പത്തുവര്‍ഷത്തിലധികമായി എണ്ണപ്പാടത്ത് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. അബുദാബിയിലാണ് ജോലി ചെയ്യുന്ന കമ്പനിയുടെ ആസ്ഥാനമെങ്കിലും യു.എ.ഇ.യിലും, ഖത്തര്‍, യമന്‍, ഇറാന്‍, ഇന്ത്യ തുടങ്ങി മറ്റ് പല രാജ്യങ്ങളിലെ, കരയിലും കടലിലേയുമൊക്കെയുള്ള എണ്ണപ്പാടങ്ങളില്‍ ജോലി ചെയ്യേണ്ടതായി വന്നിട്ടുണ്ട്.
എണ്ണപ്പാടത്ത് ജോലിക്ക് പോകുന്നതിന് മുന്‍പ് ഞങ്ങളെപ്പോലുള്ളവര്‍ ചെയ്തിരിക്കേണ്ടതായ പലതരം പരിശീലനങ്ങളുണ്ട്. അതൊക്കെ ചെയ്ത് കഴിഞ്ഞാല്‍ സെക്യൂരിറ്റി പാസ്സ് എന്ന പേരിലുള്ള ഐഡന്റിറ്റി കാര്‍ഡ് തയ്യാറാക്കേണ്ടതും ആവശ്യമാണ്. ഏത് രാജ്യത്തായാലും ഇപ്പറഞ്ഞ സെക്യൂരിറ്റി പാസ്സ് കൈവശമില്ലാതെ എണ്ണപ്പാടത്തേക്കുള്ള യാത്ര അസാദ്ധ്യമാണ്. 3 മാസം മുതല്‍ 6 മാസം വരേയോ ഒരു കൊല്ലം വരേയോ കാലാവധിയുള്ളതായിരിക്കും ഈ സെക്യൂരിറ്റി പാസ്സുകള്‍.
പാസ്സ്പോര്‍ട്ട് കോപ്പിയും, സര്‍ട്ടിഫിക്കറ്റുകളും, അപേക്ഷാ ഫോമുമൊക്കെ കൊടുത്തുകഴിഞ്ഞാല്‍ 2 ദിവസം മുതല്‍ 5 ദിവസത്തിനകം സെക്യൂരിറ്റി പാസ്സ് ഉണ്ടാക്കിക്കിട്ടാറുണ്ട് മിക്ക വിദേശരാജ്യങ്ങളിലും.
ഇന്ത്യയില്‍ ഞങ്ങളുടെ 2 പ്രധാന ക്ലൈന്റ്സ് ആണ് O.N.G.C.യും British Gas ഉം. ഈ കമ്പനികളുടെ ‘മുംബൈ ഹൈ‘ എന്ന ഓഫ്‌ഷോറിലുള്ള എണ്ണപ്പാടങ്ങളിലാണ് ഞങ്ങള്‍ക്ക് ജോലികള്‍ അധികവുമുള്ളത്. ഈ ഫീല്‍ഡുകളില്‍ പോകണമെങ്കിലും സെക്യൂരിറ്റി പാസ്സുകള്‍ അത്യാവശ്യമാണ്. ഇന്ത്യാക്കാരനാണെന്നുള്ള ഇളവൊന്നും അവിടെയില്ല എന്നുമാത്രമല്ല, ഇന്ത്യയില്‍ സെക്യൂരിറ്റി പാസ്സുണ്ടാക്കാന്‍ മറ്റ് രാജ്യങ്ങളില്‍ കൊടുക്കുന്ന രേഖകളും സര്‍ട്ടിഫിക്കറ്റുകളും മാത്രം പോര.
ഓരോ ജീവനക്കാരുടേയും നാട്ടിലെ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി.) കൂടെ സമര്‍പ്പിക്കാതെ ഇന്ത്യാമഹാരാജ്യത്ത് സെക്യൂരിറ്റി പാസ്സ് ഉണ്ടാക്കി കിട്ടുന്ന പ്രശ്നമുദിക്കുന്നില്ല. പാസ്സ് ഉണ്ടാക്കാനും പുതുക്കാനുമൊക്കെ ഒരുമാസത്തിലധികം പഴക്കമില്ലാത്ത പി.സി.സി. കൈയ്യിലുണ്ടായിരിക്കണം. നമ്മുള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളോ മറ്റോ ലോക്കല്‍ പൊലീസ് സ്റ്റേഷന്‍ റിക്കാര്‍ഡുകളില്‍ ഇല്ല എന്നതായിരിക്കണം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ ഉള്ളടക്കം. ക്രിമിനലായ ഒരുത്തന് എണ്ണപ്പാടത്ത് (ഫീല്‍ഡില്‍)ജോലി ചെയ്യാന്‍ സാധിക്കുകയില്ലെന്ന് സാരം.
