19 വയസ്സുവരെ ബ്ലഡ്ഡ് ഗ്രൂപ്പ് ഏതാണെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ കളിയാക്കിയേക്കും. അങ്ങിനെ പറ്റിപ്പോയി. ചോര എടുക്കേണ്ടതോ, കൊടുക്കേണ്ടതോ ആയ ഒരാവശ്യവും അതുവരെ ഇല്ലാതിരുന്നതുകൊണ്ട് സംഭവിച്ചു പോയതാണ്.
അങ്ങിനെയിരിക്കുമ്പോളാണ് കണ്ണൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ ആറാം സെമസ്റ്ററിന് പഠിക്കുമ്പോള്‍,N.S.S.ന്റെ വക രക്തപരിശോധനാ ക്യാമ്പ് നടക്കുന്നത്. 10-15 മില്ലി ചോര കൊടുത്താലും വേണ്ടീല, ഗ്രൂപ്പ് ‘ഐ‘ ആണോ ‘എ‘ ആണോ എന്നറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് തോന്നിയതുകൊണ്ടുമാത്രം ആ സാഹസത്തിന് മുതിര്‍ന്നു. വൈകുന്നേരമായപ്പോഴേക്കും ഫലപ്രഖ്യാപനവും വന്നു. ബി നെഗറ്റീവ്.
അടുത്ത സുഹൃത്തും ക്ലാസ്മേറ്റുമായ, മറ്റൊരു ബി നെഗറ്റീവ്കാരന്‍ ശേഷഗിരിയാണ് പറഞ്ഞത് നെഗറ്റീവ് ഗ്രൂപ്പുകളെല്ലാം വളരെ കുറച്ചുപേര്‍ക്കേ ഉള്ളെന്നും, അതുകൊണ്ടുതന്നെ വലിയ ഡിമാന്റുള്ളതാണെന്നും. അടീം പിടീം, സ്ഥിരം കലാപരിപാടികളായി ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന കണ്ണൂര് ടൌണ്‍ ഹൈസ്ക്കൂളിന്റെ താല്‍ക്കാലിക ക്യാമ്പസില്‍ നടന്നുപോരുന്ന ഞങ്ങളുടെ കോളേജില്‍, ബ്ലഡ്ഡ് ഗ്രൂപ്പ് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമുള്ള ഒരു കാര്യം തന്നെയായിരുന്നു. അതും, ഇത്തരം അപൂര്‍വ്വം ചോര സിരകളിലോടുന്നതിന്റെ യാതൊരഹങ്കാരം പുറത്ത് കാണിക്കാതെ, കോളേജിലെ ആവശ്യമുള്ളതും ഇല്ലാത്തതുമായ സകല കാര്യങ്ങളിലും തലയിട്ട് നോക്കുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക്.
ഒരാഴ്‌ച്ച കഴിഞ്ഞപ്പോളാണെന്ന് തോന്നുന്നു,ഒരു ദിവസം പ്യൂണ്‍ ശ്രീധരേട്ടന്‍ ഒരു കുറിപ്പുമായി ക്ലാസ്സിലേക്ക് വന്നു. ശേഷഗിരിയേയും, മനോജിനേയും പ്രിന്‍സിപ്പാള്‍ (കെ.പി.പി.പിള്ള)വിളിക്കുന്നു എന്നതായിരുന്നു കുറിപ്പിലെ അറിയിപ്പ്.
ക്ലാസ്സില്‍ നിന്നിറങ്ങി പ്രിന്‍സിയുടെ മുറിയിലേക്ക് നടക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും കൂലംകഷമായി ചിന്തിച്ചുനോക്കി. എന്തിനായിരിക്കും പ്രിന്‍സി വിളിപ്പിച്ചിരിക്കുന്നത് ? ഇന്നലെയും, ഇന്നുമൊന്നും തല്ലുകൊള്ളിത്തരം ഒന്നും ഒപ്പിച്ചിട്ടില്ലല്ലോ! പക്കാ ഡീസന്റായിരുന്നല്ലോ ?!
