പരിചിത മുഖങ്ങള്‍

ഓർമ്മയിലൊരു പാതി ദിവസം


ഗുരുനാഥൻ ജോൺസൺ ഐരൂരിൻ്റെ ഓർമ്മപ്പുസ്തകത്തിൽ എഴുതിയ ലേഖനം – “ഓർമ്മയിലൊരു പാതി ദിവസം“.
99
ശൈശവം മുതൽ പത്താംക്ലാസ്സ് പ്രായം വരെ താമസിച്ചിരുന്നത് വലിയ വരാന്തകളും പുരയിടവും നിറയെ മരങ്ങളുമൊക്കെയുള്ള ഒരു വീട്ടിലായിരുന്നു. ചെറുക്ലാസ്സുകൾ മുതൽ, രാത്രിയായാലും പകലായാലും, ആ വരാന്തകളിലെ അരമതിലിൽ ഇരുന്നായിരുന്നു പഠനം. പുറത്ത് ഇരുട്ടിലെ ചില ഇലയനക്കങ്ങൾ പോലും ഭയപ്പെടുത്തിയിട്ടുണ്ട് അന്നാളുകളിൽ. ചില രാത്രികൾ വീടിനകത്തുനിന്ന് വരാന്തയിലേക്ക് വരാൻ തന്നെ അകാരണമായ ഒരു ഭയമുണ്ടായിരുന്നു.

അച്ഛന്റെ പുസ്തകശേഖരത്തിലെ ചില പുസ്തകങ്ങളായിരുന്നു അത്തരം ഭയപ്പാടുകൾക്ക് വിടുതൽ നൽകിയത്. അക്കൂട്ടത്തിലെ ആദ്യപുസ്തകം ഡോ:എ.ടി.കോവൂരിന്റെ ‘ആനമറുത‘ ആയിരുന്നു. ഒരു ഹൈസ്ക്കൂൾ വിദ്യാർത്ഥിയിലേക്ക് യുക്തിചിന്തയെപ്പറ്റിയും വിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെപ്പറ്റിയും വെളിച്ചം വീശിയത്, പിന്നീട് പലയിടങ്ങളിൽ നിന്നായി തപ്പിയെടുത്ത് വായിച്ച ആ ജനുസ്സിൽപ്പെട്ട ഗ്രന്ഥങ്ങളായിരുന്നു. ഞാനറിയാതെ തന്നെ എന്നിൽ ആ പുസ്തകങ്ങൾ പല പരിവർത്തനങ്ങളും നടത്തിക്കഴിഞ്ഞിരിക്കുന്നെന്ന് പിന്നീട് ബോദ്ധ്യമാകുകയും ചെയ്തു.

ഏതൊരു കുട്ടിയിലേക്കും മതഗ്രന്ഥങ്ങളോ കക്ഷിരാഷ്ട്രീയമീമാംസകളോ അടിച്ചേൽപ്പിക്കുന്നതിന് മുന്നേ വെച്ചുനീട്ടേണ്ടത്, അനാവശ്യ ഭയവും തെറ്റിദ്ധാരണകളും എന്നെന്നേക്കുമായി പറിച്ചെറിയാൻ പോന്ന ഇത്തരത്തിലുള്ള പുസ്തകങ്ങളാണെന്ന് അന്നേയുള്ള അഭിപ്രായമാണ്.

മേൽപ്പടി പുസ്തകങ്ങളിൽ നിന്നാണ് ജോൺസൺ ഐരൂർ എന്ന പേര് ആദ്യമായി കേൾക്കുന്നത്. വിശ്വാസത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ, യുക്തിസഹജമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഡോ:കോവൂർ മുന്നോട്ട് വെച്ച വെല്ലുവിളികളും തർക്കങ്ങളും അദ്ദേഹത്തിന്റെ കാലശേഷവും ഏറ്റെടുത്ത് നിലനിർത്തുന്ന അദ്ദേഹത്തിന്റെ ശിഷ്യനെന്ന നിലയ്ക്ക് കോവൂരിനോടുള്ള അതേ ആദവോടെയാണ് ശ്രീ.ജോൺസൺ ഐരൂരിനേയും അദ്ദേഹത്തിന്റെ പുസ്തകങ്ങളേയും കണ്ടിരുന്നതും വായിച്ചിരുന്നതും.

