“ കോടനാട് എന്ന സ്ഥലം ഏത് ജില്ലയിലാണ് ? “
“ ഒരു ക്ലൂ തരുമോ ?”
(ഇക്കാലത്ത് ചോദ്യത്തേക്കാള്‍ പ്രാധാന്യം ക്ലൂവിനാണല്ലോ!!)
“ ക്ലൂ….., ഈ സ്ഥലം ആനപിടുത്തത്തിനും, പരിശീലനത്തിനും പേരുകേട്ടതാണ്.“
ഏഷ്യാനെറ്റില്‍ ഒരു ‘ഫോണ്‍ ഇന്‍ ക്വിസ്സ് ‘ പരിപാടിയിലെ രംഗമാണ് മുകളില്‍ വിവരിച്ചത്. ഫോണ്‍ വിളിച്ച കക്ഷിക്ക് എന്നിട്ടും ഉത്തരമില്ല. ടീവി കണ്ടുനിന്ന എനിക്കും ഉത്തരമില്ല. കോടനാട്, ആനപിടുത്തവുമായി ബന്ധപ്പെട്ട സ്ഥലമാണെന്ന് നേരത്തേ കേട്ടിട്ടുണ്ട്. പക്ഷെ, അത് കോട്ടയത്താണോ, ഇടുക്കിയിലാണോ, ഇനി മറ്റേതെങ്കിലും കിഴക്കന്‍ ജില്ലകളിലാണോ എന്നാലോചിച്ചാണ് ഞാന്‍ വശക്കേടായത്‍. സ്വന്തം ജില്ലയായ എറണാകുളത്താണ് കോടനാട് എന്നത് ഒരു പുതിയ അറിവായിരുന്നു. നാലഞ്ച് വര്‍ഷം മുന്‍പാണ് മേല്‍പ്പറഞ്ഞ ടീ.വി. പരിപാടി കാണുന്നത്. അന്ന് തീരുമാനിച്ചതാണ് കോടനാട് പോകണമെന്ന്. എന്നിട്ട് പോയതോ, ഇക്കഴിഞ്ഞ കൊല്ലം.
റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരും, ടൂറിസം-റിസോര്‍ട്ട് പരിപാടിക്കാരും കാരണം ഒരു സെന്റ് ഭൂമി പോലും കിട്ടാനില്ല. കേറിക്കിടക്കാനൊരു കൂര ഉണ്ടാക്കാന്‍ വേണ്ടി സ്ഥലം അന്വേഷിച്ച് ചെന്നുചെന്ന് അവസാനം എത്തിയത് കോടനാടാണ്. അല്ലാതെ അറിഞ്ഞുകൊണ്ട് ഒരു യാത്ര പോയതൊന്നുമല്ല. എവിടെപ്പോയാലും, പടമെടുക്കാനൊന്നും അറിയില്ലെങ്കിലും പൂണൂല് പോലെ ഒരു ക്യാമറ തോളില്‍ തൂങ്ങുന്നുണ്ടാകും. അതുകൊണ്ട് കുറച്ച് പ്രകൃതി സൌന്ദര്യം അന്നും ക്യാമറയില്‍ പതിഞ്ഞു.
സ്ഥലങ്ങള്‍ കാണിച്ചുതരാന്‍ വന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റുമായി കോടനാട് ചെന്നപ്പോള്‍, അഞ്ച് വര്‍ഷം മുന്നേ അവിടെ പോകാതിരുന്നതില്‍ കുണ്ഠിതം തോന്നി. പ്രധാനകാരണങ്ങളില്‍ ഒന്ന് പ്രകൃതി സൌന്ദര്യം തന്നെ. പിന്നത്തെ കാരണം കൈപ്പിടിയിലൊതുങ്ങാത്ത സ്ഥലത്തിന്റെ വില. അതെങ്ങിനെയെങ്കിലും ഉണ്ടാക്കാമെന്ന് വെച്ചാലും സ്ഥലമൊന്നും കിട്ടാനില്ല എന്നത് വേറൊരു വിഷയം.
എന്തായാലും അവിടെ വരെ ചെന്ന സ്ഥിതിക്ക് പുരയിടമൊന്നും വാങ്ങിയില്ലെങ്കിലും, നന്നായൊന്ന് കറങ്ങി മൊത്തത്തില്‍ പ്രകൃതിസൌന്ദര്യമൊക്കെ ആസ്വദിച്ചശേഷം മടങ്ങാമെന്ന് തീരുമാനിച്ചു.
മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ ഹെഡ് ക്വാര്‍ട്ടേഴ്സാണ് കോടനാട്. 1977 ല്‍ ആനപിടുത്തം നിരോധിച്ചതിനുശേഷം, ഇവിടെയിപ്പോള്‍ ആനപരിശീലനം മാത്രമേ ഉള്ളൂ.
ആനപിടുത്തം നിരോധിച്ചെങ്കില്‍പ്പിന്നെ പരിശീലനത്തിന് ആനകള്‍ എവിടന്ന് വരുന്നു ? എന്നൊരു ചോദ്യം ഈയവസരത്തില്‍ ന്യായമായും ഉണ്ടായേക്കാം.
കാട്ടിലിപ്പോഴും, പണ്ട് ആനപിടുത്തത്തിന് ഉപയോഗിച്ചിരുന്ന വലിയ വാരിക്കുഴികള്‍ അതുപോലെ തന്നെ കിടപ്പുണ്ട്. അബദ്ധത്തില്‍ അതില്‍ വീണ് പരിക്ക് പറ്റുന്ന കുട്ടിയാനകളേയും, തള്ളയാനയുടെ കണ്ണുതെറ്റി വഴിയറിയാതെ കറങ്ങിനടക്കുന്ന കുറുമ്പന്മാരേയും ഫോറസ്റ്റുകാര്‍ താപ്പാനകളുടെ സഹായത്തോടെ ഇവിടെ കൊണ്ടുവന്ന് ചികിത്സിച്ച്, പരിശീലിപ്പിച്ച് സംരക്ഷിക്കുകയാണ് പതിവ്.
ആനക്കൊട്ടിലിന്റെ ഗേറ്റിലെത്തുന്നതിന് മുന്‍പായി വലത്തുവശത്ത് ഒരു മഹാദേവക്ഷേത്രം ഉണ്ട്. വളരെ പുരാതനമായ ഈ ക്ഷേത്രത്തില്‍ കാട്ടാളന്റെ വേഷത്തിലുള്ള ശിവനാണ് കുടിയിരിക്കുന്നത്. ഇത് പ്രതിഷ്ഠയല്ലെന്നും സ്വയംഭൂവാണെന്നുമാണ് ഐതിഹ്യം. ക്ഷേത്രത്തിന്റെ പരിസരത്തും മുറ്റത്തുമൊക്കെയുള്ള കാടും പടലും വെട്ടിനീക്കി വെടിപ്പാക്കാന്‍ ഒരിക്കലും പറ്റാറില്ലെന്നും കാട്ടാളരൂപം പ്രാപിച്ച ശിവന് കാട്പിടിച്ച് കിടക്കുന്ന ക്ഷേത്രപരിസരമാണ് ഇഷ്ടമെന്നും മറ്റൊരു വിശ്വാസമുണ്ടിവിടെ. എത്ര വെട്ടിയൊതുക്കിയാലും കാടെല്ലാം വളരെപ്പെട്ടെന്ന് തന്നെ പഴയതുപോലെ തിരിച്ചുവരും, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കുഴപ്പങ്ങള്‍ ക്ഷേത്രസംബന്ധിയായി ഉണ്ടാകും. ഇതൊക്കെ അവിടത്തെ വിശ്വാസങ്ങളും ഐതിഹ്യങ്ങളുമാണ്. ചിത്രത്തില്‍ കാണുന്ന ക്ഷേത്രത്തിന്റെ പുറം മോടികളൊക്കെ 1990 കാലങ്ങളില്‍ ഉണ്ടായതാണ്.
നല്ലൊരു അമ്പലത്തില്‍ രാവിലെ തന്നെ പോകണമെന്നുള്ളവര്‍ക്ക് മഹാദേവനെ തൊഴുതിറങ്ങിയശേഷമാകാം ബാക്കിയുള്ള കാഴ്ച്ചകളൊക്കെ. ദൈവങ്ങളുമായി അത്ര വലിയ അടുപ്പമൊന്നും ഇല്ലാത്തതുകൊണ്ടും ഭഗവാന്‍ ശിവനുമായി, അദ്ദേഹത്തിന്റെ ഒരു പ്രസാദത്തിന്റെ പേരില്‍ ചെറിയൊരു സൌന്ദര്യപ്പിണക്കം ഉള്ളതുകൊണ്ടും ഈയുള്ളവന്‍ അങ്ങോട്ട് കയറാനൊന്നും നിന്നില്ല. ഭഗവാന്‍ പൊറുക്കണം.
