സാഹിത്യം

ബാഡ്മർ കോട്ട (# 63)


ന്നലെ രാത്രി അല്ലലൊന്നും ഇല്ലാതെ, ജാലോറിലെ തെരുവിൽ ഉറങ്ങി. രാവിലെ പ്രഭാതകൃത്യങ്ങൾ നിർവഹിച്ച ശേഷം ഭാഗിക്കൊപ്പം ബാഡ്മർ കോട്ടയിലേക്ക് തിരിച്ചു. 156 കിലോമീറ്റർ ദൂരം; 3 മണിക്കൂർ സമയം.

നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി ഒരിടത്ത് ഭാഗിയെ നിർത്തി, പ്രാതൽ പാചകം തുടങ്ങാൻ പോയപ്പോഴേക്കും എവിടെന്നോ കടന്നല്ലുകൾ ഇളകി വന്നു. ഗ്രാമവാസികളിൽ ഒരാളാകണം, പെട്ടെന്ന് വണ്ടിയെടുത്ത് പൊയ്ക്കോളൂ എന്ന് ദൂരെ നിന്ന് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഉദയ്പ്പൂരിൽ നിന്ന്, വണ്ടിയിൽ സ്റ്റോക്ക് ചെയ്തിരുന്ന ‘നട്ട്സ് ലഡു’ വെച്ച് പ്രാതൽ ഒതുക്കേണ്ടി വന്നു. ആ വിഭവം പിന്നീട് ഒരു ദിവസം വിശദമായി പരിചയപ്പെടുത്താം.

12

13

ഇന്നലത്തെപ്പോലെ ഇന്നും ബാഡ്മറിലെ ഗലിയിൽ ഒരിടത്ത് ഭാഗിയെ നിർത്തി ബാഡ്മർ കോട്ടയിലേക്ക് പോകേണ്ടിവന്നു. ആ ഗലിയിൽ ഇരുചക്രവാഹനങ്ങളിൽ നിന്ന് അപകടം ഉണ്ടാകാതെ നടക്കുന്നത് ദുഷ്ക്കരം. ഇത്രയും അലസമായും അതിവേഗതയിലും ഹോണടിച്ചും മൊബൈൽ ഉപയോഗിച്ചും ഹെൽമറ്റ് വെക്കാതെയുമൊക്കെ ഇരുചക്രവാഹനം ഓടിക്കുന്നവരെ മറ്റൊരിടത്തും ഞാൻ കണ്ടിട്ടില്ല.

കോട്ട തകർന്ന നിലയിലാണ്. പക്ഷേ അതിന്റെ നല്ല ചില ഭാഗങ്ങളിൽ ഒരു വ്യക്തി താമസിക്കുന്നുണ്ട്. അയാളുടെ ഗേറ്റിൽ ബാഡ്മർ ദുർഗ്ഗ് എന്ന് എഴുതിവെച്ചിട്ടുമുണ്ട്. ഗെയ്റ്റ് തുറന്ന് അകത്തേക്ക് കടന്നെങ്കിലും ഗൃഹനാഥൻ സ്ഥലത്തില്ലാത്തതുകൊണ്ട് വീടായി മാറിയ കോട്ടയുടെ ഉൾവശം കാണാൻ കഴിഞ്ഞില്ല. മറ്റന്നാൾ വരാനാണ് അദ്ദേഹം ഫോണിലൂടെ പറഞ്ഞത്.

ബാഡ്മർ കോട്ട ലിസ്റ്റ് ചെയ്യപ്പെടാത്ത ഒന്നാണ്. അതുകൊണ്ട് മറ്റൊരു വരവ് ഉണ്ടാകില്ല. ലിസ്റ്റ് ചെയ്യപ്പെടാത്ത രണ്ടാമത്തെ കോട്ടയിൽ നിന്നാണ് എനിക്ക് മടങ്ങേണ്ടി വരുന്നത്. ആദ്യത്തേത് കോർണ കോട്ട ആയിരുന്നു. ആയതിനാൽ ലിസ്റ്റ് ചെയ്യപ്പെടാത്ത കോട്ടകൾ ഇനി പോകേണ്ടതില്ല എന്നാണ് തീരുമാനം. ലിസ്റ്റ് ചെയ്തത് തന്നെ 133 കോട്ടകളുണ്ട്. അതിൽ 13 എണ്ണമാണ് ഇതുവരെ കണ്ടിട്ടുള്ളത്.

