ഓർമ്മക്കുറിപ്പുകൾ

manorama-ak-471-1

എ.കെ.47






ചെറുപ്പത്തില്‍ കളിത്തോക്കുകള്‍ സ്വന്തമായിട്ടില്ലാത്ത കുട്ടികള്‍ ഈ തലമുറയില്‍ വിരളമായിരിക്കും, പ്രത്യേകിച്ച്‌ ആണ്‍കുട്ടികള്‍. എന്റെ തലമുറയില്‍ ഏതായാലും, കളിത്തോക്കില്ലാതിരുന്ന കുട്ടികള്‍ ഒരുപാടുണ്ടാകും, ഞാനടക്കം. എനിക്കു്‌ കളിപ്പാട്ടങ്ങള്‍ തന്നെ ഇല്ലായിരുന്നു.

അതിന്റെയെല്ലാം വിഷമം തീര്‍ത്തുകൊണ്ടു്‌, ഒരിക്കല്‍ ശരിക്കുള്ള തോക്കുതന്നെ ഉപയോഗിക്കാന്‍ അവസരം കിട്ടി.(2002 സെപ്റ്റംബര്‍ മാസത്തിലാണു്‌ സംഭവം. തീയതി ഓര്‍മ്മയില്ല.)

അതും സാധാരണ തോക്കൊന്നുമല്ല്ല. റഷ്യക്കാരന്‍ മിഖായെല്‍ കലാഷ്ണിക്കോവ്‌ ഡിസൈന്‍ ചെയ്തതും, മറ്റേതൊരു അസള്‍ട്ട്‌ റൈഫിളിനേക്കാള്‍ക്കൂടുതലായി ഇപ്പോഴും നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതുമായ, സാക്ഷാല്‍ അവ്ട്ടോമാറ്റ്‌ കലാഷ്ണിക്കോവ്‌ എന്ന എ.കെ.-47 തന്നെ.

സുരേഷ് ഗോപിയുടെ ഒരു ആക്ഷന്‍ സിനിമയില്‍, എന്‍.എഫ്. വര്‍ഗ്ഗീസ്സ്‌ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം, ഒരു ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായി കൈയ്യില്‍ക്കിട്ടുന്ന എ.കെ.-47 എടുത്ത്‌, ആര്‍ത്തിയോടെ ആകാശത്തേക്ക്‌ നിറയൊഴിക്കുന്ന ഒരു രംഗം, രോമാഞ്ചത്തോടെയാണ്‌ കണ്ടിരുന്നിട്ടുള്ളത്‌.

തോക്കുകളുടെ കൂട്ടത്തിലെ ആ കില്ലാടിയെയാണ്‌ നേരിട്ട്‌കാണാനും, തൊടാനും, പിന്നെ വലത്തെ തോളില്‍ പാത്തി ചേര്‍ത്തുവെച്ച്‌ നിറയൊഴിക്കാനും കഴിഞ്ഞതെന്നോര്‍ക്കുമ്പോള്‍, ഇപ്പോഴും കുളിരുകോരിയിടുന്നു. കുറച്ചൊന്നുമല്ല. ഒന്നൊന്നര ടണ്‍ കുളിരു്‌.

എണ്ണപ്പാടത്തെ ജോലിസംബന്ധിച്ച്‌ ‘യമന്‍’ എന്ന രാജ്യത്ത്‌ ആദ്യമായി പോയതു്‌ 2002 സെപ്റ്റംബറിലാണ്‌. യമന്റെ തലസ്ഥാനമായ ‘സന’ യില്‍ ഹോട്ടല്‍മുറിയിലാണ്‌ ആദ്യത്തെദിവസം താമസിച്ചത്‌. അടുത്തദിവസം മാരിബ്ബ്‌ വഴി സാഫിര്‍ എന്ന സ്ഥലത്തേക്ക്‌ പോകണം. ‘കാല്‍വാലി സൈപ്രസ്‌ ‘ എന്നു പേരുള്ള ഒരു വിദേശകമ്പനിയുടെ ഓണ്‍ഷോര്‍ റിഗ്ഗിലേക്കാണ്‌ യാത്ര. കമ്പനിയുടെ പ്രതിനിധി കൂട്ടിക്കൊണ്ടുപോകാന്‍ ഹോട്ടലില്‍ വരുമെന്നാണ്‌ കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. രാവിലെതന്നെ കുളിച്ച്‌ കുട്ടപ്പനായി യാത്രയ്ക്കുവേണ്ടി തയ്യാറായിരുന്നു.
കുറച്ചുകഴിഞ്ഞപ്പോള്‍ മുറിയിലെ ഫോണ്‍ ചിലച്ചു. റിസപ്‌ഷനില്‍നിന്നാണ്‌. കൂട്ടിക്കോണ്ടുപോകാനുള്ള ആള്‍ വന്നിരിക്കുന്നു. ബാഗുമെടുത്ത്‌ താഴെ റിസപ്‌ഷനില്‍ച്ചെന്നപ്പോളതാ കമ്പനിയുടെ പ്രതിനിധി കാത്തുനില്‍ക്കുന്നു. അഞ്ചരയടിപ്പൊക്കവും, അതുനുതക്കവണ്ണവുമുള്ള ഒരു അരോഗദൃഢഗാത്രന്‍.

പണ്ട്‌ നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ ഇട്ടിരുന്ന മാക്സി പോലുള്ള ഒന്നാണ്‌ വേഷം. കണങ്കാലിനു മുകളില്‍വരെ ഇറക്കം കാണും. ചെറിയ ചെറിയ, ചുവപ്പും, വെളുപ്പും കള്ളികളുള്ള തുണികൊണ്ട്‌ തലയില്‍ക്കെട്ടിയിരിക്കുന്നു. മുഖത്ത്‌ വലത്തേക്കവിളില്‍ സാമാന്യം വലിയ ഒരു ചെറുനാരങ്ങയുടെ വലുപ്പത്തില്‍ തേനീച്ച കുത്തിയതുപോലുള്ള ഒരു മുഴ. മാക്സിയെ രണ്ടായി വിഭജിച്ചുകൊണ്ട്‌ അരയില്‍ ഇറച്ചിവെട്ടുകാരന്‍ അദ്രുമാന്‍ കെട്ടുന്നതുപോലുള്ള നാലിഞ്ച്‌ വീതിയുള്ള ബെല്‍റ്റ്‌. ഈ ബെല്‍റ്റില്‍ ഒരു വശത്ത്‌ മൊബൈല്‍ ഫോണ്‍ ഒന്ന്‌ തൂക്കിയിട്ടിരിക്കുന്നു. മദ്ധ്യഭാഗത്ത്‌ ഒരടിയോളം നീളമുള്ള, അറ്റംവളഞ്ഞതും, ചിത്രപ്പണികള്‍ചെയ്ത തുകലുറയുള്ളതുമായ, മരത്തിന്റെ പിടിയുള്ള ഒരു കത്തി. നിറയെകൊത്തുപണികളുള്ള ഈ മരപ്പിടി നെഞ്ചൊപ്പം ഉയര്‍ന്നുനില്‍ക്കുന്നു.

ബെല്‍റ്റിന്റെ മറുവശം കണ്ടപ്പോള്‍ അന്തപ്രാണന്‍കത്തി. മൊബൈല്‍ഫോണ്‍ തൂങ്ങിക്കിടക്കുന്നതിനേക്കാള്‍ ലാഘവത്തോടെ ഞാന്നുകിടക്കുന്നു ഒന്നാന്തരമൊരു കൈത്തോക്ക്‌.

