Great Indian Expedition

നെല്ലി മാൻഷൻ – നെല്ലിയാമ്പതി (KFDC Cottage #2)


11
ജൂലൈ 22ന് രാവിലെ ‘ചിറാപുഞ്ചി മഴയത്തെ നിലാവഞ്ചി തുഴച്ചിൽ’ അവസാനിപ്പിച്ച് താമരശ്ശേരി ചുരമിറങ്ങി. അടുത്ത ലക്ഷ്യം പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലുള്ള KFDC യുടെ നെല്ലി മാൻഷൻ ആണ്.

കുറേ ദൂരം ആറുവരി ദേശീയപാതയിലൂടെ സഞ്ചരിച്ച് രാമനാട്ട് കര വഴി നെന്മാറ കടന്ന്, പോത്തുണ്ടിയിൽ എത്തിയപ്പോൾ വൈകീട്ട് മൂന്നര മണി. 3 മണി കഴിഞ്ഞാൽ പോത്തുണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്ന് മുകളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. വൈകുന്നേരം ആകുന്നതോടെ മൃഗങ്ങൾ ഇറങ്ങുന്ന ചുരവും കാടും എന്നതാണ് കാരണം. പക്ഷേ മുകളിൽ ചെന്ന് അവിടെ ഏതെങ്കിലും റിസോർട്ടിൽ തങ്ങാനുള്ളവർ ആണെങ്കിൽ വീണ്ടും 5 മണി വരെ കടത്തിവിടും. ആ ഇളവിന്റെ ഔദാര്യത്തിൽ എനിക്ക് മുന്നിൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് തുറന്നു. മഴയും കോടയും മുകളിലേക്ക് കയറുന്നതോടെ കൂടിക്കൂടി വന്നു. വഴിയിൽ പലയിടത്തും മഴയ്ക്ക് വീണ മരങ്ങൾ മുറിച്ചുമാറ്റി ഇട്ടിട്ടുണ്ട്. ഇനിയും മരങ്ങൾ വീണേക്കാം; മൃഗങ്ങൾ വഴിമുടക്കിയെന്നും വരാം.

മല കയറിച്ചെന്നാൽ നൂറടി എന്ന സ്ഥലത്തേക്കാണ് എനിക്ക് ചെല്ലേണ്ടത്. അവിടെ KFDCയുടെ അസിസ്റ്റന്റ് മാനേജർ ജിതിൻ ഫോറസ്റ്റിന്റെ ജീപ്പുമായി കാത്തുനിൽക്കാം എന്നാണ് അറിയിച്ചിട്ടുള്ളത്. മുകളിൽ ചെന്നാൽ BSNL, Jio എന്നീ ടെലിഫോൺ നെറ്റ്വർക്കുകൾ മാത്രമാണ് ലഭിക്കുക. അതുകൊണ്ട് രാമനാട്ടുകര എത്തിയപ്പോൾത്തന്നെ ജിതിനും ഞാനുമായി കണ്ടുമുട്ടുന്ന സ്ഥലവും സമയവും പറഞ്ഞുറപ്പിച്ചിരുന്നു. പക്ഷേ കഷ്ടകാലത്തിന് വഴിതെറ്റി ഞാൻ ചെന്നെത്തിയത്, പുലയൻ പാറയിൽ. അവിടുന്ന് ഗൂഗിൾ മാപ്പ് ഇട്ട് നൂറടിയിലേക്ക് ചെല്ലണമെങ്കിലും വഴിതെറ്റിപ്പോയി എന്ന് ജിതിനെ അറിയിക്കണമെങ്കിലും നെറ്റ്‌വർക്ക് കവറേജ് വേണം. എൻ്റെ എയർടെൽ മൊബൈൽ സർവ്വീസ് മലമുകളിൽ ഇല്ലേയില്ല.

16

15

പുലയൻപാറ ജീപ്പ് സ്റ്റാൻഡിലെ ഒരു ഡ്രൈവർ സഹായിച്ചു. അയാളുടെ BSNL ഫോണിൽ നിന്ന് ജിതിനെ വിളിച്ച് വഴിതെറ്റിയ കാര്യം പറഞ്ഞു. അവിടന്ന് ഒരു ചെറുപ്പക്കാരനെ, വഴി കാണിക്കാനായി എനിക്കൊപ്പം ഭാഗിയിൽ കയറ്റി വിടുകയും ചെയ്തു ആ ജീപ്പ് ഡ്രൈവർ.

