സിനിമ

മഹാവീര്യർ


മഹാ
നങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും അതിൻ്റെ ഭാഗമായ നീതിന്യായ വ്യവസ്ഥയുടേയും മുന്നിലേക്ക് രാജഭരണകാലത്തുണ്ടായ ഒരു അനീതി അഥവാ പരാതി പരിഗണിക്കപ്പെടേണ്ടി വന്നാൽ അതെങ്ങനെ മുന്നോട്ട് നീങ്ങുമെന്നാണ് മഹാവീര്യർ പറയുന്നത്. തികച്ചും ക്ലേശകരവും വിഭാവനം ചെയ്യാൻ ഏറെ ബുദ്ധിമുട്ടുള്ളതുമായ ഒരു വിഷയമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. പക്ഷേ, അബ്രിഡ് ഷൈനും  നിവിൻ പോളിയും ഷമ്നാസും സംഘവും ഇക്കാര്യത്തിൽ വിജയിച്ചിരിക്കുന്നു.

സിസ്റ്റത്തിന് എതിരെയുള്ള കടുത്ത വിരൽചൂണ്ടലുകൾ ഉള്ളതുകൊണ്ടുതന്നെ ഏതൊരു സിനിമാക്കാരനും പലവട്ടം കൂട്ടിയും കിഴിച്ചും നോക്കാതെ ചാടിപ്പുറപ്പെടില്ല എന്ന് നിസ്സംശയം പറയാവുന്ന ഈ സിനിമയ്ക്ക് വേണ്ടി പക്ഷേ വിട്ടുവീഴ്ച്ചകൾ ഒന്നും നടത്താൻ പിന്നണിക്കാർ ഒരുങ്ങിയിട്ടില്ല എന്നത് വ്യക്തം. സിനിമയുടെ ഒരു നിർമ്മാതാവായിട്ട് പോലും നിവിൻ പോളി താരതമ്യേന ചെറിയ വേഷത്തിൽ ഓരം ചേർന്നതും സമ്പുഷ്ടമായ ലൊക്കേഷനുകളും സെറ്റുകളും പ്രോപ്പർട്ടികളുമെല്ലാം അതെടുത്ത് പറയുന്നുണ്ട്.

കോടതികൾ തെളിവുകളേയും രേഖകളേയും കടലാസുകളേയും മാത്രം ആശ്രയിച്ച് അഥവാ ആധാരമാക്കി മുന്നോട്ട് പോകുന്ന ഒരു സിസ്റ്റമാണ്. ‘പ്രതി നിന്നെ പരസ്യമായി ബലാത്സംഗം ചെയ്തോ‘ എന്ന് കോടതി ചോദിക്കുന്ന രംഗത്തിൽ നിയമവ്യവസ്ഥയുടെ ഭീതിജനകമായ ആ മുഖമാണ് വെളിപ്പെടുന്നത്. കോടതിക്ക് നീതി നടപ്പാക്കപ്പെടണം എന്നതിനപ്പുറം മനുഷ്യരുടെ ആകുലതകളും വ്യാകുലതകളുമൊന്നും ബാധകമല്ല എന്ന് സിനിമയെന്ന മാദ്ധ്യമത്തിലൂടെ വിളിച്ച് പറയണമെങ്കിൽ ധൈര്യം കുറച്ചൊന്നും പോര.

എം. മുകുന്ദൻ്റെ ചെറുകഥയെ ആസ്പദമാക്കിയാണ് മഹാവീര്യർ സാക്ഷാത്ക്കരിച്ചിരിക്കുന്നത്. അച്ചടിച്ച് വരുന്ന ഒരു കഥ ജനങ്ങളിലേക്ക് എത്തുന്നതിനേക്കാളൊക്കെ അനേകം മടങ്ങ് തീവ്രതയോടെ സിനിമയെത്തും എന്ന കാര്യത്തിൽ സംശയമൊന്നും ഇല്ലല്ലോ ? അവിടെയാണ് മേൽപ്പറഞ്ഞ ധൈര്യം വിസ്മയമാകുന്നത്.

