പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സെപ്റ്റംബര്‍ 6. പതിവുപോലെ രാവിലെ 9 മണിക്ക്, ബോംബെയില്‍ വിലെ-പാര്‍ലെ ഈസ്റ്റിലുള്ള എല്‍ബി കുറിയേഴ്‌സിന്റെ ഹെഡ്ഡാപ്പീസില്‍(ഞാനവിടെ അന്ന് റെസിഡന്റ് എഞ്ചിനീയര്‍) ചെന്ന്, ഫോണെടുത്ത് ഗോവാക്കാരനായ ബോസ്സ് ദത്താറാം കൊസംമ്പയെ വിളിച്ചപ്പോള്‍, അദ്ദേഹത്തിന്റെ വക രസികന്‍ ഒരു ചോദ്യം.
“ന്യൂ ഇയറൊക്കെ ആയിട്ട് നീയിന്നെന്തിന് ജോലിക്ക് വന്നു ? ”
ഞാനാദ്യമൊന്ന് പകച്ചുപോയി. ന്യൂയര്‍ എന്നുപറഞ്ഞാന്‍ ജനുവരി ഒന്നല്ലേ ? അതെന്നാണ് സെപ്റ്റംബര്‍ മാസത്തിലേക്ക് മാറ്റിയത് ?!! ഞാന്‍ വെടികൊണ്ടതുപോലെ നില്‍ക്കുകയാണെന്ന് മനസ്സിലായിട്ടായിരിക്കണം, പൊട്ടിച്ചിരിച്ചുകൊണ്ട് ദത്താറാമിന്റെ ശബ്ദം വീണ്ടും.
“മനോജ്, ഇന്ന് ഓണമല്ലേ ? നിങ്ങള്‍ മലയാളികളുടെ ന്യൂ ഇയര്‍. അതുകൊണ്ട് ഒരു മലയാളിയായ നിനക്ക് ഇന്ന് എന്റെ വക അവധി. വേഗം വീട്ടില്‍ പോയ്ക്കോളൂ ”
ഓണമാണ് മലയാളിയുടെ ന്യൂ ഇയര്‍ എന്ന് ആരാണ് ഇയാളോട് പറഞ്ഞുകൊടുത്തത് ? നമ്മുടെ പുതുവര്‍ഷം വിഷുവല്ലേ ? അതോ ചക്രാന്തിയോ ? എനിക്കാകെ കണ്‍ഫ്യൂഷനായി. അങ്ങിനെയാണെങ്കില്‍ത്തന്നെ കഴിഞ്ഞ ഓണത്തിന് അവധിയൊന്നും തന്നില്ലല്ലോ ? പിന്നെന്താ ഇക്കൊല്ലം ഒരു പ്രത്യേകത ? എന്തായാലും അതെല്ലാം പറഞ്ഞ് തര്‍ക്കിച്ച്, ചുമ്മാ കിട്ടിയ ഒരു അവധി നഷ്ടപ്പെടുത്തേണ്ട കാര്യമെന്തിരിക്കുന്നു? ഉള്ള നേരത്തേ സ്ഥലം കാലിയാക്കുക തന്നെ.
മറുനാട്ടില്‍ വന്ന് ബാച്ചിലര്‍ സുഹൃത്തുക്കളുടെ കൂടെ ജീവിക്കാന്‍ തുടങ്ങിയതിനുശേഷം ഓണവും, വിഷുവുമൊക്കെ വന്നുപോകുന്നത് അറിയുന്നേയില്ലെന്നുള്ളത് ഒരു നീറുന്ന സത്യമായി മാറിയിരിക്കുന്നു.
താമസിക്കുന്ന സ്ഥലത്തേക്ക് അരമണിക്കൂര്‍ ബസ്സ് യാത്രയുണ്ട്. തൊട്ടടുത്തുള്ള വെജിറ്റേറിയന്‍ റസ്റ്റോറന്റീന്ന് നല്ലൊരു ഓണ-ശാപ്പാടും അടിച്ച്, വേഗം കൂടണയാന്‍ നോക്കാമെന്ന് കരുതി വെളിയിലിറങ്ങിയപ്പോള്‍, പുറത്താകെ ഒരു മ്ലാനത. വെളിയിലൊന്നും വലിയ തിരക്കില്ല. വാഹനങ്ങളധികമൊന്നും റോട്ടിലില്ല. റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന റോഡില്‍പ്പോലും കാര്യമായി ജനങ്ങളെയൊന്നും കാണാനില്ല. ഇതിനി ബോംബെ തന്നെയല്ലേ ? എനിക്കാകെ ഒരു ചിന്താക്കുഴപ്പം.
