ചിത്രങ്ങൾ

ഓണവില്ല്


ഴഞ്ചൻ സാധനങ്ങൾ, നാടിന്റെ പൈതൃകത്തിന്റെ ഭാഗമായ വസ്തുക്കൾ, എന്തെങ്കിലും ചരിത്രം പിന്നിലുണ്ടാകാൻ സാദ്ധ്യതയുള്ള ഉരുപ്പിടികൾ എന്നിവയൊക്കെ സാമ്പത്തികാവസ്ഥ അനുവദിക്കുന്നത് പോലെ ശേഖരിക്കുന്ന അസുഖമുണ്ടെനിക്ക്.

അത്തരത്തിൽ സ്വന്തമാക്കണമെന്ന ആഗ്രഹം ഇക്കണ്ടകാലം മുഴുവൻ ജനിപ്പിച്ചിട്ടുള്ള ഒന്നാണ് ഓണവില്ല്.  വടക്കൻ കേരളത്തിൽ ഓണവില്ല് ഒരു സംഗീതോപകരണമാണ്. ഉപയോഗിക്കുന്നത് ഓണക്കാലത്ത് മഹാബലിയെ വരവേൽക്കാൻ തന്നെ. തെക്കൻ കേരളത്തിൽ ഓണവില്ലെന്നാൽ ഒരു മനോഹരമായ ഒരു കലാസൃഷ്ടിയാണ്. പള്ളിവില്ല് എന്നാണ് ശരിയായ പേരെങ്കിലും അത് സമർപ്പിക്കപ്പെടുന്നത് ഓണക്കാലത്തായതുകൊണ്ട് ഓണവില്ല് എന്ന പേരിലും അറിയപ്പെടുന്നു. പള്ളിവില്ല് എന്ന ഓണവില്ലാണ് ഞാൻ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നത്.

കഴിഞ്ഞ മൂന്ന് കൊല്ലമായി ഓണവില്ല് സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ ചില സുഹൃത്തുക്കൾ വഴി നടത്തിയെങ്കിലും ആ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. ഓണക്കാലമാകുമ്പോളാണ് ഓണവില്ലിന്റെ കാര്യം ഓർക്കുക. പക്ഷെ വില്ല് കിട്ടണമെങ്കിൽ മൂന്ന് മാസം മുൻപേയെങ്കിലും ബുക്ക് ചെയ്യണം. എന്തായാലും ഇക്കൊല്ലത്തെ ഓണത്തിന് മാറ്റ് കൂട്ടാൻ, കോളേജ് ജൂനിയറും സുഹൃത്തുമായ അമ്പിളി, എന്റെ കാത്തിരിപ്പുകളെല്ലാം അവസാനിപ്പിച്ചുകൊണ്ട് ഓണവില്ലൊരെണ്ണം സംഘടിപ്പിച്ച് കൊണ്ടുത്തന്നു. അമ്പിളിക്ക് ഒരു ഓണത്തോളം വലിയ നന്ദി.

1

അമ്പിളി സമ്മാനിച്ച ഓണവില്ല്.

ആദ്യമായിട്ട് വടക്കൻ ഓണവില്ല് ഒരെണ്ണം കാണുന്നതും അത് മീട്ടാൻ ശ്രമിക്കുന്നതും അന്തരിച്ചുപോയ ആഴ്‌വാഞ്ചേരിത്തമ്പ്രാനെ കാണാൻ ആഴ്‌വാഞ്ചേരി മനയിൽ ചെന്നപ്പോളാണ്. അദ്ദേഹത്തിന് അത് മീട്ടാൻ പറ്റുന്നുണ്ടായിരുന്നെങ്കിലും ഞാൻ ശ്രമിച്ചപ്പോൾ അപശ്രുതി മാത്രമാണ് പുറത്തുവന്നത്.

2

ആഴ്‌വാഞ്ചേരി തമ്പ്രാന്റെ മുന്നിൽ ഓണവില്ല് വായിക്കാൻ ഒരു ശ്രമം.

