വെളുത്ത പൂക്കള്‍ കുറെയധികം ഉണ്ട് തൊടിയില്‍. അതൊക്കെ ഒന്ന് പകര്‍ത്താമെന്ന് കരുതി ക്യാമറയുമായി വെളിയിലിറങ്ങി.
കുറ്റിമുല്ലയില്‍ നിന്നാകട്ടെ തുടക്കം. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് ഏതവനാ പറഞ്ഞത്. ഈ മുല്ലയ്ക്ക് നല്ല മണമുണ്ട്.
ആന്തൂറിയം കാണുമ്പോള്‍ എന്നും ഓര്‍മ്മ വരുന്നത് സി.ഐ.ഡി.ഉണ്ണികൃഷ്ണന്‍ എന്ന സിനിമയില്‍ തോട്ടക്കാരനായി അഭിനയിക്കുന്ന ജഗതി ശ്രീകുമാര്‍ അടുക്കളക്കാരി കല്‍പ്പനയോട് പറയുന്ന ഡയലോഗാണ്. “ ഞാന്‍ ആരാമത്തില്‍ നിന്ന് ആന്തൂറിയം പറിച്ച് നിനക്ക് തരാം, നീ അടുക്കളയില്‍ നിന്ന് ചില്ലി ചിക്കനുണ്ടാക്കി എനിക്ക് തരണം “
നന്ത്യാര്‍വട്ടം. പക്ഷെ എനിക്കത് കണ്ടപ്പോള്‍ നന്ത്യാര്‍ ചക്രമാണെന്നാണ് തോന്നിയത്.
ഇത് നമ്മുടെ സ്വന്തം ഓര്‍ക്കിഡ്. നമ്മള്‍ മലയാളികള്‍ മുല്ലയേക്കാളും, തെച്ചിയേക്കാളുമൊക്കെ അധികം പോറ്റി വളര്‍ത്തുന്നത് ഇവനെയല്ലേ ?!
ഇത് ഒരിനം ലില്ലിപ്പൂവാണെന്ന് തോന്നുന്നു. പേര് കൃത്യമായി അറിയില്ല. അറിയുന്നവര്‍ പറഞ്ഞ് തരൂ. അവന്റെ പരാഗരേണുക്കളൊക്കെ മഴയില്‍ കുതിര്‍ന്ന് ദളങ്ങളില്‍ത്തന്നെ പടര്‍ന്നിരിക്കുന്നു.
ഇതിന്റേയും പേര് അറിയില്ല. അറിയുന്നവര്‍ പറഞ്ഞ് തരൂ. പേരില്ലാത്തതുകൊണ്ടായിരിക്കണം കിണറ്റുകരയില്‍ നിലത്താണ് അവന്‍ വളരുന്നത്. പേരും നാളും ഇല്ലാത്ത പൂവിന് വേണ്ടി ചെടിച്ചട്ടി മിനക്കെടുത്താനോ ? അതിന് വേറെ ആളെ നോക്കണം.
പൂക്കളുടെ പടമൊക്കെ എടുത്ത് നില്‍ക്കുമ്പോഴാണ് ഒരു കക്ഷി ആ വഴി കറങ്ങിത്തിരിഞ്ഞ് വന്നത്. “നീയാരാ ഊവേ ഒരു പുതുമുഖം ഈ തൊടീല് “ എന്ന ഒരു ഭാവമുണ്ട് മുഖത്ത്. അടുത്ത വീട്ടിലെ പൂവനാണ്. അവന്റെ ഒരു ഗതികേട് നോക്കണേ ! ഓടിച്ചിട്ട് പിടിക്കാനുള്ള സൌകര്യത്തിന് വേണ്ടിയായിരിക്കണം, 3 മീറ്റര്‍ നീളമുള്ള കയറ് ഒരെണ്ണം അവന്റെ ഇടത്തേക്കാലില്‍ കുരുക്കിയിട്ടിരിക്കുന്നു.
ഭൂലോകത്തുള്ളതില്‍ വെച്ചേറ്റവും ക്രൂരനായ മൃഗം മനുഷ്യന്‍ തന്നെ.