എണ്ണപ്പാടത്ത് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷം തികയാന്‍ പോകുന്നു. വിവരസാങ്കേതികവിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഈയുള്ളവന്‍ ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ആ മേഖലയുടെ കുത്തൊഴുക്കില്‍ മനംനൊന്ത് നില്‍ക്കുമ്പോഴാണ്, ശ്രീ.അബ്‌ദുള്‍ ജബ്ബാര്‍ എന്നൊരു വ്യത്യസ്തനായ നല്ല മനുഷ്യന്‍ (എന്റെ പഴയ ബോസ്സ്) എണ്ണപ്പാടത്തൊരു ജോലി വാഗ്ദാനം ചെയ്യുന്നത്.
2 മാസം ജോലി ചെയ്താന്‍ ഒരു മാസം ശംബളത്തോടുകൂടിയുള്ള അവധി. അതായിരുന്നു ഈ ജോലിയുടെ ഒരു പ്രധാന ആകര്‍ഷണം. വര്‍ഷത്തിലൊരിക്കല്‍ മാത്രം നാട്ടില്‍ അവധിക്ക് പോകുന്ന പ്രവാസി എന്ന ലേബല്‍ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നില്ല.(മറ്റ് പ്രവാസി സുഹൃത്തുക്കള്‍ ക്ഷമിക്കണം)
അങ്ങനെ നോക്കുമ്പോള്‍ കൊല്ലത്തില്‍ നാലുപ്രാവശ്യം കമ്പനിച്ചിലവില്‍ നാട്ടില്‍ പോകാമെന്നുള്ളത് ഒരു വലിയ കാര്യമായതുകൊണ്ട് മറ്റൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ ‘ഡൌണ്‍ഹോള്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയര്‍’ എന്ന ഈ ജോലി രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ജോലിസ്വഭാവം ‘മെമ്മറി പ്രൊഡക്ഷന്‍ ലോഗിങ്ങ് എഞ്ചിനീയര്‍’ എന്നാകുകയും, ഒരു മാസം ജോലി ചെയ്താല്‍ ഒരു മാസം അവധി കിട്ടുമെന്ന മെച്ചപ്പെട്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുകയും ചെയ്തു.
ഒരുമാസം ജോലി ചെയ്താല്‍ ഒരുമാസം ശംബളത്തോടുകൂടിയുള്ള അവധി, എന്നൊക്കെ കേള്‍ക്കുമ്പോള്‍ പലര്‍ക്കും അസൂയ തോന്നുന്നത് സ്വാഭാവികം മാത്രം. പക്ഷെ,എണ്ണപ്പാടത്തെ വളരെ കഠിനമായ ജീവിതസാഹചര്യങ്ങള്‍ നേരിടുന്നതിന് പകരമായി എണ്ണപ്പാടത്ത് ജോലി ചെയ്യുന്നവര്‍ക്ക് കിട്ടുന്ന ചെറിയ ചെറിയ സുഖങ്ങളാണിതൊക്കെ. അത്തരം കഠിനമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് മനസ്സും ശരീരവും പാകപ്പെടുത്തിയെടുക്കാന്‍ പലതരം പരിശീലനങ്ങളിലൂടെയും ഞങ്ങള്‍ കടന്നുപോകാറുണ്ട്.
ഈ പരിശീലനങ്ങലില്‍ ചിലത് കൊല്ലാകൊല്ലം ചെയ്തുകൊണ്ടിരിക്കണം. ചില പരിശീലനങ്ങള്‍ മൂന്നു കൊല്ലത്തിലൊരിക്കല്‍ നടത്തിയാലും മതി. അബുദാബിയിലുള്ള ഞങ്ങളുടെ കമ്പനിയുടെതന്നെ ഒരു സഹോദര സ്ഥാപനമായ ജി.ട്ടി.എസ്സ്.സി.(Gulf Technical & Safety Training Centre) ആണ് ഗള്‍ഫില്‍ ഇത്തരം എല്ലാ പരിശീലനവും നല്‍കുന്ന ഒരു പ്രമുഖ സ്ക്കൂള്‍.
