ചിത്രങ്ങൾ

മല കയറിയാൽ പാപങ്ങൾ തീരുമോ ?


34
വിശ്വാസങ്ങളും ഇതുവരെ തുടർന്നുപോന്ന ആചാരങ്ങളും വെച്ച് നോക്കിയാൽ ആർത്തവ പ്രായത്തിലുള്ള സ്ത്രീകൾ ശബരിമല കയറാൻ പാടില്ല. അല്ലെങ്കിൽ‌പ്പിന്നെ അയ്യപ്പന്റെ തന്നെ കണ്ടീഷൻ അനുസരിച്ച്, കന്നി സ്വാമിമാർ ആരും മല കയറാനില്ലാത്ത ഒരു മണ്ഡലകാലം ഉണ്ടായാൽ, അയ്യപ്പൻ മാളികപ്പുറത്തിനെ വേൾക്കും. അതോടെ ബ്രഹ്മചര്യം അവസാനിക്കും. അന്നുമുതൽ എല്ലാ സ്ത്രീകൾക്കും അയ്യപ്പ സന്നിധിയിലേക്ക് പോകാം. കോടിക്കണക്കിന് നടവരുമാനമുള്ള ഒരു ആരാധനാലയമായതുകൊണ്ട് അതിങ്ങനെ മണ്ഡലകാലത്ത് മാത്രം തുറക്കുന്നതിനേക്കാൾ ഭേദം എല്ലാ ദി‌വ‌സ‌വും തുറന്ന് പരമാവധി പണമുണ്ടാക്കാൻ തന്നെയാകും ഉള്ളുകൊണ്ടെങ്കിലും ദേവസ്വം ബോർഡിനും താൽ‌പ്പര്യം. പക്ഷേ, കന്നിഅയ്യപ്പന്മാർ ഇല്ലാത്ത ശബരിമലക്കാലം സാദ്ധ്യമായ കാര്യമല്ല.

വേറൊരു ലൈനിൽ ചിന്തിച്ച് നോക്കിയാൽ, നിലവിൽ സ്ത്രീകളടക്കം എല്ലാ ജനങ്ങളും ശബരിമല കയറിയാലും ആചാരമൊന്നും തെറ്റാൻ പോകുന്നില്ല. കാരണം, ആ പ്രദേശത്തെങ്ങും ഇപ്പോൾ അയ്യപ്പന്റെ സാന്നിദ്ധ്യമില്ല. അത് കാട്ടിനുള്ളിലെ പക്ഷിമൃഗാദികളേയും ജീവജാലങ്ങളേയും മരങ്ങളേയുമൊക്കെ കുരുതി കൊടുത്ത/കൊടുത്തുകൊണ്ടിരിക്കുന്ന ഒരു ‘കോൺ‌ക്രീറ്റ് ജങ്കിൾ‘ മാത്രമാണ്. അങ്ങനെയുള്ള സ്ഥലത്തൊന്നും അയ്യപ്പനെന്നല്ല, നിങ്ങളൊക്കെ വിശ്വസിക്കുന്ന ഒരു ദേവനും ദേവിക്കും കുടികൊള്ളാനാവില്ല. ദൈവമെന്നാൽ പ്രകൃതിയാണ്, മനസ്സിന് ശാന്തതയും സമാധാനവും ലഭിക്കുന്ന ഇടങ്ങളാണ്. ഇതൊന്നും ഇപ്പോൾ ശബരിമലയുടെ ഏഴയലത്തില്ല. പ്ലാറ്റിക്ക് അടക്കമുള്ള മാലിന്യങ്ങളും, അനുവദനീയമായതിലും നൂറിരട്ടി കോളിഫോം ഏറ്റുവാങ്ങിയ പമ്പ എന്ന മലിന നദിയും ഒക്കെ ചേർന്ന ഒരു പ്രദേശത്ത് കുറേ ആർത്തവരക്തം കൂടെ കലർന്നെന്ന് വെച്ച് ഒരു ആചാരവും തെറ്റാൻ പോകുന്നില്ല, ഒരു ദൈവകോപവും കൂടുതലായി ഉണ്ടാകാനില്ല.

നാലഞ്ച് കിലോമീറ്ററോളം കാട്ടിലൂടെ നടന്ന് മലകയറിയാൽ പാപങ്ങളൊക്കെ പോകുമെന്ന് വിശ്വസിക്കുന്നവർ ഞങ്ങൾക്കൊപ്പം മാസത്തിലൊരിക്കലെങ്കിലും ട്രക്കിങ്ങിന് വരൂ. കാടിനെ ബഹുമാനിച്ചും കാട്ടിലെ നിയമങ്ങൾ അനുസരിച്ചും വന്നാൽ നിങ്ങൾക്കവിടെ ഏതെങ്കിലും ഒരു രൂപത്തിൽ ദൈവത്തിനെ കാണാനായെന്ന് വരും.