എന്റമ്മേ…

ഈ പഹയന്‍ എന്നെ റിഗ്ഗിലേക്ക്‌ ‌കൊണ്ടുപോകാന്‍ വന്നതാണോ, അതോ തട്ടിക്കൊണ്ടുപോയി വിലപേശാനുള്ള പരിപാടിയാണോ? എന്തായാലും രണ്ടിലൊന്ന്‌ അറിഞ്ഞിട്ടുമതി എവന്റെകൂടെയുള്ള യാത്ര.

റിസപ്‌ഷനിസ്റ്റിനോട്‌ ചെന്ന്‌ കാര്യം ചോദിച്ചു. ഈ യമകിങ്കരന്‍തന്നെയാണോ എന്നെ കെട്ടിയെടുക്കാന്‍വന്നിരിക്കുന്നതു്‌ ? എവന്റെ നെഞ്ചത്തെന്താ കത്തിയും, കൃപാണും, തോക്കുമെല്ലാം തൂക്കിയിട്ടിരിക്കുന്നതു്‌ ? തോക്കിലിടാനുള്ള ഉണ്ടയാണോ ഇവന്റെ വലത്തേക്കവിളില്‍ മുഴച്ചിരിക്കുന്നത്‌ ?

റിസപ്‌ഷനിസ്റ്റ്‌ ഒരു ചെറുചിരിയോടെ അറിയാവുന്ന ഇംഗ്ലീഷില്‍ കാര്യം മനസ്സിലാക്കിത്തന്നു. യമന്‍ മരുഭൂമിയിലൂടെയുള്ള ദീര്‍ഘയാത്ര വിദേശികള്‍ക്കുമാത്രമല്ല, തദ്ദേശവാസികള്‍ക്കുപോലും അത്ര അഭികാമ്യമല്ല. മരുഭൂമിയിലെ സ്ഥിരതാമസക്കാരായ ” ബദു” എന്ന ഓമനപ്പേരിലറിയപ്പെടുന്ന മിടുക്കന്മാര്‍, കത്തിയോ, തോക്കോ കാണിച്ച്‌, നിങ്ങള്‍ ‍സഞ്ചരിക്കുന്ന വാഹനവും, പിന്നെ, അടിവസ്ത്രമടക്കമുള്ള സ്ഥാവരജംഗമവസ്തുക്കളും അടിച്ചുമാറ്റിക്കളയും. എതിര്‍ക്കാന്‍ നിന്നാലോ, അടിവസ്ത്രം ഊരാന്‍ അമാന്തം കാണിച്ചാലോ, ബദു ചേകവന്മാര്‍, ചുരികത്തലപ്പുകൊണ്ടോ, വെടിയുണ്ടകൊണ്ടോ കണക്കുതീര്‍ക്കും.

പിന്നെ, ഈ വന്നിരിക്കുന്നവന്റെ വായില്‍ക്കിടക്കുന്നതു്‌ വെടിയുണ്ടയൊന്നുമല്ല. അതു്‌ ഞങ്ങള്‍ യമനികള്‍ ഒരു നേരംപോക്കിനുവേണ്ടി ചവയ്ക്കുന്ന ഗാട്ടെന്നുവിളിക്കുന്ന ഒരുതരം ഇലയുടെ ചണ്ടിയാണ്‌. ഇല ചവച്ചരച്ച്‌ നീരുകുടിച്ചശേഷം ചണ്ടി കവിളില്‍ത്തന്നെ സൂക്ഷിക്കും, രാത്രി കിടക്കാന്‍ ‍പോകുന്നതിനുമുന്‍പ് എപ്പോളെങ്കിലും തുപ്പിക്കളഞ്ഞാലായി.

ഈ ‍ വന്നിരിക്കുന്ന ഗാട്ടുതീറ്റക്കാരന്‍ നിന്റെ വഴികാട്ടിയും, ഡ്രൈവറും, ബോഡിഗാര്‍ഡും കൂടെയാണ്‌. 3 ഇന്‍ 1. എന്‍ജോയ്‌ യുവര്‍സെല്‍ഫ്‌.

അന്തോണീസുണ്യാളാ…… ചതിച്ചല്ലോ. ഇത്രയും പുലിവാലുള്ള ഈ ദുനിയാവിലേക്കാണോ പണിക്കാണെന്നും പറഞ്ഞ്‌ അബുദാബിയില്‍നിന്നും കേറ്റിവിട്ടതു്‌ !!!

എന്തുചെയ്യണമെന്നറിയാതെ മിഴിച്ചുനില്‍ക്കുമ്പോഴേക്കും വണ്ടി സ്റ്റാര്‍ട്ടായിക്കഴിഞ്ഞു. മനസ്സില്ലാമനസ്സോടെ വണ്ടിക്കകത്തുകയറി ഇരുന്നു. വരുന്നിടത്തുവെച്ചുകാണാം. അത്രതന്നെ.

3 ഇന്‍ 1 ന്റെ പേര്‌ ചോദിച്ച്‌ മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോളാണ്‌ ഒരു കാര്യം മനസ്സിലായത്‌. അറബിയല്ലാതെ മറ്റൊരു ഭാഷയും ട്യൂണാകുന്നില്ല. ഇപ്പൊ മുഴുവനായി. കൂനിന്മേല്‍ കുരു, അതിന്റെ മുകളില്‍ ചൊറി, എന്നു പറഞ്ഞപോലെ. വള്ളത്തോള്‍ നഗറിലും, കലാമണ്ഡലത്തിലുമുള്ള സകല കലാകാരന്മാരെയും മനസ്സില്‍ധ്യാനിച്ചുകൊണ്ടുള്ള ഒരു പ്രകടനമായിരുന്നു അവിടന്നങ്ങോട്ട്‌.

പേരു്‌ പ്രവാചകന്റേതുതന്നെ. മൊഹമ്മദ്‌. അതില്‍ക്കൂടുതലൊന്നും അറിഞ്ഞിട്ട്‌ പ്രത്യേകിച്ച്‌ പ്രയോജനം ഉണ്ടെന്നുതോന്നാഞ്ഞതുകൊണ്ട്‌ ആട്ടക്കഥയ്ക്കു്‌ താല്‍ക്കാലിക വിരാമമിട്ടു. അന്യായവേഗതയിലാണു്‌ വണ്ടി ഓടിക്കൊണ്ടിരിക്കുന്നതു്‌. 100 കിലോമീറ്ററില്‍ താഴെ വേഗതയില്‍ ഓട്ടിക്കുന്നത്‌ ഈ രാജ്യത്തു്‌ ക്രിമിനല്‍ക്കുറ്റമോ മറ്റോ ആണോ? ആര്‍ക്കറിയാം? ആരോട് ‌ചോദിക്കാനാണ്‌ ?

10 മിനിറ്റോളം യാത്രചെയ്തുകാണും. ചെക്ക്‌പോസ്റ്റ്‌ പോലുള്ള ഒരിടത്തുവണ്ടിനിര്‍ത്തി മൊഹമ്മദ്‌ അപ്രത്യക്ഷനാകുന്നു. ഒന്നുരണ്ട്‌ പട്ടാളക്കാര്‍ വണ്ടി വളഞ്ഞ്‌ , അറബിയിലെന്തോ ചോദിച്ചു. എനിക്കെന്തുമനസ്സിലാകാനാ? അവന്മാരിനി മലയാളത്തില്‍ച്ചോദിച്ചാലും എനിക്കു്‌ മനസ്സിലാക്കാന്‍ പറ്റില്ല. എല്ലാവര്‍ക്കും ഏതെങ്കിലുമൊരു കവിളില്‍ ഗാട്ട്‌ മുഴയുണ്ട്‌. അതിനുള്ളില്‍ക്കൂടെ ഒരു ഭാഷയും നേരെ ചൊവ്വെ പുറത്തുവരുമെന്ന്‌ എനിക്കു്‌ തോന്നിയില്ല.

