ചിത്രങ്ങൾ

കമാൻഡർ അഭിലാഷ് ടോമിക്ക് വിജയാശംസകൾ


555
രയിലൂടെയുള്ള പല പല യാത്രകളെപ്പറ്റിയും യാത്രാ സ്വപ്നങ്ങളെപ്പറ്റിയും വീമ്പിളക്കിക്കൊണ്ടിരിക്കാൻ അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ല.

പക്ഷേ, യാത്ര ആകാശത്തിലൂടെയോ കടലിലൂടെയോ ആകുമ്പോൾ അത്ര സുഖകരമായ അനുഭവങ്ങളല്ല എനിക്കുള്ളത്. ഉയരം പേടിയാണ്; ടർബുലൻസ് പേടിയാണ്. കടൽച്ചൊരുക്ക് പോയിട്ട് ഒരു ചെറിയ തിര പോലും പേടിയാണ്. എന്നിട്ടും, എണ്ണപ്പാടത്തെ ജോലി സംബന്ധമായി ഇതുപോലുള്ള അവസ്ഥകളിലൂടെയെല്ലാം നിർബന്ധിതമായി കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. ഓർക്കുമ്പോൾ ഇപ്പോളും വിറങ്ങലിപ്പുണ്ടാകുന്ന അനുഭവങ്ങളാണ് അതിൽ ചിലതെങ്കിലും.

അതുകൊണ്ടുതന്നെ, 1968ൽ ഉണ്ടായിരുന്ന നാവിക സൗകര്യങ്ങൾ മാത്രം ഉപയോഗിച്ച് കടലിലൂടെ ഒറ്റയ്ക്ക് ലോകം ചുറ്റുന്നത് വെറുമൊരു യാത്രയല്ലെന്ന് നന്നായറിയാം. അതിസാഹസികമായ, ലോകത്ത് അധികം പേർക്കൊന്നും ചെയ്ത് മുഴുമിപ്പിക്കാനാവാത്ത, മജ്ജ മരവിച്ച് പോകുന്ന അനുഭവങ്ങൾ തരാൻ പോന്ന ഭയാനകമായ സഞ്ചാരമാണ് ഗോൾഡൻ ഗ്ലോബ് റേസ്.

ഇന്ത്യക്കാരനായ കമാൻഡർ അഭിലാഷ് ടോമി, 2018 ലെ ഗോൾഡൻ ഗ്ലോബ് റേസിൽ അപകടം പറ്റി പുറത്തായപ്പോൾ പൊലിഞ്ഞുപോയത് മലയാളികൾക്ക് കൂടെ അഭിമാനിക്കാൻ പോന്ന ഒരു വലിയ നേട്ടമായിരുന്നു.

പക്ഷേ, പൂർവ്വാധികം ശക്തനായി, അനുഭവങ്ങളുടെ പിൻബലത്തോടെ കമാൻഡർ അഭിലാഷ് ടോമി, ഗോൾഡൻ ഗ്ലോബ് 2022 റേസിൽ വീണ്ടും പങ്കെടുത്തു കൊണ്ടിരിക്കുകയാണെന്ന് മാത്രമല്ല, രണ്ടാം സ്ഥാനത്ത് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്.

നാവികരുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന കേപ്ഹോൺ അദ്ദേഹം പിന്നിട്ടുകഴിഞ്ഞു. മുന്നിൽ മറ്റൊരു സഞ്ചാരി മാത്രമേയുള്ളൂ. ആ സഞ്ചാരിയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയാലും ഇല്ലെങ്കിലും ഈ യാത്ര അദ്ദേഹം പൂർത്തിയാക്കിയാൽ, ആ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഏഷ്യക്കാരനായിരിക്കും അഭിലാഷ് ടോമി എന്നത് ചെറിയ നേട്ടമൊന്നുമല്ല.

ആയതുകൊണ്ട് അദ്ദേഹം ഈ റേസ് അപകടങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു. ഒന്നാം സ്ഥാനത്തേക്കാളുപരി, റേസ് പൂർത്തിയാക്കുക എന്നതാണ് ഏതൊരു സ്പോർട്ടിസിൻ്റേയും സന്ദേശം.കമാൻഡർ അഭിലാഷ് ടോമിക്ക് ആ സന്ദേശം ഉയർത്തിപ്പിടിക്കാനാവട്ടെ, ദൗത്യം പൂർത്തിയാക്കാനാവട്ടെ. ഇത്തരമൊരു യാത്ര ഒരിക്കൽപ്പോലും സ്വപ്നം കാണാൻ പറ്റാത്ത കോടിക്കണക്കിന് വരുന്ന ലോകജനതയ്ക്കും ഇന്ത്യക്കാർക്കും സർവ്വോപരി മലയാളികൾക്കും ഊർജ്ജം പകരാൻ അദ്ദേഹത്തിനാകുമാറാകട്ടെ. വിജയാശംസകൾ!!

വാൽക്കഷണം:- ക്ലബ്ബ് ഹൗസിലെ ഒരു റൂമിൽ അദ്ദേഹവുമായി സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. റേസ് കഴിഞ്ഞുവന്നാൽ കേരളത്തിൽ അദ്ദേഹത്തിന് നൽകുന്ന ആദ്യസ്വീകരണത്തിൽച്ചെന്ന് കാണണമെന്നും ഹസ്തദാനം ചെയ്യണമെന്നും ഒരാഗ്രഹമുണ്ട്. എനിക്കറിയുന്ന, മലയാളിയായ ഏറ്റവും വലിയ സാഹസിക സഞ്ചാരി കമാൻഡർ അഭിലാഷ് ടോമിയല്ലാതെ മറ്റാരുമല്ല എന്നതാണ് ഈ ആഗ്രഹത്തിന് കാരണം.