സാങ്കേതികം

സോമനടി കേസ് :- അപ്ഡേറ്റ്


666
കോവിഡ് ഇടവേളകൾക്ക് ശേഷം സോമനടി കേസുകൾ കോടതികളിൽ സജീവമായിത്തുടങ്ങി.

കഴിഞ്ഞ മാസം ഹൈക്കോടതിയിൽ നടന്ന അദാലത്തിൽ മാതൃഭൂമിക്കെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കാൻ ഒരു ശ്രമം അവരുടെ ഭാഗത്തുനിന്നുണ്ടായി. അദാലത്തിൽ ഹാജരാകാൻ പോസ്റ്റ് കാർഡ് അറിയിപ്പ് കോടതിയിൽ നിന്ന് എനിക്ക് കിട്ടി.

പക്ഷേ, സോമനടി കേസ് ഇപ്പോൾ എൻ്റെ മാത്രം കേസല്ല, എനിക്ക് ജയിക്കാൻ മാത്രമുള്ള കേസല്ല. ഭാവിയിൽ കോപ്പിയടി നേരിടേണ്ടി വന്നേക്കാവുന്ന എല്ലാവർക്കും ഗുണമുണ്ടാൻ പോകുന്ന ഒരു ബെഞ്ച്മാർക്ക് കേസാണിത്.

ആയതിനാൽ, മാനസ്സികമായ പിന്തുണ നൽകി എനിക്കൊപ്പം നിൽക്കുന്ന, എന്നെ അനുകൂലിക്കുന്ന, എനിക്കൊപ്പം കേസ് നടത്തുന്ന സുരേഷ് നെല്ലിക്കോടിനോടും Suresh Nellikode വിനീതിനോടും Vineeth Edathil മറ്റ് ചിലരോടും ആലോചിക്കാതെ കേസ് ഒത്തുതീർപ്പാൻ സ്വന്തം ഇഷ്ടപ്രകാരം എനിക്ക് സാദ്ധ്യമല്ല. അതുകൊണ്ട് അവരുമായും ഒത്തുതീർപ്പിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്തു. അവരുടെ മനസ്സറിയാൻ വേണ്ടി പല വാദങ്ങളും ഞാൻ മനപ്പൂർവ്വം മുന്നോട്ട് വെച്ചു.

25 ലക്ഷം രൂപ വീതമാണ് മാതൃഭൂമിയോടും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനോടും ഞാൻ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ആ പണം മുഴുവൻ ജീവകാരുണ്യപ്രവർത്തനത്തിന് നൽകാമെന്ന് കേസിൻ്റെ തുടക്കത്തിൽത്തന്നെ പൊതുസമൂഹത്തിന് വാക്ക് നൽകിയിട്ടുള്ളതാണ്. അതിൽ ഉറച്ച് നിൽക്കുന്നു. കേസ് ഒത്തുതീർപ്പാക്കിയാൽ അത്രയും പണമോ അതിലധികമോ സമൂഹത്തിലെ കഷ്ടപ്പാടുള്ളവരിലേക്ക് എത്തുകയല്ലേ? ഭാവിയിൽ എന്നെങ്കിലും കോപ്പിയടിക്കപ്പെടാൻ സാദ്ധ്യതയുള്ള ഒന്നോ രണ്ടോ പേർക്ക് വേണ്ടി കേസ് നടത്തി മുന്നോട്ട് പോകുന്നതിലും വലിയ സഹായമല്ലേ അത് എന്ന്, എനിക്കൊപ്പം നിൽക്കുന്ന നാല് സുഹൃത്തുക്കളോട് ചോദിച്ചു; അവരുടെ മനസ്സറിയാനായി വെറുതെ തർക്കിച്ചു.