ആനക്കൊട്ടിലിന്റെ ഗേറ്റില്‍ ഫോറസ്റ്റിന്റെ ഉദ്യോഗസ്ഥര്‍ ഉണ്ട്. വാഹനം അകത്തേക്ക് കയറ്റി പാര്‍ക്ക് ചെയ്തു. വലത്തുവശത്ത് കാണുന്ന മതില്‍ക്കെട്ട് ഒരു ചെറിയ കാഴ്ച്ചബംഗ്ലാവാണ്. കുട്ടികള്‍ക്ക് നേരം പോക്കിനുള്ളതൊക്കെ അവിടെയുണ്ട്. മാന്‍,കുരങ്ങ്, മലമ്പാമ്പ്, പ്രാവ്, മയില്‍, ചീങ്കണി അങ്ങിനെ കുറച്ച് ജന്തുക്കള്‍ മാത്രമുള്ള ഒരു കൊച്ചു മൃഗശാല. അതില്‍ ചില കുരങ്ങന്മാര്‍ ‘പോക്കറ്റടിക്കാരാണ് ശ്രദ്ധിക്കണം‘ എന്ന് മുന്നറിയിപ്പ് കിട്ടിയപ്പോള്‍ കൌതുകം തോന്നി. പോക്കറ്റടി എന്ന കലാപരിപാടി അപ്പൂപ്പന്മാരായിട്ട് തന്നെ ഉള്ളതാണെന്ന് അന്നാണ് പിടികിട്ടിയത്.
വണ്ടിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ത്തന്നെ ആനക്കൂട് കണ്ടു. ആനക്കൊട്ടിലിന്റെ ചരിത്രമൊക്കെ എഴുതി തൂക്കിയിരിക്കുന്നത് കണ്ടു. 1965 ഉണ്ടാക്കിയ ഈ ആനക്കൊട്ടിലിന് ചിലവായത് 40,346 രൂപ.
ഒരു ആനക്കുട്ടി അതിനകത്തുണ്ട്. ഒന്നോ രണ്ടോ വയസ്സ് കാണുമായിരിക്കും അല്ലേ ? ഓടിക്കളിച്ച് നടക്കേണ്ട ചെറുപ്രായത്തില്‍ത്തന്നെ അഴികള്‍ക്ക് പിന്നിലായ അവന്റെ ബാല്യത്തെപ്പറ്റിയോര്‍ത്തപ്പോള്‍ സങ്കടം തോന്നി.
വേറൊരു വികൃതിയെ പുറത്തുള്ള മതില്‍ക്കെട്ടിലില്‍ കണ്ടു. അവന്‍ മുഴുവന്‍ സമയവും, ഇളയരാജയുടെ ഒരു നല്ല മെലഡി കേട്ട നിര്‍വൃതിയിലെന്നപോലെ തല ആട്ടിക്കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് തുമ്പികൊണ്ട് മണ്ണ് വാരി പുറത്തുകൂടെ ഇടുന്നുമുണ്ട്.
അവന്റെ ചര്‍മ്മം ശ്രദ്ധിച്ചോ ? നല്ല കറുത്ത സുന്ദരനല്ലേ? ഇതുപോലുള്ള സുന്ദരന്‍ ആനകളാണ് തടിപിടുത്തത്തിനും, ഉത്സവങ്ങള്‍ക്കുമൊക്കെ പോകാന്‍ തുടങ്ങുന്നതോടെ കള്ളുകുടിയന്മാരായ പാപ്പാന്മാരുടെ തോട്ടിവെച്ചുള്ള കുത്തലും, പീഡനവുമൊക്കെ കാരണം ഗ്ലാമറെല്ലാം പോയി, കാലില്‍ ചങ്ങലവൃണമൊക്കെ വന്ന് പരിതാപകരമായ അവസ്ഥയിലാകുന്നത്. പാവം ആനകള്‍.
തൊട്ടടുത്ത മതില്‍ക്കെട്ട് ഒരു ചെറിയ പാര്‍ക്കാണ്. ഇടയ്ക്ക് ഒന്ന് വിശ്രമിക്കണമെങ്കില്‍ അവിടെയുള്ള സിമന്റ് ബെഞ്ചിലോ മുളകൊണ്ടുണ്ടാക്കിയ ബെഞ്ചിലോ ഇരിക്കാം.