പിന്നെന്തായിരിക്കും ഇപ്പോ പിള്ളസാറിന്റെ പ്രശ്നം ?
ആലോചിക്കുന്തോറും കൂടുതല്‍ ടെന്‍ഷനടിക്കാന്‍ തുടങ്ങി. പ്രിന്‍സിയുടെ മുറിയുടെ മുന്‍പിലെത്തിയപ്പോള്‍, ജൂനിയര്‍ ഇലക്‍ട്രിക്കല്‍ ബാച്ചിലെ പ്രവീണ അതാ അവിടെ നില്‍ക്കുന്നു.അത്യാവശ്യം നല്ലൊരു സൌഹൃദമൊക്കെ കാണിക്കാറുള്ള പ്രവീണ പക്ഷെ, ഇപ്പോ കുറച്ച് ഗൌരവത്തിലാണ് നില്‍ക്കുന്നതെന്ന് തോന്നി.
പഴശ്ശിനിക്കടവ് മുത്തപ്പാ ചതിച്ചു. ഈ നാശം പിടിച്ചവന്‍ ശേഷഗിരി അവളെയെന്തോ കമന്റടിക്കുകയോ, ചീത്തപറയുകയോ ചെയ്തിരിക്കുന്നു. അവള് നേരേ പിള്ളസാറിന്റെ അടുത്ത് തന്നെ പരാതി കൊടുത്തുകാണും. അതുതന്നെ അങ്ങേര് വിളിപ്പിക്കാനുള്ള കാരണം.
പക്ഷെ അടുത്തുചെന്നപ്പോള്‍ പ്രവീണ ഒരു കുഴപ്പവും ഇല്ലാത്തപോലെ ചിരിച്ചു, സംസാരിച്ചു. പ്രിന്‍സിപ്പാള് വിളിപ്പിച്ചിട്ടാണ് അവളും വന്നിരിക്കുന്നത്, പക്ഷെ കാര്യമെന്താണെന്ന് അവള്‍ക്കുമറിയില്ല. ടെന്‍ഷന്‍ വീണ്ടും ഇരട്ടിയായി. പ്രവീണയാണ് കാരണഹേതുവെങ്കില്‍, മുട്ടായി വാങ്ങിക്കൊടുക്കാമെന്നോ മറ്റോ പറഞ്ഞ്, എങ്ങിനെയെങ്കിലും മൊഴിമാറ്റിപ്പറയിപ്പിച്ച്, ഐസ്ക്രീം കേസ് പോലെ ഇതും അട്ടിമറിക്കാമായിരുന്നു. ഇതിപ്പോ വല്ലാത്തൊരു സമസ്യയായിപ്പോയല്ലോ മുത്തപ്പാ!!
അപ്പോളേക്കും മൂന്നുപേര്‍ക്കും പ്രിന്‍സിയുടെ മുറിക്കകത്തേക്ക് ചെല്ലാനുള്ള സിഗ്നല്‍ കിട്ടി. അകത്തുചെന്ന ഉടനെ പ്രവീണയെ അടിമുടി ഉഴിഞ്ഞുനോക്കിയതിനുശേഷം പിള്ളസാറിന്റെ ഉത്തരവ് വന്നു. “ പ്രവീണ ക്ലാസ്സിലേക്ക് പൊയ്ക്കോളൂ.“ എന്റമ്മേ… ഇവളുടെ മുന്നില്‍ വച്ച് പറയാന്‍ പറ്റാത്ത എന്തോ കടുത്ത സംഭവമാണ് ഇനി നടക്കാന്‍ പോകുന്നത്. ഒരു ഇടിത്തീ വീണാല്‍ രക്ഷപ്പെടാനുള്ള എല്ലാ വഴികളെപ്പറ്റിയും ആലോചിച്ചു തുടങ്ങി. എന്തായാലും കൂടുതല്‍ ടെന്‍ഷനടിക്കുന്നതിന് മുന്‍പ് പിള്ളസാറിന്റെ ചുണ്ടനങ്ങി.