പലപ്രാവശ്യം പി.സി.സി. എന്ന കടമ്പ മറികടക്കാന്‍ ലോക്കല്‍ പൊലീസ് സ്റ്റേഷന്റെ വരാന്ത നിരങ്ങേണ്ടതായി വന്നിട്ടുണ്ട്. ലോക്കല്‍ പൊലീസ് സ്റ്റേഷനെന്ന് പറയുമ്പോള്‍ എന്റെ നാടിനെപ്പറ്റി ഒന്ന് സൂചിപ്പിക്കേണ്ടി വരും.
കുറച്ച് കാലമായി ഒന്നുരണ്ട് പ്രമാദമായ കൊലക്കേസുകളുടെ പേരിലും, ഒന്നുരണ്ട് ബോംബേറിന്റെ പേരിലും, ഗുണ്ടാവിളയാട്ടത്തിന്റെ പേരിലുമൊക്കെ അല്‍പ്പസ്വല്‍പ്പം ചീത്തപ്പേര് സമ്പാദിക്കാന്‍ മുനമ്പം എന്ന എന്റെ നാടിനായിട്ടുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായതായി എന്റെ അറിവിലില്ല.
അന്യന്റെ മുതലിനോടുള്ള ആര്‍ത്തി, അന്യന്റെ കാശിന് മാത്രം കള്ള് കുടിക്കുന്ന ശീലം, കള്ളുകുടി മാത്രം കൊണ്ടുനടക്കുന്ന ശീലം, അല്‍പ്പസ്വല്‍പ്പം അതിര്‍ത്തിത്തര്‍ക്കം, ആവശ്യത്തില്‍ക്കൂടുതല്‍ രാഷ്ടീയം, ഇതൊക്കെ കേരളത്തില്‍ എവിടെയാണില്ലാത്തത് ? അതൊക്കെ നല്ലവണ്ണം മുനമ്പത്തുമുണ്ട്.
ഈയടുത്ത് ഒരു സുഹൃത്തിനേയും അദ്ദേഹത്തിന്റെ മറ്റ് ചില സുഹൃത്തുക്കളേയും വീട്ടിലേക്ക് ക്ഷണിച്ചപ്പോള്‍, “അയ്യോ മുനമ്പത്തേക്കോ ? അലമ്പ് സ്ഥലമാണ് കേട്ടോ അങ്ങോട്ടൊന്നും ഞാനില്ല” എന്ന് ഒരു സുഹൃത്ത് പ്രതികരിച്ചപ്പോള്‍ അല്‍പ്പം വിഷമം തോന്നാതിരുന്നില്ല.
അപ്പോള്‍ പറഞ്ഞുവന്നത്….. പി.സി.സി. വാങ്ങാന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നത് അല്ലേ ?
അബുദാബിയില്‍ നിന്ന് മുംബൈയില്‍ ജോലിസംബന്ധമായി എത്തിയപ്പോഴാണ് സെക്യൂരിറ്റി പാസിന്റെ ഡേറ്റ് തീര്‍ന്നിരിക്കുന്ന വിവരം അറിഞ്ഞത്. ഉടനെ നാട്ടിലേക്ക് തിരിച്ചു. പാസ്സുണ്ടാക്കാന്‍ പോകുന്ന കൂട്ടത്തില്‍ ഒന്നുരണ്ടുദിവസം ഔദ്യോഗികമായിത്തന്നെ വീട്ടില്‍ നില്‍ക്കാം എന്നുള്ളത് ഒരു സന്തോഷമുള്ള കാര്യം തന്നെയാണ്.
