അഭിമുഖം

manjaveyil-2Bmaranagal-2B-255D

മഞ്ഞവെയിൽ കഥാപാത്രങ്ങളുമായി ഒരു സല്ലാപം


ബെന്യാമിന്റെ ഉദ്വേഗജനകമായ പുതിയ നോവൽ ‘മഞ്ഞവെയിൽ മരണങ്ങൾ‘ ഉറക്കമിളച്ചിരുന്നാണ് വായിച്ച് തീർത്തത്. നോവലിനെപ്പറ്റിയുള്ള വിലയിരുത്തലുകൾ സാഹിത്യലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ആടുജീവിതത്തേക്കാൾ അധികമായി മഞ്ഞവെയിൽ മരണങ്ങൾ ചർച്ചാവിഷയമാകും എന്ന് തന്നെ കരുതാം.

സൈബർ ലോകത്തിലെ പ്രധാന സങ്കേതങ്ങളായ ഈ-മെയിൽ, ഓർക്കുട്ട്, ഫേസ്ബുക്ക് എന്നതൊക്കെ, സുപ്രധാന പങ്കുവഹിക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ് നോവലിൽ. കഥയെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകങ്ങളായിത്തന്നെ ഇതെല്ലാം അവതരിക്കപ്പെട്ടിരിക്കുന്നു. വ്യാഴച്ചന്ത എന്ന സൌഹൃദക്കൂട്ടവും കഥയെ മുന്നോട്ട് കൊണ്ടുപോകുന്ന മുഖ്യഘടകമാണ്. വ്യാഴച്ചന്തയിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ ബന്യാമിനെപ്പോലെ തന്നെ ബഹറിനിൽ ജോലി ചെയ്യുന്ന അനിൽ വേങ്ങോട്, നട്ടപ്രാന്തൻ (സജു), സലിം, സുധിമാഷ്, ബിജു, നിബു എന്നീ സുഹൃത്തുക്കളാണ്. ജീവിച്ചിരിക്കുന്നവർ ഏതെങ്കിലുമൊരു കഥയിൽ കഥാപാത്രങ്ങളായി വരുന്നത് സാഹിത്യലോകത്ത് ഇതാദ്യമൊന്നുമല്ല. പക്ഷെ അവരൊക്കെയും കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഇത്രയേറെ പ്രാധാന്യം കൈവരിക്കുന്നത് ആദ്യമായിട്ടാകാനാണ് സാദ്ധ്യത. വ്യാഴച്ചന്തക്കാർ പലരുമായും നേരിട്ട് പരിചയവും അടുത്ത സൌഹൃദവും ഉണ്ടെന്നുള്ളതാണ് വായനയിൽ പ്രത്യേകമായി എന്നെ ആഹ്ലാദിപ്പിച്ചത്. ഒരു ബഹറിൻ യാത്രയ്ക്കിടയിൽ സമാനമായ ഒരു വ്യാഴച്ചന്തയിൽ കഥാകൃത്ത് അടക്കമുള്ള ഈ സുഹൃത്തുക്കൾക്കൊപ്പം പങ്കാളിയാകാൻ സാധിച്ചിട്ടുണ്ടെന്നുള്ളത് അതീവ സന്തോഷത്തോടെ സ്മരിക്കുന്നു.

സ്വന്തം സൌഹൃദവലയത്തിൽ ഉള്ള ആരെങ്കിലുമൊക്കെ ഒരു നോവലിൽ അതീവ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി വരുന്നത് എനിക്കാദ്യത്തെ അനുഭവമാണ്. അവർക്കെങ്ങനെയായിരുന്നു ആ അനുഭവം എന്നറിയാൻ വല്ലാത്തൊരു ആഗ്രഹവും ആകാക്ഷയും ജനിക്കുകയുണ്ടായി. വ്യാഴച്ചന്തക്കാരിൽ ഒന്നുരണ്ട് പേരോടെങ്കിലും അത് ചോദിച്ച് മനസ്സിലാക്കണമെന്ന് തോന്നിയപ്പോൾ, ഈ-മെയിൽ എന്ന സങ്കേതം തന്നെ പ്രയോജനപ്പെടുത്തി. അനിൽ വേങ്ങോടിനോടും നട്ടപ്പിരാന്തനോടും ഇതേപ്പറ്റി കുറച്ച് ചോദ്യങ്ങൾ തൊടുത്തു. അവർ അതിന് അയച്ചുതന്ന മറുപടികൾ ഇവിടെ പങ്കുവെക്കുന്നു.

vyazha chanda

ഒരു വ്യാഴച്ചന്തയുടെ ഓർമ്മയ്ക്ക് – അജിത്, സജി, ബെന്യാമിൻ, രാജു, അനിൽ വേങ്ങോട്, നട്ടപ്രാന്തൻ, മോഹൻ പുത്തൻ‌ചിറ എന്നിവർക്കൊപ്പം.

vyaazha chnada1

ഒരു വ്യാഴച്ചന്തയുടെ ഓർമ്മയ്ക്ക് – പ്രവീൺ, സജി മാർക്കോസ്, ബെന്യാമിൻ, രഞ്ജിത്ത് വിശ്വം, രാജു, മോഹൻ പുത്തൻ‌ചിറ, നട്ടപ്രാന്തൻ, അനിൽ വേങ്ങോട് എന്നിവർക്കൊപ്പം.