“നിങ്ങള്‍ രണ്ടുപേരും ഫോര്‍ട്ട് റോഡിലുള്ള അക്ഷയ(പേരത് തന്നെയാണെന്ന് തോന്നുന്നു) നേഴ്സിങ്ങ് ഹോം വരെ ഒന്ന് പോകണം. അവിടെ ഒരാള്‍ക്ക് ബി നെഗറ്റീവ് ബ്ലഡ്ഡ് അത്യാവശ്യമുണ്ട്. രണ്ടുപേരും പോയ്ക്കോളൂ. ഒരാളുടെ ക്രോസ്സ് മാച്ചിങ്ങില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ മറ്റേയാളുടെ ബ്ലഡ്ഡ് എടുക്കാമല്ലോ ? “
ഹോ.. ശ്വാസം നേരെ വീണെന്നു പറഞ്ഞാല്‍ മതിയല്ലോ. കുറച്ച് ചോര പോയിട്ടാണെങ്കിലും വേണ്ടീല, മലപോലെ വന്നത് എലിപോലെ പോയല്ലോ !! എന്തായാലും കുറെ നേരം പിള്ളസാര്‍ മുള്‍മുനയില്‍ നിര്‍ത്തിക്കളഞ്ഞു. അപ്പോപ്പിന്നെ പ്രവീണയെ പിള്ളസാര്‍ വിളിപ്പിച്ചതെന്തിനാണ് ? ചെറുതായൊന്നാലോചിച്ചപ്പോള്‍ ആ ചോദ്യത്തിന്റെ ഉത്തരം മുന്നില്‍ തെളിഞ്ഞുവന്നു.
N.S.S.ന്റെ റിപ്പോര്‍ട്ട് പ്രകാരം കോളേജില്‍ ആകെ ബി നെഗറ്റീവ് രക്തമുള്ളത് ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്ക് മാത്രമാണ്. അതില്‍, മെലിഞ്ഞുണങ്ങി കൊള്ളിക്കമ്പുപോലിരിക്കുന്ന പ്രവീണ, ചുരീദാറിട്ട് നില്‍ക്കുന്നത് കണ്ടാല്‍, ലൂസായി കടലാസ് ഒട്ടിച്ച ഒരു പട്ടം പോലെയിരിക്കും. ചെറിയൊരു കാറ്റടിച്ചാല്‍ പറന്നുപോകാന്‍ ഒരു വിഷമവുമില്ല. അവളെക്കൊണ്ടെങ്ങാനും ഒരു 5 മില്ലി രക്തം പോലും ദാനം ചെയ്യിച്ചാല്‍, പിള്ളസാറ് ചിലപ്പോള്‍ കൊലക്കുറ്റത്തിന് അഴിയെണ്ണേണ്ടിവരും. അപ്പോ അതുതന്നെ പ്രവീണയെ പറഞ്ഞുവിടാനുണ്ടായ കാരണം.
ഒരു ഓട്ടോ പിടിച്ച് നേരേ ആശുപത്രീലേക്ക് വിട്ടു എന്നൊക്കെ വേണേല്‍ എഴുതിപ്പിടിപ്പിക്കാം. പക്ഷെ പോക്കറ്റ് മണി കിട്ടുന്ന ചില്ലറ, സ്ഥലത്തെ പ്രധാന സിനിമാ തീയറ്ററുകളായ കവിത,ലിറ്റില്‍ കവിത,സംഗീത,ആനന്ദ്,അമ്പിളി,പ്രഭാത് തുടങ്ങിയ ഇടങ്ങളില്‍ കൊടുക്കാന്‍ പോലും ഒരിക്കലും തികയാറില്ല. പിന്നല്ലേ ഫോര്‍ട്ട് റോഡ് വരെ പോകാന്‍ ഓട്ടോ പിടിക്കുന്നത് ! ഇപ്പോഴാണെങ്കില്‍ ഔദ്യോഗികമായി ക്ലാസ്സ് കട്ട് ചെയ്ത് പോകുന്നതുകൊണ്ട് ലാസ്റ്റ് അവറിന് മുന്‍പ് തിരിച്ച് വന്നില്ലെങ്കില്‍പ്പോലും, അറ്റന്‍ഡന്‍സ് കിട്ടാന്‍ പ്രശ്നമൊന്നുമുണ്ടാകില്ല. അതുകൊണ്ട് നടരാജ ട്രാന്‍സ്‌പോര്‍ട്ട് തന്നെ ഉചിതം.