അതിനിടയില്‍ ഒരു പട്ടാളക്കാരന്‍ വണ്ടിയിലേക്ക്‌ കൈയിട്ട്‌ ഡാഷ്‌ബോര്‍ഡില്‍നിന്നും ഒരു കടലാസ്സ്‌ വലിച്ചെടുത്തു. എന്നെത്തട്ടിക്കളയാനുള്ള വാറണ്ടൊ മറ്റോ ആണോ പടച്ചോനേ!! രണ്ടുപേരും അറബിയിലെന്തോ പിറുപിറുത്തു. ആര്‌ തട്ടണമെന്നു്‌ തീരുമാനിക്കുകയായിരിക്കും. പെട്ടെന്നതാ ഒരു പട്ടാളക്കാരന്‍ എന്റെ നേരെ കൈ നീട്ടുന്നു, പിടിച്ച് കുലുക്കുന്നു.

“അസ്സലാമാലൈക്കും”.

ഒട്ടും താമസിയാതെ മറുപടി കൊടുത്തു.
“വാ അലൈക്കും ഉസലാം”
(നാടോടിക്കാറ്റ്‌ സിനിമയിലെ ഗഫൂര്‍ക്കയ്ക്കു്‌ നന്ദി. ഇപ്പറഞ്ഞ മറുപടി പഠിപ്പിച്ചുതന്നതു്‌ അങ്ങോരാണല്ലോ.)

“ആദാ ഹിന്ദി ? ” ദേ വരുന്നു അടുത്ത ചോദ്യം.

“ആദാ ആദാ….” എന്നു മറുപടിയും കൊടുത്തു.

അപ്പോളേക്കുമതാ എവിടെനിന്നോ മൊഹമ്മദ്‌ പ്രത്യക്ഷപ്പെടുന്നു. ദുഷ്ടാ…എന്നെക്കൊല‌യ്ക്ക് കൊടുത്തിട്ട്‌ എവിടെപ്പോയിക്കിടക്കുവായിരുന്നു?

വണ്ടിയില്‍നിന്നെടുത്ത മരണവാറണ്ട്‌ മൊഹമ്മദിന്‌ തിരിച്ചുകൊടുത്തുകൊണ്ട് രണ്ടാമത്തെ പട്ടാളക്കാരന്റെ കല്‍പ്പന വരുന്നു. ” യാ അള്ളാ റോഹ്‌ ”

പടച്ചോന്‍ കാത്തു. കൊല്ലുന്നില്ലെന്ന്‌ തോന്നുന്നു. മുഹമ്മദ്‌, ഡ്രൈവര്‍ സീറ്റില്‍ക്കയറിയിരുന്ന്‌ ഡോറടച്ചു. അതിനുശേഷമായിരുന്നു ത്രില്ലടിപ്പിക്കുന്ന ആ രംഗം.

തന്റെ വലത്തെത്തോളില്‍ത്തൂക്കിയിട്ടിരുന്ന എന്തോ ഒന്നെടുത്ത്‌ ഞങ്ങളുടെ രണ്ടുപേരുടേയും സീറ്റിനിടയിലുള്ള ഗ്യാപ്പില്‍ സ്ഥാപിക്കുന്നു കക്ഷി. അതു്‌ മറ്റൊന്നുമല്ല. കഥാനായകന്‍ എ.കെ.- 47 തന്നെ. മാഗസ്സീനെന്നൊ, കാട്ട്റിഡ്‌ജെന്നോ വിളിക്കുന്ന സാധനം വേര്‍പെടുത്തി ഡാഷിനകത്തു്‌ വെക്കുന്നു. ഞാനെന്താണീക്കാണുന്നത്‌. കണ്ണുകളെ വിശ്വസിക്കണോ? വേണ്ടയോ? നിര്‍ന്നിമേഷനായി അതിനെത്തന്നെ നോക്കിയിരുന്നു, കുറെയധികംനേരം.

ഇവനെപ്പറ്റി കുറെയധികം സംശയങ്ങളുണ്ട്‌.
എന്തുവില വരും?
എത്ര റേഞ്ച്‌ കിട്ടും?
എത്ര റൌണ്ട്‌ വെടിവെക്കാം?
ഒരുണ്ടയ്ക്കു്‌ എന്തുവില വരും?
നിങ്ങള്‍ക്കിതെവിടെനിന്ന്‌ കിട്ടുന്നു?
ഇതെടുത്ത്‌ എപ്പോഴെങ്കിലും പ്രയോഗിക്കേണ്ടിവന്നിട്ടുണ്ടോ?
ഉണ്ടെങ്കില്‍ എത്രപേരെ ഇതുവരെ അവസാനിപ്പിച്ചിട്ടുണ്ട്‌ ?

അങ്ങിനെ പോകുന്നു സംശയങ്ങളുടെ കൂമ്പാരം. പക്ഷെ മൊഹമ്മദിനോടെങ്ങിനെ ചോദിക്കും?അതിനുംവേണ്ടിയുള്ള കഥകളിയൊന്നും എനിക്കറിയില്ല. വണ്ടി വീണ്ടും കുതിച്ചുപാഞ്ഞു. ഞാനെന്റെ സംശയങ്ങളുമായി മനസ്സില്‍ മല്ലടിച്ചു. ഉച്ചയ്ക്കു്‌ ഒരു മണിയായിക്കാണും. ഭക്ഷണം കഴിക്കാന്‍വേണ്ടിയായിരിക്കണം, വണ്ടി സൈഡായി. റസ്റ്റോറന്‍ഡ്‌ എന്നൊന്നും പറയാന്‍ പറ്റില്ല. നമ്മുടെ നാട്ടിലെ ഏറ്റവും തല്ലിപ്പൊളി ധാബകളേക്കാളും ദാരിദ്ര്യംപിടിച്ച ഒരു കൂര. ഒറ്റ നോട്ടത്തില്‍ത്തന്നെ മനംമടുക്കും. പക്ഷെ ആ ഏരിയായിലെങ്ങും ഇതിനേക്കാള്‍ ബെസ്റ്റ്‌ ഭക്ഷണം കിട്ടുന്ന വേറൊരു സ്ഥലം ഉണ്ടെന്നുതോന്നുന്നില്ല. വിശന്നിട്ടുവയ്യ. എന്തെങ്കിലുമാകട്ടെ. കിട്ടുന്നതു്‌ വെട്ടിവിഴുങ്ങാം.

മൊഹമ്മദ്‌ എ.കെ. – 47 നും എടുത്ത്‌, നിലത്തുവിരിച്ചിരുന്ന പായപോലുള്ള ഒന്നില്‍ ഇരിപ്പായി. മേശയും, കസേരയും, ഒന്നുമില്ല. എല്ലാവരും നിലത്തുതന്നെയാണ്‌ ഇരിപ്പ്‌. നാലും അഞ്ചുംപേര്‍ വളഞ്ഞിരുന്ന്‌ വലിയ തളികപോലുള്ള പാത്രത്തില്‍നിന്ന്‌ വാരിവിഴുങ്ങുന്നു. വേറെ വേറെ പാത്രത്തിലൊന്നും തിന്നാന്‍ പറ്റുമെന്ന്‌ തോന്നുന്നില്ല. ഒരു പാത്രത്തില്‍ ഉണ്ട്‌, ഒരു പായയില്‍ ഉറങ്ങിയെന്നൊക്കെ പറയുന്നത്‌ ഇവരെപ്പറ്റിയായിരിക്കും!