നൂറടിയിൽ ഒരു കെട്ടിടത്തിന്റെ ഓരത്ത് ഭാഗിയെ പാർക്ക് ചെയ്തശേഷം ജിതിനും ഫീൽഡ് ഓഫീസർ ശ്യാമേഷിനും ഒപ്പം ഫോറസ്റ്റിൻ്റെ 4×4 താറിൽ പകുതിപ്പാലം എന്ന 15 കിലോമീറ്റർ ദൂരെയുള്ള കാട്ടിലേക്ക് തിരിച്ചു. അതിൽ ആദ്യത്തെ 8 കിലോമീറ്ററോളം ടാറിട്ട റോഡാണ്. പിന്നങ്ങോട്ട് ഓഫ് റോഡും. അതുകൊണ്ടുതന്നെ സാധാരണ വാഹനങ്ങൾക്ക് ആ വഴിയുള്ള യാത്ര നിഷിദ്ധമാണ്. ഒന്നുകിൽ ഫോറസ്റ്റിൻ്റെ വാഹനത്തിൽ പോകണം. അല്ലെങ്കിൽ KFDCയുടെ ഒരു ഗൈഡിനൊപ്പം സന്ദർശകരുടെ 4×4 വാഹനങ്ങൾക്ക് പോകാം.

അവസാനത്തെ 100 മീറ്ററിൽ ഒരു ചെറിയ നീരൊഴുക്ക് മുറിച്ച് കടക്കുന്നുണ്ട് വാഹനം. 2018ലെ പ്രളയത്തിൽ ആ അരുവിക്ക് മുകളിലൂടെയുള്ള പാലം ഒലിച്ചുപോയി. അതുകൊണ്ടാണ് വാഹനം അരുവിയിലെ വെള്ളത്തിന് കുറുകെ ഓടിക്കേണ്ടി വരുന്നത്. അതിരമ്പിള്ളി വെള്ളച്ചാട്ടത്തിലേക്കാണ് ഈ നീരൊഴുക്ക് ചെന്നെത്തുന്നത്.

14

13

പകുതിപ്പാലത്തെ നെല്ലി മാൻഷൻ എന്ന കോട്ടേജിൽ എത്തുന്നതിന് തൊട്ടുമുൻപായി ഇടത്തേക്ക് പിരിഞ്ഞു പോകുന്ന കാട്ടുപാതയിലൂടെ സഞ്ചരിച്ചാൽ പറമ്പിക്കുളത്ത് എത്താം. അല്പം കഠിനമായ വഴിയാണ് അത്. ഫോറസ്റ്റുകാർ പോലും വളരെ അത്യാവശ്യമുണ്ടെങ്കിൽ ആണ് അതിലൂടെ കടന്നുപോകുന്നത്. സന്ദർശകരെ ആ വഴി പറഞ്ഞു വിടുന്ന പ്രശ്നമില്ല. ആനയും കടുവയും പുള്ളിപ്പുലിയും ഒക്കെയുള്ള വഴിയാണ്.

പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച്, കാടിന് നടുക്കുള്ള കോട്ടേജിലാണ് ചെന്നെത്തിയത്. അല്പം മാറി തോട്ടത്തിലെ തൊഴിലാളികൾ ഏഴ് പേർ താമസിക്കുന്ന ലയങ്ങൾ ഉണ്ട്. കൂടാതെ ഓഫീസർമാർക്കുള്ള കോട്ടേജുകളും അടുക്കളയും. തിരഞ്ഞെടുപ്പ് കാലത്ത് ഇതേ കോട്ടേജുകളിലെ ഒരു മുറിയാണ് പോളിംഗ് ബൂത്ത് ആയി മാറുന്നത്. 8 വോട്ടർമാർക്ക് വേണ്ടിയുള്ള ഒരു ബൂത്ത്!