വിശ്വകർമ്മ ദേവൻ സൃഷ്ടിച്ച അതിവിശിഷ്ടമായ ഒരു ചിത്രരചനാ ശിൽ‌പ്പമാണ് ഓണവില്ല്. തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശിൽ‌പ്പികളുടെ പാരമ്പര്യത്തിൽ‌പ്പെട്ട ധാരാളം വിശ്വകർമ്മജൻ(പഞ്ചകർമ്മികൾ) തിങ്ങിപ്പാർക്കുന്ന കരമനയിലാണ് തലമുറകളായി ഓണവില്ല് തയ്യാറാക്കിപ്പോരുന്നത്. ഒരു കുടുംബപശ്ചാത്തലത്തിൽ മാത്രം തലമുറകളായി നിലനിൽക്കുന്ന ഒരാചാമാണിത്. ഒരു കുടുംബത്തിൽ നിന്നും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് നടക്കുന്ന ഒരേയൊരു ചടങ്ങെന്ന പ്രത്യേകതയും ഓണവില്ല് നിർമ്മാണത്തിന് പിന്നിലുണ്ട്.

ചിങ്ങമാസത്തിലെ തിരുവോണനാളിൽ പുലർച്ചെ പത്മനാഭസ്വാമിക്ഷേത്രത്തിൽ നടക്കുന്ന ഒരു ചടങ്ങാണ് ഓണവില്ല് സമർപ്പണം. കൊല്ലവർഷം 677 ൽ അതായത് എ.ഡി. 1502 ൽ ക്ഷേത്രപുനരുദ്ധാരണ വേളയിൽ പള്ളിവില്ല് സമർപ്പണം പുനഃരാരംഭിച്ചു എന്ന് മതിലകം രേഖകളിൽ കാണുന്നു.

ഓണവില്ലിന്റെ ഐതിഹ്യം ഇപ്രകാരമാണ്. പാതാളത്തിലേക്കുള്ള യാത്രയ്ക്ക് മുൻപ് വിശ്വരൂപം കാണണമെന്ന് മഹാവിഷ്ണുവിനോട് മഹാബലി അപേക്ഷിക്കുന്നു. മഹാവിഷ്ണു വിശ്വരൂപം കാണിച്ചപ്പോൾ മഹാബലി മറ്റൊരു ആവശ്യം കൂടെ മുന്നോട്ട് വെക്കുന്നു. തന്നെ പരീക്ഷിക്കാനെടുത്ത വാമനാവതാരം പോലെ കാലാകാലങ്ങളിൽ ഭഗവാൻ കൈക്കൊള്ളുന്ന അവതാരലീലകളെപ്പറ്റിയും അറിയണം. മഹാബലിയുടെ ഈ ആഗ്രഹം സാധിച്ചുകൊടുക്കുന്നതിനായി ദേവശിൽ‌പ്പിയായ വിശ്വകർമ്മദേവൻ മഹാവിഷ്ണുവിന്റെ ദശാവതാരം ആദ്യം വരച്ചുകാണിക്കുന്നു. തുടർന്ന് വിശ്വകർമ്മദേവൻ തന്റെ അനുചരന്മാരെക്കൊണ്ട് കാലാകാലങ്ങളിൽ മഹാവിഷ്ണു എടുത്ത അവതാരങ്ങളുടെ ലീലാചിത്രങ്ങൾ പള്ളിവില്ലിൽ വരച്ച് വിഷ്ണുസന്നിധിയിൽ സമർപ്പിക്കാമെന്നും അവിടെച്ചെന്ന് മഹാബലിക്ക് ഈ ചിത്രങ്ങളെല്ലാം കാണാമെന്നും അറിയിക്കുന്നു. ഇതിൻ പ്രകാരം നടക്കുന്ന ചടങ്ങാണ് ഓണവില്ല് സമർപ്പണം.

