കേരളത്തിലെ റോഡുകൾ

മതേതര രാജ്യത്തെ പൊതു പൂജകൾ


555
പാലാരിവട്ടം പാലം പൊളിച്ച് പണിയുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പൂജയുടെ വാർത്തകൾ കണ്ടാണുണർന്നത്. പാലം പൊളിക്കാനും പൂജയോ എന്നാദ്യം അത്ഭുതപ്പെട്ടു! പൊളിക്കുന്നതും ഒരു പണിയാണല്ലോ, പൊളിച്ച് വീണ്ടും പണിയുന്നുണ്ടല്ലോ. എന്ത് പണി തുടങ്ങുന്നതിന് മുൻപും പൂജ കൂടിയേ തീരൂ എന്നെല്ലാം വാർത്തയിൽ വിശദീകരണങ്ങളും കേട്ടു. ശരി സമ്മതിച്ചു. പക്ഷേ, ഒരു ചെറിയ പ്രശ്നം ബാക്കി നിൽക്കുന്നു.

ഇന്ത്യ ഒരു മതേതര രാജ്യമല്ലേ. എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യമുള്ള ഒരു രാജ്യത്ത് ഹിന്ദു മതാചാരപ്രകാരം മാത്രം പൂജ നടത്തുന്നത് അഭംഗിയല്ലേ, തുല്യതയില്ലായ്‌മയല്ലേ ? ഹിന്ദുക്കൾ മാത്രമല്ലല്ലോ ഈ മേൽപ്പാലം ഉപയോഗിക്കാൻ പോകുന്നത്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും സിക്കുകാരും ബുദ്ധിസ്റ്റുകളും പാർസികളും ജൈനന്മാരും ജൂതന്മാരും മതമില്ലാത്തവരുമൊക്കെ ഇതിലൂടെ കടന്ന് പോകില്ലേ ? എല്ലാക്കൂട്ടരുടേയും ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും അനുസരിച്ചുള്ള ഒരു പൂജയല്ലേ നടത്തേണ്ടത് ?

സർവ്വമത അദ്ധ്യക്ഷന്മാരേയും വിളിച്ചുകൂട്ടി, ചർച്ച ചെയ്ത് എല്ലാവർക്കും ചേർന്ന ഉചിതമായ ഒരു പൂജാവിധിയല്ലേ നടപ്പിലാക്കേണ്ടത് ? അങ്ങനെയൊന്ന് സാദ്ധ്യമല്ലെങ്കിൽ പൂജയൊന്നും നടത്താതെ പണി മുന്നോട്ട് നീക്കുകയല്ലേ വേണ്ടത് ? പൂജ നടത്തിത്തന്നെയാണല്ലോ ആദ്യത്തെ പാലവും പണിതത്. എന്നിട്ടെന്തുണ്ടായെന്നത് എല്ലാവരും കണ്ടതും അനുഭവിച്ചതുമല്ലേ. ഹിന്ദുമതാചാര പ്രകാരമുള്ള പൂജകൾ മാത്രം നടത്തുന്നത് കണ്ട് മറ്റ് മതസ്ഥർക്ക് അന്യഥാബോധം തോന്നിയാൽ തെറ്റുപറയാൻ ആകുമോ ?

ഇന്ത്യയിൽ ഫൈറ്റർ വിമാനങ്ങൾ ആദ്യമായി പറപ്പിക്കുന്നതും ബഹിരാകാശത്തേക്ക് റോക്കറ്റ് വിടുന്നതുമൊക്കെ ഹിന്ദുമതാചാരപ്രകാരമുള്ള പൂജകൾ നടത്തിക്കൊണ്ടാണെന്ന് അറിയാഞ്ഞിട്ടല്ല. അതെല്ലാം ചേർത്ത് തന്നെയാണ് പറയുന്നത്. ഒരു മതേതര രാജ്യത്ത്, പൊതുജനങ്ങൾക്കെല്ലാം ബാധകമാകുന്ന കാര്യങ്ങൾ ഹിന്ദുമതാചാരപ്രകാരം മാത്രം ചെയ്യുന്നതിൽ അഭംഗിയുണ്ട്, പക്ഷപാതമുണ്ട്, ജനവിരുദ്ധതയുണ്ട്, നീതികേടുണ്ട്. ഇനിയെങ്കിലും തിരുത്തുക.

പ്രധാനമായും പറയാൻ ഉദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു. എങ്കിലും കൂട്ടത്തിൽ രണ്ട് വിഷയങ്ങൾ കൂടെ പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് പറയാൻ ആഗ്രഹിക്കുന്നു.

