ചിത്രങ്ങൾ

ഒരു നായദിനക്കുറിപ്പ് !


1212
ന്ന് (26 ആഗസ്റ്റ്) അന്താരാഷ്ട്ര നായദിനം ആണത്രേ ! നായയുടെ ഭാഗവും കടികൊണ്ടവൻ്റെ ഭാഗവും പലപ്പോഴായി ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനം പോസ്റ്റ് ചെയ്ത ഒരു നായക്കുറിപ്പിന് കിട്ടിയ വിമർശനങ്ങളും ഈയടുത്ത് തെരുവ് നായ്ക്കൾ കാരണം ടിപ്പർ ലോറിക്കടിയിൽപ്പെട്ട് യുവതി കൊല്ലപ്പെട്ട സംഭവവും കൊച്ചിയിലെ സോൾസ് ഓഫ് കൊച്ചിൻ്റെ ഓട്ടക്കാരെ നായ ഓടിച്ചിട്ടെന്ന് അയൺ മാൻ ജോബി പോൾ പോസ്റ്റിട്ടതുമൊക്കെ പരിഗണിച്ച്, തെരുവുനായ വിഷയത്തിൽ എൻ്റെ നിലപാട് കൃത്യമായി രേഖപ്പെടുത്തുകയാണ് ഈ കുറിപ്പിൽ.

ആദ്യം തെരുവ് നായ്ക്കളിൽ നിന്ന് എനിക്ക് നേരിട്ടിട്ടുള്ള പ്രശ്നങ്ങൾ കുറിക്കാം. എറണാകുളം ജില്ലയിൽ, മാരത്തോണും സൈക്കിളിങ്ങുമായി ബന്ധപ്പെട്ടാണ് രണ്ട് പ്രാവശ്യം തെരുവ് നായ്ക്കളിൽ നിന്ന് ആക്രമണം നേരിടേണ്ടി വന്നത്.

കൊച്ചിയിൽ സ്പൈസ് കോസ്റ്റ് മാരത്തോൺ സമയത്ത് ഓട്ടക്കാർക്ക് വഴി കാട്ടാനായി അവർക്ക് മുന്നേ സൈക്കിൾ ബ്രിഗേഡിനെ നിയോഗിക്കാറുണ്ട്. അത്തരത്തിൽ ഒരു പ്രാവശ്യം സൈക്കിൾ ബ്രിഗേഡിൽ പോകേണ്ടി വന്നു എനിക്ക്. നേരം വെളുത്ത് തുടങ്ങിയിട്ടേയില്ല. മുന്നിൽ സൈക്കിളിൽ ഞാൻ. എനിക്ക് പിന്നാലെ, Early Birds എന്ന കാറ്റഗറിയിലെ ഓട്ടക്കാരിൽ താരതമ്യേന വേഗം കൂടിയ രണ്ട് പേർ. അവർക്ക് ഒരുപാട് പിന്നിലായി സൈക്കിൾ ബ്രിഗേഡിൻ്റെ മറ്റൊരംഗം. അദ്ദേത്തിൻ്റെ മുന്നിലും പിന്നിലുമൊക്കെയായി ഏർളി ബേർഡ്സിൻ്റെ ഇരുപതോളം ഓട്ടക്കാർ. മിക്കവാരും എല്ലാവരും വിദേശികളും അൻപത് വയസ്സ് കഴിഞ്ഞവരും. അത്തരക്കാർക്ക് വേണ്ടിയാണ് ഏർളി ബേർഡ് എന്ന കാറ്റഗറി തന്നെ കൊച്ചിൻ മാരത്തോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

സൈക്കിളിൻ്റെ മുന്നിലും പിന്നിലുമുള്ള ബ്ലിങ്ക് ചെയ്യുന്ന ലൈറ്റുകൾ നായ്ക്കൾക്ക് അധികം പരിചയമില്ലാത്ത ഒന്നാണ്. അതുപോലെ തന്നെ സൈക്കിളിസ്റ്റുകളുടെ വേഷവും. ഒരു സ്ക്കൂട്ടർ യാത്രികനെയോ കാൽനടക്കാരനെയോ ആക്രമിക്കുന്നതിൽ കൂടുതലായി ദീർഘദൂര സൈക്കിളിസ്റ്റുകളെ വളർത്ത് നായ്ക്കൾ പോലും നോട്ടമിടാറുണ്ട് എന്നാണെൻ്റെ നിഗമനം.

