
ഒന്ന് രണ്ട് വർഷം സുഹൃത്തുക്കൾക്കൊപ്പം ചില മഴ യാത്രകൾ നടത്തിയിട്ടുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ പക്ഷേ മഴക്കാലത്ത് പുറത്തിറങ്ങാൻ പേടിയാണ്. എന്നാലും എത്രനാൾ അടച്ചുപൂട്ടി ഇരിക്കും?
KFDC (Kerala Forest ഡെവലപ്പ്മെന്റ് Corporation) യുടെ കേരളത്തിലുള്ള കോട്ടേജുകളിലും മറ്റും താമസിച്ച് അതിനെ പരിചയപ്പെടുത്തുന്ന ഒരു പരമ്പര ചെയ്യാമോ എന്ന് കോർപ്പറേഷൻ ചെയർപേഴ്സൺ ശ്രീമതി ലതിക സുഭാഷ് Lathika Subhash ചോദിച്ചിട്ട് ഒരു വർഷത്തിലേറെ ആകുന്നു. മഴ രൗദ്രഭാവം കൈവിട്ടതിന് ശേഷം യാത്രയൊന്നും നടക്കാൻ പോകുന്നില്ല. കടുത്ത മഴയും കാടും ചേരുമ്പോൾ സംഗതി കൊഴുക്കും. എന്നാൽപ്പിന്നെ തുടങ്ങുക തന്നെ.
വടക്ക് വയനാട്ടിൽ നിന്ന് തുടങ്ങാമെന്ന് തീരുമാനിച്ചു. KFDCയ്ക്ക് മാനന്തവാടിയിലെ കമ്പമലയിൽ ഒരു എക്കോ കോട്ടേജ് ഉണ്ട്. ഭാഗിയുമായി വയനാട്ടിലേക്ക് തിരിക്കുമ്പോൾ സ്പീക്കറിലൂടെ ഒഴുകി വന്ന പാട്ട് സന്ദർഭത്തിന് ഏറ്റവും ഇണങ്ങുന്നത് തന്നെ ആയിരുന്നു. ചിറാപുഞ്ചി എന്ന സിനിമയിലെ ഗാനമാണത്.
“പോകേണ്ടേ
കൂട്ടിനൊരാളും
കൂടെയില്ലാതെ.
കാണേണ്ടേ
കാടുകൾ കരകൾ
നിലയ്ക്കാതെ.
പോകേണ്ടേ
കൂടൊരാളും
കാത്തുനിൽക്കാതെ
കേൾക്കേണ്ട
കിസ്സകൾ കഥകൾ
നിലയ്ക്കാതെ
ചിറാപുഞ്ചി മഴയത്ത്
നിലാവഞ്ചി തുഴഞ്ഞെത്ത്.”
ചിറാപ്പുഞ്ചിയേയും വെല്ലുന്ന മഴ പലപ്പോഴും താമരശ്ശേരി ചുരം കയറിച്ചെന്നെത്തുന്ന ലക്കിടിയിൽ പെയ്യാറുണ്ട്. ചുരത്തിലെ നാലാമത്തെ വളവ് മുതൽ കോട കാരണം വഴി കാണാൻ പോലും പറ്റുന്നില്ല. പ്രായപൂർത്തിയാകാത്ത മഴമേഘങ്ങൾ ചുരത്തിൽ ഇടിച്ചു നിന്ന് ചിണുങ്ങി പെയ്യുന്നതുകൊണ്ട് ആ ഭാഗത്ത് മഴ ഒഴിഞ്ഞ നേരമില്ല. വർഷങ്ങളായി വയനാട്ടിൽ വന്നുപോകുന്ന എനിക്ക് ഇത്രയും ഗംഭീര കാലാവസ്ഥ ഇതാദ്യമാണെന്ന് തോന്നുന്നത് മിഥ്യയോ യാഥാർത്ഥ്യമോ? യാഥാർത്ഥ്യം തന്നെ. ഇടതടവില്ലാത്ത മഴ വയനാടിനെ അത്രയ്ക്ക് മനോഹരിയാക്കി മാറ്റിയിരിക്കുന്നു.