1.ഫസ്റ്റ് എയ്‌ഡ് (First Aid)
2.ഫയര്‍ ഫൈറ്റിങ്ങ് (Fire Fighting)
3.ഹൈഡ്രജന്‍ സള്‍ഫൈഡ് (H2S)
4.ബ്രീത്തിങ്ങ് അപ്പാരട്ടസ് (Breathing Apparatus)
5.സീ സര്‍വൈവല്‍ (Sea Survival)
6.ഓഫ്‌ഷോര്‍ സര്‍വൈവല്‍ (Offshore Survival)
7.ഹെലിക്കോപ്‌റ്റര്‍ അണ്ടര്‍ വാട്ടര്‍ എസ്‌കേപ്പ് (Helicopter Underwater Escape)……
തുടങ്ങിയ പരിശീലനങ്ങള്‍ ഓഫ്‌ഷോറിലെ എണ്ണപ്പാടങ്ങളില്‍ ജോലിക്ക് പോകുന്ന മിക്കവാറും എല്ലാവരും ചെയ്തിരിക്കേണ്ടതാണ്.ഇതില്‍ അവസാനം പറഞ്ഞ ഹെലിക്കോപ്പ്‌റ്റര്‍ അണ്ടര്‍ വാട്ടര്‍ പരിശീലനമാണ് (HUET) മിക്കവാറും ഞങ്ങളെല്ലാവരുടേയും ഉറക്കം കെടുത്താറുള്ളത്.
നടുക്കടലിലെ എണ്ണപ്പാടത്ത് ജോലിക്കാരേയും മറ്റും എത്തിക്കാന്‍ പ്രധാനമായും എല്ലാ സ്ഥലങ്ങളിലും ഹെലിക്കോപ്‌റ്ററുകളെയാണ് ഒരുവിധം എല്ലാ എണ്ണക്കമ്പനിക്കാരും ആശ്രയിക്കുന്നത്. ഇത്തരം ഹെലിക്കോപ്പ്‌റ്ററുകള്‍ ഏന്തെങ്കിലും കുഴപ്പം കാരണം കടലില്‍ തകര്‍ന്ന് വീണാല്‍, കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങിത്താണാല്‍, എങ്ങനെ അതില്‍നിന്ന് ജീവനോടെയോ അല്ലെങ്കില്‍ മൃതപ്രായനായിട്ടെങ്കിലും രക്ഷപ്പെടാം എന്നുള്ളതാണ് ഹെലിക്കോപ്പ്‌റ്റര്‍ അണ്ടര്‍ വാട്ടര്‍ പരിശീലനത്തിന്റെ ഉള്ളടക്കം.
മൂന്ന് വര്‍ഷത്തിലൊരിക്കലെങ്കിലും ഈ പരിശീലനം ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കാതെ നടുക്കടലിലെ ഒട്ടുമിക്ക എണ്ണപ്പാടത്തേക്കും പോകുക അസാദ്ധ്യമാണ്. ഞാനീ പരിശീലനം ഇതിനകം 3 പ്രാവശ്യം ചെയ്തിട്ടുണ്ട്. കുറെയൊക്കെ രസകരവും അതോടൊപ്പം അല്‍പ്പം ഭീതി ജനിപ്പിക്കുന്നതുമാണ് ഈ സംഭവം. മലയാളിയും ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ച് വെളിയില്‍ വന്ന രാജന്‍ എന്ന് പേരുള്ള കോട്ടയത്തുകാരനായിരുന്നു കഴിഞ്ഞപ്രാവശ്യങ്ങളിലെല്ലാം എന്റെ പരിശീലകന്‍. ഇപ്പോള്‍ അദ്ദേഹം മെച്ചപ്പെട്ട ജോലികിട്ടി G.T.S.C.യില്‍ നിന്ന് മാറിപ്പോയിരിക്കുന്നു.