പാര്‍ക്കിന്റെ അരികിലൂടെ താഴേക്ക് നടന്ന് പുഴക്കരകില്‍ എത്തി. പെരിയാറിന്റെ തീരത്താണ് ആനക്കൊട്ടില്‍. മുകളില്‍ കാണുന്ന പടവിലാണ് ഈ കുട്ടിക്കൊമ്പന്മാരുടെ നീരാട്ട്. അപ്പുറത്തൊരു കടവില്‍ ടൂറിസ്റ്റുകളും കുളിക്കുന്നുണ്ടായിരുന്നു . ആ തെളിവെള്ളം കണ്ടാല്‍, ഇറങ്ങിക്കുളിക്കണമെന്ന് ഏത് കുളിക്കാത്തവനും തോന്നിപ്പോകും. ‘പര്‍വ്വതനിരയുടെ പനിനീരേ‘ എന്ന് കവി പാടിയത് ഈ പെരിയാറിനെപ്പറ്റിത്തന്നെ, യാതൊരു സംശയവും വേണ്ട.
കുളി കഴിഞ്ഞ് മടങ്ങി വരുന്ന കുട്ടിക്കൊമ്പന്മാരെ, കുട്ടികളും മറ്റ് ടൂറിസ്റ്റുകളും ചേര്‍ന്ന് വളഞ്ഞുവെച്ച് താലോലിക്കുന്നതുകണ്ടു. കുട്ടികളുടെ സന്തോഷം ഒന്നു കാണേണ്ടതുതന്നെ. ആനക്കുട്ടന്മാരും തുമ്പിവെച്ച് എല്ലാരേം തൊട്ടുനോക്കുന്നൊക്കെയുണ്ട്. ടൂറിസ്റ്റുകള്‍ക്ക് ആനപ്പുറത്ത് സവാരി നടത്താനുള്ള സൌകര്യവും കോടനാടുണ്ട്.
അതിന്റെ ചിത്രങ്ങളൊന്നും ഞാനിവിടെ പ്രദര്‍ശിപ്പിക്കുന്നില്ല. നേരിട്ട് പോകുമ്പോള്‍ കണ്ടാസ്വദിച്ചോളൂ.
ആലുവയില്‍ നിന്ന് കിഴക്കോട്ട് പെരുമ്പാവൂര്‍ വഴിയും, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കാലടിവഴിയും കോടനാട് എത്തിച്ചേരാം. പെരുമ്പാവൂരോ, കാലടിയിലോ ചെന്നിട്ട് കോടനാട് ആനക്കൊട്ടിലിലേക്കുള്ള വഴി, ആരോട് ചോദിച്ചാലും പറഞ്ഞുതരും.
താമസിയാതെ തന്നെ ഈ ആനക്കൊട്ടില്‍ കോടനാടുതന്നെയുള്ള വടക്കാംപള്ളിയിലേക്ക് മാറ്റി സ്ഥാപിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. കൂടുതല്‍ സ്ഥലസൌകര്യവും കാടുമൊക്കെയുള്ളത് വടക്കാംപള്ളിയിലാണത്രേ.
പുഴയുടെ അക്കരയിലേക്ക് നോക്കിയാല്‍ കാണുന്നതാണ് മലയാറ്റൂര്‍ പള്ളി. കുരിശുചുമന്ന് മലകയറി മുകളിലെത്തുമ്പോഴുള്ള പള്ളിയല്ല ഇത്. പൊന്നുംകുരിശുമുത്തപ്പന്റെ ആ പള്ളി, അപ്പുറത്ത് മലമുകളിലാണ് ഇവിടന്ന് കാണാന്‍ പറ്റില്ല.
പുഴയില്‍ വെള്ളം കുറവായിരുന്നെങ്കിലും നല്ല ഒഴുക്കുണ്ടായിരുന്നു.പള്ളിപ്പെരുന്നാള് കാലത്ത് ജനങ്ങള്‍ക്ക് പെരിയാര്‍ കുറുകെ കടക്കാന്‍ മരവും മുളയുമൊക്കെ ഉപയോഗിച്ച് താല്‍ക്കാലികമായി ഒരു പാലം ഉണ്ടാക്കും. ഒരു മാസത്തോളം ആ പാലം അവിടെ കാണും. അതിലൂടെ അക്കരയിക്കരെ കടക്കാന്‍ ചെറിയ തുകയുടെ ഒരു ടിക്കറ്റ് എടുക്കണം. പെരുന്നാള് കഴിയുന്നതോടെ പാലം പോളിച്ച് കളയും. ശ്രദ്ധിച്ചുനോക്കിയാല്‍ താഴത്തെ ചിത്രത്തില്‍ ആ പാലത്തിന്റെ മുളങ്കുറ്റികള്‍ വെള്ളത്തിലുറപ്പിച്ചിരിക്കുന്നത് കാണാം. കോടനാട്-മലയാറ്റൂര്‍ സ്ഥിരം പാലത്തിന്റെ കരടുപണികള്‍ തുടങ്ങിക്കഴിഞ്ഞു. ഉടനെ തന്നെ ഈ കരകള്‍ക്കിടയില്‍ ഒരു കോണ്‍ക്രീറ്റ് പാലം ഉയര്‍ന്നുവരും.
