അപ്പുക്കുട്ടൻ കഥകളിലൂടെയാണ് സതീഷ് മാക്കോത്തിനെ ഞാനാദ്യം വായിച്ചത് അഥവാ വായിച്ച് തുടങ്ങിയത്. അപ്പുക്കുട്ടൻ എന്ന അത്മകഥാംശമുള്ള കഥാപാത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ആ കഥകളെ ബാലസാഹിത്യം എന്ന ലേബലിൽ ഒതുക്കുന്നത് ശരിയാകില്ല. പറയുന്നത് ഒരു കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെ ലളിതവും സരസവും ആയിട്ടാണെങ്കിലും ആ കഥകൾ പലതും മുതിർന്നവർക്ക് കൂടെ ഒരുപോലെ ആസ്വദിക്കാനും ചിന്തകളെ ഉദ്ദ്വീപിപ്പിക്കാനും പോന്നതായിരുന്നു.
അവിടന്ന്, തൻഹ എന്ന കഥാസമാഹാരത്തിലേക്ക് എത്തുമ്പോൾ കഥാകൃത്ത് ഏറെ ദൂരം സഞ്ചരിച്ച് സമൂഹത്തിന്റെ മിക്കവാറും തലങ്ങളേയും സ്പർശിക്കുന്ന കഥകൾ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്. കഥയെഴുത്തിന്റെ ക്രാഫ്റ്റ് നന്നായി പിന്തുടരുമ്പോഴും തനതായ ലാളിത്യം അദ്ദേഹം വിട്ടൊഴിയുന്നില്ല.
ബുദ്ധവചനങ്ങളുടെ ചുവടുപിടിച്ചാണ് സമാഹാരത്തിന് പേര് നൽകിയിരിക്കുന്ന തൻഹ എന്ന കഥ മുന്നോട്ട് നീങ്ങുന്നത്. ദു:ഖങ്ങൾക്ക് കാരണമായ മനുഷ്യന്റെ ഒടുങ്ങാത്ത ആഗ്രഹങ്ങളെയാണ് തൻഹ എന്ന് വിശേഷിപ്പിക്കുന്നതെന്ന് വിശദമാക്കുന്നുണ്ട് കഥാകൃത്ത്. അതോടൊപ്പം കഥാകൃത്ത് അറിഞ്ഞോ അറിയാതെയോ തൻഹ എന്ന പദത്തിന്റെ ‘ഒറ്റയ്ക്ക്’ എന്ന മറ്റൊരർത്ഥം കൂടെ പല കഥകളിലെ കഥാപാത്രങ്ങളും പ്രകടിപ്പിക്കുന്നുണ്ട്.
അൽപ്പം കൂടെ വിശദമാക്കി പറഞ്ഞാൽ പല കഥകളിലേയും മുഖ്യകഥാപാത്രങ്ങൾ നമ്മുടെ സമൂഹത്തിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും വേറിട്ട് നിൽക്കുന്ന വ്യക്തിത്വങ്ങളാണ്. ഉദാഹരണത്തിന് ‘സയിദ് ആന്റിക്ക് കളക്ഷൻസ്’ എന്ന കഥയിലെ പുരാവസ്തുക്കൾ വിൽക്കുന്ന വൃദ്ധൻ. പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സ്പൂണുകളും പ്ലേറ്റും അന്വേഷിച്ച് മുൻപ് കടയിൽ വന്ന് പോയെങ്കിലും പണം തികയാഞ്ഞതുകൊണ്ട് അത് വാങ്ങാൻ കഴിയാതിരുന്ന ഒരു സ്ത്രീ ആ പുരാവസ്തുക്കൾക്കായി മടങ്ങിവരുമെന്നും അന്നവർക്ക് മാത്രമേ അത് നൽകാവൂ എന്നും മകനെ ചട്ടം കെട്ടിയാണ് വൃദ്ധൻ മരണമടയുന്നത്. ആവശ്യക്കാരിയായ സ്ത്രീ വീണ്ടും കടയിലേക്കെത്തുമ്പോൾ മുൻപ് പടങ്ങളെടുക്കാൻ വിലക്കില്ലായിരുന്ന കടയിൽ ഇപ്പോളതിന് വിലക്കുണ്ട്. പുരാവസ്തുക്കളുടെ പടമെടുത്ത് അതേമട്ടിൽ പുത്തൻപുതുപുരാവസ്തുക്കളുണ്ടാക്കി വിൽക്കുന്നവർ സമ്പന്നരായതും ശരിയായ പുരാവസ്തുക്കൾ വിൽക്കുന്നവർ ഇപ്പോഴും ദരിദ്രനാരായണന്മാരായി തുടരുന്നതുമാണ് ഫോട്ടോഗ്രഫി വിലക്കിന്റെ കാരണം. ആദ്യം കടയിൽ വന്നപ്പോൾ ആ സ്ത്രീയ്ക്ക് പടമെടുക്കാൻ കഴിഞ്ഞതുകൊണ്ടുള്ള സംഭവവികാസമാണ് കഥയുടെ പരിണാമഗുപ്തി. സെയ്‌ദ് എന്ന വൃദ്ധനായ കച്ചവടക്കാരൻ സമൂഹത്തിൽ തനിച്ചുള്ള കാഴ്ച്ചയാണെന്നാണ്, അത്യാവശ്യം പുരാവസ്തു പ്രേമം കൈമുതലാക്കിയിട്ടുള്ള എനിക്ക് തോന്നിയത്. സതീഷിന്റെ കഥയിൽ മാത്രമല്ല, ശരിക്കുള്ള ജീവിതത്തിലും അത്തരത്തിൽ വേറിട്ട് നിൽക്കുന്ന മനുഷ്യന്മാർ തീർച്ചയായും ഉണ്ടാകാതിരിക്കില്ല.