anil

അനിൽ വേങ്ങോട്

1. ആടുജീവിതത്തിലൂടെ പ്രശസ്തനായ ബന്യാമിന്റെ ‘മഞ്ഞവെയിൽ മരണങ്ങൾ‘ എന്ന പുതിയ നോവലിൽ, നോവലിസ്റ്റിനെപ്പോലെ തന്നെ ഒരു പ്രധാന കഥാപാത്രമാണല്ലോ അനിലും. ജീവിച്ചിരിക്കുന്ന വ്യക്തികൾ അതേ പേരിൽത്തന്നെ കഥയിലോ നോവലിലോ കഥാപാത്രമായി വരുന്നത് അഭിമാനിക്കാൻ തക്കതായ രേഖപ്പെടുത്തൽ ആണന്നെരിക്കെ, ഈ നോവലിലെ ഒരു കഥാപാത്രമായി മാറിയപ്പോൾ എന്തുതോന്നി ?

അതെ എന്റെ പേരിൽ കഥാപാത്രമുണ്ട് അതിനർത്ഥം ഞാൻ കഥാപാത്രമാണെന്നല്ല നോവലിലെ കഥാപാത്രം ഫിക്ഷനാണ്. അതേ സമയം ഞങ്ങൾ ഒരു ചെറിയ സംഘം ആളുകളുടെ കൂടിയിരുപ്പുകൾ അതും നോവലിൽ പറയുന്നതുപോലെ എന്തും ചർച്ച ചെയ്യാവുന്ന ജനാധിപത്യം പുലർത്തുന്ന കൂടിയിരുപ്പുകൾ ഈ നോവലിലൂടെ ചരിത്രമാവുന്നു എന്നതിൽ സന്തോഷമുണ്ട്.

2. നോവലിൽ വളരെ ശക്തമായ നിലപാടുകളും നടപടികളും എടുക്കുന്ന ഒരാളായിട്ടാണ് താങ്കളെ പരിചയപ്പെടുത്തുന്നത്. ഇത് അനിൽ വേങ്കോട് എന്ന വ്യക്തിയുടെ ശരിക്കുള്ള സ്വഭാവം തന്നെയാണോ ? കഥാകൃത്തിന് താങ്കളെന്ന വ്യക്തിയെ എത്രത്തോളം കൃത്യതയോടെ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു എന്നാണ് താങ്കളുടെ അഭിപ്രായം ?

എന്നെയെന്നു മാത്രമല്ല വ്യാഴച്ചന്തയിലെ കൂട്ടുകാരെയൊക്കെ നേരിട്ട് പരിചയമുള്ളവർക്ക് ഇതെല്ലാം അക്ഷരം പ്രതി നടന്നതാണെന്നു തോന്നിക്കുന്ന സാമ്യതകൾ ഉണ്ട്. അത്രമേൽ അടുത്ത് നിന്ന് അറിയുന്ന ഒരു സ്നേഹിതൻ ക്രാന്തദർശിയായ നോവലിസ്റ്റ് കൂടിയായാൽ, ആ സൂക്ഷ്മത ഞങ്ങളെ റീഡ് ചെയ്യാൻ ബെന്യാമിൻ ഉപയോഗിച്ചിട്ടുണ്ട്. വായിക്കുമ്പോൾ ആ സന്ദർഭങ്ങളിലൊക്കെ ഞങ്ങൾക്കെല്ലാവർക്കും അങ്ങനെയേ പെരുമാറാൻ കഴിയൂ എന്നു തോന്നിപ്പോക്കും.

3. ഇങ്ങനെയൊരു കഥാപാത്രമായി താങ്കളെ രൂപപ്പെടുത്തുന്നതായി കഥാകാരൻ നേരത്തെ തന്നെ അനുവാദം വാങ്ങിയിരുന്നോ, അതോ നോവൽ പൂർത്തിയായി, പ്രസിദ്ധീകരിച്ചതിന് ശേഷമാണോ ഇതേപ്പറ്റി അറിഞ്ഞത് ?

ഇല്ല , അങ്ങനെ അനുവാദം വാങ്ങേണ്ട ആവശ്യവും ഇല്ല. പക്ഷേ ആദ്യവായനക്കാരൻ ഞാനായിരുന്നു. അതിനുമുമ്പും ചില സംഭാഷങ്ങൾക്കിടയിൽ ഞങ്ങളെല്ലാം കഥാപാത്രമാവുന്നു എന്ന സൂചന ബെന്യാമിൻ തന്നിരുന്നു.

4. സ്വയം കഥാപാത്രമായി മാറിയ ‘മഞ്ഞവെയിൽ മരണങ്ങൾ‘ വായിച്ചുകൊണ്ടിരുന്നപ്പോൾ താങ്കൾക്കുണ്ടായ വികാരം, ചിന്തകൾ എന്നതൊക്കെ പങ്കുവെക്കാമോ ?

