സിനിമ

ഗോളം


33
സ്റ്റ് ഡേ സെക്കൻഡ് ഷോ ‘ഗോളം’ കണ്ടു. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

ഒരു കുറ്റന്വേഷണ കഥയാണിത്. മലയാള സിനിമ കത്തി നിൽക്കുന്ന ഈ സമയത്ത്, ഒരു കൊലപാതക അന്വേഷണ സിനിമ വരുമ്പോൾ, അതിൽ എന്തെങ്കിലും രസിപ്പിക്കാനും ത്രസിപ്പിക്കാനുമുള്ളത് ഇല്ലാതെ പടച്ചിറക്കാൻ പറ്റില്ലല്ലോ, എന്ന തോന്നൽ വന്നതുകൊണ്ടാണ് വേറൊരാളുടെ അഭിപ്രായതിന് പോലും പിടികൊടുക്കാതെ ഈ സിനിമ കാണാൻ തീരുമാനിച്ചത്.

സാധാരണ കൊലപാതക സിനിമാ കഥകൾക്ക് ഒരു കുഴപ്പമുണ്ട്. ആദ്യത്തെ പ്രദർശനം കഴിഞ്ഞ് ഇറങ്ങുന്നവർ, ടിക്കറ്റ് എടുക്കാൻ ക്യൂ നിൽക്കുന്നവർക്ക് മുന്നിൽ നിന്ന്, കൊലപാതകി ആരാണെന്ന്, വിളിച്ചു പറയും. അതോടെ സിനിമയുടെ രസച്ചരട് പൊട്ടും.

ഈ സിനിമയിൽ കൊലപാതകി ആരാണെന്ന് വിളിച്ച് പറയുക അത്ര എളുപ്പമല്ല. അഥവാ അത് വിളിച്ച് പറഞ്ഞാലും, സിനിമ തുടങ്ങുന്ന നിമിഷം മുതൽ, അത് കൂടുതൽ സങ്കീർണമായ ചിന്തകളിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകും. കൊലപാതകി എങ്ങനെ കൃത്യം ചെയ്തു എന്ന് സിനിമയിൽ കാണിക്കുന്നത് വരെ ഒരു സമാധാനവും കിട്ടില്ല. അത്തരത്തിൽ ഭദ്രമാക്കിയ ഒരു കഥയാണ് ‘ഗോളം’ പറയുന്നത്.

ഇത് ഒരു സമ്പൂർണ്ണ സിനിമാ നിരൂപണം അല്ല; ചെറിയ ഒരു ആസ്വാദനം മാത്രം. അതുകൊണ്ട് തന്നെ അഭിനയം, ക്യാമറ, പശ്ചാത്തല സംഗീതം എന്ന് തുടങ്ങി ഓരോന്നിനേയും കുറിച്ച് എടുത്തെടുത്ത് പറയാൻ മുതിരുന്നില്ല.

വലിയ താരങ്ങൾ ഇല്ലാത്ത സിനിമകൾക്ക് പലതിനും ഈയിടെ കാണികൾ ഇല്ലാതെ പോകുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാക്കാം. താരങ്ങൾ ഉണ്ടെങ്കിൽ ഏത് തട്ട് പൊളിപ്പൻ സിനിമയും ഹിറ്റാണ് താനും. ഇതിലും അത്ര വലിയ താരങ്ങളില്ല. സിദ്ദിഖ്, ദിലീഷ് പോത്തൻ, സണ്ണി വെയ്ൻ, അലൻസിയർ എന്നിവർ ഒഴിച്ചാൽപ്പിന്നെ എനിക്ക് പേരറിയുന്നതും നേരിട്ട് പരിചയമുള്ളതും പ്രിയയെ മാത്രം. സൂപ്പർ താരങ്ങൾ ഇല്ലാത്തതുകൊണ്ട് ഗോളത്തിന് കാണികളില്ലാതെ പോകരുത് എന്നതുകൊണ്ടാണ് ഇത്രയെങ്കിലും പറയണമെന്ന് തീരുമാനിച്ചത്.

ആ നിലയ്ക്ക്, സിനിമയുടെ ഒന്ന് രണ്ട് ചെറിയ കുറ്റങ്ങൾ കൂടെ പറഞ്ഞേക്കാം. കുത്തിയിരുന്ന് ഇഴ കീറിയാൽ എന്തെങ്കിലും സാങ്കേതിക പിഴവുകൾ കണ്ടുപിടിക്കാൻ പറ്റിയേക്കും. ചിത്രത്തിൽ കാണിക്കുന്ന പഞ്ചിങ്ങ് മെഷീനെ പറ്റിയാണ് അങ്ങനെയൊരു സംശയമുള്ളത്. സംശയം മാത്രം.

ഇത്രയധികം സാങ്കേതികമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു സിനിമയുടെ സംഭാഷണം എഴുതിയത് ആരായാലും ആ കക്ഷിയോട് പറയാനുള്ളത്… Datas എന്ന പദം തെറ്റാണ്. Datum എന്ന ഇംഗ്ലീഷ് പദത്തിന്റെ ബഹുവചനമാണ് Data. നിങ്ങളുടെ വക ഒരു S കൂടി ചേർത്ത് അതിന് ഡാറ്റാസ് ആക്കരുത്; എന്നിട്ട് അത് സിദ്ദിഖിനെ പോലുള്ള ഒരു മുതിർന്ന നടനെക്കൊണ്ട് പറയിപ്പിക്കരുത്.

നിലവിൽ ബഹുവചനമായ Media യെ വീണ്ടും ബഹുവചനമാക്കി മീഡിയാസ് (Medias) എന്ന് മാദ്ധ്യമപ്രവർത്തകർ വരെ തെറ്റിച്ച് പറയുന്ന കാലമാണിത്. (Medium – Singular. Media, Mediums – Plural) പക്ഷേ നിങ്ങൾക്ക് രണ്ട് കൂട്ടർക്കും Medias തെറ്റാണെന്ന് ബോദ്ധ്യപ്പെടാതെ, പൊതുജനത്തിനെ നേരിട്ട് തിരുത്തിയിട്ട് എന്തുകാര്യം?

വാൽക്കഷണം:- സിനിമ തുടങ്ങി 10 മിനിറ്റിനകം കൊലപാതകം നടക്കുന്നു. അവിടുന്നങ്ങോട്ട് അവസാനം വരെ പിരിമുറുക്കം തന്നുകൊണ്ടാണ് രംഗങ്ങൾ മുന്നോട്ട് പോകുന്നത്. അവസാനിക്കുന്നതാകട്ടെ രണ്ടാം ഭാഗത്തിനുള്ള സൂചനകൾ ബാക്കി വെച്ചുകൊണ്ടും. ഒന്നാം ഭാഗത്തിന് കാണികൾ ഉണ്ടായാൽ, രണ്ടാം ഭാഗത്തിന് തീർച്ചയായും സാദ്ധ്യതയുണ്ട്.