വഴിയിലിറങ്ങി ബസ്സ് സ്റ്റോപ്പില്‍ കുറച്ചുനേരം നിന്നു. ബസ്സ് പോയിട്ട് ഒരു കൈവണ്ടി പോലും ആ വഴിക്കൊന്നും കാണുന്നില്ല. 5 മിനിറ്റോളം നിന്നപ്പോള്‍ ഒന്നോ രണ്ടോ ബൈക്കും, സ്കൂട്ടറുമൊക്കെ കടന്നുപോയി. അതിനിടയില്‍ വേറൊരു കക്ഷി കൂടെ ബസ്സ് സ്റ്റോപ്പിലെത്തി. ഇഷ്ടനോട് റോഡെല്ലാം കാലിയായതിന്റെ വിവരം തിരക്കിയപ്പോളല്ലേ ദത്താറാം ഓണാവധി തന്നതിന്റെ പൊരുള്‍ ശരിക്കും മനസ്സിലായത്.
ശിവസേനാ നേതാവ് ബാല്‍ താക്കറേയുടെ ഭാര്യ മീനാ താക്കറെ മരിച്ചു. ശിവസേന ബന്ത് പ്രഖ്യാപിച്ചിരിക്കുകയാണ്. പെട്ടെന്നുള്ള ബന്ത് പ്രഖ്യാപനമായതുകൊണ്ട് നിരത്ത് മൊത്തം കാലിയാകാന്‍ കുറച്ചുകൂടെ സമയം എടുക്കും.
കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ലെന്ന് മനസ്സിലായി. ഭക്ഷണം കഴിക്കാമെന്ന് കരുതിയിരുന്ന ഹോട്ടലിന് മുന്‍പിലെത്തിയപ്പോള്‍ അവരതാ ഷട്ടര്‍ ഇട്ടുകൊണ്ടിരിക്കുന്നു. നേരേ ‘വിലേ പാര്‍ലേ‘ സ്റ്റേഷനിലേക്ക് നടന്നു. അവിടന്ന് ഒരു ഓട്ടോ കിട്ടാതിരിക്കില്ല. ഇനി ബസ്സൊന്നും കാത്തുനിന്നിട്ട് കാര്യമില്ല. എങ്ങനെയെങ്കിലും താമസസ്ഥലത്ത്‍ ചെന്നിട്ട് ഭക്ഷണം വല്ലതും ഉണ്ടാക്കിക്കഴിക്കാം.
സ്റ്റേഷന്‍ റോഡിലൂടെ കുറച്ച് നടന്നപ്പോള്‍ പുറകില്‍ നിന്ന് ഒരു കാലി ഓട്ടോ വരുന്നതുകണ്ടു. കൈകാണിച്ച് നിറുത്തി, പവായിയിലേക്കാണ് പോകേണ്ടതെന്ന് പറഞ്ഞപ്പോള്‍ ഓട്ടോക്കാരന് സന്തോഷം. അയാള്‍ ചാന്തിവിലിയിലാണ് താമസം. ഓട്ടോ അരകിലോമീറ്റര്‍ മുന്നോട്ട് നീങ്ങിക്കാണും. പെട്ടെന്നതാ വെളുത്ത ഷര്‍ട്ടും പാന്റുമിട്ട് ഓറഞ്ച് തിലകമൊക്കെ ചാര്‍ത്തിയ ഒരു ആജാനബാഹു (ശിവസേനക്കാരന്‍ തന്നെ)ഓട്ടോയുടെ മുന്‍സീറ്റിലേക്ക് ചാടിക്കയറുന്നു, ഓട്ടോക്കാരനെ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുന്നു. ഓട്ടോ നിറുത്താന്‍ പോലും പറ്റാതെ അടികൊണ്ട് അട്ട ചുരുളുന്നതുപോലെ ചുരുളുകയാണ് ഡ്രൈവര്‍. അടിക്ക് പുറമെ കൊടുങ്ങല്ലൂര്‍ ഭരണിക്ക് ഹിന്ദിക്കാരെ കൊണ്ടുവന്നാല്‍ കേള്‍ക്കാന്‍ സാദ്ധ്യതയുള്ള പൂരപ്പാട്ട് മുഴുവന്‍ അകമ്പടിയുണ്ട്. ബന്ത് പ്രഖ്യാപിച്ചിട്ടും യാത്രക്കാരനെ കയറ്റി സവാരി നടത്തിയതിനാണ് അടി എണ്ണിവാങ്ങുന്നതെന്ന് ഭരണിപ്പാട്ടില്‍ നിന്നും ഊഹിച്ചെടുക്കാന്‍ എനിക്കായി.
അടിവാങ്ങിക്കൂട്ടുന്നതിനിടയില്‍ തൊട്ടടുത്ത ബസ്സ് സ്റ്റോപ്പില്‍ ഡ്രൈവര്‍ എങ്ങിനെയോ ഒരുവിധം ഓട്ടോ ചവിട്ടി നിര്‍ത്തി. ഞാന്‍ ചാടി പുറത്തിറങ്ങി. അടി അപ്പോഴും കഴിഞ്ഞിട്ടില്ല. അടി കഴിഞ്ഞിട്ട് വേണം എനിക്ക് ഓട്ടോക്കാരന് പൈസകൊടുക്കാന്‍. ഞാന്‍ കാത്ത് നിന്നു. അതിനിടയില്‍ ശിവസേനക്കാരന്‍ എന്നെ ശ്രദ്ധിച്ചു.
“ ക്യാ രേ ? “ (എന്താണ് ഊവ്വേ ?)
