സാഹിത്യചോരണം

ശ്യാം സിങ്ക റോയ് (തെലുങ്ക് – Netflix)


റ്
തൊരു സിനിമാ അവലോകനമോ നിരൂപണമോ അല്ല. സ്വന്തം അനുഭവങ്ങളുമായി രസകരമായി ബന്ധിപ്പിക്കാൻ പോന്ന ചരടുകൾ ഉള്ള ഒരു സിനിമയായി തോന്നിയത് കൊണ്ട് അക്കാര്യങ്ങൾ പറയുന്നു എന്നേയുള്ളൂ. അതാത് സ്ഥലത്ത് നമ്പറിട്ട് അനുഭവങ്ങൾ സൂചിപ്പിക്കുണ്ട്. അത്യാവശ്യം സ്‌പോയ്‌ലർ ഇതിലുണ്ട്. മുഖവുര കഴിഞ്ഞു. ഇനി സിനിമയിലേക്ക്……

ഷോർട്ട് ഫിലിമുകൾ ചെയ്ത് നടക്കുന്ന വാസുവിന് ഒരു വലിയ സിനിമ ചെയ്യാൻ അവസരം കിട്ടുന്നു. ആ സിനിമ ഹിറ്റാവുന്നു. സ്വാഭാവികമായും ആ സിനിമയുടെ മറുഭാഷാ റീമേക്കുകളും പുതിയ സിനിമകളും വാസുവിന് ലഭിക്കുന്നു. അതിന്റെ പ്രസ്സ് മീറ്റ് നടക്കുന്നയിടത്ത് അധികാരികൾ എത്തി വാസുവിനെ അറസ്റ്റ് ചെയ്യുന്നു. ഹിറ്റായ സിനിമയുടെ കഥ പ്രമുഖ തെലുങ്ക് ബംഗാളി പ്രസാധകരുടെ പുസ്തകങ്ങളിൽ നിന്ന് മോഷ്ടിച്ചു എന്നതാണ് വാസുവിന്റെ അറസ്റ്റിന് കാരണമാകുന്നത്.(അനുഭവം 1).

വാസുവിന്റെ വക്കീൽ (മഡോണ സെബാസ്ററ്യൻ Madonna Sebastian) കാര്യങ്ങളുടെ രേഖകൾ പരിശോധിച്ചപ്പോൾ കഥാപാത്രങ്ങളുടെ പേര് പോലും മാറ്റാതെ വാസു കോപ്പിയടിച്ചതായി മനസ്സിലാക്കുന്നു. (അനുഭവം 2).

അക്കാര്യത്തിലുള്ള നീരസം അവർ വാസുവിനെ അറിയിക്കുന്നു. വാസുവാകട്ടെ താൻ കോപ്പിയടിച്ചിട്ടില്ല എന്ന് ഉറച്ച് നിൽക്കുന്നു. (അനുഭവം 3).

പിന്നങ്ങോട്ട് അന്വേഷണം നുണ പരിശോധന, ഹിപ്പ്നോ അനാലിസിസ് എന്നിങ്ങനെ പലവഴിക്ക് നീങ്ങുന്നു. നുണ പരിശോധനയിൽ വാസു നുണ പറയുന്നില്ല എന്ന ഫലം വരുന്നു. ഹിപ്പ്നോ അനാലിസിസ് ചെന്നെത്തുന്നത് പുനർജന്മം എന്നൊരു തലത്തിലേക്കാണ്.

1969 കാലഘട്ടത്തിൽ ജീവിച്ചിരുന്ന (അനുഭവം 4) തെലുങ്ക്, ബംഗാളി ഭാഷകളിൽ ഒരുപോലെ പ്രാവീണ്യമുണ്ടായിരുന്ന, ആക്റ്റിവിസ്റ്റും സാമൂഹ്യ പരിഷ്ക്കർത്താവും പേരുകേട്ട എഴുത്തുകാരനുമായ ശ്യാം സിങ്ക റോയ് എന്ന വ്യക്തിയുടെ പുസ്തകങ്ങളിലെ കഥകളാണ് വാസു അതേപടി പറയുകയും സിനിമയാക്കുകയും ചെയ്യുന്നത് എന്നതുകൊണ്ട് അദ്ദേഹം, ശ്യാം സിങ്ക റോയിയുടെ പുനർജന്മമാണ് എന്ന നിലയ്ക്കാണ് ഹിപ്പ്നോ അനാലിസിസ് ചെന്നെത്തുന്നത്. നിർഭാഗ്യവശാൽ ഹിപ്പ്നോ അനാലിസിന്റെ ഫലങ്ങൾ ഇന്ത്യൻ നീതിന്യായ കോടതി ഇതുവരെ അംഗീകരിച്ചിട്ടില്ല. വാസു ശിക്ഷിക്കപ്പെടും എന്ന നിലയിലേക്ക് തന്നെ കാര്യങ്ങൾ നീങ്ങുന്നു.

പക്ഷേ വാസു അത്ഭുതകരമായി രക്ഷപ്പെടുന്നു. ഇനിയങ്ങോട്ട് കഥയുടെ സമ്പൂർണ്ണ സ്‌പോയ്‌ലർ ആയതുകൊണ്ട് വിവരിക്കുന്നില്ല. ഒരുപ്രാവശ്യം കണ്ടിരിക്കാൻ പറ്റുന്ന, പ്രേമവും ആട്ടവും പാട്ടും സ്റ്റണ്ടും ഒക്കെ യഥാവിധി ചേരുവകളായി കലർത്തിയ സിനിമയാണ് ശ്യാം സിങ്ക റോയ്. തെലുങ്ക് സിനിമയാണെന്ന ബോദ്ധ്യത്തോടെ കാണാതെ, എന്നെ ചുരുളി വിളിക്കാൻ വരരുതെന്ന് അപേക്ഷയുണ്ട്.