പാക്കിസ്ഥാനികളുണ്ടാക്കുന്നപോലുള്ള വലിയ റൊട്ടിയും, മട്ടന്‍ ബിരിയാണിയും, ജീവിതത്തിലിതുവരെ കാണാത്തൊരു വെജിറ്റബിള്‍ കറിയും കൊണ്ടുവന്നുവച്ചു, മറ്റൊരു മാക്സിക്കാരന്‍. മാക്സി വെള്ളംകണ്ടിട്ടൊരു സെമസ്റ്ററെങ്കിലുമായിക്കാണും. വെജിറ്റബിള്‍ക്കറിയൊഴിച്ച്‌ ബാക്കിയെല്ലാം ഒറ്റപ്പാത്രത്തില്‍ത്തന്നെ. നാലാള്‍ക്കുള്ള ഭക്ഷണമെങ്കിലും കാണും.

മൊഹമ്മദ്‌ തലങ്ങും വിലങ്ങും നോക്കാതെ അറഞ്ഞുകയറ്റിത്തുടങ്ങി. അതിനിടയില്‍ റൊട്ടിപിടിച്ചുനോക്കി മുഷിഞ്ഞ മാക്സിക്കാരനോടെന്തോ പറഞ്ഞു . അയാളും റൊട്ടിയിലാകെ പിടിച്ചുനോക്കിയശേഷം അതെടുത്തുകൊണ്ടുപോയി, പകരം വേറൊന്ന്‌ കൊണ്ടുവന്നിട്ടു. ഈ വന്ന റൊട്ടിയിലും എത്ര യമനികള്‍ പിടിച്ച്‌ പരിശോധന നടത്തിക്കാണുമെന്നാര്‍ക്കറിയാം? അതുകൊണ്ട്‌ റൊട്ടി തിന്നണ്ടെന്നു്‌ തീരുമാനിച്ചു. മൊഹമ്മദ്‌ കൈയിട്ട്‌ കൂട്ടിക്കുഴക്കാത്തഭാഗംനോക്കി, ജീവന്‍ കിടക്കാന്‍ വേണ്ടിമാത്രം, കുറച്ച്‌ ബിരിയാണിയുടെ ചോറ്‌ തിന്നു. പെട്ടെന്നെഴുന്നേറ്റ്‌ കൈകഴുകിവന്നപ്പോള്‍ മൊഹമ്മദെന്തോ അറബിയില്‍ ചോദിച്ചു. വിശപ്പ്‌ മാറിയോ? ഭക്ഷണം ഇഷ്ടപ്പെട്ടില്ലെ? അങ്ങിനെയെന്തെങ്കിലുമായിരിക്കും. വയറുനിറഞ്ഞെന്ന്‌ ആംഗ്യം കാണിച്ചു. ഇഷ്ടന്‍ വീണ്ടും ഭോജനപ്രക്രിയ തുടര്‍ന്നു. ഞാന്‍ പായയില്‍ക്കിടക്കുന്ന എ.കെ.- 47നേയും നോക്കിക്കൊണ്ട്‌ അവിടെത്തന്നെയിരുന്നു. ഇച്ചങ്ങാതി ഭക്ഷണം കഴിച്ചുകഴിയുന്നതുവരെ കഥാനായകനെയെടുത്തൊന്ന്‌ താലോലിക്കണമെന്നും, അവന്റെ തൂക്കം നോക്കണമെന്നുമൊക്കെ മനസ്സിലാഗ്രഹമുണ്ടായിരുന്നെങ്കിലും മൊഹമ്മതെങ്ങിനെ പ്രതികരിക്കുമെന്നറിയാത്തതുകൊണ്ട്‌ ആ ആശ മനസ്സില്‍ത്തന്നെ അടക്കം ചെയ്തു.

ഭക്ഷണത്തിനുശേഷം വീണ്ടും 4 മണിക്കൂര്‍ യാത്ര. തോക്കു്‌ എന്റെ കൈയെത്തുംദൂരെത്തന്നെയുണ്ട്‌. ഇപ്രാവശ്യം വരുന്നതുവരട്ടെയെന്നുകരുതി, മൊഹമ്മദ്‌ കാണ്‍കെത്തന്നെ ഞാനവനെയൊന്ന് തൊട്ടുതലോടി. മൊഹമ്മദൊന്നും പറഞ്ഞില്ല. എനിക്കു്‌ സന്തോഷമായി. അത്രയെങ്കിലും സാധിച്ചല്ലോ.

പത്താമത്തെയൊ മറ്റൊ ചെക്കു്‌പോസ്റ്റ്‌ കഴിഞ്ഞുകാണും. റോഡിന്റെ ഒരു വശത്ത്‌ ചെറിയൊരാള്‍ക്കൂട്ടം. വണ്ടി സൈഡാക്കി മൊഹമ്മദും അക്കൂട്ടത്തില്‍ ലയിക്കുന്നു. അവിടെ ഗാട്ട്‌ വില്‍പ്പന നടക്കുകയാണു്‌. കൂട്ടത്തിലെല്ലാവരുടേയും തോളില്‍ കഥാനായകന്‍ തൂങ്ങിക്കിടക്കുന്നുണ്ട്‌. മൊഹമ്മദ്‌ ഗാട്ട്‌ വാങ്ങിവരുമ്പോളേക്കും മറ്റൊരു കൂട്ടം ജനങ്ങള്‍ റോഡിന്റെ മറുവശത്തുനിന്നും, ഗാട്ട്‌ വില്‍പ്പനകേന്ത്രവും കടന്ന്‌ മുന്നോട്ട്‌ നീങ്ങി. എല്ലാവരും അലക്കിത്തേച്ച പുത്തന്‍ മാക്സികളാണ്‌ ധരിച്ചിരിക്കുന്നത്‌. ഒരു കല്യാണഘോഷയാത്രയാണെന്നു തോന്നുന്നു. മണവാളനെപ്പോലെ അണിഞ്ഞൊരുങ്ങിയ ഒരു മിടുക്കനെ കൂട്ടത്തില്‍ക്കാണാം. എല്ലാവരും തോക്കുധാരികള്‍തന്നെ. പെട്ടെന്നെല്ലാവരും നില്‍ക്കുന്നു. തോക്ക്‌ തോളില്‍തിന്നുമെടുത്ത്‌ മുകളിലേക്കുയര്‍ത്തി, നമ്മുടെ നാട്ടില്‍ ചില മന്ത്രിപുംഗവന്മാര്‍ മരിച്ചാല്‍, പൊലീസുകാര്‍ കൊടുക്കുന്ന സെറിമോണിയല്‍ (ആചാര)വെടി പോലെ, ഒരു റൌണ്ട്‌ വെടിയുതിര്‍ക്കുന്നു. നമ്മുടെ നാട്ടില്‍ കല്യാണപ്പാര്‍ട്ടി വരുമ്പോള്‍ പനിനീര്‌ തളിക്കുന്നതുപോലെ, ഇന്നാട്ടില്‍ ഇങ്ങനെയായിരിക്കും സ്വീകരണം. ആര്‍ക്കറിയം!?