പൊതുവെ ത്യാഗിയും, മനുഷ്യസ്നേഹിയും, സല്‍ഗുണസമ്പന്നനുമായ ശേഷഗിരിതന്നെ (ഇതില്‍ക്കൂടുതല്‍ പൊക്കാനെനിക്കറിയില്ല മോനേ) ചോര കൊടുക്കാമെന്ന് ഏറ്റതുകൊണ്ട്, എനിക്ക് സൂചിക്കുത്ത് കൊള്ളില്ലല്ലോ എന്ന സന്തോഷത്തിലാണ് ഞാന്‍ നടക്കുന്നത്.
ആശുപത്രിയില്‍ ചെന്നപ്പോള്‍ അതല്ല അവസ്ഥ. ഏത് കഠിനഹൃദയനും, തന്റെ മുഴുവന്‍ ചോരയും ഊറ്റിയെടുത്തുകൊള്ളാന്‍ പറയും. 8 മാസം മാത്രം പ്രായമായ ഒരു കുരുന്നിനാണ് ചോര കൊടുക്കേണ്ടത്. ആ പിഞ്ചുകുഞ്ഞിനെ, കണ്ണീച്ചോരയില്ലാത്തവനായ ദൈവം വായില്‍ക്കൊള്ളാത്ത ഏതോ മഹാരോഗവുമായിട്ടാണ് ജന്മം നല്‍കിയിരിക്കുന്നത്. എല്ലാ മാസവും രക്തം മുഴുവന്‍ മാറ്റണം. അല്ലെങ്കില്‍ ജീവന്‍ അപകടത്തില്‍, അതാണ് സീന്‍.
ശേഷഗിരിയുടെ തന്നെ രക്തം ക്രോസ് മാച്ചാകുകയും, ഊറ്റിയെടുക്കുകയും ചെയ്തു. ഞങ്ങളുടെ അന്നത്തെ ഒരു ദാരിദ്ര്യാവസ്ഥയൊക്കെ വച്ച് നോക്കിയാല്‍, നിസ്സഹായനായ ആ കുട്ടിയുടെ പിതാവ് നിര്‍ബന്ധിച്ച് പിടിപ്പിക്കാന്‍ ശ്രമിച്ച ചില മുഷിഞ്ഞ കറന്‍സിനോട്ടുകള്‍ “ഹേയ്… വേണ്ട മാഷേ “ എന്നൊക്കെപ്പറഞ്ഞിട്ടാണെങ്കിലും വാങ്ങി കീശയിലാക്കേണ്ടതായിരുന്നു. പക്ഷെ അങ്ങിനെ ചെയ്ത്, പോയിക്കിടന്നാല്‍പ്പിന്നെ ജീവിതകാലം മുഴുവന്‍ ഉറക്കം വരില്ല. അതുകൊണ്ട് സാധുവായ ആ മനുഷ്യന്‍ വളരെ നിര്‍ബന്ധിച്ച് വാങ്ങിത്തന്ന ഓരോ ജ്യൂസും കുടിച്ച്, “ഇനിയും ബ്ലഡ്ഡിന് ആവശ്യം വരുമ്പോള്‍ അറിയിക്കണേ” എന്ന് പറഞ്ഞ് ഞങ്ങള്‍ മടങ്ങി.
