢംബരങ്ങളും ഉണ്ടായിരിക്കും.
ഉണ്ടാക്കി ഇടുന്നതിനപ്പുറം പരിപാലിക്കാൻ കഷ്ടപ്പാടുണ്ട് ഓരോ വലിയ വീടുകളും. അവനവന്റെ ആവശ്യത്തിനപ്പുറം ആർഭാടവും പൊങ്ങച്ചവും കാണിക്കാൻ വേണ്ടി നിർമ്മിക്കുന്ന ഓരോ വീടുകളും പ്രകൃതി ചൂഷണം തന്നെയാണ്. ഒരാളുടെ കൈയിൽ നിറയെ പണമുണ്ടെന്ന് വെച്ച് പ്രകൃതി വിഭവങ്ങൾ എങ്ങനെ വേണമെങ്കിലും അയാൾക്കുപയോഗിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ശരിയായ കാഴ്ച്ചപ്പാടല്ല.

ഓർമ്മവെച്ച കാലം മുതൽ 1500 ചതുരശ്ര അടിയിൽ കുറഞ്ഞ വീടുകളിൽ ഞാൻ ജീവിച്ചിട്ടില്ല. ആദ്യം കഴിഞ്ഞിരുന്നത് ഒരു കൂട്ടുകുടുംബത്തിൽ ആയിരുന്നതുകൊണ്ട് അ സൌകര്യങ്ങൾ മിതമായിരുന്നെന്ന് മാത്രമേ കരുതുന്നുള്ളൂ. സ്വന്തമായി വീട് നിർമ്മിച്ചിട്ടില്ല ഈ അൻപത്തൊന്ന് വയസ്സിനിടയ്ക്ക്. മുഴങ്ങോടിക്കാരി ലോണെടുത്തും അല്ലാതെയുള്ള ഞങ്ങളുടെ സമ്പാദ്യമൊക്കെയും ചേർത്ത് ഒരു ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്. ഭാര്യയും മകളും ഞാനുമടക്കം മൂന്ന് പേർക്ക് അതൊരു വലിയ ഇടമാണെന്നാണ് ഇപ്പോൾ തോന്നുന്നത്.

അധികം നടക്കാതെയും ഇരുന്നിടത്ത് തന്നെ ഇരുന്നും കാര്യങ്ങൾ പലതും സാധിക്കാൻ ചെറിയ വീടുകൾ തന്നെയാണ് നല്ലതെന്ന ചിന്ത തുടങ്ങിയിട്ട് കാലമേറെയായി. വയസ്സാകുന്തോറും എല്ലാവർക്കും ഇങ്ങനെയാണോ അതോ എന്റെ മാത്രം തോന്നലാണോ എന്നറിയില്ല.മുഴങ്ങോടിക്കാരിയുടെ ജോലിയുടെ ഭാഗമായി രണ്ട് വട്ടം ബാംഗ്ലൂരും ഒരുവട്ടം ചെന്നൈയിലും വാടക വീടുകളിൽ താമസിച്ചിട്ടുണ്ട്. കുറഞ്ഞയിടം മാത്രമുള്ള ആ വീടുകളിൽ ഒരസൌകര്യവും തോന്നിയിട്ടില്ല.

88

ഈ ചിത്രത്തിൽ കാണുന്നതാണ് കഴിഞ്ഞ ഒരു മാസമായി ഞാൻ ഏകാന്തവാസം കൊണ്ടാടുന്ന ബാംഗ്ലൂരിലെ ഇടം. ഇരിപ്പും കിടപ്പും ഉറക്കവും (സപ്രമഞ്ചക്കട്ടിൽ ഏറ്റവും പിന്നിൽ കാണാം) വ്യായാമവും വായനയും സിനിമാ തീയറ്ററും ഭോജനവും, ഓഫീസിൽ പോകാത്ത ദിവസങ്ങളിലെ ജോലിയും എല്ലാം ഇവിടെയാണ്.
ഭക്ഷണമുണ്ടാക്കാൻ അടുക്കളയിലേക്കും പ്രാഥമിക കാര്യങ്ങൾക്കായി ടോയ്‌ലറ്റിലും പോകുന്നതൊഴിച്ചാൽ മുഴുവൻ സമയവും ഇവിടെത്തന്നെ.