ദേവഗണത്തിൽ‌പ്പെട്ട കടമ്പ്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തടിയിലാണ് ഓണവില്ല് നിർമ്മിക്കുന്നത്. ഓണവില്ല് തയ്യാറാക്കുന്ന മുക്കാൽ ഇഞ്ച് കനമുള്ള പലകയ്ക്ക് വഞ്ചിയുടെ ആകൃതിയും അതേ സമയം കേരളത്തിന്റെ ആകൃതിയുമാണുള്ളത്. വിവിധ അവതാരങ്ങൾ വരയ്ക്കുള്ള പലകകൾക്ക് വിവിധ നീളവും വീതിയുമാണ്. രണ്ടറ്റവും മഴവില്ല് പോലെ വളഞ്ഞിരിക്കുന്നതുകൊണ്ടാണ് വില്ല് എന്നിതിനെ വിളിക്കുന്നത്. കടഞ്ഞെടുത്ത പലകയിൽ ആദ്യം മഞ്ഞനിറം പൂശുന്നു. പിന്നീട് ചിത്രങ്ങൾ വരയ്ക്കുന്ന വശത്ത് ചുവപ്പ് നിറം കൊടുക്കുന്നു. തുടർന്ന് പഞ്ചവർണ്ണ ചായങ്ങൾ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുന്നു.

ഓണവില്ല് ശിൽ‌പ്പികൾ അഥവാ ചിത്രകാരന്മാർ ബ്രാഹ്മണമുഹൂർത്തത്തിൽ ഈറനണിഞ്ഞ് കുടുംബപരദേവതാ സ്ഥാനത്തുനിന്ന് പ്രാർത്ഥിക്കുകയും, കുടുംബത്തിലെ കാരണവർ മന്ത്രം ചൊല്ലി ചാലിച്ച് തയ്യാറാക്കുന്ന നിറക്കൂട്ട് ഏറ്റുവാങ്ങുകയും ചെയ്യുന്നു. പിന്നീട് പ്രത്യേകം തയ്യാറാക്കിയ അറയിൽ വെച്ച് ചിത്രരചനയിൽ ഏർപ്പെടുന്നു. ഈ സമയത്ത് ഭക്ഷണക്രമങ്ങൾ പാലിക്കുകയും ശരീരത്തിനും മനസ്സിനും പരിശുദ്ധി കാത്തുസൂക്ഷിക്കുകയും ചെയ്തുകൊണ്ട് പരിപാവനമായി തയ്യാറാക്കിയെടുക്കുന്നതാണ് ഓണവില്ലുകൾ. അനന്തശയനം, ദശാവതാരം, രാമപട്ടാഭിഷേകം. ശ്രീകൃഷ്ണലീല, ശാസ്താവ്, വിനായകൻ എന്നിങ്ങനെ ആറ് തരം ഓണവില്ലുകളാണുള്ളത്.

Different OnavillukaL

മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ രൌദ്രഭാവങ്ങളുള്ളതെന്ന് കരുതപ്പെടുന്ന പരശുരാമൻ, ബലരാമൻ, കൽക്കി എന്നീ അവതാരങ്ങൾ ഓണവില്ലിൽ വരക്കുന്നില്ല. അതേസമയം ശാസ്താവ്, വിനായകൻ എന്നിവ പ്രത്യേകമായി കടന്നുവരുകയും ചെയ്യുന്നുണ്ട്. ശാസ്താവും മഹാവിഷ്ണുസങ്കൽ‌പ്പത്തിൽ പെടുന്നതുകൊണ്ടാണ് ആ രൂപം ആലേഖനം ചെയ്യുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകളിൽ ഒന്നായതുകൊണ്ടും ഹൈന്ദവാചാരപ്രകാരം എല്ലാ പൂജകളും ആരംഭിക്കുന്നത് വിനായകനിൽ നിന്നായതുകൊണ്ടും ആ മൂർത്തിയേയും പള്ളിവില്ലിലെ രചനകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പിന്നീട് തിരുവോണനാളിൽ കുടുംബത്തിൽ നിന്ന് പൂജ ചെയ്തെടുക്കുന്ന വില്ലുകൾ ഘോഷയാത്രയായി (ആദ്യകാലത്ത് കാൽനടയായും പിന്നീട് അലങ്കരിച്ച കുതിരവണ്ടിയിലും ഇപ്പോൾ അലങ്കരിച്ച കാറുകളിലുമായി) പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നു.

