പരിചിത മുഖങ്ങള്‍

പുറമ്പോക്കുകാരുടെ മാവേലി


45
ണക്കാലത്ത് വയനാട്ടിലെ ചില ആദിവാസി ഊരുകളിൽ ഓണക്കിറ്റ് വിതരണം ചെയ്യുന്ന ഏർപ്പാടുണ്ട് കുഞ്ഞഹമ്മദിക്കയ്ക്ക്. 10-15 ദിവസം നാലഞ്ച് പേരുള്ള ഒരു കുടുംബത്തിന് വേണ്ടുന്ന എല്ലാ പലചരക്ക് സാമഗ്രികളും അത്യാവശ്യം പച്ചക്കറികളും ആ കിറ്റിലുണ്ടാകും.

ഉരുൾപൊട്ടി മണ്ണിനടിയിൽ പെടുകയോ പട്ടിണി കിടന്ന് ചത്തുപോകുകയോ ചെയ്താൽ, പെട്ടിമുടിയിലും കരിപ്പൂരിലും മൃതിയടഞ്ഞവർക്ക് കിട്ടിയ സർക്കാർ സഹായം പോലും ഇപ്പറഞ്ഞ ആദിവാസി ജന്മങ്ങൾക്ക് കിട്ടിയെന്ന് വരില്ല. ആ പലവ്യഞ്ജനപ്പൊതികളിൽ ചിലതെങ്കിലും കൈപ്പറ്റുന്നവർ കനേഷുമാരിയിൽപ്പോലും ഇല്ലാത്തവരാണ് എന്നതുതന്നെ കാരണം. അങ്ങനേയും മനുഷ്യർ ജീവിക്കുന്നുണ്ട്, ഈ പടവലങ്ങാ കേരളത്തിൽ. വോട്ടിന്റെ ആവശ്യത്തിന് പോലും കക്ഷിരാഷ്ട്രീയക്കാർക്ക് വേണ്ടാത്തവർ. കുറേക്കൂടെ തെളിച്ച് പറഞ്ഞാൽ, കുഞ്ഞഹമ്മദിക്ക ഒഴികെ ആരുടേയും ദൃഷ്ടിയിൽപ്പെടാതെ കാടിനുള്ളിൽ കഴിയുന്ന പുറമ്പോക്കുകൾ.

2018, 2019 വർഷങ്ങളിൽ പ്രളയവും ഉരുൾപൊട്ടലും കാരണം ഓൺക്കിറ്റ്, ഓണത്തിന് കുറേ മുൻപേ വിതരണം ചെയ്തു. 2018ലെ കിറ്റുകൾക്ക് വേണ്ടിയുള്ള വസ്തുവഹകൾക്കായി സഹായഹസ്തം നീട്ടിയത് സജിത മഠത്തിൽ, റീമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, പാർവ്വതി തിരുവോത്ത്, എന്നിങ്ങനെ കുറേയേറെ സിനിമാക്കാരാണ്. അതെല്ലാം കൊച്ചിയിൽ നിന്ന് വയനാട്ടിൽ എത്തിക്കാൻ സഹായിച്ചത് അൻപോട് കൊച്ചിയും ഗോപിയുമാണ്.

കഴിഞ്ഞ വർഷം മുതൽ ആ ചുമതല ബ്രീട്ടിഷ് മലയാളി സംഘടന ഏറ്റെടുത്തു. ഇക്കൊല്ലം കോവിഡ്, പ്രളയം, ഉരുൾപൊട്ടൽ എന്നിങ്ങനെ എല്ലാ പ്രശ്നങ്ങളും മൂർദ്ധന്യത്തിലാണ്. എന്നാലും കുഞ്ഞഹമ്മദിക്കയ്ക്ക് കുലുക്കമില്ല. ഇന്നലെയും ഇന്നുമായി മുണ്ട് മാടിക്കുത്തിയിറങ്ങി ഭക്ഷ്യപ്പൊതികൾ അദ്ദേഹം തയ്യാറാക്കിക്കഴിഞ്ഞു. ഇക്കൊല്ലവും പതിവുപോലെ വയനാട്ടിലെ ആദിവാസികളുടെ മാവേലിയായ കുഞ്ഞഹമ്മദിക്കയ്ക്ക് കൈത്താങ്ങാകുന്നതിന് ബ്രിട്ടീഷ് മലയാളി സുഹൃത്തുക്കൾക്കും ഷാജിക്കും Shaji Lukose നന്ദി.

ഇതിന് പുറമേ, പതിവിന് വിപരീതമായി, ഇക്കൊല്ലം ലോക്ക് ഡൌൺ കാലത്തും ഓണക്കിറ്റിന്റെ പകുതിയോളം പോന്ന കിറ്റൊരെണ്ണം ഊരുകളിൽ എത്തിച്ചിരുന്നു കുഞ്ഞഹമ്മദിക്ക. ആ കർമ്മമെല്ലാം കഴിഞ്ഞ് മടങ്ങിയ അദ്ദേഹത്തെ, ബാക്കി വല്ലതും ഉണ്ടെങ്കിൽ ഞങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടർ സമീപിച്ചു. നമുക്ക് പരിചയമുള്ളവർ തന്നെ. കമ്മ്യൂണിറ്റി അടുക്കളക്കാർ !!

അവരുടെ പ്രവർത്തിയിലോ ചിന്തയിലോ പോലും മേൽപ്പറഞ്ഞ ആദിവാസികളില്ല. ആദിവാസികൾക്കാണെങ്കിൽ കമ്മ്യൂണിറ്റിയും ഇല്ല. വീണേടം വിഷ്ണുലോകം. ഒന്നും കിട്ടിയില്ലെങ്കിൽ വല്ല ഞണ്ടോ ഞവണിയോ തിന്നായാലും പിടിച്ച് നിൽക്കും. ചാവ് പോലും പുറം‌ലോകം അറിഞ്ഞെന്ന് വരില്ല.

വാൽക്കഷണം:- ഈ ഭൂമിയിങ്ങനെ ചരിഞ്ഞ് കറങ്ങിക്കൊണ്ടേയിരിക്കുന്നത് ഇതുപോലുള്ള ചില മനുഷ്യന്മാർ സർവ്വതും മറന്ന് ആഞ്ഞ് ഉത്സാഹിക്കുന്നതുകൊണ്ട് കൂടെയാണ്.