കോവിഡ് എങ്ങാനും കൂട്ടിന് വന്നാൽ ഇവിടെത്തന്നെ വേണം രണ്ടാളും കഴിയാൻ. ഈ വാടക വീട്ടിൽ പക്ഷേ ഞാനെന്റെ ചെടികളുടേയും മരങ്ങളുടേയും നഷ്ടബോധം ശരിക്കും അനുഭവിക്കുന്നുണ്ട്.രണ്ടോ മൂന്നോ പേർക്ക് എല്ലാം സൗകര്യങ്ങളോടും കൂടെ കഴിയാൻ 400 ചതുരശ്രയടിയിൽ അധികമിടം ആവശ്യമില്ലെന്ന തോന്നൽ ശക്തമായി ഉടലെടുക്കുന്നത് 7 മാസങ്ങൾക്ക് മുൻപ്, ബാംഗ്ലൂരിലെ ഈ സ്പേയ്സിലേക്ക് ജീവിതം പറിച്ചുനട്ടതിന് ശേഷമാണ്.

വീടിനകത്ത് ബാത്ത്റൂമിന്റേതല്ലാതെ മറ്റ് ചുമരുകൾ ഒന്നുമുണ്ടാകില്ല. പുറത്തെ കാഴ്ച്ചകളും പ്രകൃതിയും മറയാത്ത തരത്തിൽ അഴികളില്ലാത്ത വലിയ ജനലുകളും ചില്ല് മാത്രമുള്ള വാതിലുകളും കൂടെയായാൽ ഏതാണ്ട് ഇതുപോലെ തന്നെയിരിക്കും വെട്ടിയും തിരുത്തിയും തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ആ വാർദ്ധക്യകാല ഫാം ഹൗസിന്റെ പദ്ധതി.അഴികളില്ലാത്ത വീട്ടിൽ കള്ളന്മാർ കയറില്ലേ എന്ന് സംശയിക്കുന്നവരുണ്ടാകാം. ഒരു ടീവി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ, പിന്നെ കുറേ പുസ്തകങ്ങളും ആക്രികളും. അകത്ത് കടക്കുന്ന കള്ളൻ, ഭിക്ഷയായി എന്തെങ്കിലും ഇങ്ങോട്ട് തന്ന് പോകാനാണ് സാദ്ധ്യത. കള്ളന്മാർക്കുമില്ലേ അഭിമാനവും അന്തസ്സും?!

ചുമരുകൾ ഇല്ലാത്ത വീട്ടിൽ വസ്ത്രം മാറാൻ എന്തുചെയ്യും ? ചെറിയ അടുക്കളയിൽ വെള്ളം തെറിക്കില്ലേ ? ഓപ്പൺ കിച്ചണിൽ നിന്ന് മീന്റെ മണം പടരില്ലേ ? എന്നിങ്ങനെ പല ആശങ്കകളും ഇത്തരം ചെറിയ വീടുകളെപ്പറ്റി ജനങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെയാണ് പലരും വലിയ വീടുകളിൽ ചെന്നവസാനിക്കുന്നത്. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട സമ്പാദ്യം മുഴുവൻ ഒരു വീടിൽ കൊണ്ടുത്തള്ളി കടക്കെണിയിൽ ജീവിക്കുന്നത്.

എവിടെ വീടുവെച്ചാലും വെള്ളം കയറാം മണ്ണിടിഞ്ഞ് പോകാം എന്നതാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. അങ്ങനെയുള്ളപ്പോൾ ചെറിയ ചിലവിൽ കൊച്ചുവീടുകളിൽ കടമില്ലാതെ ജീവിക്കുന്നതിന്റെ സന്തോഷം എന്തുകൊണ്ട് ആസ്വദിച്ചുകൂട ? അത് നഷ്ടപ്പെട്ട് പോയാലും മറ്റൊരു കൊച്ചുവീട് ഉണ്ടാക്കാനുള്ള ആത്മവിശ്വാസവും ധനവും കൈമുതലാക്കി നീങ്ങിക്കൂടെ ?

കേരളത്തിൽ ഇനിയങ്ങോട്ട് അങ്ങനെയൊരു സംസ്ക്കാരമാണ് ഉടലെടുത്ത് വരേണ്ടത്. മാദ്ധ്യമങ്ങൾ പ്രോത്സാഹിപ്പിക്കേടതും അതാണ്. വലിയ വീടുകളിൽ ജീവിച്ച് മടുത്തു. ഇനി ചെറിയ വീട് മതി എന്നാണ് ഈയിടെ ഒരു സുഹൃത്ത് പറഞ്ഞത്. അതെ, വലിയ വീടുകളിൽ ജീവിച്ച് മടുത്തവരെങ്കിലും ചെറിയ വീടുകളിലേക്ക് മാറട്ടെ. അതൊരു പുതിയ സംസ്ക്കാരത്തിന്റെ തുടക്കമാകട്ടെ.