സാഹിത്യം

ഒരു ജയ്സൽമേഡ് തെരുവിന്റെ കഥ


ന്നലെ രാത്രി 9 മണി മുതൽ 45 മിനിറ്റ് കനത്ത മഴയും കാറ്റുമായിരുന്നു ജയ്സൽമേഡിൽ. രണ്ട് ദിവസമായി പകൽ പൊടിക്കാറ്റും ശക്തമാണ്. കാലാവസ്ഥ തണുപ്പിൽ നിന്ന് ചൂടിലേക്ക് കടക്കാൻ പോകുന്നതിന്റെ ലക്ഷണങ്ങൾ ആണെന്ന് തോന്നുന്നു.

ഇക്കാരണത്താൽ ഇന്നലത്തെ വിശേഷങ്ങൾ പറയാൻ പറ്റിയില്ല. അത് പിന്നീട് പറയാം. അതിന് മുൻപ്, കഴിഞ്ഞ നാല് ദിവസമായി ഭാഗി കിടക്കുന്ന ‘ഗാന്ധി ചൗക്ക് ‘ എന്ന തെരുവിനെ പരിചയപ്പെടുത്താം.

ഇതിനെ ചത്വരം എന്ന് പറഞ്ഞാൽ ശരിയാകുമോ എന്നറിയില്ല. ചൗക്ക് എന്ന് ഹിന്ദിയിൽ തന്നെ പറയാം.

12

നടുക്ക് എട്ടുപത്ത് വാഹനങ്ങൾക്ക് കിടക്കാനുള്ള സ്ഥലമുണ്ട്. ചുറ്റും കടകൾ. ഒരു വശത്ത് എനിക്ക് ശൗചാലയം തന്ന് സഹകരിക്കുന്ന നാച്ച്ന ഹവേലി. മറ്റൊരു ഭാഗത്ത് വേറെയൊരു ഇടത്തരം ഹോട്ടൽ ഉണ്ട്. ഓട്ടോ മാത്രം പോകുന്ന ഗലികൾ അടക്കം 6 വഴികളാണ് ഈ ചത്വരത്തിൽ വന്ന് ചേരുന്നത്. ശ്രദ്ധിച്ച് നടന്നില്ലെങ്കിൽ ഏതെങ്കിലും ഇരുചക്രവാഹനം ഇടിച്ചെന്ന് വരും. ആ ഗലികൾക്ക് ഉള്ളിലും ഹോട്ടലുകൾ ഉണ്ട്.

മാലിന്യം റോഡിലേക്ക് എറിയുന്നത് ജനങ്ങളുടെ പതിവാണ്. ദിവസത്തിൽ കുറഞ്ഞത് മൂന്ന് നേരം അത് തൂത്ത് വാരുന്നതും കാണാം. വീടുകളിലെ മാലിന്യം എടുക്കാൻ വരുന്ന വണ്ടി സ്വച്ഛഭാരത് പദ്ധതിയുടെ ഒരു പാട്ട് വെച്ചാണ് വരുക. വീട്ടുകാർക്ക് മാലിന്യം പുറത്തേക്ക് എത്തിക്കാൻ ഈ പാട്ട് സഹായിക്കുന്നു.

23

കല്ല്യാണ ബാരാത്തുകൾ തിരഞ്ഞെടുപ്പ് പ്രകടനത്തിൻ്റെ കൊട്ടിക്കലാശം പോലെ കുറേ നേരം ഇവിടെ നിന്ന് ചെകിടടപ്പിക്കുന്ന സംഗീതം കൊണ്ട് തെരുവിനെ കൂടുതൽ മലിനമാക്കും. ആ ഘോഷയാത്ര ഉണ്ടാക്കുന്ന മറ്റ് മാലിന്യങ്ങൾ അപ്പപ്പോൾ തൂത്തുവാരുന്നതും കാണാം.

കന്നുകാലികളും നായ്ക്കളുമാണ് തെരുവിലെ പ്രധാന താരങ്ങൾ. രാവിലെ ജോലിക്ക് പോകുന്നവർ വാഹനം നിർത്തി പശുക്കളെ തൊട്ട് തൊഴുത് പോകുന്നത് കാണാം. തലേന്ന് ബാക്കി വന്ന റൊട്ടികളും മറ്റ് തീറ്റസാധനങ്ങളും കൊണ്ടുവന്ന് പശുക്കളേയും നായ്ക്കളേയും തീറ്റുന്ന പത്ത് പേരെയെങ്കിലും ഈ ദിവസങ്ങളിൽ ഞാൻ കണ്ടു. അക്കൂട്ടത്തിൽ സ്ഥിരം വരുന്നവരെ കാണുമ്പോൾ കാലികൾ ഓടി അണയുന്ന കാഴ്ച്ച സന്തോഷദായകമാണ്.