രാവിലെ കുളിച്ച് കുട്ടപ്പനായി(ഓ, അതിനിനി ഇപ്പോ കുളിക്കണമെന്നൊന്നുമില്ല) ഷേവ് ചെയ്ത് മുഖത്തൊരു പഞ്ചപാവത്തിന്റെ ലുക്ക് ഫിറ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലെത്തി. വെളിയില്‍ കണ്ട കോണ്‍സ്റ്റബിള്‍ എമ്മാനോട് കാര്യം അവതരിപ്പിച്ചു. അങ്ങേരോട് പറഞ്ഞാലൊന്നും കാര്യം നടക്കില്ല എന്നറിയാത്തതുകൊണ്ടല്ല.
ഒരുത്തന്‍ വന്ന് മുന്നില്‍ ചാടിയാല്‍, “ങാ..എന്താ ?” എന്നൊരു ചോദ്യം ഏത് പൊലീസുകാരനും ചോദിക്കുമല്ലോ ?
“ ഓ അത് സാറ് അറിയാനുള്ളതല്ല. ഞാന്‍ എസ്.ഐ. സാറിനോട് പറഞ്ഞോളാം” എന്നെങ്ങാനും അബദ്ധത്തിന് ഉരിയാടിപ്പോയാലുള്ള കാര്യം അറിയാമല്ലോ ? അതുകൊണ്ട് ചോദിക്കുന്നവരോടൊക്കെ വന്ന കാര്യം പറഞ്ഞേ പറ്റൂ. ചോദിക്കുന്നത് ചിലപ്പോള്‍ വല്ല മഫ്ടി പൊലീസ് ആകാം, അല്ലെങ്കില്‍ പരോളില്‍ ഇറങ്ങി ലോക്കല്‍ സ്റ്റേഷനില്‍ ദിവസവും ഒപ്പിടാന്‍ വന്നിരിക്കുന്ന വല്ല കൊലക്കേസ് പ്രതിയാകാം. അതൊന്നും കണ്ടുപിടിക്കേണ്ട കാര്യം എനിക്കില്ല. ആരു ചോദിച്ചാലും എണ്ണകുഴിച്ചെടുക്കുന്നത് എങ്ങിനാണെന്ന് വാതോരാതെ സംസാരിക്കുക. എണ്ണപ്പാടത്തൊഴിലാളിയാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തുക. അങ്ങോട്ട് പോകാനുള്ള ഇണ്ടാസ് എളുപ്പം എഴുതിത്തരണമെന്ന് അപേക്ഷിക്കുക. പച്ചരി വാങ്ങണമെങ്കില്‍ ഇതൊക്കെ ചെയ്തേ പറ്റൂ.
എസ്. ഐ. എമ്മാന്‍ പുതിയ ആളാണ്. സ്റ്റേഷനില്‍ വരാനാകുന്നതേയുള്ളൂ. കഴിഞ്ഞകൊല്ലം ഉണ്ടായിരുന്ന എസ്.ഐ. സാറായിരുന്നെങ്കില്‍ പഴയ മുഖപരിചയവും അതിനുശേഷം കേസിലൊന്നും പെടാത്തതിന്റെ മുഖപരിചയക്കുറവുമൊക്കെ വെച്ച് പെട്ടെന്ന് കടലാസ് ഉണ്ടാക്കാം എന്നുള്ള വ്യാമോഹം അവസാനിച്ചു.
ഒരു മണിക്കൂര്‍ കൂടെ കഴിഞ്ഞപ്പോള്‍ മറ്റൊരു കോണ്‍സ്റ്റബിളിന്റെ ബൈക്കിന് പുറകിലിരുന്ന് എമ്മാനെത്തി. നാലഞ്ച് പേര് എനിക്ക് മുന്നേ വന്നവര്‍ വിനീതവിധേയരായി ക്യൂ നിന്ന് അദ്ദേഹത്തിന്റെ മുറിയിലേക്ക് കടന്ന് പരാതിയൊക്കെ തീര്‍ത്ത് ഇറങ്ങുന്നതുവരെ കാത്തുനിന്നു.
അടുത്തത് എന്റെ ഊഴം. അകത്തുകടന്നപ്പോള്‍, കണ്ടിട്ടൊരു പ്രതിയുടെ ലുക്ക് ഇല്ലാത്തതുകൊണ്ടായിരിക്കും ഇരിക്കാന്‍ പറഞ്ഞു. ഇരുന്നു, കാര്യം അവതരിപ്പിച്ചു.
