സാഹിത്യചോരണം

ഹിഗ്വിറ്റ അഥവാ പേര് നിലപാട്


68
ന്ത്യ മുഴുവൻ അരിച്ചുപെറുക്കി കാണുക എന്ന ജീവിതാഭിലാഷം നടപ്പാക്കുന്നതിനോടൊപ്പം അത് ഡോക്യുമെൻ്റ് ചെയ്യുക എന്ന പദ്ധതിയും താലോലിച്ച് തുടങ്ങുന്ന കാലത്തെ സംഭവമാണ്. ഒരു ബ്ലോഗർ എന്ന നിലയ്ക്ക് നിത്യേന യാത്രാവിവരണങ്ങൾ എഴുതിയിടുക എന്നതായിരുന്നു ആദ്യകാലത്ത് മനസ്സിൽ ഉണ്ടായിരുന്ന പദ്ധതി. കാലം മുന്നോട്ട് പോകെ യൂട്യൂബ് പോലുള്ള സൗകര്യങ്ങളും അഭിവൃദ്ധി പ്രാപിച്ചു. എഴുത്തിനൊപ്പം വീഡിയോയും ആകാമെന്ന് തീരുമാനിച്ചു.

ആദ്യത്തെ പത്ത് ദിവസം ടെസ്റ്റ് ഡ്രൈവ് ചെയ്തപ്പോൾ ഇത് രണ്ടും നടപ്പിലാക്കി നോക്കിയെങ്കിലും രണ്ട് പരിപാടിയും ഒരുമിച്ച് മുന്നോട്ട് നീക്കുക ബുദ്ധിമുട്ടാണെന്ന് ബോദ്ധ്യമായി. പോരാത്തതിന് എഴുതിയിട്ടത് മുഴുവൻ കാരൂർ സോമൻ മോഷ്ടിച്ച് കൊണ്ടുപോയി പുസ്തകമാക്കുന്ന നിലയ്ക്ക് ഇനിയെന്തിന് യാത്രാവിവരണങ്ങൾ എഴുതണം എന്ന ചിന്തയും ശക്തമായിരുന്നു. അങ്ങനെ നിത്യേനയുള്ള യാത്രാവിവരണങ്ങൾ അവസാനിപ്പിച്ച് വീഡിയോകൾ മാത്രം ചെയ്താൽ മതിയെന്ന് നിശ്ചയിച്ചു.

Great Indian Expedition എന്നാണ് യൂ ട്യൂബ് ചാനലിന് പേരിട്ടത്. അതിനായുള്ള ലോഗോയും മറ്റും നന്ദൻ ഉണ്ടാക്കിത്തരുകയും ചെയ്തു. പക്ഷേ ഏതാണ്ട് അതേ സമയത്ത് റൂട്ട് റെക്കോർഡ്സ് എന്ന പേരിൽ വ്ലോഗ് ചെയ്യുന്ന അഷ്റഫ് അലി തൻ്റെ ഇന്ത്യൻ പര്യടനത്തിന് Great India Expedition എന്ന പേർ നൽകി മുന്നോട്ട് പോകുന്നതായി മനസ്സിലാക്കി. (Indian/India എന്നത് മാത്രമാണ് പേരിലുള്ള വ്യത്യാസം) ആരാണ് ആ പേർ ആദ്യം മനസ്സിൽ കണ്ടതെന്നും ആദ്യം പബ്ലിക്ക് ആക്കിയതെന്നും വലിയ നിശ്ചയമൊന്നും എനിക്കിന്നുമില്ല. യൂ ട്യൂബിൽ തപ്പിയാൽ സമാനമായ പേരുള്ള പല ചാനലുകളും യാത്രാ സംരംഭങ്ങളും അന്നേ തന്നെ ഉണ്ടായിരുന്നു എന്നത് മറ്റൊരു തമാശ.

എന്തായാലും കേരളത്തിൽ നിന്ന് രണ്ട് വ്യക്തികൾ ഒരേ പേരിൽ യാത്രാപദ്ധതി നടപ്പിലാക്കി വ്ലോഗ് ചെയ്താൽ അത് കാണികളിലും സബ്സ്ക്രൈബേർസിലും ചിന്താക്കുഴപ്പം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് എനിക്ക് തോന്നി. പക്ഷേ, അതിലെ മുഴുവൻ സാഹചര്യവും എനിക്കനുകൂലമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. അത് വ്യക്തമാക്കാം.