മഞ്ഞവെയിൽ മരണങ്ങൾ നൽകിയ വായനാനുഭവം അവിസ്മരണീയമാണ്. അതിനു പലകാരണങ്ങൾ ഉണ്ട്. എന്റെ ആത്മസ്നേഹിതൻ മുമ്പെന്നത്തേക്കാളും ഉയർന്ന രചനാവൈഭവത്തിലേയ്ക്ക് നടന്നുകയറുന്നത് ഈ നോവലിന്റെ ഓരോ പേജിലും ഞാൻ അനുഭവിച്ചിരുന്നു, അത് വല്ലാത്ത സന്തോഷമാണ് നൽകിയത്. മറ്റൊന്ന് അതീവ സൂക്ഷമവും ആഴമേറിയതുമായ രാഷ്ട്രീയം ഈ നോവലിലുണ്ട്. ആ മാപ്പിംഗ് എന്നെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചിട്ടുള്ളത്. മാത്രമല്ല എനിക്ക് ഭാവനയിലൊരു ജീവിതത്തിന്റെ എക്സ്റ്റൻഷൻ കിട്ടി. അതും നല്ല അനുഭവമാണ്.

5. കഥാകാരനടക്കമുള്ള നിങ്ങൾ സുഹൃത്തുക്കൾ എല്ലാവരും സ്ഥിരമായി അനുഷ്ടിക്കുന്ന ഒരു സംഭവമാണോ ‘വ്യാഴച്ചന്തകൾ’ ?

അതെ. വ്യാഴചന്തയോ അതു പോലെയുള്ള മറ്റ് കൂട്ടായ്മകളോ ലോകമെമ്പാടുമുള്ള കൂട്ടുകാർക്കിടയിൽ വളരെ പൊതുവായി നടക്കേണ്ടവയാണ് എന്നാൽ നിർഭാഗ്യവശാൽ അത് അസാധ്യമാവുന്നിടത്താണ് ഇന്നത്തെ സാംസ്കാരിക പരിസരം നമ്മെകൊണ്ടെത്തിക്കുന്നത്. ആളുകൾ ഒത്തുകൂടാൻ വിസമ്മതിക്കുന്നു കൂടുന്നവർതന്നെ ഒരേ അഭിപ്രായം പറയണമെന്ന് ശഠിക്കുന്നു. അല്ലങ്കിൽ എല്ലാ ഒത്തുകൂടലും അതിനപ്പുറത്തുള്ള ഒരു കാര്യസാദ്ധ്യത്തിന്റെ താത്കാലികതകളാവുന്നു. ഈയൊരു ദുരന്താവസ്ഥയിലാണ് ഞങ്ങളുടെ ഒരു സുഹൃദ് സംഘം വ്യാഴാഴ്ചകളിൽ ബെന്നിയുടെ വീട്ടിൽ ഒത്തുകൂടിത്തുടങ്ങുന്നത്. അതിനു വ്യാഴചന്തയെന്ന പേരു ബെന്യാമിൻ നോവലിൽ ഇട്ടതാണ്. ഈ കൂട്ടായ്മ ഫിക്ഷന്റെ ഭാഗമാവുന്നു. അത് ലോകമെമ്പാടുമുള്ള മലയാളികളിൽ മൾട്ടിപ്ലിസിറ്റിയുള്ള ആഴമുള്ള ജനാധിപത്യമുള്ള സൌഹൃദങ്ങൾക്കും കൂട്ടായ്മകൾക്കും വഴിവയ്ക്കും എന്നാണെന്റെ പ്രതീക്ഷ.

6. കൾച്ചറൽ ആംബുലൻസ് എന്ന ഒരു വാഹനം ശരിക്കും നിങ്ങൾ സുഹൃത്തുക്കളിൽ ആരുടേതെങ്കിലും ആണോ ?

ഞാനിവിടെ ഉപയോഗിക്കുന്ന കാറിനെയാണ് അങ്ങനെ വിളിക്കുന്നത്. എല്ലാവരെയും കൂട്ടി വരുന്നത് മിക്കപ്പോഴും ഈ കാറിലാണ്. ചർച്ചകളുടെ സിംഹഭാഗവും നടക്കുന്നതും ഇതിലാണ്. കവി സജി കടവനാട് ഞങ്ങളോടൊപ്പം ഈ കൂട്ടായ്മയുടെ ഭാഗമായിരുന്നു. അവനാണ് ആദ്യം ഈ കാറിനെ കൾച്ചറൽ ആമ്പുലൻസ് എന്ന് വിളിച്ചുതുടങ്ങിയത്.

7. സ്വയം കഥാപാത്രമാകുന്നു എന്ന സന്തോഷം മാറ്റി നിർത്തി, നോവലിനെപ്പറ്റി എന്താണ് അഭിപ്രായം ?