ടിക്കറ്റെടുത്ത് പാലത്തിലൂടെ അക്കരയ്ക്ക് നടന്നു. അപ്പുറം എത്താനായപ്പോള്‍ ക്ലോറിനും, മലമൂത്രവിസര്‍ജ്ജ്യവും കൂടിക്കലര്‍ന്ന മനംപുരട്ടുന്ന നാറ്റമടിച്ചു. നദിക്കരയില്‍ കാര്യം സാധിച്ച് പോയിരിക്കുന്നു പെരുന്നാള് കൂടാന്‍ വന്ന ജനം. പ്ലാസ്റ്റിക്കിന്റെ കൂമ്പാരവും നല്ലവണ്ണം ഉണ്ട്. ഇത്രയും മനോഹരമായ സ്ഥലത്ത് വന്നിട്ട് ഈ വക പരിപാടി കാട്ടുന്ന സംസ്ക്കാര ശൂന്യരായ മുഴുവന്‍ ജനങ്ങളേയും മനസ്സറിഞ്ഞ് പ്രാകിക്കൊണ്ട് പാലത്തിലൂടെ തിരിച്ച് നടന്നു.
വീണ്ടും ഇക്കരയില്‍ വന്നുനിന്ന് നദിയുടേയും മറുകരയിലെ പച്ചപ്പിന്റേയും മനോഹാരിത ആസ്വദിച്ചുനിന്നു. അക്കാണുന്നതുമുഴുവന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള റിസര്‍വ്വ് വനമാണ്. തേക്ക് മരങ്ങളാണത് മുഴുവന്‍. സ്വകാര്യ വ്യക്തികളുടെ സ്ഥലം അപ്പുറത്തില്ലാത്തതുകൊണ്ടാകണം കോണ്‍ക്രീറ്റ് കെട്ടിടങ്ങളൊന്നും അക്കരയില്‍ ഇല്ല.
എത്രനേരം ആ കാഴ്ച്ചയും കണ്ട് അവിടെ നിന്നെന്ന് അറിയില്ല. പുഴക്കരയില്‍ ഇത്തിരി സ്ഥലം വാങ്ങിയിടാനുള്ള ബാങ്ക് ബാലന്‍സൊന്നും ഈയുള്ളവനില്ല. അതുമാത്രമല്ല, എന്നും കണ്ടാല്‍ ഈ കാഴ്ച്ചയ്ക്ക് ഒരു രസമില്ലാതാകും.(കിട്ടാത്ത മുന്തിരി പുളിക്കും!!)
എറണാകുളത്തുനിന്ന് അധികം ദൂരമൊന്നുമില്ലല്ലോ. കുട്ടിക്കൊമ്പന്മാരെ കാണണമെന്നും, പുഴക്കരയില്‍ വന്ന് അവന്മാരെ കുളിപ്പിക്കുന്നത് കാണണമെന്നും, പെരിയാറില്‍ ഇറങ്ങി ഒന്ന് നനയണമെന്നും തോന്നുമ്പോള്‍ ഇനിയും വരാമല്ലോ ?
കൂടെ വന്ന ബ്രോക്കര്‍ക്ക് ഒരു സ്ഥലത്തിന്റെ രജിസ്ട്രേഷനുണ്ടുപോലും! അയാള്‍ പോകാന്‍ തിരക്കാക്കിക്കൊണ്ടേയിരുന്നു. സ്ഥലം വാങ്ങാതെ, കാഴ്ച്ച കാണാന്‍ വേണ്ടി മാത്രം വന്ന എന്നെ മനസ്സാ ശപിച്ചുകൊണ്ട് അയാള്‍ നീട്ടിവലിച്ച് മുന്നില്‍ നടന്നു. കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത പെരിയാറിന്റെ സൌന്ദര്യം ആസ്വദിച്ചുകൊണ്ട് അയാള്‍ക്ക് പുറകെ പതുക്കെപ്പതുക്കെ ഞാനും.