മാനന്തവാടിയിലെ ഫോറസ്റ്റ് ഐ.ബി.യിൽ ചെന്ന് ലതിക ചേച്ചിയെ കണ്ട് അടുത്ത ദിവസത്തെ പരിപാടികൾ ചർച്ച ചെയ്തതിന് ശേഷം, ഐ. ബി. വരാന്തയിൽ ടെന്റടിച്ച് ചീവീടുകളുടെ സംഗീതം കേട്ട് മയങ്ങി. രാവേറെ ചെല്ലുന്നത് വരെ മഴയ്ക്ക് ശമനം ഉണ്ടായിട്ടില്ല.
കുറച്ച് നാളുകൾക്ക് മുൻപ്, കമ്പമലയിലെ KFDC റീജിയണൽ ഓഫീസ് കെട്ടിടം മാവോയിസ്റ്റുകൾ അടിച്ച് തകർത്തിട്ടുണ്ട്. അതോടെ അവിടെ ഉണ്ടായിരുന്ന ചെറിയ ഒരു എക്കോ കോട്ടേജിന്റെ പ്രവർത്തനവും നിലച്ചു. പുനർനിർമാണത്തിന് ശേഷം ഇന്ന് (21.07.2025) ആ കോട്ടേജുകൾ വീണ്ടും ഉദ്ഘാടനം ചെയ്യപ്പെട്ടു. മന്ത്രിമാരായ ശ്രീ.കേളുവും ശ്രീ. ശശീന്ദ്രനും പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങിൽ പക്ഷേ രണ്ടാൾക്കും എത്തിച്ചേരാൻ ആയില്ല.
KFDC ചെയർ പേർസൺ ശ്രീമതി ലതിക സുഭാഷ്, എം. ഡി. ശ്രീ. രാജു കെ. ഫ്രാൻസിസ് (IFS), മുൻ എം.ഡി.ജോർജ്ജ് പി.മാത്തച്ചൻ (IFS) എന്ന് തുടങ്ങി കോർപ്പറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥന്മാരും ജീവനക്കാരും തോട്ടം തൊഴിലാളികളുമെല്ലാം പങ്കെടുത്ത ചടങ്ങ് ഗംഭീരമായി തന്നെ അവസാനിച്ചു.
പരിപാടിയുടെ ഭാഗമായി കിട്ടിയ ഉച്ചഭക്ഷണവും കഴിച്ച് ഞാൻ മാനന്തവാടി നഗരത്തിലേക്ക് ഇറങ്ങി. സുഹൃത്തുക്കളായ ഹരിയേയും Hariprasad Parachalil ഷാജിയേയും അമ്പിളിയേയും ചിന്നമ്മ ടീച്ചറേയും Chinnamma Thomas കണ്ടതിന് ശേഷം ഇരുട്ട് വീഴുന്നതിനു മുൻപ് വീണ്ടും കമ്പമലയിലേക്ക്.
മാനന്തവാടിയിൽ നിന്ന് കൂത്തുപറമ്പ് റൂട്ടിൽ 15 കിലോമീറ്ററോളം ദൂരമുണ്ട് കമ്പമലയ്ക്ക്. അവസാനത്തെ നാല് കിലോമീറ്റർ ഗംഭീര വനത്തിലൂടെയാണ് യാത്ര. വൈകീട്ട് ആറുമണി സമയത്ത് തന്നെ കോട വന്ന് നിറഞ്ഞിരിക്കുന്നു പാതയിൽ പലയിടത്തും. ആന ഇറങ്ങുന്ന വഴിയാണെന്ന് ബോർഡുകൾ സൂചിപ്പിക്കുന്നു. എക്കോ കോട്ടേജിന്റെ താഴെ ഉള്ള വഴിയും ആനത്താരിയാണ്. അതുകൊണ്ട് തന്നെ ആ ഭാഗം മുഴുവൻ വൈദ്യുത വേലി കെട്ടിയിട്ടുണ്ട്. ചിലപ്പോഴൊക്കെ കടുവകളും ഈ ഭാഗത്ത് വരാറുണ്ടത്രേ!