അപേക്ഷ എഴുതിക്കൊടുക്കാന്‍ പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിച്ചു. എസ്.ഐ. സാര്‍ അപേക്ഷ മനസ്സിരുത്തി വായിച്ചു. എന്നിട്ടൊന്ന് തലപൊക്കി വീണ്ടും എന്നെ ഉഴിഞ്ഞൊന്ന് നോക്കി.
എന്തൊരു നോട്ടമാ എന്റെ ഈശ്വരാ ?
പണ്ട് കസ്‌ബാ സ്റ്റേഷന് മുന്നിലൂടെ ലൈറ്റില്ലാത്ത സൈക്കിള്‍ ചവിട്ടിയ മഹാ അപരാധത്തിന് പൊലീസ് പിടിച്ചതും, കോളേജ് പഠനകാലത്ത് കോളേജിനോടുള്ള സര്‍ക്കാറിന്റെ അവഗണനയ്ക്കെതിരെയുള്ള സമരമുറകളുടെ ഭാഗമായി കണ്ണൂര്‍ ഡിസ്ട്രിക്‍ട് കളക്‍ടറുടെ ചേമ്പറില്‍ ഒരുപറ്റം സഹപാഠി-പാഠിനികളുമായി അതിക്രമിച്ച് കടന്നതിന് പൊലീസ് പിടിച്ച് കളക്‍ടറേറ്റിന്റെ കോണിപ്പടി വഴി വലിച്ചിഴച്ച് കൊണ്ടുപോയി, ചുരുട്ടിക്കൂട്ടി വൈകുന്നേരം വരെ സ്റ്റേഷനില്‍ ഇരുത്തിയതുമടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ഏമ്മാന്റെ എക്സറേ നോട്ടത്തിലൂടെ വെളിയിലാകുമെന്ന് തോന്നിപ്പോയി. അമ്മാതിരിയായിരുന്നു നോട്ടം.
അഴിഞ്ഞുവീണുപോയ പഞ്ചപാവത്തിന്റെ ലുക്ക് വീണ്ടുമെടുത്ത് മുഖത്ത് ഫിറ്റ് ചെയ്തു.
“മുനമ്പത്തെവിടെയാ വീട് ?” എസ്.ഐ.സാര്‍ മുരടനക്കി.
“ഐ.ആര്‍.വളവില്‍ നിന്ന് വളയാതെ ഉള്ളിലേക്ക് പോകണം”
“അതുശരി ഐ.ആര്‍.വളവിലാണല്ലേ ?“
സൈഡ് ടേബിളില്‍ ഇരുന്നിരുന്ന കുറച്ച് ഫയലുകള്‍ എടുത്ത് മുന്നിലെ മേശപ്പുറത്ത് വെക്കുന്നു ഏമ്മാന്‍.
“ദാ ഇതൊക്കെ ഐ.ആര്‍.വളവുകാരുടേതാ. 14 എണ്ണം ഉണ്ട് ”
“അതില്‍ ഞാനുണ്ടോ സാര്‍ ? “ റിസ്കെടുത്തിട്ടാണെങ്കിലും ചോദിക്കാതിരിക്കാനായില്ല.
“വീട്ടുപേരെന്താ ?” വീണ്ടും ചോദ്യം ഏമാന്റെ വക.
“പോണത്ത് ”
ഫയലുകള്‍ക്കിടയില്‍ പരതി അതില്‍ നിന്ന് ചില ഫയലുകള്‍ എന്റെ മുന്നിലേക്ക് വെക്കുന്നു ഏമ്മാന്‍.
“ദാ, ഈ 4 ഫയലുകള്‍ പോണത്ത് എന്ന് വീട്ടുപേരുള്ളവരുടേതാ. ഈ അവസ്ഥയില്‍ തനിക്ക് ഞാനെങ്ങിനെ കണ്ണുമടച്ച് ക്ലിയറന്‍സ് തരും ? എനിക്കന്വേഷിക്കണം. കഴിഞ്ഞ 15 കൊല്ലത്തെ ഹിസ്റ്ററി തപ്പിയെടുക്കണം. എന്നിട്ടേ എന്തെങ്കിലുമൊരു കടലാസില്‍ ഞാന്‍ ഒപ്പിടൂ .“
“അയ്യോ സാര്‍, പോണത്ത് എന്ന പേരില്‍ പല കുടുംബങ്ങളുണ്ട്. ഞാനാ കുടുംബത്തിലൊന്നും പെടില്ല. എന്നിരുന്നാലും സാറ് വിശദമായി അന്വേഷിച്ചിട്ട് കടലാസ് തന്നാല്‍ മതി. വഴിവിട്ട് ഒന്നും ചെയ്യണ്ട.”
