ചിത്രങ്ങൾ

മഞ്ഞ്, മഴ, ജീവിതം – കെ മണികണ്ഠൻ


44
ശ്ചിമഘട്ടത്തിൻ്റെ മടക്കുകളിലൂടെയുള്ള കെ. മണികണ്ഠൻ്റെ യാത്രാനുഭവങ്ങളാണ് മഞ്ഞ്, മഴ, ജീവിതം. യാത്രയ്ക്കിടയിലെ മഞ്ഞും മഴയും ആസ്വദിക്കുന്നത് പോലെ തന്നെ അതിനിടയ്ക്ക് കാണുന്ന ജീവിതങ്ങളും നെഞ്ചേറ്റുന്ന സഞ്ചാരിയുടെ വിവരണങ്ങൾ ! അൽപ്പം മാറ്റിപ്പറഞ്ഞാൽ അതിൽ ചിലരെയെങ്കിലും അടുത്തറിയാൻ വേണ്ടി നടത്തുന്ന യാത്രകളിൽ അതിഥികളായാണ് മഞ്ഞും മഴയും വന്നുപോകുന്നത്.

അഗുംബയിലെ കസ്തൂരി അക്കയെക്കുറിച്ച് മുൻപെങ്ങോ ഞാനും കേട്ടിട്ടുണ്ട്. മണി യാത്ര പുറപ്പെടുന്നത് അക്കയെ കാണാനായിട്ട് തന്നെയാണ്. കുന്ദാദ്രിമലയിലേക്കുള്ള പദ്ധതിയോളം തന്നെ പ്രാധാന്യമുണ്ട് അക്കയെ കാണാൻ വേണ്ടിയുള്ള ആ യാത്രയ്ക്ക്. അക്കയുടെ വിശാലമായ വീട്ടിലാണ് മണിയുടേയും സംഘത്തിൻ്റേയും താമസവും ഭക്ഷണവും. അതൊരു മിത്ത് പോലെ രസകരമായ കഥയാണ്. ഞാനായിട്ട് പറഞ്ഞ് രസം കൊല്ലുന്നില്ല. രാജാവിൻ്റെ സാന്നിദ്ധ്യം കൊണ്ട് കേൾവി പെറ്റ ഇടമാണ് അഗുംബ. രാജാവെന്ന് വെച്ചാൽ സാക്ഷാൽ രാജവെമ്പാല തന്നെ. അവറ്റകളുടെ ആവാസ വ്യവസ്ഥയെ ശല്യപ്പെടുത്താതെ ജീവിക്കണമെന്ന് ബോദ്ധ്യമുള്ള മനുഷ്യർ ജീവിക്കുന്ന ഇടം. അതുവഴി പോയാൽ രാജവെമ്പാലയെ കാണാതെ ആർക്കും മടങ്ങാനാവില്ലെന്ന് മണിയുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്നത് പോലെ.

കുടജാദ്രിയിലേക്ക് ജീപ്പ് കയറിപ്പോകുമ്പോൾ കൊല്ലിക്കും കുണ്ടുകുഴികൾക്കും ഇടയിൽപ്പെട്ട് ആടിയുലയുന്ന വിവരണങ്ങൾ എത്രയോ വായിച്ചിരിക്കുന്നു. മണി അതിനിടയ്ക്ക് ആ ജീപ്പ് ഡ്രൈവറുടെ ആധികളിലേക്ക് കൂടെ എത്തിനോക്കുന്നു. വഴിയിലെ ചായക്കടക്കാരൻ്റെ കഥയറിയാൻ സമയം ചിലവാക്കുന്നു. അതുകൊണ്ടുതന്നെ, കുടജാദ്രിയിലെ സിദ്ധയും പൂജാരി ഭട്ടുമൊക്കെ യാത്രക്കിടയിൽ കാണുന്ന ഏതോ ചില വ്യക്തികൾ മാത്രമാകുന്നില്ല സഞ്ചാരിക്കും വിവരണം വായിക്കുന്നവർക്കും.