KFDC റീജിയണൽ ഓഫീസുകൾ കടന്ന് വീണ്ടും ഒരു കിലോമീറ്ററോളം മലമുകളിലേക്ക് കയറിയാലാണ് എക്കോ കോട്ടേജുകളിൽ എത്തുക. അതൽപ്പം ഓഫ്റോഡ് ആണ്. കമേലയ എന്ന പേരിൽ രണ്ട് കോട്ടേജുകൾ ആണ് ഇവിടെ ഉള്ളത്. അതിനുപുറമേ ഒരു ഡൈനിങ് റൂമും അടുക്കളയും ഉണ്ട്.
മലമുകളിൽ എക്കോ കോട്ടേജ് ഇരിക്കുന്നത് 100 ഹെക്ടറോളം വരുന്ന തേയിലത്തോട്ടത്തിന് നടുവിലാണ്. ഗവിയിലേത് പോലെ ശ്രീലങ്കൻ തമിഴ് വംശജർ ധാരാളമായി ജോലി ചെയ്യുന്ന തേയിലത്തോട്ടമാണ് ഇത്. അവരുടെ ലയങ്ങളും തോട്ടത്തിനോട് ചേർന്നുണ്ട്.
രാത്രിയിൽ കമ്പമലയിലെ അന്തരീക്ഷം ഒന്ന് വേറെയാണ്. തണുത്ത കാറ്റും ചീവിടുകളുടേയും തവളകളുടേയും സംഗീതവുമൊക്കെ ചേർന്ന് മൊത്തത്തിൽ ഞാനുദ്ദേശിച്ചതിനേക്കാൾ ഗംഭീരമായിരിക്കുന്നു ഈ പദ്ധതിയിലെ ആദ്യ ദിവസം. കമേലിയ 2 എന്ന കോട്ടേജിലാണ് ഇന്ന് ഞാൻ അന്തിയുറങ്ങുന്നത്. സാമാന്യം വലിയ മുറിയും ബാത്റൂമും ആണ് രണ്ടു കോട്ടേജുകൾക്കും ഉള്ളത്.
ഇന്ന് രാത്രി ഏതെങ്കിലും വന്യമൃഗങ്ങൾ കോട്ടേജ് പരിസരത്ത് എത്തുക കൂടെ ചെയ്താൽ സംഭവം പൊടിപൊടിക്കും. ഇടയ്ക്കിടക്ക് ഞാൻ കാട്ടിലേക്ക് ടോർച്ച് അടിച്ച് നോക്കുന്നുണ്ട്. ഇതുവരെ അങ്ങനെയൊരു ഭാഗ്യം ഒത്ത് വന്നിട്ടില്ല. ഒരു കാര്യം സംശയലേശമെന്യേ പറയാം. മഴമേഘങ്ങൾ ഇത്ര അടുത്ത് വന്ന് പെയ്യുന്നത് മുൻപൊരിക്കലും മറ്റൊരിടത്തും ഞാൻ കണ്ടിട്ടില്ല.
നാളെ രാവിലെ ചുരമിറങ്ങി അടുത്ത KFDC കോട്ടേജിലേക്ക് നീങ്ങണം. അതെവിടെയാണെന്ന് നാളെ പറയാം. അത്തരത്തിൽ 8 KFDC കോട്ടേജുകളിലൂടെ കടന്ന് പോയി ഒരാഴ്ചയ്ക്കകം ഈ യാത്ര തിരുവനന്തപുരത്ത് അവസാനിക്കും. ശുഭരാത്രി.
(തുടരും)
————————
ബുക്കിങ്ങിന്:- കമ്പമലയിലെ കമേലിയ എക്കോ കോട്ടേജുകൾ ബുക്ക് ചെയ്യണമെന്നുള്ളവർ, ഡിവിഷൻ മാനേജർ ശ്രീ.സജീറുമായി 8289821600 എന്ന നമ്പറിൽ ബന്ധപ്പെടുക.




