1986-1991 വര്‍ഷങ്ങളില്‍ കണ്ണൂര് ജീവിക്കാനായിരുന്നു നിയോഗം. ബിരുദപഠനത്തിനായി തലയില്‍ വരച്ചത് കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജാണെങ്കില്‍ അവിടെപ്പോയല്ലേ പറ്റൂ.
അതിരുകടന്ന രാഷ്ട്രീയം. സ്നേഹിച്ചാല്‍ നക്കിക്കൊല്ലും, അല്ലെങ്കില്‍ ഞെക്കിക്കൊല്ലും. ചിലപ്പോള്‍ ബോംബെറിഞ്ഞും കൊല്ലും. അതായിരുന്നു അവിടത്തെ അവസ്ഥ. കാറും കോളും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷമുള്ള കണ്ണൂരിലെ ജീവിതംതന്ന അനുഭവങ്ങള്‍ നിരവധിയാണ്. ഇതൊക്കെയാണെങ്കിലും, എനിക്കവിടം ഇന്നും പ്രിയങ്കരം തന്നെ.
ആദ്യവര്‍ഷങ്ങളില്‍ കോളേജ് ഹോസ്റ്റലില്‍ത്തന്നെയായിരുന്നെങ്കിലും, അവസാനവര്‍ഷം മാര്‍ക്കറ്റിനടുത്തുള്ള “റിയാസ് ഹോം“ ലോഡ്ജിലേക്ക് താമസം മാറ്റി. ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതുകൊണ്ടൊന്നുമല്ല കേട്ടോ. പഠിക്കാനുള്ള സൌകര്യത്തിനുവേണ്ടിയാണത് ചെയ്തത്. എന്നിട്ടും പഠിപ്പിലൊന്നും വലിയ പുരോഗതി ഉണ്ടായില്ലെന്നുള്ളത് പരമമായ സത്യം മാത്രം.
അസീസ്ക്കയുടെ ഉടമസ്തതയിലുള്ള റിയാസ് ഹോമിലെ ബഹുഭൂരിപക്ഷം താമസക്കാരും മെഡിക്കല്‍ റപ്രസെന്റേറ്റീവ്സ് ആയിരുന്നു. മാര്‍ക്കറ്റിലെ ചില കടകളിലെ ജോലിക്കാര്‍, ഒന്നുരണ്ട് സേത്സ് റെപ്പുകള്‍, ഫാക്ടിലെ ചില ജീവനക്കാര്‍, പിന്നെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികളും എന്റെ വളരെ അടുത്ത സുഹൃത്തുക്കളുമായ ഗിരി, നന്ദന്‍, ജയ്‌ദീപ്, ജോഷി, സുനില്‍, തുടങ്ങിയവരുമൊക്കെ അടക്കം 25 ല്‍പ്പരം അന്തേവാസികളാണ് റിയാസ് ഹോമിലുണ്ടായിരുന്നത്. കൂട്ടത്തില്‍ പിള്ളസാറും.
പിള്ളസാര്‍ അദ്ധ്യാപകനൊന്നുമല്ല. ഞങ്ങളങ്ങിനെയാണ് വിളിച്ചിരുന്നതെന്നുമാത്രം. ഏതോ തെക്കന്‍ ജില്ലക്കാരനാണ്. കൊല്ലമോ, പത്തനം തിട്ടയോ മറ്റോ ആണെന്നാണ് ഓര്‍മ്മ. 55ന് മുകളില്‍ പ്രായം.. അഞ്ചടി മൂന്നിഞ്ച് പൊക്കം. ഇരുണ്ട നിറം, സാമാന്യം നല്ല കഷണ്ടി. വെളുത്ത മുണ്ടും ഷര്‍ട്ടും സ്ഥിരവേഷം.
