കല

318877_512883832068801_1117392908_n

ബിയനാലെ (Biennela)


കുറേയേറേ ദിവസങ്ങളായി കേൾക്കുന്നുണ്ടാകുമല്ലോ ബിനാലെ ബിനാലെ എന്ന്.
അതെന്താണെന്ന് ആലോചിച്ചിട്ടുമുണ്ടാകും അല്ലേ ? എന്നാൽ ശരി കേട്ടോളൂ ബിനാലെയെപ്പറ്റി ഒരൽ‌പ്പം.

ബിനാലെ (Biennale) എന്നത് ഒരു ഇറ്റാലിയൻ പദമാണ്. രണ്ട് കൊല്ലത്തിൽ ഒരിക്കൽ എന്നാണ് ഇതിന്റെ അർത്ഥം.

സമകാലിക കലയുടെ (Contemporary Art) മേളമാണ്, അല്ലെങ്കിൽ ഉത്സവമാണ് ബിനാലെ. ലോകത്തിലെ തന്നെ ആദ്യത്തെ ബിനാലെ സംഘടിക്കപ്പെട്ടത് വെനീസ്സിലായിരുന്നു. 1895ൽ ആയിരുന്നു അത്. അന്തർദ്ദേശീയമായി കൂടുതൽ ബിനാലെകൾ സംഘടിപ്പിക്കപ്പെടാൻ തുടങ്ങിയതോടെ രണ്ട് കൊല്ലത്തിൽ ഒരിക്കൽ നടക്കുന്ന രാജ്യാന്തര സമകാലിക കലയുടെ വൻ‌മ്പിച്ച ഉത്സവം എന്ന നിലയ്ക്കായി മാറി ബിനാലെ എന്ന പദത്തിന്റെ പൂർണ്ണമായ അർത്ഥം തന്നെ.

2003ൽ മോസ്ക്കോയിൽ വെച്ചാണ് തൊട്ടു മുൻപുള്ള ബിനാലെ നടന്നത്. പിന്നീട് നടക്കാൻ പോകുന്ന ബിനാലെ നമ്മുടെ കൊച്ചു കേരളത്തിൽ, അതും ഇന്ത്യയിലെ ആദ്യത്തെ ബിനാലെ ആണെന്നുള്ളത് ശരിക്കും അഭിമാനാർഹമായ ഒന്നല്ലേ ?

കേരളത്തിൽ അഥവാ ഇന്ത്യയിൽ നടക്കാൻ പോകുന്ന ഈ ആദ്യ ബിനാലെ 12-12-12 ന് ആരംഭിച്ച് 13-03-13 ന് അവസാനിക്കും. മൂന്ന് മാസത്തോളം വരുന്ന ഈ കാലയളവിൽ കൊച്ചിയിലും പഴയ കൊടുങ്ങല്ലൂർ പട്ടണമായ മുസ്സരീസിന്റേയും പ്രാന്ത പ്രദേശങ്ങളായ വടക്കൻ പറവൂർ, ഗോതുരുത്ത്, ചേന്ദമംഗലം എന്നിവിടങ്ങളിലായി കലാപരിപാടികൾ സംഘടിപ്പിക്കപ്പെടും. അന്തർ‌ദേശീയ, ദേശീയ, സംസ്ഥാന തലങ്ങളിലുള്ള 80ൽ‌പ്പരം കലാകാരന്മാരും പ്രവർത്തകരും കൊച്ചി-മുസ്സരീസ് ബിനാലെയിൽ പങ്കെടുക്കും. പെയിന്റിങ്ങുകൾ, ശില്പസൃഷ്ടികൾ, സിനിമ, മറ്റ് നവമാദ്ധ്യമ കലാസൃഷ്ടികൾ, വിദ്യാഭ്യാസ പരിപാടികൾ, സംഗീതം, നാടകങ്ങൾ, സെമിനാറുകൾ, എന്നിങ്ങനെ ഒട്ടനവധി പരിപാടികൾ ബിനാലെയുടെ ഭാഗമായി സംഘടിപ്പിക്കപ്പെടും. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കലാസൃഷ്ടികൾക്ക് ഇവിടം വേദിയാകുന്നതോടൊപ്പം ഇന്ത്യൻ കലാകാരന്മാർക്കുള്ള ലോകവേദികൂടെ ആയിരിക്കും ഈ ബിനാലെ.