അഞ്ച് അദ്ധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. മൂന്നാമത്തെ അദ്ധ്യായമായ ‘ഹരിത ഇടനാഴിയിലൂടെ‘ പലവട്ടം റോഡ് മാർഗ്ഗവും തീവണ്ടി മാർഗ്ഗവും ഞാനും യാത്ര ചെയ്തിട്ടുണ്ട്. ഒരു പഠനാവശ്യത്തിനും ഗുരുവായ ശ്രീ. ജോൺസൺ ഐരൂരിനെ കാണാനുമായിരുന്നു ആ യാത്രകൾ ! പക്ഷേ മണി കണ്ട കോണിലൂടെ ഹരിത ഇടനാഴി കാണാൻ എനിക്കിനിയും പലവട്ടം ആ വഴി പോകണമെന്നതാണ് അവസ്ഥ. ഇതിൽ എടുത്ത് പറയേണ്ട വ്യക്തിത്വം അങ്ങാടിപ്പുറം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്ന ടി. പി. അയ്യപ്പൻ കർത്ത എന്ന പ്രകൃതിസ്നേഹിയാണ്. വിത്ത് പാകി തേക്കിൻ തൈകൾ മുളപ്പിച്ച് വേഗത കുറഞ്ഞ തീവണ്ടിപ്പാതയ്ക്ക് ഇരുവശവും വനവൽക്കരണം നടത്തിയ ആ മനുഷ്യനെപ്പറ്റിയുള്ള അറിവ് പുത്തനായിരുന്നു, ഹരിത ഇടനാഴി അവസാനിക്കുന്ന നിലമ്പൂരിലെ തേക്ക് തോട്ടം വെച്ച് പിടിപ്പിച്ച കനോലി സായിപ്പിനെക്കുറിച്ച് ഒരുപാട് കേൾക്കുകയും വായിക്കുകയും അറിയുകയും ഒക്കെ ചെയ്യുമ്പോൾത്തന്നെ പെരുമ്പാവൂരുകാരനായ അയ്യപ്പൻ കർത്തയെ അറിയാതെ പോയത് എൻ്റെ മാത്രം പിഴ. ഈ പുസ്തകത്തോടും മണിയോടും നന്ദി പ്രകടിപ്പിക്കാനുള്ളത് ഈയൊരു വലിയ വിവരം പങ്കുവെച്ചതിൻ്റെ പേരിലാണ്.

നെല്ലിയാമ്പതിയിൽ കണ്ടുമുട്ടുന്ന ഗുരുവായൂരപ്പൻ, ദേവേന്ദ്രൻ, വയനാട്ടിലെ ദ്രോണരെന്ന് വിശേഷിപ്പിക്കുന്ന ഗോവിന്ദനാശാൻ എന്നിവരൊക്കെ അടുത്തറിഞ്ഞ് മണി പരിചയപ്പെടുത്തുന്ന ജീവിതങ്ങളാണ്. വി. കെ. ശ്രീരാമൻ്റെ വേറിട്ട കാഴ്ച്ചകൾ എന്ന പുസ്തകത്തിലും പരമ്പരയിലുമാണ് മുൻപിതുപോലെ വ്യത്യസ്തരായ മനുഷ്യരെ അടുത്തറിഞ്ഞിട്ടുള്ളത്. ഗവിയിൽ ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥികളായി വന്നവർ തോട്ടം പണിയുമായി കൂടി അവരുടെ സന്തതിപരമ്പര ഇപ്പോഴും അവിടെയുള്ളതായി അറിയുകയും അവരുടെ ലയങ്ങൾ കാണുകയും ചെയ്തിട്ടുണ്ട്. പക്ഷേ, നെല്ലിയാമ്പതിയിലും അത്തരത്തിലുള്ള ശ്രീലങ്കൻ അഭയാർത്ഥികൾ തോട്ടം പണി ചെയ്യുന്നുണ്ടെന്നത് പുതിയ അറിവായിരുന്നു.

ഇതിലപ്പുറം വിശദമായി പുസ്തകത്തെപ്പറ്റി പറയുന്നത് ശരിയല്ല. ബാക്കി ഓരോ വായനക്കാരനും സ്വയം വായിച്ചറിയാൻ വിടുന്നു. അവതാരികയിൽ പി. സുരേന്ദ്രൻ മാഷ് പരിചയപ്പെടുത്തിയിരിക്കുന്നതിലും നന്നായി ഈ പുസ്തകത്തെ അടയാളപ്പെടുത്താൻ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിൻ്റെ വാക്കുകൾ കടമെടുത്താൽ, “ ഈ യാത്രാപുസ്തകത്തിൻ്റെ ഏറ്റവും വലിയ സവിശേഷത അസാധാരണ വ്യക്തിത്വങ്ങളുടെ അടയാളപ്പെടുത്തലാണ്.“

വാൽക്കഷണം:- സ്ഥലങ്ങളും നിർമ്മിതികളും ചലനമില്ലാത്തവയാണ്. പക്ഷേ, മണികണ്ഠൻ പരിചയപ്പെടുത്തിപ്പോയ വ്യക്തികൾ ചരിക്കുന്നവരും ചിരഞ്ജീവികളല്ലാത്തവരുമാണ്. ആറ്റ് നോറ്റ് അവിടങ്ങളിലേക്ക് എനിക്ക് ചെല്ലാൻ കാലമാകുന്നത് വരേയ്ക്കും അതിന് ശേഷമുള്ള മനുഷ്യായുസ്സും ഇവരൊക്കെ ആരോഗ്യത്തോടെ അവിടങ്ങളിൽത്തന്നെ ഉണ്ടാകണമേ എന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നു.