ഓണവില്ലുമായി ക്ഷേത്രത്തിലെത്തുന്ന ആചാരിയേയും കുടുംബത്തേയും പാണിവിളക്കിന്റേയും പഞ്ചവാദ്യത്തിന്റേയും വായ്ക്കുരവയുടെയും അകമ്പടിയോടെ ക്ഷേത്രഭാരവാഹികളും പൂജാരികളും ചേർന്ന് സ്വീകരിച്ചാനയിക്കുന്നു. ഓണവില്ല് കുടുംബക്കാർ ഈ വില്ലുകളെല്ലാം ക്ഷേത്രത്തിൽ ശ്രീകൃഷ്ണലീലകൾ ആലേഖനം ചെയ്ത ചുവരിൽ ചാരിവെക്കുന്നു. അൽ‌പ്പം കഴിയുമ്പോൾ ശ്രീപത്മനാഭസ്വാമിയോട് അനുവാദം വാങ്ങിവരുന്ന ശ്രീകാര്യക്കാരും കാവൽക്കുറുപ്പും തിരുമേനിയും ചേർന്ന് പ്രസാദവും ഓണക്കോടിയും മൂത്താചാരിക്ക് നൽകുന്നു. തുടർന്ന് ഓരോ വില്ലുകളും ഭഗവാണ് അഭിമുഖമായി ഉയർത്തിക്കാണിക്കുകയും മൂന്ന് പ്രാവശ്യം ചുറ്റിക്കാണിക്കുകയും ഓരോ വില്ലിനും ഓരോ കോടിമുണ്ട് എന്ന നിലയ്ക്ക് നിലത്ത് വിരിച്ചിരിക്കുന്ന കോടിമുണ്ടിൽ വെച്ച് വണങ്ങുകയും കാവൽക്കുറുപ്പിനെ ഏൽ‌പ്പിക്കുകയും ചെയ്യുന്നു.

ആ സമയത്ത് പഞ്ചവാദ്യത്തിന്റേയും തകിലുവാദ്യത്തിന്റേയും വായ്ക്കുരവയുടെയും ശബ്ദത്തിൽ ക്ഷേത്രാന്തരീക്ഷം ഭക്തിനിർഭരമായിരിക്കും. ഈ ചടങ്ങിന് വായിക്കുന്ന രാഗം അടുത്തവർഷം ഓണവില്ല് സമർപ്പണസമയത്ത് മാത്രമേ വായിക്കൂ എന്ന പ്രത്യേകതയും ഉണ്ട്. തുടർന്ന് കാവൽക്കുറുപ്പ് വില്ലുകൾ അഭിശ്രവണ മണ്ഡപത്തിൽ വെച്ചിരിക്കുന്ന പലകയിൽ വെക്കുന്നു. എന്നിട്ട് പോറ്റിമാർ ഓരോ വില്ലിനും കുരുത്തോലയും കുഞ്ചലവും ഞാണും കെട്ടി അലങ്കരിക്കുന്നു. വില്ലുകൾക്ക് കെട്ടുന്ന കുഞ്ചലവും ഞാണും നിർമ്മിക്കുന്നത് തിരുവനന്തപുരം സെൻ‌ട്രൽ ജയിലിലെ പുരുഷ അന്തേവാസികളാണ്. അവർ വ്രതശുദ്ധിയോടെയാണ് ഇത് തയ്യാറാക്കുന്നത്.

അലങ്കരിച്ച വില്ലുകൾ മൂർത്തികൾക്ക് ചാർത്താൻ അതാത് നമ്പിമാർ ഏറ്റെടുക്കുന്നു. തിരുവോണം മുതൽ മൂന്നാം നക്ഷത്രമായ ചതയം വരെ ഇത് വിഗ്രഹങ്ങളിൽ ചാർത്തിയിരിക്കും. പിന്നീട് കേരളീയർക്ക് വർഷാവർഷം ക്ഷേമൈശ്വര്യങ്ങൾ ഉണ്ടാകാൻ വേണ്ടി ഈ വില്ലുകളെല്ലാം തിരുവിതാം‌കൂർ രാജകുടുംബത്തിലെ കാരണവരുടെ പൂജാമുറിയിൽ സൂക്ഷിക്കണമെന്നാണ് ആചാരം.