വൈകുന്നേരമായപ്പോഴേക്കും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി. ഇതിനിടയില്‍ കുറഞ്ഞതു്‌ 20 പട്ടാളച്ചെക്ക്‌ പോസ്റ്റിലെങ്കിലും വണ്ടി നിറുത്തിയിരുന്നു. ആവശ്യത്തിന്‌ തോക്കും തിരകളും കൈയ്യിലുണ്ടോ എന്നാണ്‌ ചെക്കിങ്ങ്‌. എന്നെക്കാണുമ്പോള്‍, ഹിന്ദി, ഹിന്ദി എന്നുപറഞ്ഞ്‌ പെട്ടെന്ന്‌ കടത്തിവിട്ടിരുന്നു. (ഹിന്ദിയല്ലെങ്കില്‍ എന്തുചെയ്യുമായിരുന്നു?ഹിന്ദി പഠിച്ചശേഷം പോയാമ്മതി ഊവെ എന്നുപറഞ്ഞ്‌ തടഞ്ഞുവെക്കുമായിരുന്നിരിക്കും !!!) ഒരുപാടു്‌ യമനികള്‍ ഹൈദരാബാദിലും മറ്റും വന്ന്‌ കല്യാണം കഴിച്ചിട്ടുണ്ടത്രേ! അതിന്റെ ഒരു സ്നേഹവും, സന്തോഷവുമാണത്രെ ഹിന്ദിക്കാരോട്‌. ഈ പട്ടാളക്കാരില്‍ ചിലരുടെയെങ്കിലും അമ്മമാര്‍ ഇന്ത്യക്കാരികളെല്ലന്നാരുകണ്ടു.

റിഗ്ഗിരിക്കുന്നതിനുചുറ്റും മൊട്ടക്കുന്നുകളാണ്‌. കുന്നെന്ന്‌ തീര്‍ത്തുപറയാന്‍പറ്റില്ല. ചെറിയ മലകള്‍ തന്നെ. റിഗ്ഗില്‍നിന്നും കുറച്ചുമാറി, ഒന്നുരണ്ടിടത്ത്‌ പട്ടാളക്കാരുടെ ടെന്‍ഡുകളുണ്ട്‌. ഞങ്ങള്‍ക്കുള്ള സെക്യൂരിറ്റിയാണ്‌.

ടെന്‍ഡിനുമുന്‍പില്‍, തുറന്ന ജീപ്പിനുമുകളില്‍, റാംബോ സിനിമയില്‍ സില്‍വസ്റ്റര്‍ സ്റ്റാലന്‍ എടുത്തു പൊക്കിയിരുന്നതുപോലെയുള്ള, 5 അടി നീളവും, അതിനൊത്ത കനവുമുള്ള ഭീമാകാരനായ തോക്കൊരെണ്ണം പിടിപ്പിച്ചിരിക്കുന്നു. അതിനുകുറുകെ മാല മാലയായി കോര്‍ത്തിട്ട ബുള്ളറ്റിന്റെ ബെല്‍റ്റ്‌ തൂങ്ങിക്കിടക്കുന്നു. മറ്റൊരു ജീപ്പില്‍ റോക്കറ്റ്‌ ലോഞ്ചര്‍ ഒരെണ്ണമാണു്‌ കയറ്റിവച്ചിരിക്കുന്നതു്‌. യൂണിഫോമിലും അല്ലാതെയും ആഞ്ചാറ്‌ പട്ടാളക്കാര്‍ ഗാട്ടിന്റെ ഉണ്ടയും കവിളിലിട്ട്‌‌ കറങ്ങിനടക്കുന്നു. എണ്ണപ്പാടത്തെപ്പണിക്കാണോ, യുദ്ധക്കളത്തിലേക്കാണോ വന്നിരിക്കുന്നതെന്ന്‌ ചെറിയ സംശയം തോന്നാതിരുന്നില്ല.

ഒരാഴ്ചയോളം അവിടെ ജോലിയുണ്ടായിരുന്നു. ഒന്നുരണ്ടുദിവസം കഴിഞ്ഞപ്പോള്‍‍ ധൈര്യം സംഭരിച്ച്‌, ക്യാമറയും കൈയ്യിലെടുത്ത്‌, പട്ടാള ടെന്‍ഡുകളുടെ പരിസരത്തുക്കൂടെയൊക്കെയൊന്ന്‌ കറങ്ങിനോക്കി. കൂടുതലെന്തെങ്കിലും യുദ്ധസാമഗ്രികള്‍ കാണാന്‍പറ്റുമോ എന്നാണ്‌ ശ്രമം.

അതിനിടയില്‍ പട്ടാളക്കാരനൊരാളുടെ കണ്ണില്‍പ്പെട്ടു. ചതിച്ചോ ദൈവമേ….. ?

പക്ഷെ പ്രതീക്ഷിച്ചതിനുവിപരീതമായി, ഹാര്‍ദ്ദവമായ സ്വീകരണമാണ്‌ കിട്ടിയതു്‌. ടെന്‍ഡിനകത്തുവിളിച്ചിരുത്തി, ചെറിയ ഒരു ഗ്ലാസ്സില്‍ ”കാവ” തന്നു. എന്തൊക്കെയോ അറബിയില്‍പ്പറഞ്ഞു. ഹിന്ദി എന്നു പറയുമ്പോള്‍ മാത്രം, ഞാന്‍ ” ആദ ആദ” എന്നുപറഞ്ഞുകൊണ്ടിരുന്നു. ക്യാമറ പുറത്തെടുത്ത്‌‌, ആംഗ്യം കാണിച്ചപ്പോള്‍ കൂടെനിന്ന്‌ ഫോട്ടോയെടുക്കാന്‍ സമ്മതിച്ചു, അറ്റന്‍‍ഷനില്‍ത്തന്നെ. ഇതിനിടയില്‍ തോക്കൊന്ന്‌ കൈയ്യില്‍ക്കിട്ടാന്‍ ഒരു ശ്രമം നടത്തിനോക്കി. ആ ശ്രമവും ഫലിച്ചു. അങ്ങിനെ ഞാന്‍ ആദ്യമായി എ.കെ. – 47 ഒരെണ്ണം കൈയ്യിലേറ്റുവാങ്ങി. അങ്കത്തിനുപുറപ്പെടുംമുന്‍പ്‌ ഗുരുവിന്റെ കൈയ്യില്‍നിന്നും, ഉടവാള്‍ ഏറ്റുവാങ്ങുന്ന, തച്ചോളി ഒതേനനെപ്പോലെ, കടത്തനാടന്‍ അമ്പാടിയെപ്പോലെ, ആരോമല്‍ ചേകവരെപ്പോലെ.

ഇനിയൊരാഗ്രഹം ബാക്കിയുള്ളത്‌ ഇവനെയെടുത്തൊന്ന്‌ പ്രയോഗിക്കണം എന്നുള്ളതാണ്‌. അതിവരോട്‌ ചോദിക്കാനുള്ള ധൈര്യം എനിക്കില്ല. ഉണ്ടാകുകയുമില്ല. നമ്മുടെ ഇന്ത്യാമഹാരാജ്യത്തെ ഏതെങ്കിലും ഒരു പട്ടാളക്കാരനെ അടുത്തുകിട്ടുമ്പോള്‍, ചേട്ടാ, ആ തോക്കൊന്നു തരുമോ, ഒരു റൌണ്ട്‌ വെടിവച്ചിട്ടുതരാം എന്നു പറഞ്ഞാലുള്ള അവസ്ഥയെന്തായിരിക്കും? ആലോചിക്കാന്‍തന്നെ വയ്യ. ഈ കേസിലാണെങ്കില്‍ ഭാഷപോലും വശമില്ല. വേണ്ട മോനേ. അപ്പൂതി മാത്രം വേണ്ട.

തോക്കുംപിടിച്ച്‌ ഇരുന്നും, നിന്നും കുറച്ചുകൂടെ പടങ്ങള്‍ എടുത്ത്‌ സ്ഥലം കാലിയാക്കി.