അവരെല്ലാവരും മറുപടി തന്നത് ഒരു കാരണവശാലും ഒത്തുതീർപ്പാക്കി കേസ് പിൻവലിക്കരുത് എന്നാണ്. അതിൽ ഒരാൾ പറഞ്ഞത് എന്നെ വലിയ തോതിൽ അത്ഭുതപ്പെടുത്തി. അദ്ദേഹം പറഞ്ഞത് താഴെ കുറിക്കുന്നു.

“ 25 ലക്ഷമല്ല, 25 കോടി തന്നാലും കേസ് ഒത്തുതീർപ്പാക്കരുത്. സമൂഹത്തിൽ ചെയ്യേണ്ടതായിട്ടുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്താൻ ഇവിടെ യൂസഫലിയും ചിറ്റിലപ്പിള്ളിയും അതുപോലുള്ള മറ്റ് നല്ല മനുഷ്യന്മാരും ഉണ്ട്. പക്ഷേ, അവരുടെ കൈവശം ഇങ്ങനെയൊരു കേസില്ല. അതുള്ളത് നിങ്ങളുടെ കൈവശമാണ്. നിങ്ങൾ അത് ഭംഗിയായി നടത്തുക. ജീവകാരുണ്യത്തിൻ്റെ കാര്യമാലോചിച്ച് നിങ്ങൾ ബേജാറാകണ്ട. തൽക്കാലം ഇത് നിങ്ങളുടെ നിയോഗമാണ്.“

മറുത്തൊന്ന് പറയാൻ എനിക്കുണ്ടായിരുന്നില്ല. ഒത്തുതീർപ്പ് നിരാകരിക്കാൻ ഇതിലും വലിയൊരു കാരണവും പ്രതിഭാഗത്തിനോട് പറയാനുണ്ടായിരുന്നില്ല.

അത് മാത്രമല്ല. സോമൻ തൻ്റെ കോപ്പിയടി ഇതുവരെ സമ്മതിച്ചിട്ടില്ലെന്ന് മാത്രമല്ല, സമൂഹമാദ്ധ്യമങ്ങളിലൂടെ എന്നെ ഇപ്പോഴും ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനം സോമൻ മൊഴിഞ്ഞത് താഴെക്കാണുന്ന പ്രകാരമാണ്.

ഇന്ത്യൻ നിയമത്തിൽ പുസ്തകത്തിൽ നിന്നുള്ള കോപ്പിയടിയാണ് കുറ്റകരം. അല്ലാതെ ഇൻഫോ വൈജ്ഞാനിക കൃതികളിൽ നിന്നുള്ളതല്ല. ഏത് പുസ്തകത്തിൽ നിന്ന് ചോരണം നടത്തിയാലും, അപഹരണമായാലും അവിടെ ‘കടപ്പാട്‘ കൊടുത്താൽ കട്ടെഴുത്ത് എന്ന അപവാദം ഒഴുവാക്കാം. ഈ കൂട്ടരിലെ ആത്മനിർവൃതി ഭാഷയുടെ നേട്ടമല്ല അതിലുപരി നോട്ടമാണ്.  സാഹിത്യത്തിൽ കുരുടൻ പിടിച്ച വടിപോലെയവർ ജീവിക്കുന്നു.“

‘അരിയും തിന്ന്…. നായയ്ക്ക് തന്നെ മുറുമുറുപ്പ്‘ എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. അതിൻ്റെ മകുടോദാഹരണമാണ് സോമൻ്റെ മേൽപ്പടി വാചകങ്ങൾ. കൂട്ടത്തിൽ നീതിന്യായ വ്യവസ്ഥയിലുള്ള വിവരക്കേടും സോമനുണ്ട്.