പള്ളിവില്ല് ചാർത്തിയ ഭഗവാനെ ആദ്യം ദർശിക്കാനുള്ള അവകാശം അവ നിർമ്മിച്ച് സമർപ്പിച്ച ശിൽ‌പ്പികൾക്കും കുടുംബാംഗങ്ങൾക്കുമാണ്. തങ്ങൾ വരച്ചെടുക്കുന്ന വില്ലിന്റെ നിർമ്മാണവേളയിൽ എന്തെങ്കിലും പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ക്ഷമ യാജിക്കുന്ന ഒരു ആചാരം കൂടെ അപ്രകാരം നടപ്പിലാക്കിപ്പോരുന്നു. അത് കഴിഞ്ഞാൽ കൊട്ടാരത്തിൽ നിന്ന് തമ്പുരാനും കുടുംബവും പള്ളിവില്ല് ചാർത്തിയ ഭഗവാനെ കണ്ട് തൊഴാനെത്തുന്നു. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഓണവില്ല് ചാർത്തിയ ശ്രീപത്മനാഭനെ കാണാനുള്ള ഭക്തജനങ്ങളുടെ തിരക്കായിരിക്കും ക്ഷേത്രത്തിൽ.

തലമുറകളായി തിരുവനന്തപുരം കരമന വാണിയം‌മൂല മേലാറന്നൂർ വിളയിൽ വീട് മൂത്താചാരി കുടുംബക്കാരാണ് ഓണവില്ല് നിർമ്മിച്ച് വരച്ച് നൽകാനുള്ള പാരമ്പര്യവും അവകാശവും കൈയ്യാളിപ്പോരുന്നത്.

ഓണവില്ല് ആവശ്യമുള്ളവർ ക്ഷേത്രത്തിൽ മുൻ‌കൂട്ടി ബുക്ക് ചെയ്യണം. ഓണവില്ല് സ്വന്തമാക്കുന്നവർ അത് സൂക്ഷിക്കേണ്ടതിനും ചില നിഷ്ക്കർഷകളൊക്കെയുണ്ട്. കിഴക്കോട്ട് ദർശനമായി വെക്കുക, ഞാൺ കുഞ്ചലം എന്നിവ അഴിച്ച് മാറ്റരുത്, ഓണവില്ലിൽ ആണി തറയ്ക്കരുത്, എന്നിങ്ങനെ പോകുന്നു ആ നിബന്ധനകൾ.

Onavillu

തുച്ഛമായ തുക മാത്രമാണ് ഇത്രയും നല്ലൊരു കലാസൃഷ്ടി നൽകുമ്പോൾ ഓണവില്ല് കുടുംബം ഇടാക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ അവർ, സാധാരണക്കാരിൽ സാധാരണക്കാരായ പൌരന്മാരായി തുടർന്നുപോരുന്നു. ഓണവില്ല് സമർപ്പണം ഇക്കൊല്ലം ചില തർക്കങ്ങളിൽ എത്തിയിരിക്കുന്നു എന്നും അതിനാൽ ആറ് വില്ലുകൾ മാത്രമേ ഇക്കൊല്ലം ക്ഷേത്രത്തിൽ സമർപ്പിക്കുന്നുള്ളൂ എന്ന് വാർത്താ ചാനലുകളിൽ കണ്ടിരുന്നു. ആ തർക്കങ്ങളെല്ലാം ഉടനെ പരിഹരിക്കപ്പെടുമെന്നും ഭക്തജനങ്ങൾക്കും എന്നെപ്പോലെ ഇതൊക്കെ ശേഖരിക്കുന്നവർക്കും തുടർന്നും ഓണവില്ലുകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

വാൽക്കഷണം:‌-  ഓണവില്ലുമായി ബന്ധപ്പെട്ട് ഇനിയിപ്പോൾ ബാക്കി നിൽക്കുന്ന ഒരാഗ്രഹം, ഓണവില്ല് ചാർത്തിയ ശ്രീപത്മനാഭനെ ഒന്ന് ദർശിക്കുന്നതിനോടൊപ്പം ഈ ചടങ്ങുകളെല്ലാം നേരിൽ കാണുക എന്നതാണ്.

—————————————————————————-
ഓണവില്ല് ബുക്കിങ്ങിന്:‌-  0471-2450233.
ഓണവില്ല് കുടുംബവുമായി ബന്ധപ്പെടാൻ:- 9633928852, 9495806356, 9947099272