രാജഭരണമായാലും ജനാധിപത്യമായാലും സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരവും തീർപ്പും ഉണ്ടാകുന്നില്ല എന്ന് അടിവരയിട്ട് പറയുന്നു മഹാവീര്യർ. ‘നീതി‘ നടപ്പാക്കുന്നതിൻ്റെ ഭാഗമായി ഒരു സ്ത്രീ, കോടതിയുടെ നിർദ്ദേശപ്രകാരം തന്നെ കോടതി മുറിയിൽ വിവസ്ത്രയാക്കപ്പെടുന്നത് ഏറെ അസ്വാസ്ഥ്യമുണ്ടാക്കുന്ന രംഗമാണ്. കോടതി പിരിയുമ്പോളേക്കും നിർഭാഗ്യവശാൽ പ്രതിയുടെ പ്രശ്നത്തിന് പരിഹാരമാകുകയും വാദിയായ സ്ത്രീ പരാതിക്ക് പരിഹാരം കിട്ടാതെ നഗ്നയായി കോടതിയിൽ തുടരുകയും ചെയ്യുന്നു.

എന്താണ് സ്വാതന്ത്ര്യം, എന്താണ് മൗലികാവകാശം എന്നിങ്ങനെ പല കാര്യങ്ങളേയും ഭരണകൂടത്തിൻ്റെ ഭാഷയിൽ വിശദമാക്കുന്നുണ്ട് സിനിമ. സിനിമയുടെ മേക്കിങ്ങ്, അല്ലെങ്കിൽ അതിൻ്റെ രീതികൾ എന്തുമാകട്ടെ, സിനിമ പറയുന്നത് ഏതൊരാൾക്കും സമകാലികമായ വിഷയങ്ങളുമായി കോർത്തിണക്കി ചിന്തിക്കാൻ പോന്ന കാര്യങ്ങളാണ്. മുപ്പത് വർഷം മുൻപ് എഴുതിയ കഥയ്ക്ക് ഇന്നും പ്രസക്തിയുണ്ടെങ്കിൽ, ഒരുപക്ഷേ അടുത്ത 30 വർഷങ്ങൾ കഴിഞ്ഞാലും പ്രസക്തി നഷ്ടപ്പെടാൻ സാദ്ധ്യതയില്ലാത്ത സിനിമയാണ് മഹാവീര്യർ.

പ്രേക്ഷകർ എപ്രകാരം അവരവർക്ക് കഴിയുന്ന രീതിയിൽ ചുറ്റും നടക്കുന്ന കാര്യങ്ങളെ സിനിമയിലെ സംഭവങ്ങളുമായി ബന്ധപ്പെടുത്തുന്നു എന്നയിടത്താണ് ഈ സിനിമയുടെ കൊമേർഷ്യൽ അല്ലെങ്കിൽ ബോക്സോഫീസ് വിജയം നിലകൊള്ളുന്നത്. ഒരുപക്ഷേ നിവിൻ പോളി, ആസിഫ് അലി, ലാൽ, സിദ്ധിക്ക്, ലാലു അലക്സ്, വിജയ് മേനോൻ എന്നീ താരനിരയിൽ നിന്ന് ഒരു സമ്പൂർണ്ണ തട്ടുതകർപ്പൻ എൻ്റർറ്റെയിന്മെൻ്റ് പ്രതീക്ഷിച്ച് വരുന്ന പ്രേക്ഷകരെ സിനിമ നിരാശപ്പെടുത്തിയേക്കാം.

ആദ്യപകുതി ഏതൊരാൾക്കും വ്യാഖ്യാനങ്ങളില്ലാതെ ആസ്വാദ്യകരമാകുമ്പോൾ രണ്ടാം പകുതിയിൽ, കുറച്ചെങ്കിലും പ്രേക്ഷകർക്ക് സിനിമ അന്യമായെന്ന് വരാം. പക്ഷേ, ആ പകുതിയാണ് ഒരുപാട് ചിന്തകൾ പ്രേക്ഷകർക്ക് മുന്നിലേക്ക് വെക്കുന്നത്, ചുറ്റും നടക്കുന്ന ഒരുപാട് അനീതികൾ പ്രേക്ഷകരെ ഓർമ്മപ്പെടുത്തുന്നത്. നീതി നടപ്പിലാക്കാനുള്ള വ്യഗ്രതയിൽ ഒരുപാട് പേർക്ക് നീതി നിഷേധിക്കുന്ന നടപ്പ് നീതിന്യായ സംവിധാനങ്ങൾക്ക് നേരെ വിരൽചൂണ്ടുന്നത്.