വായിച്ച് വായിച്ച് നമുക്ക് ചിലരോട് ആരാധനയും നേരിൽ കാണണമെന്നുമൊക്കെ തോന്നുമല്ലോ? ഡോ:കോവൂർ എനിക്ക് പത്ത് വയസ്സാകുന്നതിന് മുന്നേ മൺ‌മറഞ്ഞ് പോയതുകൊണ്ട് അദ്ദേഹത്തെ കാണുന്ന കാര്യം സാദ്ധ്യമല്ല. പക്ഷേ, ജോൺസൺ സാറിനെ എന്നെങ്കിലും നേരിൽ കാണാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, വിദേശജോലിയും വാസവുമൊക്കെയായി ആ അവസരം നീണ്ട് നീണ്ട് പൊയ്ക്കൊണ്ടേയിരുന്നു.

അങ്ങനെയിരിക്കുമ്പോളാണ് ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകം കൈയ്യിൽക്കിട്ടിയത്. അത് വായിച്ച് കഴിഞ്ഞപ്പോൾ ഒരു ആസ്വാദനക്കുറിപ്പ് എഴുതിയിടണമെന്ന് തോന്നി. ജോൺസൺ സാറിലേക്കുള്ള വഴി എളുപ്പമാക്കിത്തീർത്തത് ആ പുസ്തകാവലോകനമാണ്.

ഓൺലൈനിൽ എന്റെ ആ ലേഖനം കാണാനിടയായ ജോൺസൺ സാറിന്റെ മകൻ നിഖിൽ ഐരൂരുമായി പെട്ടെന്ന് തന്നെ സൗഹൃദത്തിലായി. നിഖിൽ വഴി ജോൺസൺ സാറിന്റെ നിലമ്പൂരിലെ വീട്ടിലെത്തിപ്പെടാൻ അധികം താമസമുണ്ടായില്ല. പക്ഷേ, വെറുതെയൊരു സന്ദർശനം മാത്രമായി അതൊതുക്കാൻ ഞാനാഗ്രഹിച്ചിരുന്നില്ല. ജോൺസൺ സാറിന് പരിഹരിക്കാൻ കഴിയുമെന്ന് എനിക്കുറപ്പുള്ള ഒരു പ്രശ്നവും പൊക്കിപ്പിടിച്ചാണ് അദ്ദേഹത്തെ കാണാൻ നിലമ്പൂരിൽ തീവണ്ടിയിറങ്ങിയത്.

ഏകാഗ്രത വല്ലാതെ നഷ്ടമായിരിക്കുന്നു. ഒരു പുസ്തകം വായിക്കാനിരുന്നാൽ, എന്തെങ്കിലും എഴുതാനിരുന്നാൽ, ശ്രദ്ധ പെട്ടെന്ന് തന്നെ വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നു. എവിടെയാണ് നിന്നിരുന്നതെന്ന് ഒരു ‘യൂ ടേൺ’ എടുത്ത് തിരിച്ച് വരാൻ പോലും പറ്റാത്ത വിധത്തിൽ ചിന്തകളും സ്വബോധവും മറ്റേതോ ലോകത്ത് ചെന്ന് നിൽക്കുന്നു. മനുഷ്യന് പ്രായമേറുമ്പോൾ പ്രാരാബ്ദ്ധങ്ങളും വന്നുകൂടുന്നതുകൊണ്ടുള്ള പ്രശ്നമാകാം എന്നൊക്കെ സമാധാനിക്കാൻ നോക്കിയെങ്കിലും അതൊന്നും പ്രശ്നപരിഹാരമാകുന്നില്ലല്ലോ ?

നിഖിലിനോട് കാര്യം പറഞ്ഞു. നിഖിൽ, ജോൺസൺ സാറുമായി സംസാരിച്ച് കണ്ടുമുട്ടാനുള്ള ദിവസവും സമയവും ശരിപ്പെടുത്തി. കൃത്യദിവസം തന്നെ നിലമ്പൂരെത്തുമ്പോൾ സത്യത്തിൽ ഞാൻ വലിയ ഉൾപ്പുളകത്തിലായിരുന്നു. ഡോ:കോവൂരിനെ നേരിട്ട് കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ ശിഷ്യനായ ജോൺസൺ ഐരൂർ സാറിനെ അവസാനം ദാ നേരിൽ കാണാൻ പോകുന്നു.

