ചിത്രങ്ങൾ

സല്യൂട്ട് മേജർ ഡി.പി.സിങ്ങ് !


76

ന്ന് (15 നവംബർ 2015) കൊച്ചി – സ്പൈസ് കോസ്റ്റ് മാരത്തോണിൽ ഹാഫ് മാരത്തോൺ(21.1കി.മീ) ഓടി. ഇത് സ്പൈസ് കോസ്റ്റിലെ എന്റെ രണ്ടാമത്തെ ഹാഫ് മാരത്തോൺ. മൊത്തം കണക്കെടുത്താൽ അഞ്ചാമത്തെ ഹാഫ് മാരത്തോൺ.അടുത്തടുത്ത രണ്ട് ഞായാറാഴ്ച്ചകളിൽ രണ്ട് ഹാഫ് മാരത്തോണുകൾ ഓടുന്നത് ഇതാദ്യം. എല്ലാത്തിനും നന്ദി പറയാനുള്ളത് സോൾസ് ഓഫ് കൊച്ചിനോടാണ്. സോൾസിൽ ചെന്ന് ചേർന്നില്ലായിരുന്നെങ്കിൽ ദീർഘദൂര ഓട്ടമൊക്കെ എന്നും സ്വപ്നമായി അവശേഷിക്കുമായിരുന്നു.

കഴിഞ്ഞ ആഴ്ച്ചയിലെ 2:57:19 എന്ന സമയം 18 മിനിറ്റ് മെച്ചപ്പെടുത്തി 2:39:55 ആക്കാൻ സാധിച്ചു എന്നത് ഒരു സന്തോഷം. മറ്റൊരു വലിയ സന്തോഷം ബ്ലേഡ് റണ്ണർ മേജർ ഡി.പി.സിങ്ങിനൊപ്പം ഓട്ടം ഫിനിഷ് ചെയ്യാനായി എന്നതാണ്.

അവസാനത്തെ 300 മീറ്റർ ആയപ്പോൾ, മീറ്റ് ഒഫീഷ്യലും സുഹൃത്തുമായ നൌഷാദ് അസനാർ ഒരു വിലപ്പെട്ട സൂചന തന്നു. “മേജർ മുന്നിലുണ്ട്. അദ്ദേഹത്തിനൊപ്പം ഫിനിഷ് ചെയ്യാൻ ശ്രമിക്കൂ.“ ഒന്ന് ശ്രമിക്കാതിരിക്കുന്നത് ശരിയല്ലല്ലോ ? ഇല്ലാത്ത ശ്വാസം ആഞ്ഞുവലിച്ച് ചെറിയൊരു കുതിപ്പ് നടത്തിയപ്പോൾ മുന്നിൽ മേജറിനെ കാണാമെന്നായി. വീണ്ടുമൊരു കുതിപ്പിനുള്ള ആവേശം പിന്നെവിടുന്നാണ് വന്നതെന്നറിയില്ല. അദ്ദേഹത്തിന്റെ ഒപ്പം തന്നെ ഫിനിഷ് ചെയ്യാൻ സാധിച്ചു. കൈയ്യിൽ ദേശീയപതാകയും ഏന്തി ‘ഭാരത് മാതാ കീ ജയ് ‘ എന്ന് ഒരു സൈനികന്റെ കുരവള്ളി പൊട്ടുന്ന ശബ്ദത്തിൽ അലറിവിളിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഓട്ടം.

ഇനി മേജൽ ഡി.പി.സിങ്ങ് ആരാണെന്ന സംശയം ദുരീകരിക്കാം. കാർഗിൽ യുദ്ധത്തിൽ ഗുരുതരമായി പരുക്കേറ്റ്, മരിച്ചെന്ന് തന്നെ ആർമി ആശുപത്രിയിലുള്ളവർ വിധിയെഴുതിയ, മേജറെ പിന്നീട് ഒരു കാല്, മുറിച്ചുമാറ്റി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. തുടർന്നങ്ങോട്ട് 13 ഹാഫ് മാരത്തോണുകൾ ഇതുവരെ അദ്ദേഹം ഓടിക്കഴിഞ്ഞു. (അതിനിടയിലാണ് 2 കാലുമുള്ള ഓരോരുത്തന്റെയൊക്കെ 5 ഹാഫ് മാരത്തോൺ വീരസ്യം.)

രാവിലെ ഓട്ടം തുടങ്ങുന്നതിന് മുൻപ് ഗ്രൌണ്ടിൽ മുഴങ്ങിക്കേട്ട അദ്ദേഹത്തിന്റെ പ്രചോദനപരമായ വാക്കുകൾ, എല്ലാ അവയവങ്ങൾക്കും കുഴപ്പമൊന്നുമില്ലാത്തവരെ ഒട്ടേറെ ചിന്തിപ്പിക്കാൻ പോന്നതായിരുന്നു.

“ വൈകല്യമുണ്ടെന്ന് കരുതി ഒരു കാര്യം നമ്മൾ ചെയ്യാതിരുന്നാൽ ആ ഭാഗത്തിന്റെ വൈകല്യം നമ്മൾ സമ്മതിച്ചുകൊടുക്കുകയാണ്. അപ്പോളാണ് നാം ശരിക്കും വികലാംഗനാകുന്നത്. “

സല്യൂട്ട് മേജർ ഡി.പി.സിങ്ങ്!!!! ഒരു പട്ടാളക്കാരന്റെ വീര്യം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതിന്. അത് മറ്റുള്ളവരിലേക്ക് പകർന്ന് നൽകുന്നതിന്. ശത്രുക്കളിൽ നിന്ന് ഞങ്ങളെപ്പോലുള്ള അലസന്മാരെ കാത്തുരക്ഷിക്കാൻ സ്വന്തം ജീവിതം തന്നെ നഷ്ടപ്പെടുത്തി പോരാടിയതിന്. ഉള്ളിന്റെ ഉള്ളിൽ നിന്നൊരു വലിയ സല്യൂട്ട് !!!

33