തോപ്പുംപടി കഴിഞ്ഞ് ഒരു ഇടവഴിയിലേക്ക് കടന്നതും ഇരുട്ടിൽ നിന്ന് രണ്ട് നായ്ക്കൾ ചാടി വീണു. കടി കിട്ടി കിട്ടിയില്ല എന്ന ദൂരത്ത് നായ്ക്കളുണ്ട്. ഓട്ടക്കാർ രണ്ട് പേർ എനിക്ക് ഏകദേശം ഇരുപതടി പിന്നിൽ. ഞാൻ സൈക്കിളിൽ നിന്ന് ചാടിയിറങ്ങി, സൈക്കിൾ എനിക്കും നായക്കൾക്കും ഇടയിൽ പിടിച്ചു. കടിക്കാനോ മറ്റോ ശ്രമിച്ചാൽ സൈക്കിൾ വെച്ച് തടുക്കുകയും അടിക്കുകയും തന്നെ. എന്തുവന്നാലും അന്യനാട്ടിൽ നിന്ന് വന്നിരിക്കുന്ന ഓട്ടക്കാരെ നായ്ക്കൾ ആക്രമിക്കാൻ പാടില്ല. അത് മാരത്തോണിൻ്റെ തന്നെ ശോഭകെടുത്തിയെന്ന് വരും. നായ്ക്കൾ കുരച്ചുകൊണ്ടേയിരുന്നു. പക്ഷേ അവറ്റകൾ ഇങ്ങോട്ട് ചാർജ്ജ് ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ അങ്ങോട്ട് ചാർജ്ജ് ചെയ്യാൻ തുടങ്ങി. അതോടെ അവർ പിൻവാങ്ങി. നായ്ക്കൾ നിൽക്കുന്ന സ്ഥലത്തുനിന്ന് ഓട്ടക്കാരെ കടത്തിവിട്ട്, അവർക്ക് തൊട്ട് പിന്നാലെ ഞാനും അവിടന്ന് രക്ഷപ്പെട്ടു.

രണ്ടാമത്തെ ആക്രമണം ഉണ്ടായത്, ഒരിക്കൽ മുനമ്പത്തുനിന്ന് വരാപ്പുഴ വഴി കാക്കനാട്ടേക്ക് പോകുമ്പോളാണ്. സമയം രാത്രി 11 മണി കഴിഞ്ഞുകാണും. ഞാൻ ഒറ്റയ്ക്കാണ്. പെട്ടെന്ന് വരാപ്പുഴയിലെ ഒരു ഗ്യാസ് സ്റ്റേഷൻ്റെ പരിസരത്ത് തമ്പടിച്ചിരുന്ന നായ്ക്കൾ എനിക്ക് നേരെ കുരച്ചുകൊണ്ട് റോഡിലേക്ക് കുതിച്ചു. എനിക്ക് വേണമെങ്കിൽ സ്പീഡ് കൂട്ടി സ്ഥലം വിടാനുള്ള സമയമുണ്ട്. പക്ഷേ വെപ്രാളത്തിൽ കാല് സൈക്കിളിൻ്റെ പെഡലിൽ നിന്ന് തെന്നി; ബാലൻസ് പോയി. സമനില കൈവരിച്ചപ്പോഴേക്കും നായ്ക്കൾ നാലഞ്ചെണ്ണം തൊട്ടുപിന്നിൽ. ഏത് നിമിഷവും വലതുകാലിന് കടിക്കുമെന്ന മട്ടിൽ ഒരുത്തൻ കുതിക്കുന്നുണ്ട്. പെട്ടെന്ന് എല്ലാവരും പിൻവലിഞ്ഞതായി എനിക്ക് മനസ്സിലായി. പിന്നാലെ വന്നിരുന്ന ഒരു ലോറിക്കാരനാണ് രക്ഷകനായത്. അയാൾ നായ്ക്കൾക്കിടയിലേക്ക് ലോറി ഓടിച്ചുകയറ്റിയതൊന്നും ഞാൻ കാണുന്നതേയില്ല. “സൂക്ഷിച്ച് പോ ചേട്ടാ. റോഡ് മുഴുവൻ നായ്ക്കളാണ്” എന്ന് പറഞ്ഞ് ലോറിക്കാരൻ പോയി.