ഞാൻ കേസ് ഒത്തുതീർപ്പാക്കിയാൽ, കോപ്പിയടിച്ചു എന്ന് ഇപ്പോഴും സമ്മതിക്കാത്ത സോമന് അത് കച്ചിത്തുരുമ്പാകും. ആരോപണം ന്യായമാണെങ്കിൽ ഞാനെന്തിന് കേസ് പിൻവലിച്ചു എന്നാകും, ഒന്നാം പ്രതിയും മോഷ്ടാവുമായ സോമൻ്റെ വാദങ്ങളും ചോദ്യങ്ങളും. ആയതിനാലും ഈ കേസ് കോടതി വഴിയല്ലാതെ ഒരു കാരണവശാലും ഒത്തുതീർപ്പാക്കുന്നില്ല എന്ന തീരുമാനമെടുത്ത്. അദാലത്തിൽ ഹാജരാകാനുള്ള അറിയിപ്പ് സ്വീകരിക്കാതെ, കോടതി വഴി തന്നെ ശക്തമായി മുന്നോട്ട് നീങ്ങുകയാണ്.

************************************

ഇന്നലെ (07.10.2023) എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്റ്റ്രേറ്റ് കോടതിൽ എന്നെ വിസ്തരിക്കാനുള്ള പ്രതിഭാഗം വക്കീലന്മാരുടെ ഊഴമായിരുന്നു. തൊട്ട് മുൻപത്തെ പ്രാവശ്യം ഇതേ അവസരം നൽകിയപ്പോൾ, കുറച്ച് രേഖകൾ കൂടെ സംഘടിപ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞാണ് അവർ കേസ് നീട്ടിച്ചത്.

ഇന്നലെ കേസിൻ്റെ സമയപ്രകാരമുള്ള 11 മണിക്ക് തന്നെ ഞാൻ കോടതിയിൽ ഹാജരായി. കോടതി നടപടികൾ പലർക്കും അറിവുള്ളതാണല്ലോ ? ആദ്യം അന്നത്തെ കേസുകൾ പേരുമാത്രം വിളിച്ച് കക്ഷികൾ ഹാജരുണ്ടോ എന്ന് നോക്കും. പിന്നീട് നീട്ടിവെക്കാനുള്ളത് നീട്ടിവെക്കും. അവസാനമാണ് ട്രയലുകൾ നടത്താൻ തയ്യാറായി രണ്ട് ഭാഗത്തുനിന്നും വന്നിട്ടുള്ളവരെ വിളിച്ച് വിസ്താരങ്ങളിലേക്ക് കടക്കുന്നത്.

പ്രതിസ്ഥാനത്തുള്ള നാല് പേർക്കായി മൂന്ന് വക്കീലന്മാരാണ് ഹാജരാകേണ്ടത്. അവർക്ക് മൂന്ന് പേർക്കും എന്നെ വിസ്തരിക്കാം. ആദ്യം പേർ വിളിച്ചപ്പോൾ കേസ് വീണ്ടും അവധിക്ക് വെക്കാൻ പ്രതിഭാഗത്തെ ഒരു വക്കീൽ ശ്രമിച്ച് നോക്കി. സീനിയർ വക്കീൽ എത്തിയിട്ടില്ല എന്നാണ് പറഞ്ഞത്. ‘പറ്റില്ല, വാദി ഹാജരാണ്, ഇന്ന് അദ്ദേഹത്തെ വിസ്തരിച്ചേ പറ്റൂ‘ എന്നായി കോടതി. വക്കീലന്മാർ അത് ശരിവെച്ച് പോയി.

