ചിത്രങ്ങൾ

ഇത് അയ്യപ്പന്റെ മാത്രം മണ്ണല്ല.


7777

ബരിമല വിഷയത്തിൽ നിരന്തരമായി തെരുവിലിറങ്ങി ഗതാഗതം സ്തംഭിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശരിയായ നടപടിയല്ല. വിധി വന്നത് സുപ്രീം കോടതിയിൽ നിന്നാണ്. അതിൽ ആക്ഷേപമുള്ളവർ സുപ്രീം കോടതിയോട് തന്നെ പറയുകയോ തർക്കിക്കുകയോ യുദ്ധം ചെയ്യുകയോ വേണം. കോടതിയിൽ തോറ്റതിന് പൊതുജനത്തിനോട് ഏറ്റുമുട്ടുന്നത് ശുദ്ധഭോഷ്ക്കാണ്.

ഇതൊരു മതേതര രാജ്യമാണ്. ഹിന്ദുക്കളിൽ ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നത്തിന്, മുഴുവൻ ജനങ്ങളും ദുരിതം അനുഭവിക്കണമെന്ന് പറയുന്നത് അനീതിയാണ്. ക്രിസ്ത്യാനിയും മുസ്ലീമും സിക്കും ജൈനനും ജൂതനും ബുദ്ധിസ്റ്റുകളും ഇതിലൊന്നിലും വിശ്വസിക്കാത്തവരും ഇപ്പോഴും ഇന്നാട്ടിലുണ്ട്. ഭരണഘടന ഒരു പൌരന് നൽകുന്ന സ്വാതന്ത്ര്യവും സമത്വവും സുരക്ഷയുമൊക്കെ എക്കാലവും പുലർത്തപ്പെടുമെന്ന് വിശ്വസിച്ച് നടക്കുന്നവരും ഇവിടെയുണ്ട്. നിങ്ങളുടെ വിശ്വാസം പോലെ അവർക്കും ആ വിശ്വാസങ്ങൾ വളരെ വലുതാണ്. അവർക്ക് ജോലിക്ക് പോകാനും, ആശുപത്രിയിൽ പോകാനും, കുടുംബത്തോടൊപ്പം ഉല്ലാസയാത്ര പോകാനുമൊക്കെയുള്ള പൊതുവഴികൾ പലതും പലയിടത്തും തടസ്സപ്പെടുത്തിക്കൊണ്ടേയിരിക്കുന്നത് മതേതര ജനാധിപത്യ മര്യാദയല്ല.

പൊതുനിരത്ത് തടസ്സപ്പെടുത്തിയേ തീരൂ എന്നുണ്ടെങ്കിൽ പമ്പ മുതൽ മുകളിലേക്കുള്ള ശബരിമലയുടെ ഭാഗങ്ങളിൽ എവിടെയെങ്കിലും ചെന്ന് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ കുത്തിയിരിക്കൂ. ഇത് അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചര്യം നിലനിർത്താൻ വേണ്ടി പോരാടുന്നവരുടെ മാത്രം മണ്ണല്ല.

ഈ വിഷയം ഫേസ്ബുക്കിൽ ചർച്ച ചെയ്തപ്പോൾ കിട്ടിയ പ്രതികരണങ്ങളിൽ ചിലത്.

“ആദ്യമായിട്ടാണോ ഏതെങ്കിലും പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുന്നത് ?“

“ഈ പോസ്റ്റ് ഇട്ട പോസ്റ്റ്മാൻ ഇതുപോലെ മുൻപ് നടന്ന റോഡ് ഉപരോധത്തിനെതിരെയൊന്നും ചെറുവിരൽ അനക്കിയില്ലല്ലോ?”

“ ഏതെങ്കിലും പാർട്ടിക്കാർക്കെതിരെയാണെങ്കിൽ ഒരക്ഷരം മിണ്ടില്ലായിരുന്നല്ലോ ? “

എന്നൊക്കെയായിരുന്നു. അവരോടെല്ലാം പറയാനുള്ളത് ഇത്രമാത്രമാണ്.