ഇനി വളർത്ത് നായ്ക്കളോടും തെരുവ് നായ്ക്കളോടുമുള്ള നിലപാട് വ്യക്തമാക്കാം. ബാല്യത്തിൽ എൻ്റെ വീട്ടിൽ ഒരേസമയം ഒന്നിലധികം നായ്ക്കൾ ഉണ്ടായിരുന്നു. ഈയടുത്ത കാലത്താണ് തറവാട്ടിലെ അവസാന നായ വിട്ടുപിരിഞ്ഞത്. (പിന്നീടൊരു നായയെ പലകാരണങ്ങൾ കൊണ്ടും വളർത്തിയിട്ടില്ല) അതുകൊണ്ടുതന്നെ നായ്ക്കൾ എന്താണെന്നും എങ്ങനെയാണെന്നും അവറ്റകളുടെ നന്ദി എന്താണെന്നുമൊക്കെ സാമാന്യം നല്ല ബോദ്ധ്യമുണ്ട്.

തെരുവ് നായ്ക്കളിലേക്ക് വരുമ്പോൾ, അതുങ്ങളിങ്ങനെ പെറ്റുപെരുകി പൊതുജനത്തിന് മുഴുവൻ പ്രശ്നമുണ്ടാക്കുന്നതിനെതിരെ പലവട്ടം പോസ്റ്റിട്ടുണ്ട് ഞാൻ. എന്നെ ആക്രമിക്കുന്ന തെരുവ നായയെ പല്ലും നഖവും ഉപയോഗിച്ച് തിരിച്ച് നേരിടുമെന്നും തച്ച് കൊല്ലുമെന്നും തന്നെയാണ് അന്നൊക്കെ പറഞ്ഞത്. ഇന്നും അതുതന്നെ പറയുന്നു. അതിൻ്റെ പേരിൽ നായപ്രേമികളുടെ വിമർശനവും കേൾക്കേണ്ടി വന്നിട്ടുണ്ട്.

പക്ഷേ, ഏറ്റവും അവസാനം (8 ആഗസ്റ്റ്) തെരുവ് നായ്ക്കളെപ്പറ്റി ഞാൻ പറഞ്ഞത്, അവറ്റകൾക്ക് തറവാട് വീടിൻ്റെ മുന്നിൽ തീറ്റകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ്. ആ മറുവശത്തിനും കേട്ടു ഒരുപാട് വിമർശനങ്ങൾ. വൈകീട്ട് ഏഴ് മണിയോടെ അരഡസണിലധികം തെരുവ് നായ്ക്കൾ ഗേറ്റിന് മുന്നിൽ കുത്തിയിരുപ്പ് തുടങ്ങും. ഭക്ഷണം കൊണ്ടുവെക്കുമ്പോൾ പേടിച്ച് മാറിനിൽക്കും. നമ്മൾ ദൂരേക്ക് മാറിയാൽ മാത്രം ഭക്ഷണം കഴിക്കാൻ വരും. അവരിൽ ഊന്നിനെപ്പോലും ഒന്ന് തൊടാൻ സമ്മതിക്കില്ല. ഭക്ഷണശേഷം പലപ്പോഴും ഗേറ്റിന് മുന്നിൽ കാവൽ കിടക്കും, ചിലപ്പോൾ ഉടൻ തന്നെ സ്ഥലം വിടുകയും ചെയ്യും.

