Monthly Archives: December 2008

isle-of-wight-436

ഗില്‍‍ഡ്‌ഫോ‍ഡ് കാസില്‍



ഇംഗ്ലണ്ടിലെ ഗില്‍‍ഡ്‌ഫോ‍ഡ് (Guildford) പട്ടണത്തില്‍ പതിനൊന്നാം നൂറ്റാണ്ടില്‍ ‘വില്യം ദ കോണ്‍കറര്‍’ ഉണ്ടാക്കിയ കോട്ട. ചുറ്റും ഉദ്യാനമൊക്കെ വെച്ചുപിടിപ്പിച്ച് ഇന്നും മനോഹരമായി സംരക്ഷിച്ചിരിക്കുന്നു. സ്വദേശികളും വിദേശികളുമായിട്ടുള്ള സഞ്ചാരികള്‍ ഉദ്യാനത്തിലെ പച്ചപ്പുല്‍‌പരവതാനിയില്‍ മണിക്കൂറുകളോളം വെയില്‍ കാഞ്ഞും പുസ്തകം വായിച്ചുമൊക്കെ ചിലവഴിക്കുന്നു.

കോട്ടയുടെ രൂപം കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സിലേക്കോടി വന്നത് നാട്ടില്‍ വീടിനടുത്തുള്ള ടിപ്പുസുല്‍ത്താന്റെ(പള്ളിപ്പുറം) കോട്ടയാണ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് സ്കൂളില്‍ നിന്നും കോട്ടയില്‍ കൊണ്ടുപോയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. കാട് പിടിച്ച് കാലുകുത്താന്‍ പറ്റാത്തവിധമായിരുന്നു അന്ന് കോട്ടയുടെ അവസ്ഥ. ഇപ്പോള്‍ കോട്ടയിലേക്ക് പ്രവേശനം ഇല്ലെന്നാണ് കേട്ടിട്ടുള്ളത്. കോട്ടയുടെ താക്കോല്‍ തൊട്ടടുത്തുള്ള പള്ളിപ്പുറം പൊലീസ് സ്റ്റേഷനിലാണുള്ളത്.

ഇനിയെന്നെങ്കിലും ആ കോട്ടയുടെ അകത്ത് കയറി കാണാന്‍ സാധിക്കുമോ ? നമ്മുടെ ഭരണവര്‍ഗ്ഗം ആ കോട്ടയെ വേണ്ടവണ്ണം സംരക്ഷിക്കുമോ ? അതോ, നാട്ടിലുള്ള ചരിത്ര സ്മാരകങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ ഇതുപോലുള്ള വിദേശസ്മാരകങ്ങളില്‍ കയറി ഇറങ്ങി നടക്കേണ്ടി വരുമോ ?