ഓർമ്മക്കുറിപ്പുകൾ

പ്രേമലേഖനം


പ്രേമലേഖനം എഴുതുക, കൊടുക്കുക, പിന്നൊരു പ്രേമലേഖനം കിട്ടുക, എന്നതൊക്കെ ചെറിയ കാര്യമൊന്നുമല്ല. ഈ പറഞ്ഞ ഭാഗ്യമൊക്കെ എനിക്കും ഉണ്ടായിട്ടുണ്ട്. പക്ഷെ ചില പ്രത്യേകതകള്‍ ഈ പ്രേമലേഖനത്തിനൊക്കെ ഉണ്ടായിരുന്നു എന്നുമാത്രം. ആദ്യത്തെ പ്രേമലേഖനം ഞാന്‍ എഴുതിയത് പെണ്‍കൊച്ചുങ്ങള്‍ക്കൊന്നുമല്ല. ആണൊരുത്തനു തന്നെ. എഞ്ജിനീയറിംഗ് കോളേജില്‍ എന്റെ സഹപാഠിയായിരുന്ന, ഹോസ്റ്റലില്‍ത്തന്നെ ഒരുമിച്ച് താമസിക്കുന്ന പി.എ.രവികുമാര്‍ എന്ന രവിയേട്ടന്.

Bsc കണക്ക് പഠനം കഴിഞ്ഞ്, ഒന്നാം വര്‍ഷ Msc ചെയ്യുന്നിടത്തുനിന്നാണ് രവിയേട്ടന്‍ എഞ്ചിനീയറിംഗ് കോളേജിലേക്ക് വരുന്നത്. മൂന്നാല് വയസ്സ് മുതിര്‍ന്നയാളായിരുന്നതുകാരണം എല്ലാ‍വരും രവിയേട്ടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്.

കണ്ണൂരില്‍, പയ്യാമ്പലം ബീച്ചിനടുത്തായിരുന്നു ഞങ്ങളുടെ ഹോസ്റ്റല്‍. മിക്കവാറും ദിവസങ്ങളില്‍ ഹോസ്റ്റല്‍ അന്തേവാസികളെല്ലാം ബീച്ചില്‍ നടക്കാന്‍ പോകുമായിരുന്നു. ബീച്ചില്‍ തിരക്കുള്ള ദിവസങ്ങളില്‍ പ്രത്യേകിച്ചും. വായില്‍നോട്ടം തന്നെയാണ് പ്രധാനലക്ഷ്യം. രവിയേട്ടനും സ്ഥിരം നടത്തക്കാരനായിരുന്നു. പക്ഷെ ഇഷ്ടന്റെ നടത്തം കുറച്ച് ഗൌ‍രവമുള്ളതായിട്ടാണ് ഞങ്ങള്‍‌ക്ക് തോന്നിയിട്ടുള്ളത്. എന്തായാലും ശരി,രവിയേട്ടന്റെ സ്ഥിരം നടത്തം കണ്ട് മനമിളകിപ്പോയ ഒരു ‘അജ്ഞാതസുന്ദരി‘ മനോഹരമായ ഒരു പ്രേമലേഖനം അദ്ദേഹത്തിനെഴുതുന്നു.

ജോഷി,നന്ദന്‍,ജയ്‌ദീപ്,ശേഷഗിരി,അനില്‍,ശ്രീകുമാര്‍ എന്നീ വളരെ അടുത്ത ചില സുഹൃത്തുക്കളും ഞാനും ചേര്‍ന്ന് ഒപ്പിച്ച ഒരു പരിപാടിയായിരുന്നത്. കത്തിലെ കൈപ്പട എന്റേതുതന്നെ. വളരെ മിനക്കെട്ട് എല്‍.പി. സ്കൂളില്‍ പഠിക്കുമ്പോള്‍പ്പോലും എഴുതാത്ത അത്ര മനോഹരമായ വടിവോടെ, ഒരു പെണ്‍കുട്ടിയുടേതെന്ന് ആരും വിശ്വസിക്കുന്ന തരത്തിലായിരുന്നു ആ കത്തെഴുതിപ്പിടിപ്പിച്ചിരുന്നത്.