14

15

ബാഡ്മറിന് അടുത്തുള്ള കോസ്ലു എന്ന ഗ്രാമത്തിൽ ആയിരുന്നു പത്തുവർഷം മുമ്പ് എണ്ണപ്പാട ജോലികൾക്കായി ഞാൻ സ്ഥിരമായി വന്നിരുന്നത്. പഴയതിനേക്കാളും സുരക്ഷയും കാര്യങ്ങളും ഉണ്ടാകും ഇപ്പോളവിടെ. എങ്കിലും ഇന്നാട്ടുകാരായ സ്വാമി, ചേതൻ എന്നീ രണ്ട് പഴയ സഹപ്രവർത്തകർ ഉണ്ടെങ്കിൽ അവിടെ വരെ പോകാൻ തന്നെ തീരുമാനിച്ചു. അപ്പോഴാണ് അറിയുന്നത് ചേതൻ കോവിഡ് വന്ന് മരിച്ചിരിക്കുന്നു. ഇക്കാര്യം ഞാൻ ആ ദിവസങ്ങളിൽ തന്നെ അറിഞ്ഞിരുന്നു പക്ഷേ എൻ്റെ ഓർമ്മയിൽ ഉണ്ടായിരുന്നില്ല. വീണ്ടും അക്കാര്യം കേട്ടതും എനിക്ക് വല്ലാത്ത വിഷമമായി. ഞങ്ങൾ ഉപയോഗിച്ചിരുന്ന ടാക്സി വാഹനങ്ങളുടെ ഡ്രൈവർമാരായിരുന്നു ഇവർ രണ്ടുപേരും. പിന്നീട് അവരെ ഞങ്ങൾ ഓപ്പറേഷൻസിലേക്ക് എടുക്കുകയും അവർ മികച്ച പ്രകടനം കാഴ്ചവച്ച് ജീവിതം സുസ്ഥിരമാക്കുകയും ചെയ്തു.

എനിക്ക് പിന്നെ കോസ്ലുവിൽ പോകാൻ തോന്നിയില്ല. ഞാൻ നേരെ ജയ്സാൽമേഡിലേക്ക് തിരിച്ചു. 157 കിലോമീറ്റർ, 2.20 മണിക്കൂർ യാത്ര.

കാറ്റാടിപ്പാടങ്ങൾക്ക് നടുവിലൂടെ നീണ്ട് നിവർന്ന് കിടക്കുന്ന ജയ്സാൽമേഡ് റോഡിൽ ഭാഗിക്കൊപ്പം സഞ്ചരിക്കുമ്പോൾ, പഴയ രാജസ്ഥാൻ എണ്ണപ്പാട ജീവിതം തന്നെയായിരുന്നു എൻ്റെ മനസ്സ് നിറയെ.

16

17

നഗരത്തിൽ എത്തിയതും നേരെ ഗോൾഡൻ ഫോർട്ടിലേക്ക് നടന്നു. അതിൻെറ പ്രധാന കവാടത്തിന് പുറത്ത്, ഗവൺമെൻറ് അംഗീകൃത ഭാംഗ് വില്പനശാലയിൽ നിന്നും ആ പണ്ടാരം വാങ്ങി കുടിച്ച് ഇടങ്ങേറായതിന്റെ ഓർമ്മയ്ക്ക് ഇന്നും നല്ല തെളിച്ചമാണ്. (ആ കഥ നാളെ റീ പോസ്റ്റ് ചെയ്യാം.)

18

19

ഇന്ന് ക്യാമ്പ് ചെയ്യുന്നത്, നാച്ച്ന ഹവേലിയുടെ പുറത്തുള്ള റോഡിലാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ഒരു റോയൽ റസിഡൻസ് ആണിത്. ഇതിൻെറ ഉടമകളുമായി എൻ്റെ സുഹൃത്ത് ഡേവിഡ് രാജുവിനുള്ള David Raju പരിചയം വെച്ച് എൻ്റെ പ്രഭാതകൃത്യങ്ങൾക്കുള്ള സൗകര്യം ഇവിടെ ഏർപ്പാടാക്കിയിട്ടുണ്ട്. ഡേവിഡ് രാജുവിനും നാച്ച്ന ഹവേലി ഉടമ വിക്രമിനും ഭാര്യ മേഘ്നയ്ക്കുമാണ് ഇന്ന് നന്ദി പറയാനുള്ളത്. ഹവേലിയുടെ റസ്റ്റോറന്റിൽ നിന്ന് അത്താഴം കഴിച്ചു. രാജകീയത മുറ്റിനിൽക്കുന്ന ഹോട്ടലും റസ്റ്റോറൻ്റും.

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)

#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#MotorhomeLife
#boleroxlmotorhome