ബ്ലോഗര്‍ സജി തോമസ്(ഞാനും എന്റെ ലോകവും)വഴിയാണ് ഗലീലിയോ തെര്‍മോമീറ്റര്‍ പരിചയപ്പെടുന്നത്. സജിയുടെ ഗലീലിയോ തെര്‍മോമീറ്റര്‍ എന്ന പോസ്റ്റ് വായിച്ച് തെര്‍മോമീറ്റര്‍ ഒരെണ്ണം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു.
1593 ല്‍ ആണ് ഗലീലിയോ ഗലീലി ഈ താപമാപിനി കണ്ടുപിടിക്കുന്നത്. വിവിധ നിറങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൊച്ചു കൊച്ചു ദ്രവസംഭരണികളും അതിനോട് ചേര്‍ന്ന് ഘടിപ്പിച്ചിട്ടുള്ള ഭാരത്തകിടുകളും അതെല്ലാം ഉള്‍ക്കൊള്ളുന്ന ചില്ലുകുഴലും ചേര്‍ന്നതാണ് 11 ഇഞ്ച് ഉയരം വരുന്ന ഈ താപമാപിനി.
ചില്ലുകുഴലിലെ ദ്രാവകത്തിന്റെ ഊഷ്മാവ് മാറുന്നതിനനുസരിച്ച് അതിന്റെ സാന്ദ്രത മാറുകയും കൊച്ചു കൊച്ചു ദ്രാവക സംഭരണികള്‍ ചില്ലുകുഴലിനകത്ത് സ്വതന്ത്രമായി മുകളിലേക്കും താഴേക്കും നീങ്ങുകയും, ഏറ്റവും സാന്ദ്രത കുറഞ്ഞ ദ്രവമുള്ള സംഭരണി മുകളിലും സാന്ദ്രത കൂടിയ ദ്രവമുള്ള സംഭരണി താഴെയും എത്തി ഒരു ടെമ്പറേച്ചര്‍ സ്കെയില്‍ ഉണ്ടാക്കപ്പെടുകയും ചെയ്യുന്നു.
ഇതിന്റെ പ്രവര്‍ത്തന തത്ത്വം കൃത്യമായി പറഞ്ഞുതരാന്‍ എനിക്കാകില്ലെങ്കിലും വിക്കിപ്പീഡിയ ആ കുറവ് നികത്തുന്നതാണ്.
3 മാസം മുന്‍പ്, തട്ടിയും മുട്ടിയും പൊട്ടിപ്പോകാതെ ഗലീലിയോ തെര്‍മോമീറ്റര്‍ ഒരെണ്ണം സ്പെയിനില്‍ നിന്ന് വിമാനം കയറ്റി നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിലെത്തിച്ച് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് അതെന്റെ കയ്യിലേല്‍പ്പിച്ച് നീര്‍ഘനിശ്വാസം വിട്ട സജിക്ക് എന്റെ ‘ഊഷ്മളമായ‘ നന്ദി.