വാഗ്യ എന്ന കഥയിലെ കഥാപാത്രമായ നായയും അത്തരത്തിൽ ഒരു തൻഹ ആണ്. ചില പ്രമുഖ നായ്ക്കളുടെ ഉജ്ജ്വലമായ ചരിത്രം കൂടെ പരാമർശിച്ചുകൊണ്ടാണ് ആ കഥ മുന്നോട്ട് നീങ്ങുന്നത്. മിക്കവാറും എല്ലാ കഥകളേയും ഇത്തരത്തിൽ മറ്റെന്തെങ്കിലും ഒന്നുമായി ചേർത്തുനിർത്തിയാണ് സതീഷ് സൃഷ്ടിച്ചിരിക്കുന്നത്. ഏഴാംകടൽ എന്ന കഥയിൽ കഥാപാത്രങ്ങളുടെ ചെയ്തികളും വ്യവഹാരങ്ങളും മനോവ്യാപാരങ്ങളും പറയാൻ ശ്രമിച്ചതിനേക്കാളധികം കഥാകൃത്ത് പറയാൻ ശ്രമിച്ചത് ഉദയംപേരൂർ സുന്നഹദോസ് അടക്കം മദ്ധ്യകേരളത്തിലെ ക്രൈസ്തവരുടെ ചരിത്രവിശേഷങ്ങളും അവരുടെ ആചാരങ്ങളും ചടങ്ങുകളും പദപ്രയോഗങ്ങളുമാണ്. ഒരു വെടിക്ക് രണ്ടുപക്ഷി എന്നടയാളപ്പെടുത്താതെ വയ്യ.
പറക്കമുറ്റിപ്പോകുന്ന മക്കളും അത്തരത്തിലുള്ള ബന്ധങ്ങളും നിത്യജീവിതത്തിൽ നമുക്കാർക്കും അറിയാത്ത കഥകളല്ല. പക്ഷേ, വളരെ പതിഞ്ഞ ശബ്ദത്തിൽ സതീഷിന്റേതായി രീതിയിൽ അക്കഥകൾ പറഞ്ഞുപോകുമ്പോൾ അത്തരം നീറ്റലുകളും നൊമ്പരവുമൊക്കെ മറ്റൊരു കോണിൽ നിന്ന് വീക്ഷിക്കുന്ന പ്രതീതിയാണ്.
ഷെർലക്ക് ഹോസ് കഥകൾ വായിച്ചിട്ടുള്ളവർക്ക് സ്ക്കോട്ട്ലാൻഡിലെ തെരുവുകൾ സുപരിചിതമാകുന്നുത് സ്വാഭാവികം. ബ്രിഗേഡിയർ കഥകൾ വായിച്ചിട്ടുള്ളവർക്ക് വിഷയത്തിന്റെ ചരിത്രപ്രാധാന്യവും കഥ നടക്കുന്നയിടത്തിന്റെ ഭൂമിശാസ്ത്രവുമെല്ലാം ബോധപൂർവ്വവും രസകരവുമായി രതിയിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നതായിരുന്നു മലയാറ്റൂരിന്റെ രീതി. വിലിസ്കയിലെ കൊലപാതകം എന്ന കഥയിൽ കഥാകൃത്ത് നെയ്‌റോബിയെ പരിചയപ്പെടുത്തുന്ന സാമർത്ഥ്യം ഈ ജനുസ്സിൽ വായിച്ചിട്ടുള്ള എല്ലാ കഥകളേയും കഥാകൃത്തുക്കളേയും സ്മരിക്കാൻ ഇടയാക്കി.
കക്ഷിരാഷ്ട്രീയക്കാരെ വിമർശിക്കാനും, പരിസ്ഥിതി മലിനീകരണം ചൂണ്ടിക്കാട്ടാനും, കൊലപാതകി സന്യാസിയായി വിലസുന്നെന്നും അത്രയ്ക്കൊന്നും സാമർത്ഥ്യമില്ലാത്തവർ പിടിക്കപ്പെടുന്നെന്നുമൊക്കെ സമർത്ഥിക്കാനും തൻഹയിലെ കഥകൾകൊണ്ട് സതീഷിന് കഴിയുന്നുണ്ട്. സമൂഹത്തിന്റെ മിക്കവാറും തലങ്ങളെ സ്പർശിക്കുന്നുണ്ട് തൻഹയിലെ കഥകളെന്ന് ആദ്യം സൂചിപ്പിച്ചത് ഇത്തരം കാരണങ്ങൾ കൊണ്ടാണ്. വളരെ ഗഹനമായ ഒരു കഥ പറഞ്ഞ് തീർത്തശേഷം അടുത്ത കഥ പലപ്പോഴും ലഘുവായും സരസമായുമാണ് അവതരിക്കപ്പെടുന്നത്. അപ്പുക്കുട്ടൻ കഥകളുടെ ക്രാഫ്റ്റും ലാളിത്യവും കൈമോശം വരാത്ത കഥാകൃത്തിനെയാണവിടെ എനിക്ക് കാണാൻ കഴിഞ്ഞത്.
എനിക്ക് തോന്നുന്നത് സതീഷിന്റെ കഥകളുടെ വസന്തകാലം വരാനിരിക്കുന്നതേയുള്ളൂ എന്നാണ്. അതിലേക്കുള്ള സുദൃഢമായ കാൽവെപ്പായാണ് തൻഹ എന്ന കഥാസമാഹാരത്തെ കണക്കാക്കേണ്ടത്.