നാലാള്‍ക്ക് ഇരിക്കാന്‍ പാകത്തിനുള്ള ഒരു ഹെലിക്കോപ്പ്‌റ്ററിന്റെ മാതൃകയാണ് ഈ പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഹെലിക്കോപ്പ്‌റ്ററില്‍ കയറുമ്പോള്‍ ഇടുന്ന തരത്തിലുള്ള ലൈഫ് ജാക്കറ്റൊക്കെ കഴുത്തിലൂടെ കയറ്റി നെഞ്ചത്ത് വലിച്ചുമുറുക്കി കെട്ടി എല്ലാവരും ഈ ഡമ്മി ഹെലിക്കോപ്പ്‌റ്ററിനകത്ത് ഇരുപ്പുറപ്പിക്കുന്നു. നാലാളെ കൂടാതെ പരിശീലകനും ഇതിനകത്ത് ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. ഈ പരിശീലനത്തിന് മൂന്ന് ഘട്ടങ്ങളാണുള്ളത്.
ഒന്നാം ഘട്ടം:- ചില സാങ്കേതിക തകരാറുകള്‍ മൂലം ഹെലിക്കോപ്പ്‌റ്ററിന് വെള്ളത്തിന് മുകളില്‍ ഇറങ്ങേണ്ടി വരുന്നു. അപ്പോള്‍ എന്ത് ചെയ്യണമെന്നുള്ളതാണ് ആദ്യഘട്ടം. ഈ അവസരത്തില്‍ വെള്ളത്തില്‍ ചോപ്പര്‍ (ഹെലിക്കോപ്പ്‌റ്ററിനെ അങ്ങിനേയും വിളിക്കാറുണ്ട്. വായുവിനെ ‘ചോപ്പ് ‘ ചെയ്ത് നീങ്ങുന്നതുകൊണ്ടാണ് ആ പേര് കിട്ടിയതെന്നാണ് എന്റെ അറിവ്) തൊടുന്നതിനോടൊപ്പം ചോപ്പറിന്റെ അടിഭാഗത്തുള്ള ഫ്ലോട്ടിങ്ങ് ഡിവൈസ് ബലൂണ്‍ പോലെ വീര്‍ത്തുവരികയും വലിയ കുഴപ്പമൊന്നുമില്ലാതെ ചോപ്പര്‍ വെള്ളത്തിന് മുകളില്‍ പൊങ്ങി നില്‍ക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ ചിലപ്പോള്‍ മണിക്കൂറുകളോളം അല്ലെങ്കില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെ എല്ലാവരും വെള്ളത്തിനുമുകളില്‍ ഹെലിക്കോപ്പ്‌റ്ററിനകത്ത് കഴിച്ചുകൂട്ടേണ്ടിവരും. ഇങ്ങനെയുള്ള ഈ ആദ്യഘട്ടത്തില്‍ ചിലപ്പോള്‍, ചോപ്പറിനകത്ത് കണങ്കാലിനൊപ്പം വെള്ളമുണ്ടായിരിക്കും. രക്ഷാപ്രവര്‍ത്തകര്‍ വന്നുകഴിയുമ്പോള്‍ ചോപ്പറിലുള്ളവര്‍ എന്തായാലും വെള്ളത്തിലേക്ക് ചാടണം. ഫ്ലോട്ടേഷന്‍ ഡിവൈസ് വീര്‍ത്തുകഴിഞ്ഞാല്‍ ഒരിക്കലും ചോപ്പറിന്റെ വാതിലുകള്‍ തുറക്കാന്‍ പാടില്ല. ഈ വാതില്‍ ഫ്ലോട്ടേഷന്‍ ഡിവൈസില്‍ തട്ടി ദ്വാരമുണ്ടാക്കി അതിലെ കാറ്റ് പോകാതിരിക്കാനാണ് ഇങ്ങനെയൊരു നടപടി. പിന്നെങ്ങിനെ പുറത്ത് കടക്കും?