പ്രശ്നങ്ങളെല്ലാം അദ്ദേഹത്തിന്റെ മുന്നിൽ അവതരിപ്പിച്ചു. എനിക്കത് വലിയ പ്രശ്നമാണെങ്കിലും അദ്ദേഹത്തിനത് സൂചികൊണ്ട് എടുക്കാൻ പറ്റുന്ന ചെറിയ കരട് മാത്രം. അദ്ദേഹം ഞാനുമായി ഏറെ സംവദിച്ചു. അരദിവസം തന്നെ എനിക്ക് വേണ്ടി ചിലവഴിച്ചു. അച്ഛന്റേയും അമ്മയുടേയും കുടുംബപാരമ്പര്യമടക്കം പലതും ചോദിച്ചറിഞ്ഞു. എന്നെ ഹിപ്പ്നോട്ടിസത്തിന് വിധേയനാക്കി. ജീവിതത്തിലെ രണ്ടാമത്തെ ഹിപ്നോട്ടിസം അനുഭവമായിരുന്നു അത്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചില സഹപാഠികളുമായുള്ള പ്രശ്നങ്ങൾ വല്ലാതെ അലട്ടുകയും പഠനത്തെ അത് മോശമായി ബാധിക്കുകയും ചെയ്തപ്പോൾ ആലുവയിലുള്ള (പേരോർമ്മയില്ലാത്ത) ഒരു ഡോൿടർ കാര്യമായ കടലാസ് പരീക്ഷകൾ നടത്തിയ ശേഷം, പഠനത്തിലല്ല പ്രശ്നമെന്നും സ്ക്കൂളും സഹപാഠികളുമാണ് പ്രശ്നമെന്ന് കണ്ടെത്തിയത് ഹിപ്നോട്ടിസത്തിലൂടെ ആയിരുന്നു.

ഹിപ്പ്നോട്ടിസത്തിന് ശേഷം ജോൺസൺ സാർ പ്രശ്നത്തിനുള്ള പരിഹാരം നിർദ്ദേശിച്ചു. സെൽഫ് സജഷൻ !!

നമ്മൾ നമ്മുടെ മനസ്സിനോട് തന്നെ ശരിയല്ലാത്ത മാർഗ്ഗത്തിൽ പോകരുതെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന ഒരു സമ്പ്രദായമാണത്. വെറുതെ സ്വന്തം മനസ്സിനോട് പറയുന്നതിനപ്പുറം ഒരു ശാരീരിക ഇടപെടൽ കൂടിയുണ്ട് ഇപ്പറഞ്ഞ സെൽഫ് സജഷനിൽ. അത് തന്നെയാണ് സെൽഫ് സജഷന്റെ മർമ്മവും.

ഒരു ക്ലിക്കിൽ ഇന്റർനെറ്റിൽ ആർക്കും വേണമെങ്കിൽ സെൽഫ് സജഷൻ എന്താണെന്ന് മനസ്സിലാക്കാനും സ്വായത്തമാക്കാനും പറ്റിയെന്നിരിക്കും. പക്ഷേ ഗുരുമുഖത്ത് നിന്ന് നേരിട്ട്, അതും ജോൺസർ സാറിനെപ്പോലുള്ള പ്രഗത്ഭനായ ഒരു ഗുരുവിൽ നിന്ന് ആ വിദ്യ പഠിക്കുന്നതിന്റെ സന്തോഷം ചില്ലറയൊന്നുമല്ലല്ലോ. പ്രത്യേകിച്ചും അങ്ങനെയൊന്നിനെപ്പറ്റി ആദ്യമായി കേൾക്കുന്ന എന്നെപ്പോലൊരു നിരക്ഷരന്.

ചെയ്യേണ്ട കാര്യങ്ങൾ അദ്ദേഹമെനിക്ക് കടലാസിൽ എഴുതിത്തരുകയും ചെയ്തു. ഒരു ഓട്ടോഗ്രാഫ് എന്നപോലെ ഇന്നും ഞാനത് സൂക്ഷിക്കുന്നു. സെൽഫ് സജഷൻ എനിക്ക് ഏകാഗ്രത തിരികെ തന്നു. പിന്നീട് വിരലിലെണ്ണാവുന്ന ചിലർക്കെങ്കിലും അത് പറഞ്ഞു കൊടുക്കാനും എനിക്കായി.

