സിനിമ

സർദാർ ഉദ്ധം സിങ്ങ്


Sardar Udham Singh Official Trailer
ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചത് ആദ്യമായി കാണുന്നത് റിച്ചാർഡ് ആറ്റൺബറോയുടെ ഗാന്ധി സിനിമയിലാണ്. രണ്ടാമതായി കണ്ടത് ഇന്നലെ ആമസോണിൽ, ‘സർദാർ ഉദ്ധം സിങ്ങ് ‘ എന്ന പിരീഡ് സിനിമയിലാണ്.

കണ്ടു എന്ന് വെറുതെ പറഞ്ഞാൽ പോര. കണ്ട് ചങ്ക് വാടിപ്പോയി. ആ കൂട്ടക്കൊലയുടെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് അത്രയും നേരം കണ്ടിരുന്നപ്പോൾ സിനിമയായിട്ട് പോലും താങ്ങാൻ പറ്റുന്നില്ലെങ്കിൽ, യഥാർത്ഥത്തിൽ അത് സംഭവിച്ചപ്പോൾ അതിനിടയ്ക്ക് പെട്ട് പ്രാണനൊടുങ്ങാതെ അവശേഷിച്ചവരുടെ അവസ്ഥ നമുക്കൊന്നും ഊഹിക്കാൻ പോലും പറ്റുന്നതല്ല. വെടിവെപ്പ് കഴിഞ്ഞ് ജനറൽ ഡയറിൻ്റെ പട്ടാളം ഒഴിഞ്ഞ് പോയതിന് ശേഷം അതിനിടയിൽ രക്ഷാപ്രവർത്തനം നടത്തിയവരുടെ മാനസ്സികാവസ്ഥ അതിഭീകരം തന്നെ ആയിരുന്നിരിക്കണം. അവരുടെ മനക്കരുത്തിന് മുന്നിൽ നമസ്ക്കരിക്കുന്നു. അവർ നേടിത്തന്ന ഈ സ്വാതന്ത്യത്തിൻ്റെ വില ഇങ്ങനെ ചില രംഗങ്ങൾ കാണുമ്പോൾ അനേകമനേകം മടങ്ങായി ഉയരുന്നു.

അന്ന് ആ കൂട്ടക്കൊലയ്ക്ക് ശേഷം ആ മൃതദേഹങ്ങൾക്കും മുറിവേറ്റ് മൃതപായരായവർക്കും ഇടയിൽ രക്ഷാപ്രവർത്തനം നടത്തിയ ഒരു വ്യക്തിക്ക് ആ കൂട്ടക്കൊലയുടെ പ്രധാന കാരണക്കാരനായവനെ കൊന്നുകളയണമെന്ന് തോന്നിയിട്ടുണ്ടെങ്കിൽ ഒരു തെറ്റും പറയാനാവില്ല. സിനിമ പറയുന്നത് അക്കഥയാണ്. ഇംഗ്ലണ്ടിൽച്ചെന്ന് ജനറൽ ഡയർ എന്ന ക്രൂരനായ പട്ടാളമേധാവിയെ വെടിവെച്ച് കൊല്ലുന്ന ഉദ്ധം സിങ്ങിൻ്റെ കഥയാണ് സർദാർ ഉദ്ധം സിങ്ങ്.

സിനിമയെപ്പറ്റി അത്രയേ പറയാനുള്ളൂ. പറയാനുള്ളത് മുഴുവൻ ആ കൂട്ടക്കൊലയെപ്പറ്റി തന്നെയാണ്.