പ്രേമലേഖനം കിട്ടിയ രവിയേട്ടന്‍ ഇളകിപ്പോയെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ?!
അടുത്തദിവസം ബീച്ചില്‍‌വെച്ച് കാണാമെന്നാണ് ‘കാമുകി‘ കത്തിലെഴുതിയിരിക്കുന്നത്. അതുകൊണ്ട് രവിയേട്ടന്‍, കുട്ടിക്കൂറ പൌഡറൊക്കെയിട്ട് കുറെക്കൂടെ സുന്ദരനായി ബീച്ച് മുഴുവന്‍ കറങ്ങിനടന്നു. ഈ കാഴ്ച്ച നേരിട്ട് കണ്ടാസ്വദിക്കാന്‍ ഞങ്ങളും ബീച്ചിലുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ രവിയേട്ടനെ കണ്ടുമുട്ടിയപ്പോള്‍ ഉള്ളില്‍ പൊട്ടിവന്ന ചിരി പുറത്തുകാട്ടാതിരിക്കാന്‍ നന്നായി ബുദ്ധിമുട്ടി. രവിയേട്ടന്റെ കണ്ണുകളപ്പോളും അജ്ഞാതകാമുകിക്കുവേണ്ടി ബീച്ചിലാകെ പരതി നടക്കുകയാണ്.

കത്തെഴുതിയ ലലനാമണിയെ കാണാന്‍പറ്റാതെ നിരാശനായി തിരിച്ചുവന്ന രവിയേട്ടന്‍ രണ്ടുദിവസത്തിനുശേഷം വീണ്ടുമൊരു ‘കാതല്‍ കടിതം’ കൈപ്പറ്റുന്നു. “കൂടെ മറ്റ് സുഹൃത്തുക്കള്‍‌ ഉണ്ടായിരുന്നതുകൊണ്ടാണ് ഞാന്‍ അടുത്തുവന്ന് സംസാരിക്കാതിരുന്നത് “ എന്നാണ് പുതിയ കത്തില്‍ കാമുകി വിശദീകരിക്കുന്നത്.

ഈ പ്രേമലേഖനം, രവിയേട്ടന്‍ കൂടുതല്‍ വിശ്വസിച്ചുവോ, അതോ ഹോസ്റ്റലിലെ ഏതെങ്കിലും തിരുമാലികള്‍‌ ഒപ്പിച്ച പണിയാണോ എന്ന് സംശയിച്ചുവോ എന്ന് ഞങ്ങള്‍ക്കറിയില്ല. എന്തായാലും അഞ്ചടി നാലിഞ്ച് മാത്രം കിളരമുള്ള രവിയേട്ടന്‍ ബീച്ചില്‍പ്പോയി, വല്ല പെമ്പിള്ളേരെയും കേറിമുട്ടി അടിമേടിക്കേണ്ടെന്ന് കരുതി, കത്തെഴുതിയ ‘കാമുകി’യെ ഞങ്ങള്‍‌ അവസാനം അങ്ങേരുടെ മുറിയില്‍ക്കൊണ്ടുപോയി കാണിച്ചുകൊടുത്തു. നല്ലവനായ രവിയേട്ടന്, ഞങ്ങള്‍‌ക്കില്ലാത്ത പക്വത ആവശ്യത്തിലധികം ഉണ്ടായിരുന്നതുകൊണ്ട് വളരെ സ്പോര്‍ട്ടീവായിട്ടാണ് ഈ തെമ്മാടിത്തരത്തെ ചിരിച്ചു തള്ളിയത്.

അങ്ങിനെയിരിക്കുമ്പോളതാ എനിക്കും കിട്ടുന്നു ഒരു പ്രേമലേഖനം.
കാമുകി അജ്ഞാതയൊന്നുമല്ല. ജൂനിയര്‍ ബാച്ചിലെ ഒരു ‘സുന്ദരിക്കോത’.ലേഡീസ് ഹോസ്റ്റലില്‍ ഒരു ഓമനപ്പേരിലും, മെന്‍സ് ഹോസ്റ്റലില്‍ ഒരു വട്ടപ്പേരിലും അറിയപ്പെടുന്നവള്‍‌.(ശരിക്കുള്ള പേര് കൊന്നാ‍ലും പറയൂല.)

