എണ്ണപ്പാടം

9c1

ഇവള്‍‌ മുബാറക്ക‍‌


വള്‍‌ മുബാറക്ക.
ഇവളൊരു ഓയല്‍ ടാങ്കര്‍ കപ്പലാണ്.

പക്ഷെ, 1972 മുതല്‍ ഇവള്‍‌ തടവിലാണ്.
എന്നുവച്ചാല്‍ നീണ്ട 36 വര്‍ഷം‍.
ദുബായിയില്‍ നിന്നും 50 കിലോമീറ്റര്‍ ഉള്‍ക്കടലിലാണ് ഇവളുടെ തടവറ.
C.P.C. എന്ന എണ്ണക്കമ്പനിയും, ഇവളുടെ ഇറാക്കി മുതലാളിയും ചേര്‍ന്ന് ഇവളെയിങ്ങനെ തടവിലിട്ടിരിക്കുന്നതിന് കാരണമുണ്ട്.

ദിനംപ്രതി 15,00 ബാരല്‍ ക്രൂഡ് ഓയില്‍ ഇവളുടെ പള്ളയ്ക്കകത്ത് കയറും. അതിന് കൂലിയായി, ഇവളുടെ മുതലാളി അമീര്‍ ജാഫര്‍ 10,000 ഡോളര്‍ എല്ലാ ദിവസവും കൈപ്പറ്റും. ശരിക്കും “അമീറായ” മുതലാളി തന്നെ. അല്ലേ ?
കൂടുതല്‍ പണത്തിനുവേണ്ടി അയാളിപ്പോള്‍ ഇവളെ പൂര്‍ണ്ണമായും C.P.C. യ്ക്ക് വിറ്റെന്നും എണ്ണപ്പാടത്തുള്ളവര്‍ പറയുന്നുണ്ട്. സത്യാവസ്ഥ അറിയില്ല.
അവളുടെ പിന്‍‌വശത്ത് കാണുന്ന മഞ്ഞ നിറത്തിലുള്ള സംവിധാനം കണ്ടില്ലേ? അക്കാണുന്ന ചങ്ങലകളിലാണ് അവളെ കൂച്ചു വിലങ്ങിട്ടിരിക്കുന്നത് . ചങ്ങലകള്‍‌ക്ക് നടുവിലായി രണ്ട് കുഴലുകള്‍‌ കാണുന്നില്ലേ ? അതിലൂടെയാണ് ക്രൂഡ് ഓയില്‍ ഇവളുടെ പള്ളയിലേക്ക് കയറിപ്പോകുന്നത് . ഈ സംവിധാനത്തിനുചുറ്റും കിടന്ന് അടിയൊഴുക്കുകള്‍‌ക്കനുസരിച്ച് 360 ഡിഗ്രി കറങ്ങിക്കൊണ്ടിരിക്കാനാണ് ഇവളുടെ വിധി.
“ഡ്രൈ ഡോക്ക് “ (ഇവളെപ്പോലുള്ളവരുടെ ബ്യൂട്ടി പാര്‍ലര്‍) പോലും കാണാതെ വര്‍ഷങ്ങളായുള്ള ഒരേ കിടപ്പ് ഇവളുടെ സൌന്ദര്യത്തെ ശരിക്കും ബാധിച്ചിരിക്കുന്നു.

എന്നിരുന്നാലും, ഇടയ്ക്കിടയ്ക്ക് ദുബായിലെ ഏതെങ്കിലും ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ബ്യൂട്ടിഷന്മാരെത്തും, അല്ലറ ചില്ലറ ഫേഷ്യലും, വാക്സിങ്ങുമൊക്കെ നടത്താന്‍.
ഇതാരാണ് വന്നിരിക്കുന്നതെന്ന് മനസ്സിലായോ ?
ഇതിവളുടെ കാമുകന്‍ ‘ഓ.എസ്സ്. അര്‍ക്കാഡിയ‘ .
ഇടയ്ക്കിടയ്ക്ക് ദുബായിയില്‍ നിന്നും വരും.
ഈ തടവറയില്‍ അവളെ കാണാന്‍ വരുന്ന ഇവനെപ്പോലുള്ള ചുരുക്കം ചില സുന്ദരന്മാരാണ് മുബാറക്കയുടെ ഏക ആശ്വാസം.
മഞ്ഞനിറത്തില്‍ അവളുടെ മേല്‍ച്ചുണ്ടായി കാണപ്പെടുന്ന “ഹെലിഡെക്കില്‍“ ഒരു മുത്തം കൊടുക്കാനാണ് അവന്റെ വരവെന്ന് തോന്നുന്നെങ്കില്‍ തെറ്റി.
അവന്റെ നോട്ടം വേറെ എവിടെയോ ആണ്.
അവളുടെ വടിവൊത്ത അടിവയറിലൂടെ താഴേക്ക് പോകുന്ന ഒരു തടിയന്‍ ഹോസ് കണ്ടില്ലേ ? അതിലാണവന്റെ നോട്ടം.
ഒരു “കാര്‍ഗോ ലിഫ്റ്റി “ ലൂടെ അവളുടെ പള്ളയിലുള്ള എണ്ണ മുഴുവന്‍ സ്വന്തമാക്കുക എന്നതാണ് അവന്റെ ലക്ഷ്യം.
അതാ അവളെ പറഞ്ഞു മയക്കി ആ ഹോസിന്റെ മറുതല അവന്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു. ഇനി ഇതുവരെയുള്ള അവളുടെ സകല സമ്പാദ്യങ്ങളും കുറഞ്ഞ നേരം കൊണ്ട് അവന്‍ അടിച്ചുമാറ്റും.
പിന്നെ അവന്റെ ആ പുതിയ “ചെറുപ്പക്കാരി “കാമുകിയെ കണ്ടില്ലെ ?
അവളുടെ കൂടെ ദുബായിപ്പട്ടണത്തിലേക്ക് യാത്രയാകും.
പാവം മുബാറക്ക, അവള്‍‌ വീണ്ടും ഈ തടവറയില്‍ തനിച്ചാകും.