തെരുവ് നായ്ക്കൾക്ക് എതിരെ സംസാരിക്കുന്നവരോട് തെരുവ് നായ്ക്കളുടെ ആക്രമണം നേരിട്ടിട്ടുള്ള ഒരാളായിട്ടും എനിക്ക് പറയാനുള്ളത്, വീടിന് മുന്നിൽ വിശന്ന് വലഞ്ഞ് വരുന്നത് തെരുവുനായ ആയാലും അതിന് ഭക്ഷണം കൊടുക്കാതിരിക്കാൻ ആവില്ല. ആ വഴി പോകുന്ന മറ്റുള്ളവർക്ക് ഇതേ നായ്ക്കൾ പ്രശ്നമുണ്ടാക്കുന്നുണ്ടായിരിക്കാം. പക്ഷേ, ആ ശല്യം ഞങ്ങൾ ഭക്ഷണം കൊടുത്തില്ലെങ്കിലും ഉണ്ടാകാം. ഭക്ഷണം കൊടുക്കുന്നതുകൊണ്ട് കുറഞ്ഞപക്ഷം ഞങ്ങളെങ്കിലും ആക്രമണത്തിൽ നിന്ന് രക്ഷനേടുന്നുമുണ്ട്. മൊത്തത്തിൽ എല്ലാവരുടേയും രക്ഷ ഉറപ്പാക്കേണ്ടത് അധികാരികളാണ്, സർക്കാരാണ്, ഞങ്ങളല്ല.

മാത്രമല്ല, ഞങ്ങളോ ആ തെരുവിലുള്ള മറ്റാരെങ്കിലുമോ ഭക്ഷണം കൊടുത്തില്ലെങ്കിൽ, വിശപ്പകറ്റാൻ എവിടെന്നെങ്കിലും നായ്ക്കൾ ഭക്ഷണം കണ്ടെത്തും. (വായ കീറിപ്പോയില്ലേ ?) അത് ചിലപ്പോൾ ഏതെങ്കിലും പുരയിടത്തിലെ കോഴിയാകാം. ഞങ്ങളുടെ വളപ്പിൽ വളർത്തിയിരുന്ന മുയലിനെ തെരുവ് നായ്ക്കൾ കൊണ്ടുപോയ അനുഭവവും ഉണ്ട്. നായ്ക്കൾ ധാരാളമായി പച്ചമാംസം കഴിക്കാൻ തുടങ്ങിയാൽ ഒരപകടം പതിയിരിക്കുന്നുണ്ടെന്ന് എവിടെയോ വായിച്ച ഓർമ്മയുണ്ട്. അതിൻ്റെ ആധികാരികത ഉറപ്പില്ലെങ്കിലും അതിൽ പറയുന്നത് ഇപ്രകാരമാണ്. ഒരുപാട് പിന്നോട്ടുള്ള കാലത്തിൽ നിന്ന് ഇതുവരെയുള്ള വിലയിരുത്തലാണത്.

മനുഷ്യനോട് ഇണങ്ങി, വേവിച്ച മാസം കഴിക്കാൻ തുടങ്ങിയതോടെ നായ്ക്കളുടെ ശൗര്യസ്വഭാവത്തിൽ കുറവ് വന്നിട്ടുണ്ട്. പച്ചമാസം സ്ഥിരമായി കഴിക്കാൻ തുടങ്ങുന്നതോടെ ആ പഴയ സ്വഭാവത്തിലേക്ക് നായ്ക്കൾ മടങ്ങാനുള്ള സാദ്ധ്യത കൂടുന്നു പോലും! ചെന്നായ്ക്കളെപ്പോലെ ആക്രമണസ്വഭാവം ഉണ്ടായി വരുന്നത്രേ! ഇപ്പറഞ്ഞത് ശരിയാണെങ്കിൽ തെരുവ് നായ്ക്കൾ എവിടന്നെങ്കിലും കോഴിയേയോ മുയലിനേയോ പിടിച്ച് പച്ചയ്ക്ക് തിന്നുന്നതിനും ഭേദമല്ലേ അതിന് വേവിച്ച ആഹാരം നൽകുന്നത്.