24

രാവിലെ ഭാഗിയിൽ നിന്ന് ഇറങ്ങുമ്പോളും പ്രഭാത കർമ്മങ്ങൾ കഴിഞ്ഞ് ഹവേലിയിൽ നിന്ന് മടങ്ങുമ്പോളും പശുക്കൾ എന്നേയും വളയാൻ തുടങ്ങിയിരിക്കുന്നു ഇപ്പോൾ. തോളിൽ ഒരു സഞ്ചിയുമായി ആ സമയത്ത് വരുന്നവരെല്ലാം അന്നദാദാക്കൾ ആണെന്നാണ് അവറ്റകളുടെ വിചാരം. ഇടയ്ക്ക് ഒരു ദിവസം ഒരു പാക്കറ്റ് ബ്രെഡ് ഞാനും കൊടുത്തിരുന്നത് കൊണ്ടും ആവാം.

27

പക്ഷേ, ഭാഗിക്ക് ഈ കന്നുകാലികളെ അത്ര ഇഷ്ടമല്ല. ആരോ ഒരാൾ ഭക്ഷണം കൊടുക്കുന്ന സമയത്ത് രണ്ട് പശുക്കൾ കൊമ്പുകോർക്കുകയും ഭാഗിയുടെ പള്ളയ്ക്ക് ചേർത്ത് ഇടിക്കുകയും ചെയ്തു. ഇന്ന് അതിരാവിലെ ഭാഗിയുടെ പല ഭാഗത്തായി അവറ്റകൾ തൊഴിക്കുന്നതിൻ്റെ കുലുക്കം എനിക്ക് ഉള്ളിൽ കിട്ടുന്നുണ്ടായിരുന്നു.

തെരുവിലെ ഒരുവിധം ആൾക്കാർക്ക് ഇപ്പോൾ എന്നേയും ഭാഗിയേയും അറിയാം. അതിന് കാരണം നമ്മുടെ ഫ്രീ ഗൈഡ് ‘സഞ്ജയ് ജയ്സാൽമീർ’ ആണ്. അയാൾ ആ ഭാഗത്ത് മുഴുവൻ ഭാഗിയുടെ സൗന്ദര്യത്തെപ്പറ്റി പറഞ്ഞ് നടക്കുന്നുണ്ട്. ഇന്നലെ മാത്രം പതിനഞ്ചോളം പേരാണ് ഭാഗിയെ കാണാൻ വന്നത്.

ഇന്നലത്തെ മഴ സമയത്ത് ഭാഗി അവിടെ കിടക്കട്ടെ, എനിക്ക് കിടക്കാൻ വേറെ സൗകര്യം തരാമെന്ന് പറഞ്ഞ് സഞ്ജയ് അടക്കം രണ്ട് പേരാണ് വന്നത്. കൊട്ടാരത്തിൽ കിടക്കാൻ സൗകര്യം തന്നപ്പോൾ പോലും അവളെ വിട്ട് കിടന്നിട്ടില്ല ഞാൻ. പിന്നല്ലേ ഒരു ചീള് മഴ.

28

തെരുവിൽ നാച്ന ഹവേലിക്ക് എതിർവശത്ത് ഒരു ചെറിയ ബേക്കറി ഉണ്ട്. രണ്ട് ദിവസം അവിടുന്നാണ് പ്രാതൽ കഴിച്ചത്. ബജ്ജി വട നല്ല എരിയും രുചിയും ഉള്ള ഒരു ലഘുഭക്ഷണമാണ്. കട്ടൻചായ തരാമോ എന്ന് ചോദിച്ചപ്പോൾ “വോ ക്യാ ചീസ് ഹേ?” എന്നായിരുന്നു മറുചോദ്യം. ഇവർ അഥവാ കട്ടൻചായ ഉണ്ടാക്കിയാലും നമുക്ക് കണ്ടാൽ സഹിക്കില്ല. അതുകൊണ്ട് ഞാൻ ഭാഗിയുടെ അടുക്കളയിൽ തന്നെയാണ് തേയില വെള്ളം അനത്തുന്നത്.

നാച്ച്ന ഹവേലിക്ക് നേരെ എതിർവശത്ത് കാണുന്ന വീടിന്റെ ചറോക്കി ജനല് പോലൊന്ന് കല്ലിൽ ഉണ്ടാക്കി തമിഴ്നാട്ടിലെ ശൂലഗിരിയിൽ എത്തിച്ച് തരാൻ എത്ര ചിലവ് വരും എന്ന് സഞ്ജയുടെ സുഹൃത്തും കല്ലിൽ കൊത്തുപണികൾ ചെയ്യുന്ന ആളുമായ അൽത്താഫ് അൻസാരിയോട് തിരക്കി. ₹55,000 ചിലവാകും. തമിഴ്നാട്ടിൽ എത്തിക്കാനുള്ള ചിലവ് വേറെയും.