15 കൊല്ലത്തെ ഹിസ്റ്ററി തപ്പിയെടുത്ത് പഠിക്കുന്നതുവരെ എനിക്ക് ഔദ്യോഗികമായിത്തന്നെ വീട്ടില്‍ നില്‍ക്കാമല്ലോ എന്ന ദുഷ്‌ച്ചിന്തയോടെയാണ് അത് പറഞ്ഞതെങ്കിലും, പി.സി.സി. കിട്ടിയില്ലെങ്കില്‍ എന്നെന്നേയ്ക്കുമായി പണിയൊന്നുമില്ലാതെ വീട്ടില്‍ നിക്കേണ്ടിവരുമെന്ന ശരിയായുള്ള ചിന്തയ്ക്ക് ദുഷ്‌ച്ചിന്ത വഴിമാറി.
“ഒരു പണി ചെയ്യൂ. മുനമ്പത്തുള്ള ഒരുരണ്ടുപേരുടെ അഡ്രസ്സ്, ഫോണ്‍നമ്പര്‍ എന്നിവയൊക്കെ കൂടെ ഇതില്‍ എഴുതിച്ചേര്‍ക്കൂ. ഞാന്‍ പലവഴിക്കും അന്വേഷിച്ചെന്ന് വരും.”
ജനിച്ചിട്ടിതുവരെ മടിയില്‍ മൂത്രമൊഴിക്കുകയോ, മുഖം കറുപ്പിച്ച് കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ള ഒന്നുരണ്ടുപേരുടെ ഫോണ്‍ നമ്പറും അഡ്രസ്സുമൊക്കെ വീട്ടിലേക്ക് വിളിച്ച് സംഘടിപ്പിച്ച് അപേക്ഷക്കടലാസില്‍ എഴുതിച്ചേര്‍ത്തു.
“എപ്പോഴത്തേക്കാണ് പി.സി.സി. വേണ്ടത് “ വീണ്ടും ഏമ്മാന്‍.
“ഇപ്പോള്‍ കിട്ടിയാല്‍ ഇപ്പോള്‍ സാര്‍, എന്നുകിട്ടുന്നോ അന്ന് സാര്‍. അതുവരെ എനിക്ക് പണിയെടുക്കാന്‍ പറ്റില്ല സാര്‍. ഈയൊരു കടലാസിന് വേണ്ടി മാത്രം വിമാനമാര്‍ഗ്ഗം മുംബൈയില്‍ നിന്ന് കൊച്ചിയില്‍ വന്ന്, വീട്ടിലിരിക്കുകയാണ് ഞാന്‍ സാര്‍” ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ സാര്‍ സാര്‍ എന്ന് ചേര്‍ത്ത് ഞാന്‍ പറഞ്ഞൊപ്പിച്ചു. വിനയം കുറഞ്ഞുപോയതുകൊണ്ട് സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പോകരുതല്ലോ ?
“എങ്കില്‍ ശരി ഞാന്‍ അന്വേഷിക്കട്ടെ. പോയിട്ട് രണ്ട് ദിവസം കഴിഞ്ഞ് വാ”
“ശരി സാര്‍, താങ്ക് യൂ സാര്‍”
രണ്ട് ദിവസത്തേക്ക് കറങ്ങാന്‍ പറ്റിയ കാണാത്ത വല്ല സ്ഥലങ്ങളും അടുത്തെങ്ങാനുമുണ്ടോന്ന് ആലോചിച്ചുകൊണ്ട് ഞാന്‍ സ്റ്റേഷന്റെ പടികളിറങ്ങി.