അവസാനം വിസ്താരത്തിനായി പേർ വിളിച്ചപ്പോൾ സമയം 1 മണി. കോടതിമുറിയിൽ ഈ കേസുമായി ബന്ധപ്പെട്ടവരല്ലാതെ മറ്റാരുമില്ല. ഞാൻ കൂട്ടിലേക്ക് കയറാൻ തയ്യാറായി മുന്നിൽത്തന്നെയുണ്ട്. അവധി വാങ്ങാൻ ശ്രമിച്ച ജൂനിയർ വക്കീലും സീനിയർ വക്കീലും അപ്പോൾ ഹാജരില്ല!! മറ്റ് രണ്ട് വക്കീലന്മാർ, “ഞങ്ങൾക്ക് ഈ കക്ഷിയുടെ വക്കാലത്തില്ല“ എന്ന് കൈ കഴുകി. വക്കീലാരാണ് അയാളുടെ പേരെന്താണ് എന്നറിയാൻ കോടതിയടക്കം എല്ലാവരും കടലാസുകൾ തിരയാൻ തുടങ്ങി. അതോടൊപ്പം ഒന്ന് പറയട്ടേ. ഈ കേസ് മുൻപ് വാദിച്ചിരുന്ന വക്കീൽ തുടർച്ചയായി 7 പ്രാവശ്യം കോടതിയിൽ വരാതിരുന്നതുകൊണ്ട് കക്ഷികൾക്ക് ജാമ്യമില്ലാത്ത വാറണ്ട് (സാധാരണ നിലയ്ക്ക് 3 പ്രാവശ്യം ധാരാണം മതി വാറണ്ടാകാൻ) ആയതുകൊണ്ട് കക്ഷികൾ വക്കീലിനെ മാറ്റിയതാണ്. എന്നിട്ട് ആ പുതിയ വക്കീലാണ് ഇങ്ങനെയൊക്കെ കാണിക്കുന്നത്.

അഞ്ച് മിനിറ്റോളം കഴിഞ്ഞപ്പോൾ ജൂനിയർ വക്കീൽ ഓടിക്കിതച്ചെത്തി. സീനിയർ വക്കീലിൻ്റെ കൈക്ക് എന്തോ പരിക്ക് പറ്റിയിരിക്കുന്നതുകൊണ്ടാണ് വരാൻ പറ്റാത്തത്. മെഡിക്കൽ സർട്ടിഫിക്കറ്റ് ഉടൻ ഹാജരാക്കാം; ഇത് അവസാനത്തെ അവധിയാക്കി തരണം എന്നദ്ദേഹം പലവട്ടം അപേക്ഷിച്ചു.

കോടതി അൽപ്പം ക്ഷുഭിതയായി തന്നെ നിലകൊണ്ടു. “ഇക്കാര്യം രാവിലെ എന്തുകൊണ്ട് പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കിൽ വാദിയെ അപ്പോൾത്തന്നെ പറഞ്ഞ് വിടാമായിരുന്നല്ലോ“ എന്നായിരുന്നു കോടതിയുടെ ഭാഷ്യം.

അവസാനം കോടതി, വാദിയായ എനിക്കുള്ള യാത്രാച്ചിലവ് (500 രൂപ) പ്രതിഭാഗത്തിന് ഫൈൻ അടിച്ച്, അടുത്ത ഹിയറിങ്ങിനുള്ള ദിവസം പ്രഖ്യാപിച്ച് പിരിഞ്ഞു.

ഈ കേസ് വിഷയത്തിൽ മുഴുവൻ കാര്യങ്ങളും പുറത്ത് പറയുക സാദ്ധ്യമല്ലെങ്കിലും ഇടയ്ക്കിടെ ഇതുപോലുള്ള അപ്ഡേറ്റുകൾ ഞാൻ നൽകുന്നതാണ്. എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ പോലും 11 ഇടങ്ങളിൽ പകർത്തി വെച്ച സാഹിത്യചോരൻ സോമനെ Karoor Soman Soman വെറുതെ വിടില്ല ഞാൻ എന്നതുറപ്പാണ്.

കേസുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നടപടികളായിരിക്കും എൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുക. എന്നെ ഇല്ലാതാക്കിയാൽ പോലും കേസ് നടത്തിക്കൊണ്ട് പോകാനുള്ള കാര്യങ്ങൾ, വിൽപ്പത്രം അടക്കമുള്ള രജിസ്റ്റേർഡ് രേഖകളിൽ തയ്യാറാക്കി വെച്ചാണ് ഞാൻ മുന്നോട്ട് പോകുന്നതെന്ന് പ്രതിഭാഗത്തുള്ളവർ മനസ്സിലാക്കിയാൽ നന്ന്. അതുകൊണ്ട് ഞാൻ ചത്ത് തുലങ്ങ് പോകുന്നത് വരെ കേസ് നീട്ടിക്കളിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണ്.