മലയാളം ശ്രദ്ധിക്കേണ്ട നോവലുകളുടെ കൂട്ടത്തിലാണ് ഞാൻ മഞ്ഞവെയിൽ മരണങ്ങളെ കാണുന്നത്. അത് വിഷയമാക്കുന്ന ബഹുഭാഷാ സമൂഹങ്ങളിൽ ജീവിക്കുന്ന മലയാളിയുടെ പുതിയ ജീവിത പരിസരങ്ങൾ ചിത്രീകരിക്കുന്ന എഴുത്ത് മലയാളത്തിൽ വിരളമാണ്. ഇന്ന് നാം ജീവിക്കുന്ന ചരിത്രത്തെ ഫിക്ഷനാക്കുകയെന്ന വെല്ലുവിളി ബെന്യാ‍മിൻ ഏറ്റെടുത്തിട്ടുണ്ട്. അതിനു ജീവിച്ചിരിക്കുന്ന മനുഷ്യരെക്കൂടി ഫിക്ഷനുള്ളിൽ കയറ്റി വളരെ മാജിക്കലായ ഒരു റീയലിസ്റ്റിക്ക് പരിസരം അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ഇതെല്ലാം മലയാള സാഹിത്യത്തിനു പുതിയ പുറങ്ങളിലേയ്ക്ക് പോകാൻ വെളിച്ചം നൽകുന്നവയാണ്.

8. മറിയം സേവയ്ക്കായി കഥാകൃത്ത് ബന്യാമിനുമായി പോകുന്നിടത്തുനിന്നാണല്ലോ നോവൽ തുടങ്ങുന്നത്. സത്യത്തിൽ കേരളത്തിൽ മറിയം സേവ പോലുള്ള കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ ? അതോ അക്കാര്യങ്ങളൊക്കെ നോവലിസ്റ്റിന്റെ മനോഹരമായ ഭാവന മാത്രമാണോ ?

തീർച്ചയായും ഉണ്ട്. നോക്കൂ സെമിറ്റിക്ക് മതങ്ങൾ ആയിരക്കണക്കിനു വർഷങ്ങളായി ഇത്തരം സേവകൾക്കും പൂ‍ജകൾക്കും എതിരായി പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നിട്ടും അതേ മതങ്ങളിൽ പോലും മനുഷ്യർ വിചിത്രമെന്നു തോന്നുന്നതരത്തിലുള്ള അനുഷ്ടാനങ്ങളും സേവകളും വിശ്വാസങ്ങളുമായി കഴിയുന്നു. അതാത് പ്രദേശങ്ങളുടേയും ഗോത്രങ്ങളുടേയും പരിതോവസ്ഥയ്ക്ക് അനുകൂലമായി സൃഷ്ടിക്കുന്ന ഈ വൈവിദ്ധ്യമാ‍ണ് നൂറ്റാണ്ടുകളായി മൌലിക വാദത്തെ ചെറുത്ത് തോൽ‌പ്പിക്കുന്നത്.

9. കഥയിലെ പ്രധാന ഇടമായ ഡീഗോ ഗാർഷ്യയെന്ന ദ്വീപുപോലെയുള്ള ബഹറിൻ ദ്വീപിൽ ജീവിക്കുന്നവരാണല്ലോ താങ്കളും വ്യാഴച്ചന്തക്കാരും കഥാകൃത്തായ ബന്യാമിനുമെല്ലാം. ഈ നോവലിന്റെ ഒരു രാഷ്ട്രീയം, ഏതെങ്കിലും തരത്തിൽ ഈ രണ്ട് ദ്വീപുകളുടേയും പൊതുസ്വഭാവം എന്ന രീതിയിൽ കണക്കാക്കാൻ ആകുമോ ? അങ്ങനെ എന്തെങ്കിലും താരത‌മ്യത്തിന് സാദ്ധ്യതയുണ്ടോ ?

ധാരാളം സമാനതകളുണ്ട്. ഈ നോവലിൽ ഞാൻ മുകളിൽ സൂചിപ്പിച്ച തരത്തിൽ പരോക്ഷമായ ഒരു രാഷ്ടീയ ചരിത്രമുണ്ട്. ആധുനികതയുടെ കാലത്ത് നാം പറഞ്ഞിരുന്ന ഭരണകൂട കേന്ദ്രിതമായ അധികാരം ഇന്ന് അങ്ങനെയല്ല പ്രവർത്തിക്കുന്നത് എന്ന് ഏതാണ്ട് എല്ലാവരും സമ്മതിച്ചുതുടങ്ങിയിട്ടുണ്ട്. അന്റോണിയോ നെഗ്രിയൊക്കെ പറയുന്നപോലെ എമ്പയർ എന്ന പുത്തൻ മുതലാളിത്ത ക്രമത്തിലാണ് ഇന്ന് ലോകം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ അധികാരം കൂടുതൽ വികേന്ദ്രീകരിച്ച് ശക്തിപെടുന്നത് നമുക്ക് കാണാൻ കഴിയും. ഒരു കൺ‌ട്രോൾഡ് സൊസൈറ്റിയിൽ നമ്മുടെ നിഴലുപോലും നമുക്ക് മേൽ അധികാരപ്രയോഗത്തിന്റെ രൂപങ്ങളായിതീരുന്നത് നമുക്ക് കാണാൻ കഴിയും. ഈ അവസ്ഥ ബെന്യാമിൻ നന്നായി മഞ്ഞവെയിൽ മരണങ്ങളിൽ സ്കെച്ച് ചെയ്യുന്നുണ്ട്. ബഹ്‌റൈൻ പോലെ പ്രവാസജീവിതം നയിക്കുന്ന ഞങ്ങളിൽ സ്റ്റേറ്റായി പലപ്പോഴും ആക്റ്റ് ചെയ്യുന്നത് ഞങ്ങൾക്കിടയിൽ തന്നെയുള്ള പ്രമാണിമാരാണ്. അവർ ചിലപ്പോൾ ഭരണക്കൂടമാണെങ്കിൽ മറ്റൊരിക്കൽ ചാരിറ്റി ചെയ്യുന്ന സാമൂഹ്യപ്രവർത്തകരായി വരും, പിന്നൊരിക്കൽ സാംസ്കാരിക പ്രവർത്തകരായി വരും . നിഷ്ടൂരകൃത്യങ്ങളെ അലസമായി മഞ്ഞവെയിലിൽ ഉണക്കാനിട്ട് അവർ നമ്മൾക്ക് സുഗന്ധം പരത്തും. ഞാൻ മുമ്പേ പറഞ്ഞല്ലോ, വ്യാഴ ചന്ത പോലെ ഒന്നു സംഭവിക്കുന്നതുപോലും ഈ നീരാളി കൈകളിൽ നിന്നുള്ള കുതറിമാറലിന്റെ ഭാഗമാണ്. ഞങ്ങൾ ജീവിക്കുന്ന പരിസരത്തിന്റെ രാഷ്ട്രീയം അതീവ ശ്രദ്ധയോടെ ബെന്യാമിൻ നോവലിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ആടുജീവിതത്തിലൂടെയല്ല മഞ്ഞവെയിൽ മരണങ്ങളിലാണ് ബെന്നി എന്റെ സുഹൃത്ത് എന്നതിൽ നിന്നും എന്റെ നോവലിസ്റ്റായി സ്ഥാനക്കയറ്റം നേടുന്നത്.