ചുമ്മാ ഒരു കാര്യം മാത്രം ചോദിച്ച് പരിഹാരമുണ്ടാക്കി പോകാനല്ല ഞാൻ ചെന്നിരിക്കുന്നത്. ചോദിച്ചറിയാനുള്ള ഒരുപാട് കാര്യങ്ങൾ സങ്കോചമൊന്നും ഇല്ലാതെ ചോദിച്ചു. അല്ലെങ്കിലും ഹിപ്നോട്ടൈസ് ചെയ്ത് മനസ്സ് വായിച്ചിരിക്കുന്ന ആ ഗുരുവിന്റെ മുന്നിൽ ഇനിയെന്ത് മറയ്ക്കാൻ ? എല്ലാ ചോദ്യങ്ങൾക്കും വ്യക്തവും കൃത്യവുമായ മറുപടി ഗുരുമുഖത്തുനിന്ന് ലഭിച്ചു.

അരദിവസം എനിക്ക് വേണ്ടി ചിലവഴിച്ചതിനും ചികിത്സയ്ക്കും ഫീസ് കൈപ്പറ്റാൻ അദ്ദേഹം തയ്യാറായില്ല. ഞാൻ വല്ലാതെ നിർബന്ധിച്ചതുമില്ല. പക്ഷേ, മറ്റൊന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഒരുപാട് ശിഷ്യന്മാർ ഉണ്ടാകുമല്ലോ അദ്ദേഹത്തിന്. ഒരു ദിവസം ഒരു പ്രാവശ്യമേ കണ്ടിട്ടുള്ളെങ്കിലും ഒരു ശിഷ്യന്റെ സ്ഥാനമെനിക്ക് തന്ന് ഗുരുദക്ഷിണ കൈപ്പറ്റണം. ആ ആഗ്രഹം അദ്ദേഹത്തിന് നിഷേധിക്കാനായില്ല. ദക്ഷിണ കൈപ്പറ്റിയെങ്കിലും അതിനേക്കാളൊക്കെ മൂല്യം വരുന്ന, ഞാൻ വായിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ കോപ്പികളും തന്നാണ് എന്നെ യാത്രയാക്കിയത്. ഓർമ്മയിലിന്നും പച്ചപിടിച്ചു നിൽക്കുന്ന ഒരു പാതി ദിവസം.

ഇതിനൊപ്പം നിൽക്കുന്ന സന്തോഷമുള്ള മറ്റൊരു കാര്യം കൂടെ പിന്നീടുണ്ടായി. അദ്ദേഹത്തിലേക്ക് എന്നെ കൊണ്ടെത്തിച്ച ‘ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ‘ എന്ന പുസ്തകത്തിന്റെ രണ്ടാമത്തെ പതിപ്പ് തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ വെച്ച് പ്രകാശനം ചെയ്തപ്പോൾ, ആശംസാ പ്രസംഗം ചെയ്യാൻ, ഒരുപാട് വലിയ വ്യക്തികൾക്കൊപ്പം എനിക്കും അവസരം തന്നു ജോൺസൺ സാർ. എനിക്കത് വലിയൊരു അംഗീകാരമായിരുന്നു.

അതായിരുന്നു അവസാനത്തെ കൂടിക്കാഴ്ച്ച. പിന്നീടറിയുന്നത് രോഗവിവരമാണ്. ഇടയ്ക്ക് നിഖിൽ വഴി വിശേഷങ്ങളൊക്കെ അറിയും. രോഗസംബന്ധമായ വലിയ വേദനയെപ്പോലും നിസ്സാരമായി നേരിടുവാൻ അദ്ദേഹത്തെപ്പോലെ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. ഇടയ്ക്ക് ‘നിരക്ഷരനെ’ അന്വേഷിക്കാറുണ്ടായിരുന്നെന്ന് നിഖിൽ പറഞ്ഞറിഞ്ഞപ്പോൾ, രണ്ട് പ്രാവശ്യം മാത്രം നേരിട്ട് കണ്ടിട്ടുള്ള ഒരാൾക്ക് കിട്ടാവുന്ന സ്നേഹവായ്പ്പും അനുഗ്രഹവും സന്തോഷവുമായി അതിപ്പോഴും നെഞ്ചേറ്റുന്നു.