ഒരാഴ്ചയിലെ ജോലിക്കിടയില്‍ മുംബൈക്കാരന്‍ സുബ്രദ്‌ ദാലിനെ പരിചയപ്പെട്ടു. റിലയന്‍സിന്റെ ഡെപ്യൂട്ടി മാനേജരാണ്‌. റിലയന്‍സിന്‌, ഈ കമ്പനിയില്‍ 30% ഷെയര്‍ ഉണ്ടത്രെ. 30% ഷെയര്‍ യമന്‍ സര്‍ക്കാരിനാണ്‌. ബാക്കി 40 % ‘കാല്‍വാലി‘ക്കും. ഇടയ്ക്കിടയ്ക്കു്‌ റിലയന്‍സിന്റെ പ്രതിനിധിയായി സുബ്രദ്‌ ഇവിടെവരാറുണ്ട്‌. ജോലി കഴിഞ്ഞ്‌ സനയിലേക്ക്‌ സുബ്രദും, ഞാനും ഒരുമിച്ചാണ്‌ മടങ്ങിയത്‌. കൂട്ടത്തില്‍, എന്റെ കമ്പനിയിലെ മറ്റൊരു ജീവനക്കാരനും, യമനിയുമായ, സാലാ ഹനാനും ഉണ്ട്‌. ആറടിക്കുമുകളില്‍ പൊക്കവും, അതിനൊത്ത വണ്ണവുമുള്ള സാല ഹനാനെക്കണ്ടാല്‍ അല്ലാവുദ്ദീന്റെ അത്ഭുതവിളക്കില്‍നിന്നും പുറത്തുചാടിയ ഭൂതത്തെപ്പോലിരിക്കും.

മടക്കയാത്രയില്‍ അംഗരക്ഷകന്‍ മൊഹമ്മദല്ല. ഇപ്രാവശം, കണ്ടാല്‍ 16 വയസ്സുപോലും പ്രായം തോന്നിക്കാത്ത ഒരു കൊച്ചുചെറുക്കനാണു്‌ ആ റോള്‍ ഏറ്റെടുത്തിരിക്കുന്നതു്‌. പേരു്‌ അബ്ദുള്ള. മുഹമ്മദിനെയപേക്ഷിച്ച്‌ അബ്ദുള്ളയ്ക്കു്‌, ഒരു ഗുണമുണ്ട്‌. ഇഷ്ടന്‍ അത്യാവശം ഇംഗ്ലീഷും, ഹിന്ദിയും സംസാരിക്കും. ഇവന്റെ അമ്മ ചിലപ്പോള്‍ പരിഷ്ക്കാരിയും, വിദ്യാസമ്പന്നയുമായ ഒരു ഇന്ത്യാക്കാരിയായിരിക്കും. കൂടുതല്‍ സംസാരിച്ചപ്പോള്‍ ആ ഊഹം തെറ്റാണെന്ന്‌ മനസ്സിലായി. ഈ കക്ഷി പൂനയില്‍ ചെന്നു്‌ താമസിച്ച്‌ 2 വര്‍ഷം വിദ്യാഭ്യാസം ചെയ്തിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഇംഗ്ലീഷും, ഹിന്ദിയും സ്റ്റേഷനുകള്‍ ട്യൂണാകുന്നത്‌.

ഒരു മണിക്കൂറോളം യാത്ര ചെയ്തുകാണും. സുബ്രദും, ഞാനും പിന്‍സീറ്റിലിരിക്കുന്നു. മുന്‍പില്‍ സാല ഹനാനും, അബ്ദുള്ളയും. (മുന്‍പില്‍ അറബി സ്റ്റേഷന്‍. പുറകില്‍ ഹിന്ദി.) ഇടയ്ക്കെപ്പോളോ കുറച്ചുനേരം സാല ഹനാനും വണ്ടിയോടിച്ചു. എ.കെ.- 47 സാലയുടേയും, അബ്ദുള്ളയുടേയും ഇടയില്‍, കുത്തിനിര്‍ത്തിയിരിക്കുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ സുബ്രദ്ദിനൊരു സംശയം. സംശയമെന്ന്‌ തീര്‍ത്തുപറയാന്‍ പറ്റില്ല. പുള്ളിക്കാരന്‍ വിചാരിച്ചിരിക്കുന്നത് അങ്ങിനെയാണ്‌. ഈയിരിക്കുന്ന എ.കെ.- 47 ശരിക്കുള്ളതൊന്നുമല്ല, ഡമ്മിയായിരിക്കും. ബോംബെയിലും ചില സെക്യൂരിറ്റി ഗാര്‍ഡ്‌സിന്റെ അടുത്ത്‌ ഇതുപോലെ തോക്കെല്ലാം കണ്ടിട്ടിണ്ട്‌. ചുമ്മാ ആളെപ്പറ്റിക്കാന്‍. ഇതിനെപ്പറ്റി അറിയാത്ത കുറച്ചുപേരെ പേടിപ്പിക്കാന്‍ പറ്റുമായിരിക്കും. എല്ലാം ഡമ്മി തന്നെ.

എനിക്കു്‌ പക്ഷെ യാതൊരു സംശയവുമില്ല. കല്യാണഘോഷയാത്രയിലെ ‘പൊട്ടിക്കല്‍‘ ഞാന്‍ നേരിട്ട്‌ കണ്ടതാണല്ലോ ?

എങ്കില്‍പ്പിന്നെ സംശയനിവാരണം വരുത്തിയിട്ടുതന്നെ ബാക്കികാര്യമെന്ന്‌ സുബ്രദിന്‌ വാശി.
കാര്യം ഞാന്‍തന്നെ അബ്ദുള്ളയോട്‌ അവതരിപ്പിക്കുന്നു.

“ദേണ്ടേ ലിവന്‍ പറയുന്നു, ഇതു്‌ ഡമ്മിത്തോക്കാണെന്ന്‌ “.

സംശയം ഇപ്പോള്‍ തീര്‍ത്തുതരാമെന്നു‌പറഞ്ഞ്‌ അബ്ദുള്ള വണ്ടി റോട്ടില്‍നിന്നും സൈഡിലേക്കിറക്കുന്നു. റോഡിനിരുവശവും മരുഭൂമിയാണ്‌. വണ്ടിയിലുണ്ടായിരുന്ന ഒരു വാട്ടര്‍ബോട്ടിലുമെടുത്ത്‌ അബ്ദുള്ള പൂഴിയിലൂടെ കുറച്ചുദൂരം നടന്നു. ഒരു 50 മീറ്ററെങ്കിലും ദൂരെ, ബോട്ടില്‌ മണ്ണില്‍ കുത്തിനിര്‍ത്തിയതിനുശേഷം തിരിച്ച്‌ ഞങ്ങള്‍ നില്‍ക്കുന്നിടത്തേക്കുവന്നു. എ.കെ. – 47 ന്റെ പാത്തി, വലത്തെത്തോളില്‍ വയ്ക്കുന്നതും, ബോട്ടിലിനെ നോക്കി ഉന്നം പിടിക്കുന്നതും, ബോട്ടില്‍ മണ്ണില്‍നിന്ന്‌ തെറിച്ചു‌പൊങ്ങുന്നതും 2 സെക്കന്റ്‌കൊണ്ട്‌ കഴിഞ്ഞു . എന്നിട്ട്‌, മുട്ടുകുത്തിയിരുന്ന്‌, തെറിച്ചുവീണ ബോട്ടിലിനെ ഒരിക്കല്‍ക്കൂടെ വെടിവെച്ച്‌ തെറിപ്പിക്കുന്നു. അതിനുശേഷം അന്ധാളിച്ചുനില്ക്കുന്ന സുബ്രദ്ദിന്റെ നേര്‍ക്കു്‌ തോക്കു്‌ നീട്ടുന്നു, എന്താ ഒരു കൈ നോക്കുന്നോ എന്ന മട്ടില്‍.