nuts

നട്ടപ്പിരാന്തൻ

1. ആടുജീവിതത്തിലൂടെ പ്രശസ്തനായ ബന്യാമിന്റെ ‘മഞ്ഞവെയിൽ മരണങ്ങൾ‘ എന്ന പുതിയ നോവലിൽ, നോവലിസ്റ്റിനെപ്പോലെ തന്നെ ഒരു പ്രധാന കഥാപാത്രമാണല്ലോ നട്ടപ്പിരാന്തനും. ജീവിച്ചിരിക്കുന്ന വ്യക്തികൾ അതേ പേരിൽത്തന്നെ കഥയിലോ നോവലിലോ കഥാപാത്രമായി വരുന്നത് അഭിമാനിക്കാൻ തക്കതായ രേഖപ്പെടുത്തൽ ആണന്നെരിക്കെ, ഈ നോവലിലെ ഒരു കഥാപാത്രമായി മാറിയപ്പോൾ എന്തുതോന്നി ?

മഞ്ഞവെയില്‍ മരണങ്ങള്‍ എന്നൊരു നോവലില്‍ ജീവിക്കുന്ന ഒരു കഥാപാത്രമായി എന്നതില്‍ വളരെ സന്തോഷമുണ്ട്. നോവലിന്റെ ഇതിവൃത്തത്തിനോട് ഒത്തുപോവുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ ആ നോവലില്‍ പ്രതിപാദിക്കേണ്ടതിനാല്‍, ബെന്യാമിന് അറിയാവുന്ന, എന്നാല്‍ ചില വക്രബുദ്ധികള്‍ ഉള്ള ഒരു ബ്ലോഗറെ ആവശ്യമാ‍യി വന്നിരിക്കുകയും, അതിന് എന്റെ ബ്ലോഗ് നാമം സ്വീകരിച്ചതാവാം. ഞങ്ങള്‍ ഈ നോവലിന്റെ വന്നത് ഒരു പ്രത്യേകഘട്ടത്തിലാണ്. അത് ബെന്യാമിന്‍ വെളിപ്പെടുത്തുന്നതിന് മുമ്പ് ഞാന്‍ വെളിപ്പെടുത്തുന്നതില്‍ ഇത്തിരി അനൌചിത്യമില്ലേ എന്നൊരു തോന്നല്‍. എഴുതിതീര്‍ന്ന മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന നോവലിലേക്ക് പിന്നീട് വ്യാഴചന്തയും അതിലെ അംഗങ്ങളും കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു. അതിന്റെ കാ‍ര്യകാരണങ്ങള്‍ നോവലിസ്റ്റ് തന്നെ വെളിപ്പെടുത്തുന്നതാവും നല്ലതെന്ന് കരുതുന്നു.

2. താങ്കളുമായി അടുത്ത പരിചയവും നല്ല സൌഹൃദവും ഉള്ള കഥാകാരൻ, താങ്കളുടെ ഏത് സ്വഭാവവിശേഷമാണ് നോവലിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നതായി തോന്നുന്നത്. അൽ‌പ്പം കൂടെ വ്യക്തമായി ചോദിച്ചാൽ, താങ്കളുടെ ശരിയായ സ്വഭാവമാണോ അതോ ബ്ലോഗ് എഴുത്തിലൂടെ താങ്കൾ പ്രതിഫലിപ്പിക്കുന്ന വ്യത്യസ്തമായ മറ്റൊരു സ്വഭാവവിശേഷമാണോ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?