വിഷയം 1: - മുൻപൊരിക്കൽ പറഞ്ഞ കാര്യം തന്നെയാണ്. എന്നാ‍ലും ആവർത്തിക്കുന്നു. ഈ പാലത്തിന്റെ കീഴെയോ പരിസരത്തോ പേര് എഴുതിവെക്കുമ്പോൾ ‘പൊളിച്ച് പണിത പാലാരിവട്ടം പാലം’ (PPPP) എന്ന് തന്നെ എഴുതണമെന്ന് അഭ്യർത്ഥിക്കുന്നു.

ഒരു മേൽപ്പാലം പണിയാൻ അഞ്ച് വർഷത്തോളം സമയമെടുക്കുക; അതിൽ കോടികളുടെ അഴിമതിയും വെട്ടിപ്പുമൊക്കെ നടത്തുക. എന്നിട്ടത് നാല് കൊല്ലത്തിനുള്ളിൽ ആപൽഭീതി ഉണ്ടാക്കുകയും ഉപയോഗശൂന്യമാകുകയും ചെയ്യുക. പൊളിച്ച് പണിയാൻ തീരുമാനിക്കുക. അതുമായി ബന്ധപ്പെട്ട് കേസും കൂട്ടവുമൊക്കെ സുപ്രീം കോടതി വരെ എത്തുക. പാലങ്ങളുണ്ടാക്കി നല്ല തഴക്കവും പഴക്കവും വന്ന ഒരു നല്ല മനുഷ്യനെ അദ്ദേഹത്തിന്റെ വാർദ്ധക്യ കാലത്ത് പോലും വിശ്രമം നൽകാതെ ഈ പാലം പൊളിച്ച് പണിയാൻ നിയോഗിക്കുക, എന്നിങ്ങനെ എന്തെല്ലാം മനോഹരമായ ആചാരങ്ങളാണ് ഈ ഒരു മേൽപ്പാലത്തിന്റെ ചരിത്രം പേറുന്നത്. അതെല്ലാം വരും തലമുറ കൂടെ മനസ്സിലാക്കണമെങ്കിൽ ഇങ്ങനൊരു പേര് വരുക തന്നെ വേണം. എന്നാലേ അവരത് ചോദിച്ചറിയുകയുള്ളൂ. എത്തരത്തിലുള്ള ആൾക്കാരാണ് പഴയ തലമുറയെ ഭരിച്ചതെന്നും ചക്കരക്കുടത്തിൽ കൈയിട്ട് എത്ര പ്രാവശ്യമാണ് അവർ നക്കിയതെന്നുമൊക്കെ ഈ പാലമുള്ളയിടത്തോളം കാലം അതിനടിയിൽത്തന്നെ ഒരു ഫലകത്തിൽ രേഖപ്പെടുത്തി വെച്ചാൽ ഗംഭീരമാകും.

വിഷയം 2:- അധികാരികളും കക്ഷി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമൊക്കെ കൈയിട്ട് വാരുന്ന ഇത്തരം പാലങ്ങളുടേയും കലുങ്കുകളുടേയും പ്രതീകമായി കെ.ജി.ജോർജ്ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം എന്ന ഹാസ്യരസപ്രധാനമായ മനോഹരമായ ഒരു സിനിമയുണ്ട് മലയാളത്തിൽ. ആ സിനിമ റിലീസായത് 36 വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബർ 28 നാണ്. പാലാരിവട്ടം പാലത്തിന്റെ പൊളിച്ചു പണി അതേ ദിവസം തന്നെ വന്നത് ചരിത്രത്തിലെ ഒരു ഗംഭീര യാദൃശ്ചികയാണ്. (അതോർമ്മിപ്പിച്ചതിന് ന്യൂ ഇങ്ക് പോർട്ടലിന് നന്ദി.)

വാൽക്കഷണം:- പാലത്തിന്റെ ബലക്ഷയം, പൊളിക്കുന്നതിനു മുൻപുള്ള പരിശോധനകൾ, അഴിമതി, കോടതി എന്നീ വിഷയങ്ങളിൽ അതേപ്പറ്റി കൂടുതൽ അറിവുള്ളവർ പലരും ഓൺലൈനിൽ ചർച്ചകൾ നടത്തുന്നുണ്ട്. ഇവിടെ ആ ചർച്ചകൾ ഉൾക്കൊള്ളിച്ചിട്ടില്ല.