ചോപ്പറിന്റെ ചില്ലുജനാലകളില്‍ ഒരു വശത്ത് ശക്തമായി തള്ളിയാല്‍ അത് അടര്‍ന്ന് വെളിയില്‍ വീഴും. ഈ ജാലകത്തിലൂടെയാണ് എല്ലാവരും പുറത്ത് അഥവാ വെള്ളത്തിലേക്ക് കടക്കേണ്ടത്. സീറ്റ് ബെല്‍റ്റ് തുറന്ന് ജനാലയിലൂടെ വെള്ളത്തിലേക്ക് വീണയുടനെ നീന്തലറിയാത്തവരും അറിയുന്നവരുമെല്ലാം ലൈഫ് ജാക്കറ്റ് ഇന്‍ഫ്ലേറ്റ് ചെയ്യിപ്പിക്കണം. ഇത് മിക്കവാറും നമ്മുടെ സാധാരണ പാസഞ്ചര്‍ വിമാനത്തില്‍ കാണുന്നതരത്തിലുള്ള ലൈഫ് ജാക്കറ്റ് തന്നെയായിരിക്കും. അല്ലറചില്ലറ വ്യത്യാസമുള്ള ലൈഫ് ജാക്കറ്റുകള്‍ നിലവിലുണ്ടെങ്കിലും എല്ലാത്തിന്റേയും പ്രവര്‍ത്തന രീതി ഒന്നുതന്നെയാണ്. ജാക്കറ്റിന്റെ താഴെയുള്ള ചരടില്‍ പിടിച്ച് വലിച്ചാല്‍ ജാക്കറ്റ് വീര്‍ത്തുവരും.
ചോപ്പറില്‍ നിന്ന് വെളിയില്‍ച്ചാടാതെ നെഞ്ചത്ത് കെട്ടി വെച്ചിരിക്കുന്ന ലൈഫ് ജാക്കറ്റ് ഇന്‍ഫ്ലേറ്റ് ചെയ്യിക്കാന്‍ പാടില്ലെന്നാണ് നിയമം. അതിന്റെ കാരണം പുറകെ വിശദീകരിക്കാം. ഒന്നാം ഘട്ടം കഴിഞ്ഞു. ഇനി രക്ഷാപ്രവര്‍ത്തകരുടെ കൂടെ ബോട്ടിലോ അതെല്ലെങ്കില്‍ മറ്റൊരു ചോപ്പറിലോ കയറി പാട്ടും പാടി കരയിലേക്ക് യാത്രയാകാം.
രണ്ടാം ഘട്ടം:- ഈ ഘട്ടത്തില്‍, വെള്ളത്തില്‍ ഇടിച്ചിറക്കപ്പെട്ട ചോപ്പറില്‍ കണങ്കാലിനും മുകളിലേക്ക് വെള്ളം കയറി വരും. അതങ്ങനെ പൊങ്ങിപ്പൊങ്ങി കഴുത്തൊപ്പം വന്നുനില്‍ക്കും. ഈ അവസ്ഥയിലും സീറ്റ് ബെല്‍റ്റ് തുറന്ന്, ചില്ലുജനാല തകര്‍ത്ത് വെള്ളത്തില്‍ ചാടി, ലൈഫ് ജാക്കറ്റ് ഇന്‍ഫ്ലേറ്റ് ചെയ്ത്, രക്ഷിക്കാന്‍ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അവരുടെ കൂടെ യുഗ്മഗാനവും പാടി കരയിലേക്ക് മടങ്ങാം. ലൈഫ് ജാക്കറ്റ് ഒരിക്കലും ചോപ്പറിനകത്തുവെച്ച് ഇന്‍ഫ്ലേറ്റ് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞതിന്റെ കാരണം വ്യക്തമാക്കാം. ചോപ്പറിനകത്ത് കഴുത്തൊപ്പം വെള്ളം നിറഞ്ഞ അവസ്ഥയില്‍ ആരെങ്കിലും ലൈഫ് ജാക്കറ്റ് ഇന്‍ഫ്ലേറ്റ് ചെയ്താല്‍ അവര്‍ പെട്ടെന്ന് ചോപ്പറിന്റെ മുകള്‍ഭാഗത്തേക്ക് പൊങ്ങിപ്പോകും. പിന്നെയവര്‍ക്ക്‍ ചില്ലുജനാല വഴി പുറത്തേക്ക് വരാന്‍ പറ്റിയെന്ന് വരില്ല. ലൈഫ് ജാക്കറ്റ് അവരുടെ ശരീരത്തെ ബലമായി മുകളില്‍ ഉയര്‍ത്തിനിര്‍ത്തും. അതിനെ ബലം പ്രയോഗിച്ച് താഴേക്കാക്കാന്‍ പറ്റുന്ന കാര്യം സംശയമാണ്. ചുരുക്കിപ്പറഞ്ഞാല്‍ പുറത്തിറങ്ങാന്‍ പറ്റാതെ ചോപ്പറിന്റെ മച്ചില്‍ക്കുടുങ്ങി ജീവിതം പാഴാകും എന്നുതന്നെ. എന്തായാലും ആ വക കുഴപ്പങ്ങളിലൊന്നും ചെന്ന് ചാടിയില്ലെങ്കില്‍ രണ്ടാം ഘട്ടത്തില്‍ നിന്നും വളരെ സമര്‍ത്ഥമായി രക്ഷപ്പെടാം.