2023 ജനുവരിയിൽ ഔദ്യോഗികമായ എല്ലാ കാര്യങ്ങളിൽ നിന്നും വിരമിച്ച്, ഇനിയങ്ങോട്ട് യാത്രകൾക്ക് മാത്രം പ്രാമുഖ്യം നൽകി മുന്നോട്ട് പോകുന്നത് കൊണ്ട് വിൽപ്പത്രവും മരണപത്രവും തയ്യാറാക്കി അതിനുമുപരി കുടുംബാംഗങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ കുറിപ്പുകളായും എഴുതി വെച്ചിട്ടാണ് ഞാൻ ജീവിക്കുന്നത്. എന്നിട്ടും എൻ്റെ യാത്രാപദ്ധതികളെ തകിടം മറിക്കുന്നത് ഈ സോമനടി കേസിലെ കോടതി ദിവസങ്ങൾ മാത്രമാണ്. പക്ഷേ, ഏത് വലിയ യാത്രയ്ക്കിടയിലായാലും എത്ര ദൂരത്തായാലും ഈ കേസിന് ഹാജരാകേണ്ട ദിനങ്ങളിൽ ഒരു മുടക്കവുമില്ലാതെ കോടതിയിൽ ഞാനെത്തിയിട്ടുണ്ടാകും. ഒരവധിപോലും എൻ്റെ വക്കീലിന് ഈ കേസിൻ്റെ പേരിൽ വാങ്ങേണ്ടി വരില്ല.

നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്ന മൊത്തം തുകയുടെ 10% കോടതിയിൽ കെട്ടിവെച്ചാലേ കേസ് നടത്താൻ പറ്റൂ. അതാണ് ചട്ടം. അതായത് 50 ലക്ഷം രൂപയുടെ (മാതൃഭൂമി 25 ലക്ഷം ‍+ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 25 ലക്ഷം) 10 ശതമാനമായ 5 ലക്ഷം രൂപ കോടതിൽ കെട്ടിവെച്ചാണ് ഞാൻ കേസ് നടത്തുന്നത്. മറ്റ് ചിലവുകൾ വേറെ. പ്രതികളിൽ നിന്ന് നഷ്ടപരിഹാരമായി കിട്ടുന്ന പണം മുഴുവൻ ജീവകാരുണ്യപ്രവർത്തനത്തിന് നൽകാമെന്ന് കേസിൻ്റെ തുടക്കത്തിൽത്തന്നെ പൊതുസമൂഹത്തിന് വാക്ക് നൽകിയിട്ടുള്ളതാണ്. അതിൽ ഉറച്ച് നിൽക്കുന്നു. അത്രയും തുക കെട്ടിവെച്ച് കേസ് നടത്തുന്നത്, പ്രതിഭാഗത്തുള്ള ആരെയെങ്കിലും വിരട്ടി കേസൊതുക്കി തീർത്ത്, പണവും കൈപ്പറ്റി വാലും ചുരുട്ടി കളം വിടാനല്ല. സാഹിത്യകേരളത്തിലെ പുഴുക്കുത്തായ കാരൂർ സോമനെപ്പോലെയുള്ള കള്ളത്തിരുമാലികൾക്ക് പൂട്ടിടാനുള്ള ശക്തമായ ഒരു നിയമനടപടിയും വിധിയും നേടിയെടുക്കാൻ വേണ്ടിയുള്ള പോരാട്ടമാണിത്.

‘കൊല്ലാം തോൽപ്പിക്കാനാവില്ല‘ എന്നതല്ല ഇവിടത്തെ മുദ്രാവാക്യം, ‘കൊന്നാലും തോൽപ്പിക്കാനാവില്ല‘ എന്നാണ്. സകലമാന പകർപ്പവകാശലംഘന വീരന്മാരും ജാഗ്രതൈ!!