കത്ത് വായിച്ചപ്പോള്‍‌ത്തന്നെ ഒരു വശകൊശപ്പിശക്. ഒരു പെണ്‍കുട്ടി ഒരിക്കലും എഴുതാന്‍ സാദ്ധ്യതയില്ലാത്ത, അതും ഒരു കാമുകന്, കുറെ വളിപ്പുകളെല്ലാം കത്തിലുണ്ട്. അതുകൊണ്ടുതന്നെ കത്ത് എഴുതിയിരിക്കുന്നത് മെന്‍സ് ഹോസ്റ്റലില്‍ നിന്നുതന്നെയാണെന്ന് എനിക്കുറപ്പായി.പ്രതികാരം ചെയ്യാന്‍ വേണ്ടി രവിയേട്ടന്‍ പറ്റിച്ച പണിയാണോ ? ഏയ് അതാകാന്‍ വഴിയില്ല. അങ്ങേര് അത്തരക്കാരനൊന്നുമല്ല.

പിന്നാരായിരിക്കും ലേഖകന്‍ ?
ആലോചിട്ടൊരു പിടുത്തവും കിട്ടുന്നില്ല.
രവിയേട്ടന് കത്തെഴുതാന്‍ എന്റെകൂടെനിന്നവന്മാരെ സംശയിച്ചേ പറ്റൂ. എല്ലാം കള്ളത്തിരുമാലികളാണ്. പക്ഷെ ആരോടും ചോദിക്കാന്‍ മനസ്സനുവദിക്കുന്നില്ല.അവന്മാര് പിന്നേം ഇട്ട് കളിപ്പിക്കും. ഞാനില്ലാത്തപ്പോള്‍ ഇക്കാര്യവും പറഞ്ഞ് ചിരിച്ച്, അട്ടഹസിച്ച്, അര്‍മ്മാദിക്കും. അങ്ങനിപ്പോ സുഖിക്കണ്ട.

പക്ഷെ, ആദ്യമായി ഒരുപ്രേമലേഖനം കിട്ടിയ ഒരു കാമുകന്റെ മനസ്സിന്റെ വിങ്ങല്‍ എത്രനാള്‍ ഞാന്‍ മറച്ചുവെക്കും. ഇവന്മാരാരോടെങ്കിലും പറഞ്ഞേ പറ്റൂ എന്ന അവസ്ഥയിലായി കാര്യങ്ങള്‍. അവസാനം അക്കൂട്ടത്തില്‍ കുറച്ചെങ്കിലും വിശ്വസിക്കാന്‍ പറ്റുന്ന ഒരുത്തനാണെന്ന കണക്കുകൂട്ടലില്‍, ശേഷഗിരിയോട് കാര്യം അവതരിപ്പിച്ചു.

“എടേയ് ഗിരീ, എനിക്കൊരു ലവ് ലെറ്റര്‍ ‍കിട്ടിയിട്ട് ദിവസം കുറച്ചായി. സാധനം അയച്ചിരിക്കുന്നത് നമ്മുടെ കൂട്ടത്തിലെതന്നെ ഏതോ ഒരു മറ്റവനാണെന്ന് എനിക്കുറപ്പാണ്. പക്ഷെ, അതാരാണെന്ന് കണ്ടുപിടിക്കാനെന്താ വഴി? അയച്ചവന്മാര്‍ ഇതറിയരുത്. അറിഞ്ഞാല്‍ അവര് ജയിച്ചതുപോലാകും. അതുപറ്റില്ല.“

എന്തൊക്കെയാലും അവസാനം അവര് തന്നെ ജയിച്ചു. ഞാന്‍ തോറ്റു. വെറും തോല്‍‌വിയൊന്നുമല്ല. ശരിക്കും തോറ്റു തൊപ്പിയിട്ടു. കാരണം വേറൊന്നുമല്ല. ശേഷഗിരി അടക്കമുള്ള എല്ലാവന്മാരും ചേര്‍ന്നുതന്നെയാണ് ആ പണിപറ്റിച്ചത്. കത്തിലെ കൈപ്പട എന്റെ സഹമുറിയനായ ജോഷിയുടേതും.