മൂന്നാം ഘട്ടം:- ഇതാണ് ഈ പരിശീലനത്തിലെ ഏറ്റവും കഠിനമായ ഘട്ടം. ഈ സമയമാകുമ്പോഴേക്കും മിക്കവാറും എല്ലാവരും ഇതുവരെ പരിചയം പോലുമില്ലാത്ത ദൈവങ്ങളെയൊക്കെ വിളിച്ചുതുടങ്ങും. ഈ ഘട്ടത്തില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത ചോപ്പര്‍ വെള്ളത്തിലേക്ക് പതിക്കുകയും, വെള്ളത്തിലേക്ക് മുങ്ങുകയും, വെള്ളത്തിനടിയില്‍ ഒന്നുരണ്ടുവട്ടം കറങ്ങി, ആകാശമേത് ഭൂമിയേത് എന്നറിയാന്‍ പറ്റാത്ത അവസ്ഥയിലാകുകയും ചെയ്യുന്നതുമൊക്കെ നിമിഷനേരംകൊണ്ട് കഴിയും.
മുങ്ങിക്കിടക്കുന്ന ഈ ചോപ്പറില്‍ നിന്നാണ് സീറ്റ് ബല്‍റ്റ് തുറന്ന്, ചില്ലുജനാല തകര്‍ത്ത് വെളിയില്‍ കടന്ന്, ജലപ്പരപ്പിലേക്ക് പൊങ്ങി വരേണ്ടത്. ചോപ്പര്‍ വെള്ളത്തില്‍ മുങ്ങി വട്ടം കറങ്ങാന്‍ തുടങ്ങുന്നതോടെ നീന്തലറിയുന്നവരും നീന്തലറിയാത്തവരുമൊക്കെ കുറച്ചെങ്കിലും വെള്ളം മൂക്കിലൂടെയും വായിലൂടെയുമൊക്കെ അകത്താക്കിയിട്ടുണ്ടാകും. തിരക്കും വെപ്രാളവും പ്രാണഭയവുമൊക്കെ കാരണം ആ സമയത്ത് സീറ്റ് ബെല്‍റ്റ് തുറക്കാന്‍ പറ്റില്ല, പുറത്ത് കടക്കേണ്ട ജനാല നോക്കിയാല്‍ കാണില്ല…. അങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങള്‍ തലപൊക്കും.
വെള്ളത്തിനടിയില്‍ നല്ല ഇരുട്ടില്‍ ചില്ലുജനാലയൊന്നും കാണാന്‍ പറ്റാത്തതുകൊണ്ട് ചോപ്പര്‍ മുങ്ങുന്നതിന് മുന്‍പുതന്നെ ഏതെങ്കിലും ഒരു കൈ എല്ലാവരും തൊട്ടടുത്ത ജനാലയ്ക്ക് അടയാളം(റെഫറന്‍സ്)ആയി വരുന്ന വിധത്തില്‍ മുറുക്കിപ്പിടിക്കണമെന്നും പിന്നീട് ആ ദിശയില്‍ നീന്തി പുറത്ത് കടക്കണമെന്നുമാണ് ചട്ടം. മരണവെപ്രാളത്തിനിടയില്‍ അങ്ങിനെ പിടിച്ചിരിക്കുന്ന കൈയ്യെല്ലാം വിട്ടുപോകുകയും, ചങ്കരന്‍ തെങ്ങില്‍ത്തന്നെ എന്ന അവസ്ഥയിലാകുകയും ചെയ്യും.