അദ്ദേഹം അധികം ആരോടും ഇടപഴകാറില്ല. ഏതോ സര്‍ക്കാര്‍ കോണ്ട്രാക്ടറാണെന്നാണ് ലോഡ്ജില്‍ പറഞ്ഞിരിക്കുന്നത്. പക്ഷെ അത്തരത്തിലുള്ള യാതൊരു ജോലിയും പിള്ളസാറിനില്ല എന്നാണ് ജനസംസാരം. വര്‍ഷങ്ങളായി റിയാസ് ഹോമില്‍ താമസിക്കുന്നു. കാര്യമായ വാടകയൊന്നും കക്ഷി കൊടുക്കുന്നില്ലെന്നാണ് ലോഡ്ജുടമസ്തനായ അസീസ്ക്കയുടെ ഭാഷ്യം.
എന്തായാലും ശരി, കുറെ നാളുകളായി പിള്ളസാറിന്റെ മുറിയില്‍ പ്രേതത്തിന്റെ ശല്യം. രാത്രി വാതിലില്‍ മുട്ടുന്നത് കേട്ട്, വാതില്‍ തുറന്നുനോക്കിയാല്‍ ആരെയും കാണില്ല. പൂച്ച കരച്ചിലും, മറ്റ് അപസ്വരങ്ങളും, ചാത്തനേറുമെല്ലാം നിത്യേനയുള്ള സംഭവങ്ങളാണ്. പിള്ളസാര്‍ ശരിക്കൊന്നുറങ്ങിയിട്ട് നാള് കുറെയായി.
പരാതി അസീസ്ക്കയുടെ അടുത്തെത്തിയെങ്കിലും, ശരിക്ക് വാടകപോലും തരാത്ത ഒരാളുടെ കാര്യത്തില്‍ അസീസ്ക്ക വലിയ താല്‍പ്പര്യമൊന്നും കാണിച്ചില്ല. പ്രേതശല്യം കാരണം പിള്ളസാര്‍ ഒഴിഞ്ഞുപോയാല്‍ ആ സിംഗിള്‍ റൂം മറ്റാര്‍ക്കെങ്കിലും, കുറച്ചുകൂടെ നല്ല വാടകയ്ക്ക് കൊടുക്കാമെന്ന് അസീസ്ക്കയും കരുതിക്കാണും.
ഞങ്ങളിത്രയും വീരശൂരപരാക്രമികളായ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികളിവിടെ താമസിക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ പ്രേതശല്യമോ? എങ്കിലാ പ്രേതത്തെ ഒന്നുകണ്ട് പരിചയപ്പെട്ടിട്ടുതന്നെ ബാക്കി കാര്യം. ഞങ്ങളില്‍ ചിലര്‍ ഇടപെടാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍, സേത്സ് റപ്പായി ജോലി ചെയ്യുന്ന പപ്പേട്ടന്‍ ഞങ്ങളോടാ രഹസ്യം തുറന്നു പറഞ്ഞു. പ്രേതശല്യവും, ചാത്തനേറും മറ്റും നടത്തുന്നത് പപ്പേട്ടന്‍ തന്നെയാണ്!!
വെറുതെ ഒരു തമാശയ്ക്കുവേണ്ടി പിള്ളസാറിന്റെ കതകില്‍ ഒന്നുരണ്ടുപ്രാവശ്യം തട്ടിയതായിരുന്നു തുടക്കം. പിള്ളസാര്‍ വിരണ്ടെന്നു കണ്ടപ്പോള്‍ അതൊരു സ്ഥിരം പരിപാടിയാക്കിയെന്നു മാത്രം. പിള്ളസാറിന്റെ എതിര്‍വശത്തെ മുറിയിലുള്ള മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന ഒരു പയ്യന്‍സും ഈ കലാപരിപാടിയില്‍ പപ്പേട്ടന്റെ സഹായിയായി കൂടൂം. പിള്ളസാര്‍ മനസ്സുതുറക്കുന്നതു മുഴുവനും ഈ പയ്യന്‍സിനോടായിരുന്നതുകൊണ്ട് അങ്ങേരുടെ മുഴുവന്‍ നീക്കങ്ങളും അപ്പപ്പോള്‍ത്തന്നെ പപ്പേട്ടനറിഞ്ഞുകൊണ്ടിരുന്നു.
