വിദേശക്കാഴ്ച്ച

greenwitch-109

24 മണിക്കൂര്‍ ക്ലോക്ക്



ഇംഗ്ലണ്ടിലെ ഗ്രീന്‍‌വിച്ചിലെ(Greenwich) ) ഒബ്സര്‍വേറ്ററി ടവറിന്റെ ഗേറ്റിനു മുന്നിലാണ് ഈ ക്ലോക്ക് കാണാന്‍ സാധിച്ചത്. സാധാരണ ക്ലോക്കുക‍ള്‍ 12 മണിക്കൂര്‍ ഡയല്‍ കാണിക്കുമ്പോള്‍ 1852 സ്ഥാപിതമായ ഈ ക്ലോക്ക് 24 മണിക്കൂര്‍ ഡയല്‍ കാണിക്കുന്നു, എന്നതാണ് പ്രത്യേകത.

ക്ലോക്കിന്റെ മണിക്കൂര്‍ സൂചി ശ്രദ്ധിക്കൂ. അത് താഴെ സാധാരണ ക്ലോക്കില്‍ 6 ന്റെ സ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിയാണ് കാണിക്കുന്നത്. മുകളില്‍ സാധാരണ ക്ലോക്കിലെ 12ന്റെ സ്ഥാനത്ത് അര്‍ദ്ധരാത്രി അല്ലെങ്കില്‍ 0 മണിക്കൂര്‍ എന്നും കാണിക്കുന്നു. 0.5 സെക്കന്റ് കൃത്യത പാലിക്കുന്ന ഈ ക്ലോക്ക് ഗ്രീന്‍‌വിച്ച് മീന്‍ ടൈം(GMT) ആണ് ‘സ്ഥിരമായി‘ കാണിക്കുന്നത്.

സ്ഥിരമായി കാണിക്കുന്നത് എന്നുപറയാന്‍ കാരണമുണ്ട്. വേനല്‍ക്കാലത്ത് ഇംഗ്ലീഷുകാര്‍ വാച്ചുകളും ക്ലോക്കുകളുമൊക്കെ ഒരു മണിക്കൂര്‍ മുന്നിലേക്ക് തിരിച്ച് വെക്കുന്ന ഒരു ഏര്‍പ്പാടുണ്ട്. പിന്നീട് തണുപ്പുകാലം ആകുമ്പോള്‍ അത് വീണ്ടും ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെക്കും. ഡേ ലൈറ്റ് സേവിങ്ങ്സ് എന്ന ഈ ഏര്‍പ്പാടിനെ അവര്‍ ‘ബ്രിട്ടീഷ് സമ്മര്‍ ടൈം‘ (BST)എന്നും പറയാറുണ്ട്. പക്ഷെ എല്ലാ കാലഘട്ടത്തിലും ചിത്രത്തിലുള്ള ഈ ക്ലോക്ക് ഗ്രീന്‍‌വിച്ച് ടൈം തന്നെയാണ് പിന്തുടരുക.

ഈ 24 മണിക്കൂര്‍ ഡയലുള്ള ക്ലോക്കിന്റെ പേരാണ് 24 Hour Shepherd Gate Clock.