“ കുച്ച് നഹി “ (ഒന്നൂല്ല.)
“ ഫിര്‍ ഇധര്‍ ക്യോം ഘടാ ഹൈ” (പിന്നെന്തര് ഇവിടെ നിക്കണത് ?)
“ ഓട്ടോ വാലേക്കോ പൈസാ ദേനാ ഹെ “ (ഓട്ടോക്കാരന് പൈസകൊടുക്കാന്‍ നില്‍ക്കുവാ.)
“ യേ ഹറാം സാദേ കോ പൈസാ ദേഗാ തോ, തും ഭി മാര്‍ ഖായേഗാ സാലേ “ (ഈ ഹറാം പെറന്നോന് കാശ് കൊടുത്താല്‍ നീയും തല്ല് മേടിച്ച് കൂട്ടും ഹമുക്കെ.)
അത് പറഞ്ഞ് തീരലും, അടിയും ഹിന്ദി-ഭരണിപ്പാട്ടും തുടരുകയായി. പിന്നവിടെ നിന്നില്ല. വലിച്ച് വെച്ച് നടന്നു റെയില്‍വേ സ്റ്റേഷനിലേക്ക്. ട്രെയിന്‍ പണിമുടക്കില്ലെങ്കില്‍ അതില്‍ക്കയറി അന്ധേരിയിലെത്താം, പിന്നങ്ങോട്ട് പവായി വരെ നടക്കുക തന്നെ. വേറേ വഴിയൊന്നും അപ്പോള്‍ മനസ്സിലുദിച്ചില്ല.
എങ്ങനെയൊക്കെയോ വീട്ടിലെത്തിയപ്പോള്‍ സമയം 2 മണി. കുറേദൂരം നടന്ന്, ക്ഷീണിച്ചവശനായതുകൊണ്ട് ഭക്ഷണം ഉണ്ടാക്കി കഴിക്കാനുള്ള മാനസ്സികാവസ്ഥയൊന്നും ഇല്ലായിരുന്നു. സഹമുറിയന്മാര്‍ വന്നതിനുശേഷം, എല്ലാവര്‍ക്കും കൂടെ എന്തെങ്കിലും ഉണ്ടാക്കിക്കഴിക്കാമെന്ന് കരുതി തളര്‍ന്ന് കിടന്നുറങ്ങി. ബന്ദും കുലുമാലുമൊക്കെ ആയതുകൊണ്ടും എനിക്കുള്ളതുപോലെ വിശാലമനസ്ക്കനായ ഒരു ബോസ്സ് അവര്‍ക്കില്ലാത്തതുകൊണ്ടും സഹമുറിയന്മാര്‍ കയറി വന്നത് പതിവിലും വൈകിയാണ്. ഓണമാണ്, കാണം വിറ്റും ഓണം ഉണ്ണണമെന്നുമൊക്കെ അതിനിടയില്‍ ഞാനങ്ങ് മറന്നു. ഓണമായിട്ട് ഉച്ചപ്പട്ടിണി കിടക്കേണ്ടിവന്നല്ലോ എന്നാലോചിച്ചപ്പോള്‍ വല്ലാത്ത സങ്കടവും വന്നു. പിന്നൊന്നുകൂടെ ആലോചിച്ചപ്പോള്‍ ആ സങ്കടമൊക്കെ മാറി.
എത്രയോ മനുഷ്യജന്മങ്ങള്‍ ഓണമായാലും, വിഷുവായാലും, ക്രിസ്തുമസ്സാലുമൊക്കെ പട്ടിണി കിടക്കുന്നു ഈ ലോകത്ത് ?! അവരുടെ വേദനയിലും പട്ടിണിയിലും ഒരു നേരമെങ്കിലും, ജന്മത്തില്‍ ഒരിക്കലെങ്കിലും പങ്കുചേര്‍ന്ന്, ഓണപ്പട്ടിണി കിടന്നുകൊണ്ട് സന്തോഷത്തോടെ തന്നെ ഞാനാ ഓണം ആഘോഷിച്ചു.
മലയാളിയല്ലെങ്കിലും, നിര്‍ലോഭം ഓണത്തല്ല് വാങ്ങിക്കൂട്ടി എന്റെ ഓണാഘോഷത്തില്‍ പങ്കുചേര്‍ന്ന ആ പാവപ്പെട്ട ഓട്ടോക്കാരനെ തുടര്‍ന്നിങ്ങോട്ടുള്ള എല്ലാ ഓണത്തിനും ഞാന്‍ സ്മരിച്ചുകൊണ്ടേയിരിക്കുന്നു. അന്നയാള്‍ക്ക് കൊടുക്കാന്‍ പറ്റാതെ പോയ ഓട്ടോക്കാശ്, പലിശയും കൂട്ടുപലിശയുമൊക്കെച്ചേര്‍ന്ന് പെരുകിപ്പെരുകി ഒരു വലിയ ‘ഓണക്കട‘മായി നിലനില്‍ക്കുമ്പോള്‍ അയാളെ എങ്ങിനെ മറക്കാനാകും ?