പതുക്കെപ്പതുക്കെ ലോഡ്ജിലെ ഒരുമിക്ക എല്ലാ അന്തേവാസികളും ഈ പ്രേതകഥയുടെ രഹസ്യം മനസിലാക്കിത്തുടങ്ങി. അസീസ്ക്കയും അറിഞ്ഞിട്ടുണ്ടാകണം.
തുടര്‍ന്നുള്ള ദിവസങ്ങളില്‍, പപ്പേട്ടന്റെ ചാത്തനേറും കലാപരിപാടികളും വിപുലീകരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായി, ചാത്തനേറില്‍ ഞാനും സജ്ജീവപങ്കാളിയായി കൂടി.
പപ്പേട്ടന്റെ ഒന്നാം സഹായിയായ പയ്യന്‍സിന്റെ, സഹമുറിയനായ ബഷീര്‍ക്കയ്ക്ക്, ചാത്തനേറിന്റെ പിന്നാമ്പുറ രഹസ്യമൊന്നും അറിയില്ലായിരുന്നു. സ്വന്തം മുറിയിലുള്ളയാളാണ് പ്രേതത്തിന്റെ ഒന്നാം സഹായി എന്നുള്ളതുപോലും അറിയാത്ത ബഷീര്‍ക്ക, തലയണയ്ക്കടിയില്‍ ഒന്നാന്തരം ഒരു കത്തി കരുതിവച്ചിട്ടാണ് ഉറങ്ങിയിരുന്നത് . ചാത്തനോ മറുതായോ മറ്റോ വന്നാല്‍ എടുത്ത് പെരുമാറാന്‍ വേണ്ടിത്തന്നെ. അല്ലപിന്നെ.
ദിവസങ്ങള്‍ കുറെ കഴിഞ്ഞു. പിള്ളസാര്‍ ചില ദിവസങ്ങളില്‍ ലോഡ്ജിലേക്ക് വരാതായി. അങ്ങോര് വരുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ക്കുറക്കവുമില്ല. പിള്ളസാര്‍ മുറിയില്‍ക്കയറി കതകടച്ചുകഴിഞ്ഞാല്‍ ഞങ്ങളുടെ കലാപരിപാടികള്‍ ആരംഭിക്കുകയായി.
അന്നൊരുരാത്രി, പപ്പേട്ടന്‍ ഇത്തിരി കടുത്തൊരു ചാത്തനേറുതന്നെയാണ് നടത്തിയത്. പല മുറികളിലും വെളിച്ചമുണ്ട്. ആരും ഉറങ്ങിയിട്ടൊന്നുമില്ല. മുഴുത്ത വലിപ്പത്തിലുള്ള ഒരു ചെങ്കല്ലാണ് ഇത്തവണ പപ്പേട്ടന്‍ കയ്യിലെടുത്തത്. ഇത്രയും വലിയ കല്ലൊന്നും എറിയണ്ട പപ്പേട്ടാ എന്നുപറഞ്ഞ് തടയാനൊരു ശ്രമം ഞാന്‍ നടത്തും മുന്‍പ് ഏറുകഴിഞ്ഞു.
ഇടനാഴിയില്‍, പിള്ളസാറിന്റെ മുറിക്കുമുന്‍പിലായി കല്ലുവന്നു വീഴുന്ന ശബ്ദം കേട്ട് പിള്ളസാറടക്കം എല്ലാവരും അവരവരുടെ മുറിക്കുവെളിയിലിറങ്ങി. ഇടനാഴിയില്‍ മുഴുവന്‍ ചിന്നിച്ചിതറിക്കിടക്കുന്ന ചെങ്കല്ലിന്റെ ചെറുതും വലുതുമായ കട്ടകള്‍!!
പിള്ളസാര്‍ അതാ, കറണ്ടടിച്ച കാക്കയെപ്പോലെ നില്‍ക്കുകയാണ്.
