കേരളത്തിലെ റോഡുകൾ

പ്രമുഖരുടെ ലോകം


90142537_10220150798667671_3698896079505326080_o
ദ്യപിച്ച് വാഹനമോടിച്ച് ബഷീർ എന്ന മാദ്ധ്യമ പ്രവർത്തകന്റെ ജീവനെടുത്ത ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീരാം വെങ്കിട്ടരാമൻ സസ്പെൻഷൻ കാലാവധി കഴിയും മുന്നേ സർവ്വീസിൽ തിരികെ കയറിയതിനെച്ചൊല്ലിയുള്ള ബഹളം നടക്കുകയാണല്ലോ.

പ്രമുഖർ ഇത്തരം നിയമലംഘനങ്ങളും തോന്നിയവാസങ്ങളും ചെയ്ത് അപകടങ്ങൾ ഉണ്ടാക്കുമ്പോൾ, ഇത്തരത്തിലല്ലെങ്കിൽ മറ്റേത് തരത്തിലുള്ള നടപടിയാണ് പൊതുജനം എന്ന കഴുതകൾ പ്രതീക്ഷിക്കുന്നത്?

അപകടം സമയത്ത് ശ്രീരാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നെങ്കിലും അപകടശേഷം രക്തപരിശോധന നടത്താൻ പോലും കേസ് ചാർജ് ചെയ്ത് മുന്നോട്ട് നീക്കിയ പൊലീസുകാർക്ക് കഴിഞ്ഞില്ല. അഥവാ അവരത് ചെയ്തില്ല. സാധാരണക്കാരനായ ഒരാളാണ് പ്രതിസ്ഥാനത്തെങ്കിൽ ഏതൊരു പൊലീസുകാരനും ആദ്യം സ്വീകരിക്കുന്ന നടപടിക്രമമാണ് അത്. ശ്രീരാമിന് രക്ഷപ്പെടാനുള്ള പഴുതുകൾ പൊലീസുകാർ തുടക്കത്തിലേ തന്നെ തുറന്നിട്ട് കൊടുത്തിരുന്നു.

മൂന്നാഴ്ച്ച മുൻപ് തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് ഉണ്ടായ ഒരു അപകടത്തിന്റെ ഉദാഹരണം കൂടി പറയാം. മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച ഒരു കോൺഗ്രസ് നേതാവാണ് ആ അപകടമുണ്ടാക്കിയത്. നേതാവിന്റെ പിന്നാലെ വാഹനത്തിൽ വന്ന ആരോ എടുത്ത ആ സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ ഇപ്പോഴും കറങ്ങുന്നുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ ആയിരുന്നു നേതാവിന്റെ വാഹനം പൊയ്ക്കൊണ്ടിരുന്നത്.

എന്റെ ഒരു സുഹൃത്തും കുടുംബവും നിർത്തിയിട്ടിരുന്ന അവരുടെ വാഹനത്തിൽ ചെന്നിടിച്ച് മറിഞ്ഞാണ് മദ്യലഹരിയിലായിരുന്ന നേതാവിന്റെ വാഹനം നിന്നത്. പിന്നീട് വാഹനം വെട്ടിപ്പൊളിച്ചാണ് നേതാവിനെ പുറത്തെടുത്തത്. എന്റെ സുഹൃത്തിന്റെ വാഹനത്തിന്റെ പിൻഭാഗം പൂർണ്ണമായും നശിച്ചു. ആർക്കും ജീവാപായം ഉണ്ടായില്ലെന്നത് ഭാഗ്യം.

പക്ഷേ പൊലീസ്, കേസ് ചാർജ്ജ് ചെയ്യാതെ ഒതുക്കുകയാണ് ഉണ്ടായത്. അയാൾ മദ്യപിച്ചിരുന്നതായി രക്തപരിശോധന നടത്തി കേസ് മുന്നോട്ടു കൊണ്ടു പോകാൻ പൊലീസ് തയ്യാറായില്ല. കേസും കൂട്ടവുമായി നടന്നിട്ട് ഒരിടത്തും എത്തില്ല എന്ന് പറഞ്ഞ് 15,000രൂപ നേതാവിൽ നിന്നും വാങ്ങി എന്റെ സുഹൃത്തിന് കൊടുത്താണ് കേസ് ഒതുക്കിയത്. ബാക്കി നാശനഷ്ടങ്ങൾക്ക് ചിലവാക്കുന്നത് ഇൻഷുറൻസ് കമ്പനിയാണല്ലോ.

പൊലീസ് വേണമെന്ന് വെച്ചിട്ട് ഇങ്ങനെയൊക്കെ ചെയ്യുന്നതാകണമെന്നില്ല. പ്രമുഖനായ ഒരാളുടെ പേരിൽ ഇത്തരമൊരു കേസ് ഉണ്ടായാൽ, കേസ് മുന്നോട്ടു നീക്കുന്ന ഓഫീസർക്ക് മുകളിൽ നിന്ന് ഒരുപാട് സമ്മർദ്ദം ഉണ്ടാക്കുക പതിവാണ്. അത് നന്നായി അറിയുന്ന ഉദ്യോഗസ്ഥർ കാലേക്കൂട്ടി ഈ മാർഗ്ഗം സ്വീകരിക്കുന്നതായും മനസ്സിലാക്കേണ്ടിയിരിക്കുന്നു. പക്ഷേ, കുറച്ചെങ്കിലും പ്രമുഖർക്കെതിരെ കൃത്യമായ നടപടിയുണ്ടായാൽ ഇത്തരം മോശം സംഭവങ്ങൾക്ക് ഒരു പരിധിവരെയെങ്കിലും കുറവുണ്ടാകുമെന്ന കാര്യം നിയമപാലകർ വിസ്മരിക്കുന്നു.

ഗുണപാഠം ഇതാണ്. ഈ രാജ്യത്ത് രണ്ട് നിയമവ്യവസ്ഥയാണ് ഉള്ളത്. ഭരണകൂടത്തിലും ഉദ്യോഗസ്ഥരിലും സ്വാധീനമുള്ള പ്രമുഖർക്ക് ഒരു നിയമം. സ്വാധീനമൊന്നും ഇല്ലാത്ത സാധാരണക്കാരന് മറ്റൊരു നിയമം.

വാൽക്കഷണം:- പ്രമുഖർ അല്ലാത്തവർ കുറച്ചുദിവസം ഒച്ചയും ബഹളവും ഉണ്ടാക്കും; പിന്നെ കെട്ടടങ്ങും. നാട് വീണ്ടും പ്രമുഖരുടെ വഴിയിലൂടെ ചലിച്ചുകൊണ്ടേയിരിക്കും.