കലാസൃഷ്ടി വിൽക്കാനും വാങ്ങാനുമുള്ള ഒരു വേദിയല്ല ബിനാലെ. ലാഭേച്ഛയില്ലാതെയാണ് ഇതിന്റെ പ്രവർത്തനം. പരിപാടിയുടെ നടത്തിപ്പിന് വേണ്ടി മാത്രമുള്ള പണമാണ് സർക്കാർ ഗ്രാൻഡുകളായും സ്വകാര്യം സംഭാവനകളായും സ്പോൺസർഷിപ്പായുമൊക്കെ സമാഹരിക്കുന്നത്. കേരള സംസ്ഥാന സാംസ്ക്കാരിക വകുപ്പും കൊച്ചിൻ കോർപ്പറേഷനും കൊച്ചി-മുസരീസ് ബിനാലെയ്ക്ക് പിന്തുണ നൽകുന്നുണ്ട്. 2010ൽ ആരംഭിച്ച കൊച്ചി ബിനാലെ ഫൌണ്ടേഷൻ എന്ന പബ്ലിക്ക് ചാരിറ്റബിൾ ട്രസ്റ്റാണ് ബിനാലെ സംഘടിപ്പിക്കുന്നത്. ബിനാലെ ഉൾപ്പെടെയുള്ള സാംസ്ക്കാരിക കലാപ്രവർത്തനങ്ങൾ നടത്തുക, ഇന്ത്യയിൽ സമകാലിക കലയ്ക്ക് ശക്തമായ ഒരു അടിത്തറ ഉണ്ടാക്കുക, ജനങ്ങളും സമകാലിക കലയുമായി ബന്ധപ്പെടുന്നതിനുള്ള സംരംഭങ്ങൾ ഒരുക്കുക എന്നതൊക്കെ ബിനാലെ ഫൌണ്ടേഷന്റെ ലക്ഷ്യങ്ങളാണ്.

ബിനാലെയുമായി ബന്ധപ്പെടുത്തി ഉയർന്ന് വന്നിരിക്കുന്ന പലതരം ആരോപണങ്ങൾക്കും വിവാദങ്ങൾക്കും നിരുത്സാഹപ്പെടുത്തലുകൾക്കുമൊക്കെ ചെവിക്കൊടുക്കാനോ അതിന്റെ പേരിൽ ഇതിനോട് പുറം തിരിഞ്ഞ് നിൽക്കാനോ ഒരു മുസരീസുകാരനെന്ന നിലയ്ക്ക് എനിക്ക് കഴിയില്ല. വിവാദങ്ങൾ ഇല്ലാതെ, കുതികാൽ വെട്ടില്ലാതെ എന്തെങ്കിലും കാര്യം ഇവിടെ നടക്കാറുണ്ടോ ?

അൽ‌പ്പനാൾ മുൻപ് വരെ ഞാനൊരു പ്രവാസിയായിരുന്നു. ആ സാഹചര്യത്തിലായിരുന്നെങ്കിൽ ഇതെല്ലാം എനിക്ക് അന്യമായിപ്പോകുമായിരുന്നു. ഇതെനിക്ക് കിട്ടിയിരിക്കുന്ന അസുലഭമായ ഒരവസരമാണ്. സ്വന്തം നാട്ടിലെ എന്നതുപോലെ തന്നെ വിദേശീയരായ കലാകാരന്മാരുടേയും സൃഷ്ടികൾ ആസ്വദിക്കാനും, വൈവിദ്ധ്യമാർന്ന പരിപാടികളൊക്കെ വീട്ടുമുറ്റത്തെന്ന പോലെ കാണാനും അനുഭവിക്കാനുമൊക്കെയായി വീണുകിട്ടിയിരിക്കുന്ന സുവർണ്ണാവസരം. അത് പാഴാക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല. കഴിയുന്നത്ര പരിപാടികൾക്ക് എന്റെ സാന്നിദ്ധ്യമുണ്ടാകും, ഒരു ആസ്വാദകനായിട്ട്.