ഇരുട്ടിന്റെ മറവില്‍നിന്നും വെളിയില്‍വന്ന്, ഒന്നുമറിയാത്തപോലെ ഞങ്ങളും ആള്‍ക്കൂട്ടത്തില്‍ ചേര്‍ന്നു. കഥയറിയുന്ന പലരുടേയും മുഖത്ത് ഒരു കള്ളച്ചിരി പരക്കുന്നുണ്ട്.
എനിക്ക് ചെറിയൊരങ്കലാപ്പ് തോന്നാതിരുന്നില്ല. പിള്ളസാറെങ്ങാനും മറിഞ്ഞുവീണ് മയ്യത്തായാല്‍ ഞങ്ങളുമൂന്നുപേരും തൂങ്ങിയതുതന്നെ. എന്തായാലും വിചാരിച്ച പോലെ കുഴപ്പമൊന്നുമുണ്ടായില്ല. പഴശ്ശിനിക്കടവ് മുത്തപ്പന്‍ കാത്തു.
പിന്നീട് , ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍, പപ്പേട്ടന്‍ തന്നെ മുന്‍കയ്യെടുത്ത്, ഞങ്ങളെല്ലാവരുംകൂടെച്ചേര്‍ന്ന് ഇടനാഴി മുഴുവന്‍ വൃത്തിയാക്കിയശേഷം പോയിക്കിടന്നുറങ്ങി.
അടുത്ത രണ്ടുദിവസത്തിനകം പിള്ളസാര്‍ മുറികാലിയാക്കി സ്ഥലം വിട്ടു. ചാത്തന്‍, മാടന്‍, മറുത, പ്രേതം, തുടങ്ങിയവയോടെല്ലാം അസീസ്ക്കയും മനസ്സറിഞ്ഞ് നന്ദി പറഞ്ഞുകാണും.
കുറച്ചു ദിവസങ്ങള്‍ക്കുശേഷം ലോഡ്ജിലാകെ ഒരു വാര്‍ത്ത പരന്നു!!!
അതിന്റെ സത്യാവസ്ഥയെക്കുറിച്ച് ഇപ്പോഴും എനിക്ക് വലിയ ഉറപ്പൊന്നുമില്ല.
ചാത്തനേറ് പൊടിപൊടിച്ചിരുന്ന ദിവസങ്ങളില്‍ പിള്ളസാര്‍ ഒരു കണിയാനെക്കണ്ട് പ്രശ്നം വെപ്പിച്ച് നോക്കിയിരുന്നുപോലും !! അതീവ ഗുരുതരമായ കാര്യങ്ങളാണ് പ്രശ്നവശാല്‍ തെളിഞ്ഞത്.
ലോഡ്ജില്‍, ഉഗ്രമൂര്‍ത്തികളായ, വീരപ്രേതം, ബ്രഹ്മരക്ഷസ്സ്, പണ്ടാരമൂര്‍ത്തി എന്നീ മൂന്ന് അത്മാക്കളുടെ ശല്യമുള്ളതുകൊണ്ട് അവിടം താമസയോഗ്യമല്ല. ജീവഹാനിവരെ സംഭവിക്കാന്‍ സാദ്ധ്യതയുള്ളതുകൊണ്ട്, എത്രയും പെട്ടെന്ന് താമസം മാറുന്നതായിരിക്കും അഭികാമ്യം. പിള്ളസാര്‍ പെട്ടെന്ന് സ്ഥലം കാലിയാക്കിയതിന്റെ കാരണമിനി പ്രത്യേകിച്ച് വിശദീകരിക്കേണ്ടല്ലോ?
സംഭവം കഴിഞ്ഞിട്ട് 17 വര്‍ഷത്തിനുമുകളിലായെങ്കിലും, ഇപ്പോഴും പിടികിട്ടാത്ത ഒരു കാര്യമുണ്ട് ?
വീരപ്രേതം, ബ്രഹ്മരക്ഷസ്സ്, പണ്ടാരമൂര്‍ത്തി !!!
ഇതിലേതായിരുന്നു ഈയുള്ളവന്‍ ??