സാഹിത്യം

ജയ്സൽമേഡിലെ 2 ഹവേലികൾ


രാവിലെ നാച്ച്ന ഹവേലിയിൽ നിന്ന് കുളിയും തേവാരവും കഴിച്ച് നേരെ ഗോൾഡൻ ഫോർട്ടിലേക്ക് വിട്ടു.

മുൻപ് രണ്ട് പ്രാവശ്യം പോയിട്ടുള്ള കോട്ടയാണ്. എന്നാലും, ഇതൊരു വലിയ കോട്ട ആയതുകൊണ്ട് ഒന്നിലധികം ദിവസങ്ങൾ എടുക്കും എനിക്കിത് കാണാനും റെക്കോർഡ് ചെയ്യാനും. അത് കഴിഞ്ഞ ശേഷം കോട്ടയുടെ വിശേഷങ്ങൾ പറയാം. അതുവരെ മറ്റ് ചില വിശേഷങ്ങൾ പറയാം.

കോട്ടയിൽ നിന്ന് രാജു ശർമ്മ എന്നൊരു ഗൈഡിനെ സംഘടിപ്പിച്ചു. അദ്ദേഹത്തിൻ്റെ ബൈക്കിൽ കോട്ടയുടെ അകം മുഴുവൻ കാണിച്ചു തന്നു. അത് കൂടാതെ രണ്ട് ഹവേലികളും ഒരു തടാകവുമാണ് അദ്ദേഹത്തിൻ്റെ സേവനത്തിൽ ഉണ്ടായിരുന്നത്.

12

13

ഹവ എന്നാൽ കാറ്റ്. ഹവേലി എന്നാൽ കാറ്റുകൊണ്ട് ഉണ്ടാക്കിയത് എന്ന് ആലങ്കാരികമായി പറയാം. നല്ല വായുസഞ്ചാരമുള്ള കെട്ടിടം എന്നാണ് ഇത് അർത്ഥമാക്കുന്നത്.

ആദ്യത്തേത് നത്മൽ കി ഹവേലി. രണ്ട് സഹോദരന്മാർക്ക് വേണ്ടി അവരുടെ പിതാവ് ഉണ്ടാക്കിയ മുട്ടി മുട്ടി നിൽക്കുന്ന ഒരു ഹവേലി. കണ്ടാൽ ഒറ്റ കെട്ടിടം ആണെന്നേ തോന്നൂ. ഈ ഹവേലിയുടെ പ്രധാന പ്രത്യേകത അതിന്റെ മദ്ധ്യഭാഗത്തുനിന്ന് ഇരുവശത്തേക്കും ഒരുപോലെ തോന്നിക്കുമെങ്കിലും ഡിസൈനിൽ ചെറിയ ചെറിയ വ്യത്യാസങ്ങൾ ഉണ്ട് എന്നതാണ്.

താഴത്തെ നിലയിലും ഒന്നാമത്തെ നിലയിലും നിലവിലെ ഉടമസ്ഥൻ (ആറാം തലമുറ) അദ്ദേഹത്തിൻ്റെ ഷോപ്പ് നടത്തുന്നു. നല്ല ഭംഗിയുള്ള മാസ്ക്കുകൾ ഉണ്ടിവിടെ. ഒട്ടകത്തിന്റെ അസ്ഥിയിൽ തീർത്ത ഒരു ബുദ്ധന്റെ മാസ്ക്കിന് വില 35,000 രൂപ. വടിവാൾ പോലെ ഉപയോഗിക്കാവുന്ന വാക്കിങ്ങ് സ്റ്റിക്കുകൾ, മാസ്ക്കുകൾ എന്നിവ എൻ്റെ നിയന്ത്രണം തെറ്റിച്ചു, പക്ഷേ ഞാൻ പിടിച്ചുനിന്നു.

14

15

പത്തൊമ്പതാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ, പട്വ എന്ന രണ്ടാമത്തെ ഹവേലിയുടെ ഉള്ളിൽ കടന്ന് കാണാൻ 150 രൂപയുടെ ടിക്കറ്റ് എടുക്കണം. സിൽക്ക് റൂട്ട് നിലച്ച് പോയതുകൊണ്ട് വ്യവസായം തകരാറിലായ ജൈനന്മാരുടേത് ആയിരുന്നു ഈ ഹവേലി. സ്വാതന്ത്ര്യത്തിനുശേഷം 80,000 രൂപയ്ക്കാണ് ഈ ഹവേലി പട്വമാര്‍ വാങ്ങുന്നത്. അവരുടെ ആഡംബര രീതിയും വിദേശത്തുനിന്ന് വരുത്തിയ സാധനങ്ങളും ഒക്കെ പ്രദർശനങ്ങളിൽ ഉണ്ട്. ജയ്സാൽമേഡിൽ വരുന്ന ഏതൊരു സഞ്ചാരിയും കുറഞ്ഞപക്ഷം പട്വ ഹവേലി കാണാതെ മടങ്ങാറില്ല.

