Monthly Archives: July 2008

Bandh-2008-July-03-001

പ്രതീക്ഷയോടെ….



ന്ന് മറ്റൊരു ഹര്‍ത്താല്‍.

കഴിഞ്ഞ 11 മാസം നാട്ടില്‍ നിന്ന് വിട്ടുനിന്നതുകൊണ്ട് ഈ ഹര്‍ത്താലിനെ ഒരു പുതുമയോടെയാണ് ഞാന്‍ കണ്ടത്. പക്ഷെ നാട്ടില്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ ബന്ദ്, ഹര്‍ത്താല്‍ അല്ലെങ്കില്‍ പണിമുടക്ക് എന്നൊക്കെ പറഞ്ഞാല്‍ ഒരു പുതുമയല്ലാതായി മാറിയിരിക്കുന്നു. ഒരു മിന്നല്‍പ്പണിമുടക്ക് വന്നാല്‍പ്പോലും എങ്ങിനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന് ജനങ്ങള്‍ പഠിച്ചുകഴിഞ്ഞിരിക്കുന്നു.

എറണാകുളം എം.ജി.റോഡിലെ ഒരു ദൃശ്യമാണ് മുകളില്‍. ഹര്‍ത്താല്‍ ദിനമായിരുന്നിട്ട് പോലും തന്റെ ലോട്ടറി ടിക്കറ്റുകളുമായി വില്‍പ്പനയ്ക്കിറങ്ങിയ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരു പ്രജയെ കണ്ടില്ലേ ? പൂര്‍ണ്ണമായും ശൂന്യമല്ലാത്ത ആ റോഡിലൂടെ ഭാഗ്യാന്വേഷിയായ ആരെങ്കിലും ഒരാള്‍ വരുമെന്ന പതീക്ഷയോടെ കാത്തിരിക്കുന്നു അദ്ദേഹം.

പ്രതീക്ഷയുടെ പ്രതീകമായ ലോട്ടറി ടിക്കറ്റുമായിരിക്കുന്ന ആ ചേട്ടനെപ്പോലെ എനിക്കുമുണ്ട് ഒരു പ്രതീക്ഷ. ജാതിമത ഭേദമില്ലാതെ, കൊടികളുടെ നിറം നോക്കാതെ ഹര്‍ത്താലുകളേയും പണിമുടക്കുകളേയും ബന്ദുകളേയും നമ്മള്‍ മലയാളികള്‍ അല്ലെങ്കില്‍ ഇന്ത്യാക്കാര്‍ നിഷ്ക്കരുണം തള്ളിക്കളയുന്ന ഒരു കാലം വരും. വിപ്ലവാത്മകമായ ആ ദിവസത്തിന്റെ കാലടിയൊച്ചയ്ക്കായി കാത്തിരിക്കാം. ഹൈക്കോടതി പോലും തോറ്റുപോയ സ്ഥിതിക്ക് ഇനി ആ ഒരു പ്രതീക്ഷ മാത്രമേ ബാക്കിയുള്ളൂ.