ആ നോവലില്‍ പ്രതിപാദിക്കുന്ന ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ ബെന്യാമിനോട് ഏറ്റവും കുറവ് പരിചയവും, ഏറ്റവും കുറവായി ഇന്ററാക്ട് ചെയ്തതും , ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും ഞാനാണ്. അതാണ് സത്യം. എന്റെ ബ്ലോഗില്‍ ഞാന്‍ കുറച്ച് ഓപ്പണായി ലൈംഗിക വിഷയങ്ങളില്‍ കേന്ദ്രീകൃതമായ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. അത് ഒരു തരത്തില്‍ ബൂലോകത്തില്‍ എന്നെ മാര്‍ക്ക് ചെയ്യപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ആ മാര്‍ക്കിങ്ങ് എനിക്ക് ഗുണപരമായും ദോഷപരമായുള്ള ഒരു ഇമേജ് നല്‍കപ്പെട്ടിട്ടുണ്ട്. വ്യക്തിപരമായി പറഞ്ഞാല്‍ അത് ഗുണപരമായി തന്നെയാണ് എനിക്കും എന്റെ ബ്ലോഗിനും ബാധിച്ചിട്ടുള്ളത്. എന്തിന്, ബെന്യാമിന്റെ ഈ നോവലില്‍ ഒരു കഥാപാത്രമായി മാറാന്‍ പോലും കഴിഞ്ഞത് ആ ഒരു മാര്‍ക്കിംഗിന്റെ ഗുണം തന്നെയാണ്. ഒരു മനുഷ്യന്‍ അവന്റെ സ്വഭാവവും, അനുഭവവും അതേ പോലെ പ്രസിദ്ധികരിച്ചാല്‍ അത് ആത്മകഥകള്‍ മാത്രമേ ആവുന്നുള്ളു. മറിച്ച് അത് ഒരു സാഹിത്യസൃഷ്ടിയാവണമെങ്കില്‍ ഭാവന തന്നെയാണ് വര്‍ക്ക് ചെയ്യപ്പെടേണ്ടത്. ബെന്യാമിന്‍ ഈ നോവലില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് എന്റെ ബ്ലോഗ് എഴുത്തിലൂടെ സൈബര്‍ ലോകത്ത് നട്ടപ്പിരാന്തനുള്ള വെര്‍ച്വല്‍ ഇമേജിംഗ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

3. ഇങ്ങനെയൊരു കഥാപാത്രമായി താങ്കളെ രൂപപ്പെടുത്തുന്നതായി കഥാകാരൻ നേരത്തെ തന്നെ അനുവാദം വാങ്ങിയിരുന്നോ, അതോ നോവൽ പൂർത്തിയായി, പ്രസിദ്ധീകരിച്ചതിന് ശേഷമാണോ ഇതേപ്പറ്റി അറിഞ്ഞത് ?

ഇല്ല, എന്നോട് അനുവാദം ചോദിച്ചിട്ടല്ല കഥാപാത്രമാക്കിയത്. എന്റെ കഴിഞ്ഞ വെക്കേഷന്‍ സമയത്താണ് നോവല്‍ ബെന്യാമിന്‍ എഴുതിത്തിര്‍ത്തത്. അതിന്റെ കയ്യെഴുത്ത് പ്രതികള്‍ അനില്‍, സുധി, ബിജു എന്നിവര്‍ക്ക് വായിക്കാന്‍ കൊടുത്തിരുന്നു. എന്നാല്‍ ഞാന്‍, സലിം, നിബു എന്നിവര്‍ നോവല്‍ പ്രസിദ്ധികരിച്ചതിന് ശേഷമാണ് ആ പുസ്തകം വായിച്ചത്. പക്ഷെ എഴുതിപൂര്‍ത്തിയാക്കിയതിന് ശേഷം ബെന്യാമിന്‍ എന്നോട് പറഞ്ഞിരുന്നു നട്ടപ്പിരാന്തനും ആ നോവലില്‍ ഒരു കഥാപാത്രമാണെന്ന്. അത് കേട്ടപ്പോഴുണ്ടായ സന്തോഷം ഒരു വിടര്‍ന്ന ചിരിയില്‍ ബെന്യാമിന് കൊടുത്തുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. നോവലിന്റെ പ്രകാശനം നിശ്ചയിക്കപ്പെട്ടതിന് ശേഷമാണ് സോഷ്യൽ മീഡിയയില്‍ ആ നോവലിനെപ്പറ്റിയും എന്റെ കഥാപാത്രത്തെപ്പറ്റിയും ഒരു കുറിപ്പിട്ടത്.

4. സ്വയം കഥാപാത്രമായി മാറിയ ‘മഞ്ഞവെയിൽ മരണങ്ങൾ‘ വായിച്ചുകൊണ്ടിരുന്നപ്പോൾ താങ്കൾക്കുണ്ടായ വികാരം, ചിന്തകൾ എന്നതൊക്കെ പങ്കുവെക്കാമോ ?