പിന്നീട് പോയത് ഗഡിസർ തടാകത്തിലേക്കാണ്. മനുഷ്യനിർമ്മിതമായ തടാകമാണ് ഇത് 1156ൽ ജയ്സൽമേഡിൻ്റെ സ്ഥാപകനായ രാജ റാവൽ ജയ്സൽ ആണ് ഈ തടാകം നിർമ്മിച്ചത്. പിന്നീട് 1367 ഗഡ്സി സിങ്ങ് ഭാട്ടി ഇത് പുതുക്കി പണിതിട്ടുണ്ട്. ഒരു കാലത്ത് നഗരത്തിന് ആവശ്യമായ വെള്ളം മുഴുവൻ ഇതിൽ നിന്ന് കിട്ടുമായിരുന്നു. ഇന്ദിരാഗാന്ധി കനാലുമായി ബന്ധിപ്പിച്ച് നിർത്തിയിരിക്കുന്നത് കൊണ്ട് ഇതിൽ വെള്ളം ഒരിക്കലും വറ്റുന്നില്ല. ദൂരദേശങ്ങളിൽ നിന്ന് രാജാവിനെ കാണാനും മറ്റ് ആവശ്യങ്ങൾക്കുമായി വരുന്നവർക്കായി തടാകത്തിന്റെ കരയിൽ താങ്ങാനുള്ള സൗകര്യവും ഉണ്ട്.

21

22

15 വർഷം മുമ്പ് ആദ്യമായി ഞാൻ ജയ്സാൽമേഡിൽ വരുമ്പോൾ മണിക്കൂറുകളോളം ഈ തടാകക്കരയിൽ ഇരുന്നിട്ടുണ്ട്. അന്നൊന്നും കാര്യമായിട്ട് മറ്റൊരു സഞ്ചാരി പോലും ഇങ്ങോട്ട് വന്നിരുന്നില്ല. ഇപ്പോൾ പക്ഷേ, അവിടെ സഞ്ചാരികളുടെ തിരക്കാണ്. അതിനനുസരിച്ച് വഴിവാണിഭക്കാരും കൂടിയിട്ടുണ്ട്.

ഇന്ന് ഒരു കടയിൽ നിന്ന് ഷോളുകളെപ്പറ്റി പഠിച്ചു. 150 രൂപയുടെ ഷോളുകളിൽ നിന്ന് തുടങ്ങി 15,000 രൂപ വരെ വിലയുള്ള പഷ്മിന ഷോളുകൾ വരെയുണ്ട് അവിടെ. ഓരോ ഷോളുകളും എങ്ങനെ തിരിച്ചറിയാം എന്ന് കടക്കാരൻ പഠിപ്പിച്ചു. അതിൽ പ്രധാനം തീ കൊണ്ടുള്ള പരിശോധനയാണ്. ഷോളുകളുടെ മൂലയ്ക്ക് തീകൊളുത്തി അത് കത്തുമ്പോൾ ഉള്ള മണവും ഉണ്ടാകുന്ന ചാരവും വെച്ച് ഷോളുകളെ തിരിച്ചറിയാം. ഒട്ടകത്തിൻ്റേയും കുഞ്ഞ് ഒട്ടകങ്ങളുടേയും കമ്പിളി നൂലുകൾ കൊണ്ടുണ്ടാക്കിയ ഷോളുകൾ ധാരാളമായി അവിടെയുണ്ട്. (ഇതേപ്പറ്റി വിശദമായ ഒരു ലേഖനം ഞാൻ തയ്യാറാക്കുന്നുണ്ട്.)

16

മുൻപ് ജയ്സൽമേഡിൽ വന്നപ്പോൾ ഫോസിൽ കൊണ്ടുണ്ടാക്കിയ ഒരു പാത്രം വാങ്ങിയിരുന്നു. അത് പക്ഷേ, വീട്ടിലെത്തി പൊതി തുറന്നപ്പോൾ താഴെ വീണ് പൊട്ടിപ്പോയി. അത്തരത്തിൽ ഒരു ഫോസിൽ ഗ്ലാസ് ഇന്ന് വാങ്ങി. അതിൽ 8 മണിക്കൂർ വെള്ളം ഒഴിച്ച് വെച്ചതിന് ശേഷം കുടിച്ചാൽ ഔഷധഗുണം ഉണ്ടെന്നൊണ് പറയുന്നത്. അതെന്തായാലും ആ പാത്രത്തിന്റെ ഫോസിൽ സൗന്ദര്യം വല്ലാതെ മോഹിപ്പിക്കുന്നതാണ്.

19

20

17

18

നാളെ വീണ്ടും കോട്ടയിലേക്ക് പോയി റെക്കോർഡിങ് ആരംഭിക്കണം എന്നാണ് കരുതിയിരുന്നത്. പക്ഷേ പരിപാടിയിൽ മാറ്റങ്ങൾക്ക് സാദ്ധ്യതയുണ്ട്. ഈ മാസം 21 മുതൽ 24 വരെ ഡെസർട്ട് ഫെസ്റ്റിവൽ ആണ് ജയ്സൽമേഡിൽ. 21ന് പൊക്രാനിൽ നിന്നാണ് അത് തുടങ്ങുന്നത്. അതിൽ പങ്കെടുക്കണമെന്നുണ്ട്. അതുവരെയുള്ള 3 ദിവസങ്ങൾ ജയ്സൽമേഡിന് വെളിയിൽ ഉള്ള ഏതെങ്കിലും സ്ഥലങ്ങളോ കോട്ടകളോ കണ്ടിട്ട് മടങ്ങി വരുന്നതിനെപ്പറ്റിയാണ് ആലോചിക്കുന്നത്.

ഇക്കാര്യം ഇന്ന് നാച്ന ഹവേലിയുടെ ഉടമയും രാജകുടുംബാഗവുമായ വിക്രം സിങ്ങിനെ കണ്ടപ്പോൾ പറഞ്ഞു. അദ്ദേഹം എനിക്ക് മീഡിയ പാസ് തരപ്പെടുത്താം എന്ന് ഏറ്റിട്ടുണ്ട്. ആ ആവശ്യത്തിലേക്കായി ആധാർ കാർഡ് കൊടുത്ത് ഞാൻ കാത്തിരിക്കുന്നു.

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)

#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#motorhomelife
#boleroxlmotorhome