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന എല്ലാ പ്രതിഷേധങ്ങളോടും സമരങ്ങളോടും കക്ഷിഭേദമെന്യേ ഇക്കഴിഞ്ഞ കാലമത്രയും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. ഹർത്താൽ ദിനങ്ങളിൽ സ്വന്തം വാഹമെടുത്തിറങ്ങി റോഡിൽ കുടുങ്ങിപ്പോകുന്നവരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിന്റെ ധാരാളം തെളിവുകൾ ഈയുള്ളവന്റെ ഓൺലൈൻ ഇടങ്ങളിൽ നിന്ന് ‘Say No To Harthal‘ എന്ന പേരിലും ഹാഷ് ടാഗിലും കിട്ടും. ഈ  വെബ്ബ് പോർട്ടലിലും ‘ഹർത്താൽ‘ എന്ന ടാഗ് തിരഞ്ഞാൽ അത്തരം തെളിവുകൾ ലഭിക്കും.

ശബരിമല വിഷയത്തിലുള്ള പ്രതിഷേധം ഒരു ദിവസം കൊണ്ടോ രണ്ട് ദിവസം കൊണ്ടോ തീരുന്നില്ലെന്ന് മാത്രമല്ല, നിത്യേന ജനങ്ങൾ പലയിടങ്ങളിലായി ബന്ദിയാക്കപ്പെടുന്ന സാഹചര്യം ഉണ്ടായതുകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കേണ്ടി വന്നത്. അയ്യപ്പഭക്തന്മാർ മാത്രമല്ല, മറ്റേത് മതസ്ഥരായാലും പാർട്ടിക്കാരായാലും സംഘടനക്കാരായാലും അനന്തമായി ഇങ്ങനെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ ഇതേ നിലയ്ക്ക് തന്നെ വിമർശിച്ചിരിക്കും.

ഞാനൊരു വിശ്വാസിയല്ല. അതുകൊണ്ടുതന്നെ വിശ്വാസികളുടെ വിഷയം എന്റെ വിഷയമേയല്ല. ശബരിമലയ്ക്ക് യൌവനയുക്തരായ സ്ത്രീകൾ പോകണ്ട എന്ന് കോടതി വിധി വന്നാലും പോയ്ക്കോളൂ എന്ന് വിധി വന്നാലും ഒരുതരത്തിലും അതെന്നെ ബാധിക്കുന്നില്ല. പക്ഷേ, അയ്യപ്പന്റെ പേരിലായാലും അള്ളാവിന്റെ പേരിലായാലും ഈശോമിശിഹായുടെ പേരിലായും സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാകുന്നത് എന്റെ വിഷയം തന്നെയാണ്.

55

ഈ വിഷയത്തിൽ ഒന്ന് കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. നിങ്ങൾ പെണ്ണുങ്ങൾ ശബരിമലയ്ക്ക് പോകുകയോ പോകാതിരിക്കുകയോ പാതിവഴി പോകുകയോ എന്ത് വേണമെങ്കിലും ആയിക്കോളൂ. അത് നിങ്ങൾ വിശ്വാസികളുടെ വിഷയം. പക്ഷേ, ശബരിമലയ്ക്ക് പോകുന്ന പെണ്ണുങ്ങൾക്ക് പ്രത്യേക സൌകര്യങ്ങളൊരുക്കാനായി 100 ഏക്കർ കാട് കൂടെ തുലയ്ക്കാൻ പറ്റില്ല. മരങ്ങൾക്കും കാടിനും പരിസ്ഥിതിക്കും വേണ്ടി നിലകൊള്ളുന്നവരുടെ, നിങ്ങളുടെ ദൈവങ്ങളേക്കാൾ ഭക്തിയോടെ ഓരോ മരങ്ങളേയും നോക്കിക്കാണുന്നവരുടെ കൂടെ വിഷയമാണിത്. നിലവിലുള്ള സ്ഥലത്ത് എല്ലാവരും കൂടെ പ്രാർത്ഥിക്കുകയോ വിരിവെക്കുകയോ ക്യൂ നിൽക്കുകയോ തേങ്ങായുടയ്ക്കുകയോ പന്തം കത്തിക്കുകയോ, ചെയ്ത് തൃപ്തിയടഞ്ഞോളണം.