ബെന്യാമിന്റെ പ്രസിദ്ധമായ ആടുജീവിതം വായനക്കാരന്റെ ഹൃദയത്തിലാണ് വികാരവിചാരങ്ങള്‍ സൃഷ്ടിച്ചതെങ്കില്‍, മഞ്ഞവെയില്‍ മരണങ്ങള്‍ ഒരു പടികൂടി ഉയര്‍ന്ന് വായനക്കാരന്റെ തലച്ചോറിനെക്കൂടി ഉദ്ദീപിക്കുന്നതും, ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തില്‍ ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്നതും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതുമായ രാഷ്ട്രീയ/സാമൂഹിക/സാമ്പത്തികമായ പൊളിച്ചെഴുത്തുകള്‍ക്കിടയില്‍ വളരെ ഗൌരവകരമായ ഒരു വായനയും, രാഷ്ട്രീയവും ഈ നോവല്‍ വായനക്കാര്‍ക്ക് മുമ്പില്‍ ഇട്ടുതരുന്നുണ്ട്. അതോടൊപ്പം വളരെ ഗൌരവകരമായി തന്നെ ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വിഷയമാണ് ഈ നോവലില്‍ വളരെ ഗൂഡമായി ഒളിഞ്ഞിരിക്കുന്ന ഉപദേശിയതയുടെ അപകടങ്ങളും അതിന്റെ വര്‍ത്തമാനസാധ്യതകളും.

5. കഥാകാരനടക്കമുള്ള നിങ്ങൾ സുഹൃത്തുക്കൾ എല്ലാവരും സ്ഥിരമായി അനുഷ്ടിക്കുന്ന ഒരു സംഭവമാണോ ‘വ്യാഴച്ചന്തകൾ’ ?

അതേ, വ്യാഴാഴ്ചകളിലെ വൈകുന്നേരങ്ങള്‍……കല്ല് കരട് കാഞ്ഞിരക്കുറ്റിമുതല്‍ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പ് വരെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും തര്‍ക്കിക്കുകയും ചെയ്യാറുണ്ട്.

6. കൾച്ചറൽ ആംബുലൻസ് എന്ന ഒരു വാഹനം ശരിക്കും നിങ്ങൾ സുഹൃത്തുക്കളിൽ ആരുടേതെങ്കിലും ആണോ ?

നോവലിലെ അനിലിന്റെ കാറിലായിരുന്നു പണ്ട് ഞങ്ങളുടെ യാത്രകളും, യാത്രകളിലെ ചര്‍ച്ചകളും നടന്നിരുന്നത്. സാന്ദര്‍ഭികമായി എവിടെ വച്ചോ കൂട്ടുകാരിലാരോ ഒരു കാഷ്വല്‍ സംസാരത്തില്‍ ഉപയോഗിച്ച ഒരു വാക്കാണ് കള്‍ച്ചറല്‍ ആംബുലന്‍സ് എന്നത്. ഇപ്പോള്‍ എനിക്ക് കൂടി കാറായപ്പോള്‍ കള്‍ച്ചറല്‍ ആംബുലന്‍സിന്റെ എണ്ണം ഒന്നുകൂടി കൂടി.

7. സ്വയം കഥാപാത്രമാകുന്നു എന്ന സന്തോഷം മാറ്റി നിർത്തി, നോവലിനെപ്പറ്റി എന്താണ് അഭിപ്രായം.

a) ഒരു സാധാരണ ക്രൈസ്തവവിശ്വാസിയായ എനിക്ക് നോവലിന്റെ അവസാനഭാഗത്ത് മലങ്കര സഭകളെപ്പറ്റി പറയുന്ന നിഗൂഡതകള്‍ പലതും പുതിയതും, കൂടുതല്‍ ഭ്രമിപ്പിക്കുന്നതുമാണ്. ഈ ഒരു ഭ്രമാത്മകത മറ്റ് വായനക്കാരില്‍ ഉണ്ടാവുമോ എന്നത് സംശയപ്രദവും അതോടോപ്പം ചര്‍ച്ചചെയ്യപ്പെടേണ്ടതുമാണ്.

b)സര്‍ ആര്‍തര്‍ കോനല്‍ ഡയല്‍, അഗത ക്രിസ്തി എന്നിവര്‍ ഉപയോഗിച്ചിട്ടുള്ള ഒരു ത്രില്ലിംഗ് ഇഫക്ട് പലപ്പോഴും വായനയില്‍ കടന്നുവരുന്നു. പക്ഷേ നോവലിന്റെ പരിണാമഗുസ്തി വായനക്കാരില്‍ പലതരത്തിലായിരിക്കും.

c)മലയാളത്തിലെ പുതിയ തലമുറയില്‍പ്പെട്ട ചലചിത്രസംവിധായകര്‍ ഒരുക്കിയ സിനിമയുടെ പുതിയ രചനാശീലികള്‍ക്ക് മുമ്പില്‍ പകച്ചുനില്‍ക്കുന്ന കേരളത്തില്‍, മുതിര്‍ന്ന സംവിധായകരുടെ അവസ്ഥ ബെന്യാമിന്‍ അടക്കമുള്ള പുതുതലമുറയില്‍പ്പെട്ട എഴുത്തുകാര്‍ പുലര്‍ത്തുന്ന പുതുമയുള്ള പുതിയ രചനാശീലികള്‍, ലബ്ദപ്രതിഷ്ടനേടിയ എഴുത്തുകാര്‍ക്ക് മുമ്പിലും വയ്ക്കുന്നുണ്ട്. ഇതിനെ മറികടക്കാന്‍ പുതിയ രചനാശീലികള്‍ അവര്‍ക്കും കണ്ടെത്തേണ്ടിവരും.