പകച്ചുപോയ സുബ്രദ്‌, എന്തുചെയ്യണമെന്നു്‌ പിടികിട്ടാതെനില്‍ക്കുകയാണു്‌.പകച്ചിലൊന്ന്‌ മാറിയപ്പോള്‍ ” നഹി ഭായ്‌, യെ ഖതര്‍നാക്ക്‌ ചീസ്‌ ഹെ”എന്നു പറഞ്ഞ്‌ സുബ്രദ്‌ പിന്‍വാങ്ങി. അടുത്ത ഊഴം എന്റെതാണു്‌. അബ്ദുള്ള തോക്കു്‌ എന്റെ നേര്‍ക്കു്‌നീട്ടുന്നതും, പട്ടിണികിടന്നവന്‍ ചക്കക്കൂട്ടാന്‍ കണ്ടതുപോലെ, ചാടിയൊരു പിടുത്തമായിരുന്നു. കൈയിലിരുന്ന ക്യാമറ സുബ്രദ്ദിനെ എല്‍പ്പിച്ചു. ഞാനിതെടുത്ത്‌ പെരുമാറുന്ന പടം ശരിക്ക്‌ പതിഞ്ഞിട്ടുണ്ടെന്ന്‌ ഉറപ്പുവരുന്നതുവരെ അടിച്ചോളണമെന്ന്‌ ചട്ടം കെട്ടി.

തോക്കു്‌ പിടിക്കേണ്ട വിധവും, ഉന്നം നോക്കേണ്ടതെങ്ങിനെയാണെന്നും, അബ്ദുള്ളതന്നെ പറഞ്ഞുതന്നു. ഒരു യമനിയായതുകൊണ്ടുതന്നെ, ഇതിലൊന്നും വലിയകാര്യമില്ല എന്ന മട്ടില്‍, “അല്ലാവുദ്ദീന്റെ ഭൂതം” വണ്ടിയും ചാരി നില്ക്കുകയാണ്‌. ഞാന്‍ വേറൊരു കുപ്പിയെടുത്ത്‌ ഒരു 15 മീറ്റര്‍ ദൂരെവച്ചിട്ട്‌ വരുന്നു. അബ്ദുള്ള പറഞ്ഞുതന്നപോലെ, വലത്തേ ചുമലില്‍ തോക്കിന്റെ പാത്തി കൊള്ളിച്ചുവെച്ച്‌ ഒരു കണ്ണടച്ച്‌ ഉന്നം പിടിച്ചു്‌, റഷ്യക്കാരന്‍ മിഖായേല്‍ കലാഷ്ണിക്കോവിനെ മനസ്സില്‍ ‍ധ്യാനിച്ച്‌ ട്രിഗര്‍ വലിച്ചു.

വെടിപൊട്ടി. പക്ഷെ ബോട്ടിലവിടെത്തന്നെയിരിപ്പുണ്ട്‌. ഇനി, തോക്കിനെങ്ങാനും വല്ല കുഴപ്പവുമുണ്ടോ?അതാകാനേ തരമുള്ളൂ. ഉന്നം തെറ്റാന്‍ ഒരു സാദ്ധ്യതയുമില്ല. അതൊന്നുമല്ല. ഉന്നം തെറ്റിയതുതന്നെയാണെന്നുപറഞ്ഞ്‌ പുറത്തേക്കുപാഞ്ഞ ഉണ്ടയുടെ ഷെല്ല്‌ എടുത്തുകാണിക്കുന്നു അബ്ദുള്ള.

അയ്യേ… മാനം പോയല്ലോ.

തുടര്‍ന്ന്‌, തുടരെത്തുടരെ നാലഞ്ചുപ്രാവശ്യം നിറയൊഴിച്ചു. അവസാനമൊന്ന്‌ കുപ്പിയില്‍ക്കൊണ്ടു. സമാധാനം…. മാനം കപ്പലുകയറാതെ രക്ഷപ്പെട്ടു. അങ്ങിനെ ഞാനിതാ അതിസമര്‍ത്ഥമായി ഒരു എ.കെ. – 47 ഉപയോഗിച്ച്‌ ലക്ഷ്യം കണ്ടിരിക്കുന്നു. ആര്‍ത്തുവിളിക്കണമെന്നുതോന്നി.

ഇത്രയുമായപ്പോളേക്കും, സുബ്രദ്ദിന്‌ എവിടെനിന്നോ കുറച്ചുധൈര്യം കൈവന്നു. ഒരു വെടി ഞാനും വെക്കട്ടെ, നീ പടം പിടി, എന്നുപറഞ്ഞ്‌ തോക്കിനുവേണ്ടി കൈയ്യും നീട്ടിനില്‍ക്കുന്നു.

കുപ്പി കുറച്ചുകൂടെ അകലെക്കൊണ്ടുപോയിവെച്ച്‌, ശരിക്കും ഒന്നുരണ്ട്‌ റൌണ്ടുകൂടെ വെടിയുതിര്‍ക്കണമെന്നുണ്ടായിരുന്നു. അതിനിടയിലാണ്‌ സുബ്രദ്‌ ചാടിവീണതു്‌. ചെറിയൊരാശാഭംഗം വന്നെങ്കിലും, സാരമാക്കിയില്ല. ചിന്നക്കാര്യമൊന്നുമല്ലല്ലോ തൊട്ടുമുന്നേ സാധിച്ചിരിക്കുന്നത്‌.

വെടിവെപ്പും, ഫോട്ടം പിടിക്കലുമെല്ലാം കഴിഞ്ഞു. എല്ലാവരും വണ്ടിയിലേക്കുകയറാന്‍ പോകുമ്പോഴാണ്‌ ഞങ്ങളാക്കാഴ്ച്ച കണ്ടത്‌.

ഞങ്ങള്‍ വെടിയുതിര്‍ത്ത ദിശയില്‍നിന്നുമതാ, അതിവേഗത്തിലൊരു ‘പിക്‌അപ്പ്‌ ‘ ഞങ്ങലെ ലക്ഷ്യമാക്കി വരുന്നു. മരുഭൂമിയിലെ പൊടിമുഴുവന്‍ പറത്തിക്കൊണ്ട്‌ ആ വാഹനം ഞങ്ങളുടെ തൊട്ടടുത്തുവന്നുനിന്നു. പര്‍ദ്ദ ധരിച്ച ഒരു സ്ത്രീയാണ്‌ ഡ്രൈവര്‍സീറ്റില്‍. കണ്ണൊഴിച്ച്‌ ബാക്കി ശരീരം മുഴുവന്‍ കറുത്തവസ്ത്രമാണ്‌. തൊട്ടടുത്ത സീറ്റില്‍ 10 വയസ്സുപ്രായം തോന്നിക്കുന്ന ഒരു പയ്യന്‍. പിക്കപ്പിന്റെ തുറന്നിരിക്കുന്ന പുറകുഭാഗത്ത്‌ പര്‍ദ്ദ ധരിച്ച മറ്റൊരുസ്ത്രീ എഴുന്നേറ്റുനില്‍ക്കുന്നു. കൈയ്യില്‍ എ.കെ. – 47 ഒരെണ്ണം. അവരുടെ തൊട്ടടുത്ത്‌ നില്‍ക്കുന്നു 6 വയസ്സുപ്രായം തോന്നിക്കുന്ന മറ്റൊരു പയ്യന്‍. വാഹനത്തില്‍നിന്നുകൊണ്ടുതന്നെ അവര്‍ അബ്ദുള്ളയുമായി സംസാരിച്ചുതുടങ്ങുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ സാല ഹനാനും, ഡ്രൈവര്‍ സീറ്റിലിരിക്കുന്ന സ്ത്രീയും, സംഭാഷണത്തില്‍ പങ്കുചേരുന്നു. സംസാരത്തിന്റെ പോക്കു്‌ അത്ര സുഖകരമായ രീതിയിലല്ല എന്നാണ്‌ എനിക്കു്‌ തോന്നിയതു്‌. എന്റെ ഊഹം ശരിതന്നെ. എന്തോ കുഴപ്പമുണ്ട്‌. സ്ത്രീകള്‍ രണ്ടുപേരും ശബ്ദമുയര്‍ത്തിയാണിപ്പോള്‍ സംസാരിക്കുന്നത്‌. വണ്ടി ഓടിച്ചിരുന്ന സ്ത്രീ വെളിയിലിറങ്ങിയപ്പോളാണ്‌ അവരുടെ കൈയ്യിലും തോക്കൊരെണ്ണം ഉണ്ടെന്ന്‌ ഞാന്‍ കണ്ടതു്‌.