12

രണ്ട് മുറികളും ഒരു ഭക്ഷണമുറിയും ചേർന്നതാണ് നെല്ലി മാൻഷൻ. ഓരോ മുറിയിലും 5 പേർക്ക് വീതം താമസിക്കാം. വാരാന്ത്യത്തിലും ഒഴിവ് ദിവസങ്ങളിലും രണ്ട് പേർക്ക് 5000 രൂപയാണ് നിരക്ക്. പിന്നെയുള്ള ഓരോരുത്തർക്കും ₹2000 വീതം കൂടുതൽ നൽകണം. ഓഫ് സീസണിലും പ്രവർത്തി ദിവസങ്ങളിലും ₹5000ന് പകരം ₹3500 രൂപയ്ക്ക് കിട്ടും. 4 ടെൻ്റുകൾ അടിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. https://kfdcecotourism.com എന്ന സൈറ്റ് വഴി ബുക്കിങ്ങ് നടത്താം. അല്ലെങ്കിൽ മാനേജർ ഹബീബ് വഴിയും 8289821502, 8289821010 ബുക്കിങ്ങ് സാധിക്കും.

ഏലവും കാപ്പിയും കുരുമുളകും ആണ് KFDCയുടെ ഇവിടത്തെ പ്രധാന കൃഷികൾ. റോബസ്റ്റ, അറബിക്ക എന്നിങ്ങനെ രണ്ടിനം കാപ്പികൾ ഉണ്ടെന്നത് എനിക്ക് പുതിയ അറിവായിരുന്നു. അറബിക്ക ഗ്രേഡ് കൂടിയ കാപ്പിയാണ്. ഏതൊരു സൂപ്പർമാർക്കറ്റിലും കടയിലും ഇനി ഞാൻ അന്വേഷിക്കുക അറബിക്ക കാപ്പിപ്പൊടി ഉണ്ടോ എന്നായിരിക്കും.

19

7 തൊഴിലാളികളെ വെച്ച് ചെയ്യാവുന്ന കൃഷിക്ക് പരിധിയുണ്ട്. അവരെ പ്രയോജനപ്പെടുത്തിക്കൊണ്ട് തന്നെയാണ് ടൂറിസവും നടപ്പിലാക്കുന്നത്. ഷീജ എന്ന തൊഴിലാളി സന്ദർശകർക്കുള്ള ഭക്ഷണം തയ്യാറാക്കുന്നു. ദേവേന്ദ്രൻ എന്ന തൊഴിലാളി ഗൈഡ് ആയും ജോലി ചെയ്യുന്നു. മാനേജർ, അസിസ്റ്റന്റ് മാനേജർ, ഫീൽഡ് ഓഫീസർ എന്നിവരും കൂടെ സഹകരിക്കുമ്പോൾ ടൂറിസവും കൃഷിയും ഒക്കെ ചേർന്ന് ലാഭകരമായ ഒരു കോർപ്പറേഷനായി KFDC മുന്നോട്ട് പോകുന്നു.

പ്രഭാത ഭക്ഷണത്തിന് മുൻപ് ഹബീബിനും ജിതിനുമൊപ്പം മഴയത്ത് തോട്ടത്തിലൂടെയുള്ള നടത്തം ഊർജ്ജദായകം ആയിരുന്നു. തൊഴിലാളികളുടെ ലയത്തെ ചുറ്റി ചെന്നാൽ പറമ്പിക്കുളത്തിന്റെ കാടുകൾ ആരംഭിക്കുന്ന താഴ്വരയുടെ മനോഹരമായ ഒരു ദൃശ്യം ഉണ്ട്. കോടയിൽ മുങ്ങി നിൽക്കുകയാണ് ആ പ്രദേശം മുഴുവൻ. മലമുഴക്കി വേഴാമ്പലുകളുടെ വലിയൊരു താവളം കൂടിയാണ് ഈ പ്രദേശം. കോട്ടേജുകളുടെ പരിസരത്തുള്ള പല കെട്ടിടങ്ങളിലും വേഴാമ്പലുകൾ ഉണ്ട്. പക്ഷേ മഴ കാരണം ഒന്നിനെ പോലും പുറത്തു കാണാനായില്ല.

19a

ഇത്രയും കെട്ടിടങ്ങൾക്കുള്ള വെള്ളം പൈപ്പ് വഴി മലമുകളിൽ നിന്നാണ് എത്തുന്നത്. തികച്ചും ഗുരുത്വാകർഷണ സംവിധാനം. മോട്ടോർ വേണ്ട, വൈദ്യുതി വേണ്ട. മൃഗങ്ങൾ പൈപ്പുകൾക്ക് കേടുപാടുകൾ വരുത്തുമ്പോൾ കാട്ടിൽ ചെന്ന് അത് ശരിയാക്കണം എന്ന പ്രശ്നം മാത്രമേ ഉള്ളൂ.