d)സത്യമേത് ഫിക്ഷനേത് എന്ന കണ്‍ഫ്യൂണലില്‍ ഒരു വായനകാരനെ എത്തിക്കാന്‍ ബെന്യാമിന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ വിജയിച്ചിട്ടുമുണ്ട്.

e)ബഹറൈനിലെ രാഷ്ടീയസാഹചര്യങ്ങള്‍ അറിയുന്ന ഒരാള്‍ക്ക് ഈ നോവല്‍ വായിക്കുമ്പോള്‍ ഒരു പുതിയകാല രാഷ്ടീയചിന്തകള്‍കൂടി ഒപ്പം കൊണ്ടുപോവേണ്ടതുണ്ട്. ആ ഒരു രാഷ്ടീയവായന പ്രവാസികള്‍ക്കല്ലാതെ മനസ്സിലാവുകയുമില്ല.

f)പിന്നെ നോവലില്‍ വെളിവാക്കപ്പെടുന്ന ഉപദേശിയതകള്‍……ഒരു സാധാരണവായനക്കാരന് എങ്ങനെ വായിച്ചെടുക്കാന്‍ കഴിയുമെന്നത് ഒരു പോരായ്മയായി പറയാം. അത് തെറ്റാണോ ശരിയാണോ എന്നു തീരുമാനിക്കേണ്ടത് കേരളത്തിലെ നിരൂപകരും, അക്കാഡമിക്ക് തലത്തില്‍ പെട്ടവരുമാണ്.

ആടുജീവിതം എഴുതിയ ഒരു ബെന്യാമിനെ ഈ നോവലില്‍ മഷിയിട്ടാല്‍ കാണില്ല. രചനാശൈലി വച്ചു നോക്കുമ്പോള്‍ അത് ബെന്യാമിന്റെ വിജയമാണെന്ന് തീര്‍ച്ചയായും പറയേണ്ടിവരും. ക്രിസ്ത്യന്‍ സഭാചരിത്രത്തില്‍ അഗാധമായ അറിവും ഈ നോവലിന്റെ പൂര്‍ണ്ണതയ്ക്ക് ബെന്യാമിന്‍ ഉപയോഗിച്ചിട്ടുണ്ട്.

8. പിതാക്കന്മാരുടെ മുറിയിൽ നിന്ന് കേന്ദ്രകഥാപാത്രമായ അന്ത്രപ്പേരിന് കിട്ടുന്ന ‘കൻ‌യാഭോഗസൂകതം‘ എന്ന പുസ്തകം പൂർണ്ണമായും വായിച്ചാൽ കൊള്ളാമെന്ന് നോവലിലെ നട്ടപ്രാന്ത്രൻ ആഗ്രഹിക്കുന്നുണ്ട്. നോവലിന് വെളിയിലുള്ള നട്ടപ്രാന്തൻ എന്ന സജുവിന് ആ പുസ്തകം വായിക്കണമെന്ന ആഗ്രഹം ഉണ്ടോ ? സത്യത്തിൽ അങ്ങനൊരു പുസ്തകം ഉണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ ? അത് ബന്യാമിന്റെ ഭാവന മാത്രമാണോ അത് ?

ഇനി, ഒരു കന്യകയെ ഭോഗിക്കുക എന്നത് എന്റെ സ്വപ്നത്തില്‍ പോലും ഞാന്‍ ഇഷ്ടപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്യാത്ത കാര്യമാണ്. 101 ശതമാനം സെക്സ്വലി സാറ്റിസ്ഫൈഡായ ഒരു ജീവിതമാണ് എന്റേത്. എന്റെ ലൈംഗീകചോദനകള്‍ കേവലം എന്റെ ശരീരത്തെ മാത്രം തൃപ്തിപ്പെടുത്തേണ്ട ഒന്നല്ല എന്നുള്ള പൂര്‍ണ്ണബോധ്യമുള്ളതിനാല്‍ കന്യാഭോഗസൂക്തം പോലുള്ള രചനകള്‍ എന്നെ ഒട്ടും ആകര്‍ഷിക്കുന്നില്ല.

കന്യാഭോഗസൂക്തം പോലൊരു രചന ഉണ്ടാ‍വും എന്നുതന്നെയാണ് എന്റെ ബലമായ വിശ്വാസം. അത് ആ പുസ്തകത്തിലുള്ള വിശ്വാസമല്ല മറിച്ച് ബെന്യാമിന്‍ തന്റെ രചനകള്‍ക്ക് എടുക്കുന്ന പഠനവും, ആ പഠനത്തില്‍ കിട്ടുന്ന അറിവുകള്‍ തന്റെ രചനകള്‍ക്ക് ഉപോല്പലകമായ രീതിയില്‍ സന്നീവേശിപ്പിക്കുകയും ചെയ്യുക എന്നത് ബെന്യാമിന്റെ ഒരു എടുത്ത്പറയത്തക്ക ഗുണം തന്നെയാണ്. ആ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ചോദ്യത്തിന് വിഷയിഭവിച്ച കന്യാഭോഗസൂക്തം ഒരു യഥാര്‍ത്ഥപുസ്തകം തന്നെയായിരിക്കും.