വല്ല്യ തെറ്റൊന്നും പറയരുതല്ലോ ? ഒരു കോണ്‍സ്റ്റബിള്‍ അന്നുതന്നെ വീടുവരെ വന്നു നോക്കിപ്പോയി, രണ്ടാം ദിവസം പി.സി.സി. എഴുതി കൈയ്യില്‍ത്തരുകയും ചെയ്തു. അതുകൊണ്ട് കാര്യമൊന്നുമില്ല. ഈ ചടങ്ങ് എല്ലാക്കൊല്ലവും തുടര്‍ന്നുകൊണ്ടേയിരിക്കും.
ഇനി ശരിക്കുമുള്ള വിഷയത്തിലേക്ക് കടക്കാം. എന്നെപ്പോലെ എത്രയോ പേര് ഇതുപോലെ പൊലീസ് സ്റ്റേഷന്റെ തിണ്ണ നിരങ്ങുന്നു. അതൊക്കെ ഇവിടെ പറയേണ്ട കാര്യമെന്തിരിക്കുന്നു ?
കാര്യമുണ്ട്, പറയാതെ വയ്യ.
പാര്‍ലിമെന്റ് ഇലക്ഷന്റെ വോട്ടിങ്ങൊക്കെ കഴിഞ്ഞ്, അരാണ് നമ്മെ ഭരിക്കാന്‍ പോകുന്നതെന്നുള്ള വിധിവരുന്നതും കാത്ത് അക്ഷമരായി ഇരിക്കുകയാണല്ലോ നമ്മള്‍ പ്രബുദ്ധരും, സമ്പൂര്‍ണ്ണ സാക്ഷരരുമായ ജനങ്ങള്‍ ?
കഴിഞ്ഞ ലോകസഭയിലെ 25% അംഗങ്ങളും (18 പാര്‍ട്ടികളില്‍ നിന്നായി 137 പേര്‍) ക്രിമിനലുകളായിരുന്നുവെന്ന് പഠനറിപ്പോര്‍ട്ട്. എന്ന് ഈ ഇലക്ഷന്‍ തിരക്കിനിടയില്‍ എവിടെയോ വായിച്ചതായി ഓര്‍മ്മവന്നു.
ഈ ഇലക്ഷനല്ലെങ്കില്‍, മറ്റൊരിലക്ഷന് ജയിലില്‍ നിന്ന് വോട്ടുചെയ്യാനും, മണ്ഡലം ചുറ്റിക്കറങ്ങാനും വരെ വന്ന നേതാക്കന്മാരുണ്ട് വടക്കേ ഇന്ത്യയിലൊക്കെ. നമ്മുടെ കേരളത്തിലും അധികം താമസിയാതെ ഉണ്ടായെന്ന് വരും അത്തരമൊരു അവസ്ഥാവിശേഷം.
ജീവിക്കാനുള്ള പെടാപ്പാടിന്റെ ഭാഗമായി മറുനാട്ടിലൊക്കെപ്പോയി ജോലി ചെയ്ത് നടക്കുന്ന, പെറ്റിക്കേസുകളില്‍പ്പോലും ചെന്നുപെടാത്ത(എന്റെ കാര്യം വിട്) ഒരു സാധാരണ ഇന്ത്യന്‍ പൌരന്റെ കാര്യം വരുമ്പോള്‍ നിയമം കടുകട്ടി. 15 വര്‍ഷത്തെ നല്ലനടപ്പെങ്കിലുമില്ലാതെ മാന്യമായി ജോലി ചെയ്ത് കുടുംബം നയിക്കാന്‍ പറ്റാത്ത അവസ്ഥ. അങ്ങനുള്ള അയ്യോപാവങ്ങളെ ഭരിക്കാന്‍, നല്ല എണ്ണം പറഞ്ഞ ക്രിമിനലുകളായാലും കുഴപ്പമൊന്നുമില്ല.അവര്‍ക്ക് ഇലക്ഷനില്‍ മത്സരിക്കാനും 125 കോടി ജനങ്ങളെ ഭരണചക്രത്തിലിട്ട് വട്ടം കറക്കാനുമൊക്കെ ഒരു ലോക്കല്‍ പൊലീസിന്റേയും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അതെവിടുത്തെ ന്യായം ?
വിരോധാഭാസമെന്ന് പറയണോ ?
തലവിധിയെന്ന് പറയണോ ?
ചിരിക്കണോ ?
കരയണോ ?
എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഞാന്‍.