സ്വാതന്ത്ര്യ സമരകാലത്ത് നടന്ന ഏറ്റവും വലിയ കൊലപാതകം ജാലിയൻ വാലാബാഗ് തന്നെയാണ്. കൊല്ലപ്പെട്ടവരുടെ കണക്ക് തിരക്കിയാൽ കിട്ടുന്ന കണക്ക് മറ്റൊരു അനീതിയാണ്. 379ഉം 1500ഉം ഇടയ്ക്ക് ജനങ്ങൾ കൊല്ലപ്പെട്ടു. 1000ൽ ധികം പേർക്ക് പരിക്കേറ്റു. 379നും 1500നും ഇടയിൽ എന്നുള്ളത് ആ കൂട്ടക്കൊലയോളം നെറികെട്ട ഒരു കണക്കാണ്. ഉരുൾപൊട്ടി മണ്ണിനടിയിൽ ആകുകയോ വെള്ളത്തിൽ ഒലിച്ചുപോയി കാണാതാകുകയോ വിമാനാപകടത്തിൽ ചിന്നിച്ചിതറി പോകുകയോ ഒന്നുമല്ലല്ലോ ഉണ്ടായത്. ഇടുങ്ങിയ വഴി മാത്രമുള്ള ഒരു സമ്മേളന നഗരിയിൽ വെടിവെച്ച് വീഴ്ത്തപ്പെട്ടവർ അവിടെത്തന്ന കിടക്കുമ്പോൾ അവരുടെ എണ്ണമെടുക്കുക എന്നത് അത്ര വലിയ കാര്യമാണോ ? ചെയ്തുപോയ തെമ്മാടിത്തരം മറച്ചുപിടിക്കാനുള്ള വ്യഗ്രതയിൽ അല്ലെങ്കിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കുറച്ചുകാട്ടി ലോകജനതയ്ക്ക് മുന്നിൽ മാനം കാക്കാൻ വേണ്ടിയോ മറ്റോ ആകണം ഈയൊരു കണക്ക് രേഖപ്പെടുത്താൻ ബ്രിട്ടീഷുകാർക്ക് കഴിയുന്നില്ല അല്ലെങ്കിൽ തയ്യാറാകുന്നില്ല.. എന്തിനധികം പറയുന്നു. ഏറെക്കാലം കഴിഞ്ഞപ്പോൾ, ജാലിയൻ വാലാ കൂട്ടക്കൊലയുടെ പേരിൽ ഖേദം പ്രകടിപ്പിച്ചു എന്നല്ലാതെ മാപ്പ് പറയാനൊന്നും ബ്രിട്ടീഷുകാർ ഇന്നും തയ്യാറായിട്ടില്ല.

ആരും സർദാർ ഉദ്ദം സിങ്ങ് എന്ന സിനിമ കാണാതിരിക്കുകയാണ് നല്ലത്. ഒന്നാമത് ആ കൂട്ടക്കൊലയും അതേത്തുടർന്നുള്ള രക്ഷാപ്രവർത്തനവും താങ്ങാൻ അത്രയ്ക്ക് ബുദ്ധിമുട്ടാണ്. രണ്ടാമതായി, സിനിമയെപ്പറ്റി അഭിപ്രായം പറയുന്നതിനേക്കാൾ അധികം ആ അറും കൊലയെപ്പറ്റി പറയേണ്ടി വരും. 13 ഏപ്രിൽ 1919 ഞായർ എന്ന തീയറി പതിവിൽക്കവിഞ്ഞ് നിങ്ങളെ വേട്ടയാടാൻ തുടങ്ങും. അതുകൊണ്ട് ഈ സിനിമ ആരും കാണണ്ട.

വാൽക്കഷണം:- ഇതൊക്കെ ബ്രിട്ടീഷ് ഇന്ത്യയിലെ കാര്യമാണ്. സ്വതന്ത്ര ഇന്ത്യയിൽ, ശരാശരി ഇപ്പറഞ്ഞ എണ്ണത്തോളം വരുന്ന ജനങ്ങളെ കൊലയ്ക്ക് കൊടുത്ത ഒരു പ്രതിഷേധവും സമരവും കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് ഉണ്ടായിട്ടുണ്ട്. എന്നിട്ടിപ്പോൾ സമരമുഖത്ത് മരണമുണ്ടായതിനേപ്പറ്റി അറിയില്ലെന്നും അതിൻ്റെ കണക്കില്ലെന്നും ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിൽ വന്ന സർക്കാർ തന്നെ പറയുമ്പോൾ, ജാലിയൻ വാലാ ബാഗിനോട് ചേർന്നു നിൽക്കുന്ന നെറികേടായി മാത്രമേ അതിനെ കണക്കാക്കാനാവൂ.