കുറെനാള്‍ കഴിഞ്ഞതാ വീണ്ടും വിളി വരുന്നു ബ്ലഡ്ഡിനുവേണ്ടി. മൂന്ന് മാസത്തിനുള്ളില്‍ ഒരു പ്രാവശ്യമേ രക്തം കൊടുക്കാന്‍ പാടുള്ളൂ എന്നുള്ള നിബന്ധനയുള്ളതുകൊണ്ട്, ശേഷഗിരിക്ക് ഇപ്രാവശ്യം ബ്ലഡ്ഡ് കൊടുക്കാന്‍ പറ്റില്ല. അപ്പോപ്പിന്നെ ഇത് എന്റെ ഊഴമാണെന്ന് ഉറപ്പായി. പ്രവീണയ്ക്ക് ഇപ്പോഴും കാര്യമായിട്ട് പുഷ്ടിയൊന്നും വെച്ചിട്ടില്ല, അതുകൊണ്ട് അവളെ ഇടപെടുത്താന്‍ വയ്യ. അല്ലേലും ഈ കൊച്ചുകുഞ്ഞിന്റെ കാര്യത്തിനാണെങ്കില്‍ മാറി മാറി ബ്ലഡ്ഡ് കൊടുക്കാന്‍ ശേഷഗിരിയും, ഞാനും റെഡി.
ഒരു കൂട്ടിരിക്കട്ടെ എന്ന് കരുതി ചോര കൊടുക്കുന്നില്ലെങ്കിലും ശേഷഗിരിയും എന്റെ കൂടെ വരുന്നുണ്ട്. പക്ഷെ,എനിക്കന്ന് ക്ലാസ്സില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ ‘നമ്പര്‍ വണ്ണിന് ‘ പോകണമെന്ന് വല്ലാത്ത ശങ്ക. വഴിയിലെങ്ങും കാര്യം സാധിക്കാന്‍ പറ്റിയ ഒഴിഞ്ഞ സ്ഥലമൊന്നും കണ്ടുകിട്ടിയുമില്ല. “ഇനിയിപ്പോ ആശുപത്രീല് ചെന്നിട്ടാകാമെടെ“ എന്ന ശേഷഗിരിയുടെ അഭിപ്രായം അംഗീകരിച്ച്, വലിച്ച് ചവിട്ടി ആശുപത്രിയിലെത്തി.
ചെന്നപാടെ “ടോയ്‌ലറ്റ് എവിടാ സിസ്റ്ററേ“ എന്ന് ചോദിക്കാനുള്ള ഒരു ചമ്മല് കാരണം, കുറെ നേരം കൂടെ ഒരുവിധം അഡ്ജസ്റ്റ് ചെയ്ത് നിന്നു. നിക്കാനേ പറ്റൂ എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ഇരുന്നാല്‍ ബ്ലാഡര്‍ ചുരുങ്ങും, പിന്നീടുണ്ടാകുന്ന സകല സംഭവങ്ങളും, കൂടെവന്നിരിക്കുന്ന ‘മനുഷ്യസ്നേഹി’ വഴി കോളേജില്‍ അറിയും. പിന്നെ കോളേജിലേക്ക് തിരിച്ച് പോകാന്‍ പറ്റില്ല. ട്രാന്‍സ്ഫര്‍ വാങ്ങി വേറേ വല്ല കോളേജിലും പോയി പഠിച്ചാല്‍ മതിയാകും. അതില്‍ക്കുറഞ്ഞതിനെപ്പറ്റിയൊന്നും ചിന്തിക്കുകപോലും വേണ്ട. അക്കാര്യം ആലോചിച്ചപ്പോള്‍ വേഗം പോയി ചെറുവിരല്‍ മേലേക്ക് പൊക്കിപ്പിടിച്ച്, നേഴ്‌സിനോട് ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി ചോദിച്ചു മനസ്സിലാക്കി. വിടപറയും മുന്‍പേ എന്ന സിനിമയിലോ മറ്റോ നെടുമുടി വേണു ചെയ്യുന്നതുപോലെ വളരെ ആസ്വദിച്ചുതന്നെ കാര്യം സാധിക്കുകയും ചെയ്തു.
മടങ്ങിവന്ന്, ‘ഇനിയാര്‍ക്കാടാ എന്റെ ചോര വേണ്ടത് ‘ എന്നമട്ടില്‍ മോഹന്‍ലാല്‍ സ്റ്റൈലില്‍ നില്‍ക്കുമ്പോള്‍,സിസ്റ്ററിന്റെ വക ഒരു പ്രഖ്യാപനം.