അഷ്റഫ് എന്നേക്കാൾ എത്രയോ മുന്നേ യൂ ട്യൂബിൽ മനോഹരമായ യാത്രാ വീഡിയോകൾ ഇടുന്ന വ്യക്തിയാണ്. എൻ്റെ ചാനൽ സബ്സ്ക്രെബേർസ് പൂജ്യമായിരിക്കുന്ന സമയത്തും അഷ്റഫിനെ ഞാനടക്കം ലക്ഷങ്ങൾ കാണുന്നുണ്ട്. പക്ഷേ ഞങ്ങൾ തമ്മിൽ ആ സമയത്ത് ഓൺലൈനിലെ ഏതെങ്കിലും ഒരു സങ്കേതം വഴി സൗഹൃദമോ ആത്മബന്ധമോ ഇല്ല. എന്തായാലും ആ സാഹചര്യത്തിൽ രണ്ടുപേരും സമാനമായ യാത്രാ പേരുമായി നീങ്ങിയാൽ, പുതുതായി Great Indian Expedition എന്ന വരികൾ/ചാനൽ സെർച്ച് ചെയ്ത് നോക്കുന്ന ഒരാൾക്ക് അഷ്റഫിൻ്റെ എന്നത് പോലെ തന്നെ എൻ്റേയും ചാനൽ കിട്ടാൻ സാദ്ധ്യതയുണ്ട്. ഞങ്ങളെ രണ്ട് പേരെയും ചാനലുകളിലൂടെ അറിയാത്ത ഒരാൾക്ക് ആരെ വേണമെങ്കിലും സബ്സ്ക്രെബ് ചെയ്യാം. റൂട്ട് റെക്കോഡ്സ് എന്ന് ടൈപ്പ് ചെയ്ത് അഷ്റഫിനെ പരതുന്നതിന് പകരം Great India/Indian Expedition എന്ന് ആരൊക്കെ പരതിയാലും അവർ എൻ്റെ ചാനലിലേക്ക് എത്താനാണ് സാദ്ധ്യത കൂടുതൽ. അങ്ങനെ അഷ്റഫിനെ പിന്തുടരാൻ ഉദ്ദേശിച്ച് യൂട്യൂബിൽ വന്ന ഒരാളെങ്കിലും അബദ്ധവശാൽ എന്നെ പിന്തുടർന്നാൽ എനിക്കാണ് മെച്ചം. അഷ്റഫിന് നഷ്ടവും.

ഒരേ പേർ ഉണ്ടാക്കാൻ സാദ്ധ്യതയുള്ള ഈ ചിന്താക്കുഴപ്പം ഇതേപടി തന്നെ ഞാൻ അഷ്റഫിനെ അറിയിച്ചു. ഇത്തരത്തിൽ എനിക്ക് എന്തെങ്കിലും മെച്ചമുണ്ടാകുന്നുണ്ടെങ്കിൽ അഷ്റഫിന് യാതൊരു വൈക്ലബ്യവും ഇല്ലെന്ന് അദ്ദേഹം മറുപടി നൽകി. രണ്ടുപേരും യാത്രാപദ്ധതിയുടെ പേരുകൾ മാറ്റേണ്ടതില്ലെന്ന് സസന്തോഷം ധാരണയായി. അവിടന്നങ്ങോട്ട് ഞങ്ങൾ ഓൺലൈൻ സുഹൃത്തുക്കളായി. നേരിൽ കണ്ടു; ഓഫ് ലൈനാക്കി. ഒരു ചടങ്ങെന്ന നിലയ്ക്ക് എൻ്റെ യാത്ര, കലൂരിൽ വെച്ച് അഷ്റഫ് ഫ്ലാഗ് ഓഫ് ചെയ്തു. യാത്രാ സംബന്ധിയായ കാര്യങ്ങൾക്ക് ഞങ്ങളിന്നും ചർച്ച ചെയ്യുന്നു, സഹകരിക്കുന്നു, ഇടയ്ക്ക് ഫോൺ ചെയ്യുന്നു, നല്ല നിലയിൽ സൗഹൃദം മുന്നോട്ട് നീക്കുന്നു.

ഇത്രയും പറഞ്ഞത് എൻ. എസ്. മാധവൻ്റെ ഹിഗ്വിറ്റ പേർ വിവാദവുമായി ബന്ധപ്പെട്ടാണ്. ഒരേ മീഡിയയിലുള്ള പ്രശസ്തനും അപ്രശസ്തനുമായ രണ്ടുപേർക്ക്, അവരുടെ യാത്രാപദ്ധതികൾക്ക് ഒരേ പേർ നൽകി സ്വരുമയോടെ മുന്നോട്ട് പോകാമെങ്കിൽ, അവർക്കുള്ള പങ്ക് അവരിലേക്കും സീസറിൻ്റെ പങ്ക് സീസറിലേക്കും സ്വാഭാവികമായിത്തന്നെ പോകുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ, ലോകം മുഴുവൻ അതേ പേരുള്ള കലാസൃഷ്ടികളോ സാഹിത്യസൃഷ്ടികളോ നിറഞ്ഞാലും ഒന്നും സംഭവിക്കാനില്ല.

വാൽക്കഷണം:- നിരക്ഷരൻ എന്ന തൂലികാ നാമത്തിൽ നാളെ മറ്റൊരു വ്യക്തി അയാളുടെ സൃഷ്ടികളുമായോ അല്ലെങ്കിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ എവിടെയെങ്കിലും ഒരു പ്രൊഫൈലുമായോ വന്നാലും എനിക്കൊരു അലോഹ്യവുമില്ല. ആ സുഹൃത്ത് എന്നേക്കാൾ നിരക്ഷരനാണെങ്കിൽ അയാൾ മിന്നിക്കും. ഞാനെത്ര മിന്നിച്ചാലും അതിനൊരു ലിമിറ്റുണ്ടെന്ന് നല്ല ബോദ്ധ്യമുണ്ട്.