വേറൊരു പ്രശ്നം കൂടെയുണ്ട് ഇവിടെ. അട്ടകൾ!!! നിലത്ത് കാല് കുത്തിയാൽ അട്ട കടിക്കാതെ തിരികെ കയറാനാവില്ല. 25 അട്ടകളെങ്കിലും ഇന്നെന്നെ കടിച്ചിട്ടുണ്ട്. അതിന്റെ മൂന്നിരട്ടി അട്ടകളെയെങ്കിലും ഉപ്പ് തേച്ച് ഞാൻ കുടഞ്ഞെറിയുകയും ചെയ്തു. ഹബീബും ജിതിനും അട്ടകളെ കാര്യമാക്കുന്നതേയില്ല. ഞാൻ ചെയ്യുന്നതുപോലെ ഓരോ പത്തടിയിലും അട്ടകളെ നേരിടാൻ പോയാൽ അവരുടെ ജോലി നടക്കില്ല. ഇറങ്ങിത്തിരിച്ച ജോലി ചെയ്ത് തീർത്ത് വന്നതിനുശേഷമാണ് അവർ രണ്ടുപേരും അട്ടകളെ പറിച്ചെറിയുന്നത്.

ഇത്തരം സന്ദർഭങ്ങളിൽ ഞാനെന്നും ഹൈസ്കൂളിൽ എൻ്റെ ഫിസിക്സ് അദ്ധ്യാപകനായിരുന്ന സുകുമാരൻ സാറിനെ സ്മരിക്കും. ‘തലയിൽ കാക്ക തൂറുമ്പോൾ ആണ് നമ്മൾ പ്രകൃതിയോട് ചേർന്ന് നിൽക്കുന്നത് ‘ എന്നായിരുന്നു സുകുമാരൻ സാർ പഠിപ്പിച്ചത്. അക്കണക്കിന് വിലയിരുത്തിയാൽ, അട്ടയുടെ കടിയേൽക്കുമ്പോൾ നമ്മൾ പ്രകൃതിയെ കെട്ടിപ്പിടിച്ച് നിൽക്കുകയാണെന്ന് ഞാൻ വ്യാഖ്യാനിക്കും.

18

കാരപ്പാറ ആദിവാസി കോളനിയിലേക്കുള്ള തൂക്കുപാലവും KFDC യുടെ മീരഫ്ലോർ എന്ന തോട്ടവും സന്ദർശിച്ച ശേഷം നൂറടിയിൽ ചെന്ന് ഭാഗിയിൽ കയറി ഞാൻ ചുരമിറങ്ങാൻ ആരംഭിച്ചപ്പോൾ സമയം ഉച്ചക്ക് 1 മണി. 22 മണിക്കൂർ ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാതെ പ്രകൃതിയിൽ അലിഞ്ഞ് നിൽക്കുകയായിരുന്നു ഞാൻ. ഇന്റർനെറ്റിൽ നിന്നും ടെലിഫോണിൽ നിന്നും ഒഴിവായി നിൽക്കാനും ഓഫ് റോഡ് ഡ്രൈവ് ആസ്വദിക്കാനും കാടിന്റെ നടുവിൽ മഴ ആവോളം ആസ്വദിച്ച് കിടക്കാനും പറ്റിയ ഗംഭീര ഇടമാണ് നെല്ലി മാൻഷൻ. അൽപ്പമാത്രമായ സൗകര്യങ്ങളിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യരെയും തൊട്ടറിയാം ഇവിടെ.

മടക്കയാത്രയിൽ തൊട്ട് അടുത്ത് ഒരു കാട്ടുപോത്തിനെയും പന്നിക്കൂട്ടങ്ങളെയും കണ്ടതൊഴിച്ചാൽ മറ്റ് മൃഗങ്ങളെ കാണാനുള്ള ഭാഗ്യമുണ്ടായില്ല.

ചുരം ഇറങ്ങി നേരെ എറണാകുളത്തേക്ക്. ഇന്ന് രാത്രി തൃക്കാക്കരയിലെ വീട്ടിൽ ഉറങ്ങുന്നു. നാളെ എങ്ങോട്ടാണെന്ന് നാളെ പറയാം. ശുഭരാത്രി.

(തുടരും.)