“ഇയാളുടെ ബ്ലഡ്ഡ് എടുക്കേണ്ട”
എന്താണ് കാരണം എന്നവര്‍ പറഞ്ഞില്ല. ഞങ്ങള് കുറച്ചുനേരം കാര്യമായി ആലോചിച്ചുനോക്കി. എന്തായിരിക്കും എന്റെ ചോര നിരാകരിക്കാനുള്ള കാരണം? എനിക്കങ്ങിനെ പറയത്തക്ക മോശം അസുഖം വല്ലതുമുണ്ടെന്ന് എന്റെ മുഖം കണ്ടാല്‍ തോന്നുന്നുണ്ടോ. ഛായ്…അതൊന്നുമല്ല, ഇത് വേറെന്തോ കാര്യമുള്ളതോണ്ടാ.
അവസാനം ഞങ്ങളുതന്നെ ആലോചിച്ച് ഒരു കാരണം കണ്ടെത്തി. സംഗതി ബ്ലഡ്ഡ് കൊടുക്കാന്‍ വന്ന മനുഷ്യസ്നേഹികളൊക്കെയാണെങ്കിലും, ആശുപതിയിലെത്തിയപ്പോഴേക്കും സൂചികയറുമെന്ന് പേടിച്ചിട്ട് ‘നമ്പര്‍ വണ്‍’ സാധിച്ചവന്‍, ഇനി ബ്ലഡ്ഡ് എടുത്ത് കഴിയുമ്പോഴേക്കും, ഇരുന്ന ഇരിപ്പില്‍ വേറേ വല്ല ‘നമ്പറും‘ സാധിക്കില്ലെന്ന് എന്താണുറപ്പ് ? അതാലോചിച്ച് പേടിച്ചിട്ടാകം എന്റെ ചോര എടുക്കുന്ന പ്രശ്നമില്ലെന്ന് സിസ്റ്റര്‍ ബലം പിടിക്കുന്നത്. ഇതില്‍പ്പരം ഒരു മാനക്കേട് ഇനി വരാനുണ്ടോ മുത്തപ്പാ ? എങ്ങിനെയാണ് സിസ്റ്ററിനെ പറഞ്ഞ് സമ്മതിപ്പിച്ച്, തലയില്‍ മുണ്ടുമിട്ട്, ബ്ലഡ്ഡും കൊടുത്ത് അന്നവിടന്ന് രക്ഷപ്പെട്ടതെന്ന് ഇപ്പോഴും ഓര്‍മ്മയില്ല.
ബ്ലഡ്ഡ് ടെസ്റ്റിനും, ബ്ലഡ്ഡ് ഡൊണേഷനുമൊക്കെ വേണ്ടി സൂചി കൈയ്യില്‍ കുത്തിക്കയറുമ്പോളൊക്കെ ഇന്നും ഓര്‍മ്മവരുന്ന രണ്ടുകാര്യങ്ങളുണ്ട്. ഒന്നാ കുഞ്ഞ്, പിന്നെ ആ സിസ്റ്ററിന്റെ പ്രഖ്യാപനം.
എന്തായാലും ആ കുരുന്നിനു വേണ്ടി ബ്ലഡ്ഡ് ആവശ്യപ്പെട്ട്, ഞങ്ങള്‍ പഠിത്തമൊക്കെ കഴിഞ്ഞ് കോളേജ് വിടുന്നതുവരെ പിന്നീടൊരിക്കലും വിളിയൊന്നും വന്നിട്ടില്ല. അതിന്റെ അസുഖമെല്ലാം മാറിക്കാണും, അതായിരിക്കും വിളിക്കാതിരുന്നത്. അങ്ങിനെ ചിന്തിക്കാനാണ് എനിക്കിഷ്ടം. മറിച്ച് ചിന്തിക്കാന്‍ വയ്യ. അതെ, അങ്ങിനെ ചിന്തിച്ചാല്‍ മതി. അങ്ങിനെ മാത്രം ചിന്തിച്ചാല്‍ മതി. ബി പോസിറ്റീവ്.