ഈയവസ്ഥയില്‍ ഒരാള്‍ മുങ്ങി വെള്ളം കുടിച്ച് ചാകാനുള്ള പരമാവധി സമയത്തിന്റെ ആനുകൂല്യമൊക്കെ തന്ന് പരിശീലകന്‍ ഞങ്ങളുടെ ഈ പരാക്രമമൊക്കെ നോക്കി ചോപ്പറിനകത്തുണ്ടാകുമെന്നതാണ് രസകരമായ ഒരു കാര്യം. ചത്തുപോകും എന്ന ഒരു അവസ്ഥ സംജാതമാകുമ്പോള്‍ പരിശീലകന്‍ തന്നെ സീറ്റ് ബെല്‍റ്റൊക്കെ തുറന്ന് ജീവച്ഛവമായ ഓരോന്നിനെയായി വലിച്ച് വെളിയിലിടും.
രണ്ടാമത്തെ പ്രാവശ്യം ഞാന്‍ ഈ പരിശീലനത്തിന്‍ പോയപ്പോള്‍ എന്റെ കൂടെ ചോപ്പറില്‍ ഉണ്ടായിരുന്നത് സഹപ്രവര്‍ത്തകനായ നിഷാദും, ഞങ്ങളുടെ പാലസ്തീനിയായ ഓപ്പറേഷന്‍സ് മാനേജരും, ഒരു പാലസ്തീനി സൂപ്രണ്ടന്റുമായിരുന്നു. ഓപ്പറേഷന്‍സ് മാനേജര്‍, കുറച്ചുനാള്‍മുന്‍പുവരെ ഞങ്ങളുടെ കമ്പനിയിലെ സേഫ്റ്റി വിഭാഗത്തിന്റെ ഉത്തരവാദിത്ത്വം കൂടെ കൈകാര്യം ചെയ്തിരുന്ന കക്ഷിയായതുകൊണ്ട് ‘ഇതൊന്നും എനിക്കൊരു പ്രശ്നമല്ല’ എന്ന മട്ടിലാണ് പുള്ളിയുടെ ശരീരഭാഷ.
വെള്ളത്തിലെ ഈ പ്രാക്‍ടിക്കല്‍ ക്ലാസ്സിന് മുന്‍പ്, ക്ലാസ്സ് റൂമില്‍ ഈവക കാര്യങ്ങളുടെയൊക്കെ തിയറി പറഞ്ഞ് മനസ്സിലാക്കിത്തരുന്ന ഒരു ചടങ്ങുണ്ട്. ആ സമയത്തൊക്കെ ‘പാലാക്കാരന്‍’ മാനേജര്‍ ‘ഇതൊക്കെ എനിക്കറിയാമെടേയ് ചെറുക്കാ’ എന്ന സ്റ്റൈലില്‍ ഭയങ്കര പ്രകടനമായിരുന്നു. ലോകത്താരും ചോദിക്കാത്ത തരത്തിലുള്ള ‘ബുദ്ധി’യുള്ള ചോദ്യങ്ങള്‍, സംശയങ്ങള്‍, എന്നിങ്ങനെ കക്ഷി ക്ലാസ്സ് റൂമില്‍ ആകെ ഷൈന്‍ ചെയ്യുകയാണ്. പരിശീലകനായ രാജനാകട്ടെ മാനേജരെക്കൊണ്ട് പൊറുതിമുട്ടിയെന്ന് രാജന്റെ മുഖത്തുനിന്ന് വായിച്ചെടുക്കാം.
മാനേജരുടെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം, ‘ഞാന്‍ പ്രാക്‍ടിക്കല്‍ ക്ലാസ്സില്‍ തരാ’മെന്ന് പറഞ്ഞ് രാജന്‍ ക്ലാസ്സ് റൂമില്‍ നിന്ന് അണ്ടര്‍ വാട്ടര്‍ കലാപരിപാടി നടക്കുന്ന സ്വിമ്മിങ്ങ് പൂളിലെത്തി. ഞങ്ങളുടെ പരിശീലനം ഒന്നും രണ്ടും ഘട്ടങ്ങള്‍ കഴിഞ്ഞ്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. ഞാനും നിഷാദും ചോപ്പറിനകത്ത് ഒരേവശത്തിരിക്കുന്നു. എതിര്‍വശത്തായി ഞങ്ങളുടെ മുഖത്തോട് മുഖം നോക്കി പാലാക്കാര്‍ മാനേജരും സൂപ്രണ്ടും ഇരിപ്പുറപ്പിച്ചു. നടുവിലായി രാജന്‍ സീറ്റൊന്നുമില്ലാത്ത നിലത്തുതന്നെ ഇരിക്കുന്നുണ്ട്.
ചോപ്പര്‍ വെള്ളത്തില്‍ ഇടിച്ചിറങ്ങി, മുങ്ങി, ഒന്നുരണ്ടുവട്ടം കറങ്ങിനിന്നു. ഇങ്ങനൊക്കെത്തയാണോ സംഭവിച്ചതെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റാത്ത തിരിച്ചിലും മറിച്ചിലുമൊക്കെയായിരിക്കും വെള്ളത്തിനടിയില്‍ ആ സമയത്ത്. ആകപ്പാടെ അകംപൊറം മറിഞ്ഞ് പോകുന്ന ധന്യമുഹൂര്‍ത്തങ്ങളാണതൊക്കെ. മുജ്ജന്മസുകൃതം കൊണ്ടായിരിക്കണം, റഫറന്‍സായി പിടിച്ചിരിക്കുന്ന കൈ ഇളകിപ്പോകാതിരുന്നതുകൊണ്ട് ഞാന്‍ പെട്ടെന്ന് തന്നെ ജനാല വഴി നീന്തി വെളിയിലിറങ്ങി, വെള്ളത്തിനുമുകളിലേക്ക് പൊന്തി. (എനിക്കത്യാവശ്യം നീന്തലറിയാമെന്നുള്ള അഹങ്കാരം ഞാനീ അവസരത്തിലിവിടെ വെളിപ്പെടുത്തിക്കൊള്ളുന്നു.)
ഞാന്‍ ജലപ്പരപ്പില്‍ എത്തിയപ്പോള്‍ സൂപ്രണ്ടും മിടുക്കനായി നീന്തിക്കയറി വന്നിരിക്കുന്നത് കണ്ടു. പത്ത് സെക്കന്റിനകം നിഷാദും മുകളിലെത്തി. നീയെന്താ വൈകിയത് എന്ന് നിഷാദിനോട് ചോദിച്ചപ്പോള്‍ നിഷാദിന് റെഫറന്‍സ് കൈ വിട്ടുപോയെന്നും, ജനാലയ്ക്ക് പകരം സീറ്റിന് പിന്നിലുള്ള താരതമ്യേന വലിപ്പം കുറഞ്ഞ മറ്റേതോ തുളയിലൂടെയാണ് പുറത്ത് വന്നതെന്ന് അവന്റെ മറുപടി കിട്ടി. അതിന്റെ ഫലമായി കക്ഷിയുടെ പുറമൊക്കെ ഉരഞ്ഞ് ചോരപ്പാടുകളൊക്കെ വീണിട്ടുണ്ട്. എന്തായാലും അധികം വെള്ളം കുടിക്കാതെ മുകളിലെത്തിയല്ലോ എന്നതാണ് അപ്പോള്‍ എല്ലാവരുടേയും ആശ്വാസം.
നമ്മുടെ പാലാക്കാരന്‍ ഓപ്പറേഷന്‍സ് മാനേജരേയും രാജനും അപ്പോഴും വെള്ളത്തിനടിയില്‍ത്തന്നെയാണ്. പരിശീലകനായതുകൊണ്ടും, ഒരു ഉഭയജീവിയായതുകൊണ്ടും രാജന്റെ കാര്യത്തില്‍ വേവലാതിപ്പെടാനില്ല. അങ്ങനന്നല്ലോ മാനേജരുടെ കാര്യം! ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് മുകളില്‍ കാത്തുനിന്നു.