എന്റെ ‘യമനി മുത്തപ്പാ‘…..കുഴഞ്ഞോ ? ഒരു പെണ്ണിന്റെ വെടികൊണ്ട്‌ ചാകേണ്ടി വരുമോ?

ഇതിനിടയില്‍ കാര്യം പന്തികേടാണെന്നുമനസ്സിലാക്കിയിട്ടായിരിക്കണം, സുബ്രദ്‌ വണ്ടിക്കകത്തുകയറി ഇരിപ്പായി. പത്തുമിനിട്ടോളം വാക്കുതര്‍ക്കം നീണ്ടുപോയശേഷം, ഒരുവിധം അന്തരീക്ഷം ശാന്തമായി. സ്ത്രീകള്‍ വണ്ടി തിരിച്ചു വിട്ടു. അബ്ദുള്ളയും വണ്ടിയെടുത്തു. വണ്ടിക്കകത്തുകയറിയപ്പോള്‍ മുതല്‍ സാലയും, അബ്ദുള്ളയും പൊട്ടിച്ചിരിക്കുന്നു. അറബിയില്‍ ഉറക്കെ ഉറക്കെ സംസാരിക്കുന്നുമുണ്ട്‌. കാര്യം മനസ്സിലാകാതെ മുഖത്തോടുമുഖം നോക്കുന്നു ഞാനും, സുബ്രദും.

ചിരിയും ബഹളവുമൊക്കെയൊന്നടങ്ങിയപ്പോള്‍ അബ്ദുള്ള കാര്യം വിശദീകരിച്ചു. ഞങ്ങള്‍ നിറയൊഴിച്ച ദിശയിലെങ്ങോ ഈ സ്ത്രീകളും കുട്ടികളും നില്‍ക്കുന്നുണ്ടായിരുന്നുപോലും! തിരകള്‍ ചെന്നുവീണതു്‌ കൂട്ടത്തിലൊരുപയ്യന്റെ തൊട്ടടുത്തായിരുന്നു. വെടിവെപ്പ്‌ ഒന്നടങ്ങിയെന്നുകണ്ടപ്പോള്‍ എല്ലാവരുംകൂടെ കാരണംതിരക്കിയിറങ്ങിയതാണ്‌. ‘കുട്ടികളുടെ ജീവന്‍ ‍അപകടത്തിലാക്കിയിട്ടാണോ ഹറാമികളെ വെടിവച്ചുകളിക്കുന്നത്‌ ?’, എന്നു ചോദിച്ചായിരുന്നു ബഹളമത്രയും.

കേട്ടിട്ട്‌ കണ്ണിലിരുട്ടികയറി. അത്യാപത്തിന്റെ വക്കില്‍നിന്നാണ്‌ രക്ഷപെട്ടിരിക്കുന്നത്‌. കുട്ടികള്‍ക്കെന്തെങ്കിലും അപകടം പിണഞ്ഞിരുന്നെങ്കില്‍, കൊലപാതകത്തിനുവരെ സമാധാനം പറയേണ്ടിവെന്നേനെ. അതുമല്ലെങ്കില്‍ പെണ്ണുങ്ങള്‍ വെടിവച്ചുവീഴ്ത്തിയേനെ. എന്തായാലും ശരി തല്‍ക്കാലം രക്ഷപ്പെട്ടിരിക്കുന്നു.

ബദുക്കള്‍ രണ്ടുപേര്‍ ആക്രമിക്കാന്‍ വന്നെന്നും അപ്പോളാണ്‌ വെടിയുതിര്‍ത്തതെന്നും സ്ത്രീകളോട്‌ കള്ളം പറഞ്ഞ്‌ രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ്‌ അബ്ദുള്ളയും, സാല ഹനാനും, ആര്‍ത്തലച്ച്‌ ചിരിക്കുന്നത്‌. സനയിലെത്തി ഹോട്ടല്‍മുറിയില്‍ക്കയറുന്നതുവരെ സുബ്രദും, ഞാനും ഉരിയാടിയിട്ടില്ലെന്നാണ്‌ എന്റെ ഓര്‍മ്മ.

അബുദാബിയിലേക്കു്‌ മടങ്ങുന്നതിനുമുന്‍പ്‌, ഒരു ദിവസംകൂടെ സനയില്‍ തങ്ങേണ്ടിവന്നു. അടുത്ത ദിവസം ഒരു ചെറിയകറക്കം നടത്തിക്കളയാമെന്നുവച്ചിറങ്ങി. കുറെ അലഞ്ഞു‌നടന്ന്‌ അവസാനം മാര്‍ക്കറ്റില്‍ എത്തിപ്പറ്റി. അവിടെക്കണ്ട കാഴ്ച ആശ്ച്യര്യജനകമായിരുന്നു. അരയില്‍ത്തൂക്കുന്ന വളഞ്ഞ കത്തി മുതല്‍, എ.കെ. 47നും, കൊച്ചു കൊച്ചു കുഴി ബോംബുകളും, കൈബോംബുകളും, കൈത്തോക്കും, തിരകളും, എല്ലാം വില്‍പ്പനയ്ക്കു്‌ നിരത്തിവച്ചിരിക്കുന്നു.

മടക്കയാത്രയില്‍ വിമാനത്തില്‍വവെച്ച്‌ പരിചയപ്പെട്ട വേള്‍ഡ്‌ ബാങ്കിന്റെ ഉദ്യോഗസ്ഥ പറഞ്ഞതു്‌ ശരിയാണെന്ന്‌ തോന്നുന്നു. ഈ രാജ്യത്ത്‌ 20 മില്ല്യണ്‍ ജനങ്ങളും, 60 മില്ല്യണ്‍ തോക്കുകളുമുണ്ടെന്നാണ്‌ കണക്കത്രെ!

എന്തായാലും കൊള്ളാം, വിലപേശി കച്ചവടം ഉറപ്പിച്ചാല്‍ തോക്കൊരെണ്ണം ഇപ്പോള്‍ സ്വന്തമാക്കാം. ലൈസന്‍സും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട. എങ്കി ശരി, ഒരെണ്ണം വാങ്ങിയിട്ടുതന്നെ ബാക്കി കാര്യം. വില പറഞ്ഞുറപ്പിച്ച്‌ ഒരെണ്ണം വാങ്ങി.

……..തോക്കൊന്നുമല്ല. കേടുപാടൊന്നുമില്ലാത്ത അറ്റം വളഞ്ഞ നല്ലൊരു കത്തി.

പിന്നേ… തോക്കുവാങ്ങിയിട്ടുവേണം, സഞ്ജയ് ദത്തിന്റെ കൂടെ ജയിലില്‍പ്പോയിക്കിടക്കാന്‍.