22

തൊട്ടടുത്ത തെരുവിൽ ഇന്നുണ്ടായ ദുരനുഭവം കൂടെ പങ്കുവെക്കാം. രണ്ട് ദിവസം ഭാഗിയെ അവിടെ നിർത്തി ആ തെരുവിലെ റസ്റ്റോറന്റിൽ ആണ് ഞാൻ പ്രാതൽ കഴിച്ചത്. ഇന്ന് അതേ പരിപാടി കഴിഞ്ഞ് ഭാഗിയുടെ അടുത്തേക്ക് തിരികെ വന്നപ്പോൾ അവളെ പൊലീസ് വളഞ്ഞിരിക്കുന്നു. വിശാലമായ മൈതാനം പോലെ കിടക്കുന്ന ആ സ്ഥലം നോ പാർക്കിങ് ആണ് പോലും. ഞാൻ ചെല്ലുമ്പോൾ 10 വണ്ടികളെങ്കിലും വേറെ കിടക്കുന്നുണ്ടായിരുന്നു. പൊലീസ് വന്നപ്പോൾ അവരെല്ലാം വിട്ടുകളഞ്ഞു.

ഭാഗിക്ക് 500 രൂപയുടെ പെറ്റി അടിച്ചു പൊലീസുകാർ. കേരളത്തിൽ നിന്ന് വന്നതാണെന്ന് പറഞ്ഞെങ്കിലും അപ്പോൾ അവരത് ചെവിക്കൊണ്ടില്ല. പിന്നെ ഭാഗിയുടെ ആന്തരിക സൗന്ദര്യം കണ്ടതോടെ ‘ആദ്യമേ ഇതെല്ലാം കാണിച്ചിരുന്നെങ്കിൽ പെറ്റി ഒഴിവാക്കി തരുമായിരുന്നല്ലോ’ എന്നായി.

25

അതെന്തായാലും അവർ വളരെ മാന്യമായി പെരുമാറി, ലോഹ്യമൊക്കെ പറഞ്ഞാണ് പിരിഞ്ഞത്. പക്ഷേ, ആ റസീപ്റ്റിൽ മതം എന്നൊരു കോളം ഉണ്ടായിരുന്നത് എന്നെ ഞെട്ടിച്ചു. ട്രാഫിക് നിയമ ലംഘനം നടത്തിയത് ഏത് മതക്കാരനായാൽ എന്ത്? ഏതെങ്കിലും മതക്കാർക്ക് ട്രാഫിക് നിയമ ലംഘനത്തിൽ ഇളവുണ്ടോ? കഴിഞ്ഞ 40 ദിവസങ്ങളിൽ 30 ദിവസവും മതപരമായ ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണ് മതേതര ഇന്ത്യയിൽ.

ഭാഗി വിഷമിക്കണ്ട. നീ ഇനി ഇങ്ങനെ എത്ര തെരുവുകൾ കാണാൻ കിടക്കുന്നു. എത്ര പശുക്കളുടെ തൊഴി കൊള്ളാൻ കിടക്കുന്നു. എത്ര പെറ്റികൾ വാങ്ങാനിരിക്കുന്നു. ഓർമ്മയില്ലേ ഗോവയിൽ ആദ്യരാത്രി നിനക്കുണ്ടായ അനുഭവം. തെണ്ടി നടക്കാൻ തീരുമാനിച്ചാൽ ഇങ്ങനെ ചിലതൊക്കെ ഉണ്ടായെന്ന് വരും. കാര്യമാക്കണ്ട.

26

പക്ഷേ, കാര്യമാക്കേണ്ട ഒന്നുണ്ട്. പുതുക്കാൻ കൊടുത്ത ലൈസൻസ് രണ്ട് മാസം കഴിഞ്ഞിട്ടും കിട്ടിയിട്ടില്ല. പോസ്റ്റൽ ചാർജ്ജ് അടക്കം വാങ്ങിയിട്ട്, ഇപ്പോൾ പറയുന്നു RT ഓഫീസിൽ ചെന്ന് വാങ്ങണമെന്ന്. പെറ്റിയടിക്കാൻ രാജസ്ഥാൻ പൊലീസ് ലൈസൻസ് ചോദിച്ചപ്പോൾ ഞാനൊന്ന് കിടുങ്ങി. പരിവാഹനിൽ കാണുന്ന സോഫ്റ്റ് കോപ്പി പറ്റില്ല, ഒറിജിനൽ തന്നെ കാണണമെന്ന് പറഞ്ഞാൽ ഞാൻ കുടുങ്ങി. ഞാൻ പരിവാഹനിൽ പരതുന്ന നേരത്ത് അവർ ഫോൺ നമ്പർ ആയാലും മതിയെന്ന് പറഞ്ഞത് ഭാഗ്യം.

വാൽക്കഷണം :- അടുത്ത യാത്ര കൊച്ചിയിൽ നിന്ന് പുറപ്പെടുന്നതിന് മുൻപെങ്കിലും പുതുക്കിയ കാർഡ് ലൈസൻസ് തരുമെന്ന് പ്രതീക്ഷിക്കുന്നു. പോസ്റ്റൽ ചാർജ്ജ് തിരികെ തരുകയും വേണം.

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)

#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofindia
#fortsofrajasthan
#motorhomelife
#boleroxlmotorhome
#jaisalmerfort