എന്തൊക്കെയായാലും അധികം താമസിയാതെ രണ്ടുപേരും വെള്ളത്തിന് മുകളിലെത്തി. രാജന്റെ മുഖത്ത് ഒരു വിജയിയുടെ ഭാവം കാണുന്നുണ്ട്. മാനേജര്‍ വെള്ളം കുടിച്ച് ഇത്തിരി മോശം അവസ്ഥയിലാണ് പൊങ്ങി വന്നിരിക്കുന്നത്. വെള്ളത്തിന് മുകളില്‍ കിടന്ന് രാജന്‍ ബാക്കിയുള്ള തിയറികൂടെ അയാളെ പഠിപ്പിക്കുന്നുണ്ട്. ‘ഇപ്പോള്‍ മനസ്സിലായില്ലേ തിയറിയും, പ്രാക്ടിക്കലും തമ്മിലുള്ള വ്യത്യാസം’ എന്നൊക്കെ ജേതാവിന്റെ ഭാഷയില്‍ത്തന്നെയാണ് രാജന്‍ ചോദിക്കുന്നത്.
വെള്ളത്തിനടിയില്‍ ഉണ്ടായ സംഭവം ഇതാണ്. വെപ്രാളത്തിനിടയില്‍ മാനേജര്‍ക്ക് സീറ്റ് ബെല്‍റ്റ് തുറക്കാനായില്ല. അയാളത് തുറക്കുന്നതുവരെ, അല്ലെങ്കില്‍ അയാളുടെ അപകടഘട്ടം തുടങ്ങുന്നതുവരെ രാജനത് നോക്കി നിന്നു. സാധാരണഗതിയില്‍ സീറ്റ് ബെല്‍റ്റ് തുറക്കാന്‍ പറ്റാത്തവരെ ഉടനെ തന്നെ തുറന്നുവിടാറുള്ള രാജന്‍, മാനേജരുടെ ‘ബുദ്ധി’പരമായ സംശയമൊക്കെ തീര്‍ത്തുകൊടുക്കാനായി കുറച്ചുകൂടെ സാവകാശം അദ്ദേഹത്തിന് കൊടുക്കുകയാണുണ്ടായത്.
വെള്ളത്തില്‍ നിന്ന് കരയില്‍ വന്നയുടനെ രണ്ട് പാലാക്കാരും ചേര്‍ന്ന് രാജനെ അറബിയില്‍ നല്ല ചീത്തവിളിച്ചുകാണുമായിരിക്കും. മനസ്സിലെങ്കിലും അവരത് ചെയ്തുകാണുമെന്ന് എനിക്കുറപ്പാണ്.
അടുത്തത് ചോപ്പറില്‍ നിന്നും വെളിയില്‍ വന്നതിനുശേഷമുള്ള സീ-സര്‍വൈവല്‍ പരിശീലനമാണ്. നിഷാദും ഞാനും അതിനായി മാനസ്സികമായി തയ്യാറെടുപ്പ് തുടങ്ങി. ഓരോരുത്തരെയായി രാജന്‍ വീണ്ടും വെള്ളത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. അപ്പോളാണ് രസകരമായ ആ കാഴ്ച്ച ഞങ്ങള്‍ കണ്ടത്.
വെള്ളം കുടിച്ച മാനേജരും, വെള്ളം കുടിക്കാത്ത സൂപ്രണ്ടും പരിശീലനമൊക്കെ മതിയാക്കി കുപ്പായമൊക്കെ മാറ്റി പൂളിന്റെ മറുവശത്തുകൂടെയതാ സ്ഥലം കാലിയാക്കുന്നു.
കാച്ചിയ വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും………
അതുതന്നെ സംഭവം.
————————————————————————
പല സാങ്കേതികപദങ്ങളും ഇംഗ്ലീഷില്‍ അഥവാ മംഗ്ലീഷില്‍ത്തന്നെ എഴുതേണ്ടി വന്നതിന് മാപ്പിരക്കുന്നു.