ബാംഗ്ലൂർ ജീവിതം തുടങ്ങിയതിന് ശേഷം ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം, കേരളത്തിലേത് പോലെ ധാരാളം തെരുവ് നായ്ക്കൾ ഇവിടെയും ഉണ്ടെങ്കിലും നായ്ക്കളുടെ ആക്രമണത്തെപ്പറ്റി കാര്യമായി ഒരു പരാതിയോ വാർത്തയോ കേട്ടിട്ടില്ല എന്നതാണ്. മാത്രമല്ല, തെരുവ് നായ്ക്കൾക്ക് ആരെങ്കിലുമൊക്കെ ബിസ്ക്കറ്റോ മറ്റ് ഭക്ഷണമോ ഒക്കെ കൊടുക്കുന്നതും കാണാറുണ്ട്. ബാംഗ്ലൂരിലെ തെരുവ് നായ്ക്കൾക്ക് കേരളത്തിലെ തെരുവ് നായ്ക്കളെ അപേക്ഷിച്ച് കുറവ് മാംസാഹാരം കിട്ടുന്നത് കൊണ്ടാണോ അതോ മാംസാഹാരം തന്നെ കിട്ടാത്തതുകൊണ്ടാണോ അതോ ബാംഗ്ലൂരിലെ ജനങ്ങൾ കേരളജനതയേക്കാൾ വലിയ നായപ്രേമികൾ ആയതുകൊണ്ടാണോ ഈ വ്യത്യാസമെന്ന് പഠനം നടത്തേണ്ടതുണ്ട്. ആധികാരികമായി എന്തെങ്കിലും പറയാൻ ഞാനാളല്ല. എൻ്റേത് ചില നിരീക്ഷണങ്ങൾ മാത്രം. അത് തെറ്റാകാം ശരിയുമാകാം.

എന്തായാലും എൻ്റെ നിലപാട് ചുരുക്കത്തിൽ പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. തെരുവ് നായയോ അല്ലെങ്കിൽ വളർത്ത് നായയോ തന്നെയോ അകാരണമായി എന്നെ ആക്രമിച്ചാൽ അതേ നിമിഷം തിരിച്ചാക്രമിച്ചിരിക്കും. ജീവരക്ഷാർത്ഥം എന്നൊക്കെ പറയില്ലേ, അത് തന്നെ സംഭവം. അതിനിയിപ്പോൾ മനുഷ്യൻ ആക്രമിച്ചാലും അങ്ങനെ തന്നെ. എന്നുവെച്ച് വിശക്കുന്ന ഏതൊരു ജീവിക്കും ഭക്ഷണം കൊടുക്കുന്നതിൽ നിന്ന് പിന്മാറാനുമാവില്ല.

തെരുവ് നായ്ക്കളെ നിയന്ത്രിക്കേണ്ടതും വന്ധ്യംകരിക്കേണ്ടതും ഒഴിവാക്കേണ്ടതും എവിടെയെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി തള്ളണമെങ്കിൽ അങ്ങനെ ചെയ്യേണ്ടതുമൊക്കെ സർക്കാരിൻ്റേയും ഭരണകൂടത്തിൻ്റേയും ഉത്തരവാദിത്തമാണ്. അങ്ങനെയുള്ള പലപണികൾക്കും കൂടെ ചേർത്താണ് നമ്മൾ കരമടക്കുന്നത്.

#എല്ലാ_നായ്ക്കൾക്കും_ഒരു_ദിനമുണ്ട്.
#എല്ലാവർക്കും_നായദിനാശംസകൾ.
#എല്ലാം_നായ്ക്കൾക്കും_നിങ്ങളുടെ_ദിനാശംസകൾ.