Monthly Archives: December 2008

tusami

യാത്രയായവര്‍ക്ക് വേണ്ടി


26 ഡിസംബര്‍ 2004. രാവിലെ തന്നെ, കുടുംബസമേതം ബാംഗ്ലൂര് നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു.

അക്കാലത്ത്, മുഴങ്ങോടിക്കാരി നല്ലപാതിക്ക് ജോലി ബാംഗ്ലൂരായിരുന്നതുകൊണ്ട് കേരളത്തിലേക്കുള്ള യാത്രകള്‍ എന്നും തുടങ്ങുന്നത് ബാംഗ്ലൂര് നിന്നാണ്. എണ്ണപ്പാടത്തെ ജോലിക്കിടയില്‍ കിട്ടുന്ന അവധി ദിവസങ്ങളായതുകൊണ്ട്, എന്നാണ് കൃത്യമായി ബാംഗ്ലൂരെത്തുക എന്ന് ഒരിക്കലും കൃത്യമായി പറയാനാകില്ല. അതുകൊണ്ടുതന്നെ തീവണ്ടിട്ടിക്കറ്റുകള്‍ നേരത്തേ തന്നെ എടുക്കാനും പറ്റാറില്ല. പിന്നെയുള്ള ആശ്രയം ഒരു റ്റാറ്റാ ഇന്‍ഡിക്കാ കാറാണ്. ദീര്‍ഘദൂര ഡ്രൈവിങ്ങ് എന്നും ആസ്വദിച്ചിരുന്നതുകൊണ്ട് ബാംഗ്ലൂര് നിന്ന് എറണാകുളം വരെയുള്ള ഇത്തരം യാത്രകള്‍ പതിവാണ്.

സേലം, കോയമ്പത്തൂര്‍ വഴി പാലക്കാടെത്തി ഉച്ചയൂണ് കഴിഞ്ഞ് യാത്ര തുടരുമ്പോഴേക്കും മൊബൈല്‍ ഫോണ്‍ ചിലച്ചു. വിളി വീട്ടില്‍ നിന്നാണ്.

“എവിടെയെത്തി? ”
“ഞങ്ങള്‍ പാലക്കാട് കഴിഞ്ഞു.”
“തൃശൂര് കഴിഞ്ഞാല്‍ നിങ്ങള്‍ തീരദേശ റൂട്ടിലൂടെയൊന്നും വരണ്ട കേട്ടോ? ”
“അതെന്താ ? തീരദേശ റൂട്ടിലെ റോഡൊക്കെ മോശമാണോ? ”
“അതൊന്നുമല്ല, വേറേ ചില പ്രശ്നങ്ങളുണ്ട്.”
“എന്ത് പ്രശ്നം? വല്ല മിന്നല്‍പ്പണിമുടക്കോ ഹര്‍ത്താലോ, ബന്തോ മറ്റോ ഉണ്ടോ? ”
“ഏയ് അതൊന്നുമല്ല.”
“പിന്നെന്താ? ”
“അതേയ്, വേളാങ്കണ്ണീലൊക്കെ പള്ളീല്‍ കടല് കയറി കുറേപ്പേര് മരിച്ചെന്ന് കേള്‍ക്കുന്നു.”
“വേളാങ്കണ്ണി പള്ളീല് കടല് കയറിയതും, ഞങ്ങള്‍ തീരദേശ റൂട്ട് വഴി വരുന്നതും തമ്മിലെന്ത് ബന്ധം ? വേളാങ്കണ്ണി തമിഴ്‌നാട്ടിലല്ലേ ?”
“അതൊക്കെയുണ്ട്. നിങ്ങള് തല്‍ക്കാലം പറഞ്ഞതുപോലെ കേട്ടാമ്മതി.”

പറഞ്ഞതുപോലെ കേട്ടു, പക്ഷെ അനുസരിച്ചില്ല. തൃശൂര് നിന്ന് ഗുരുവായൂര്‍, ചേറ്റുവ, കോട്ടപ്പുറം, മൂത്തകുന്നം, പറവൂര്‍ വഴിയുള്ള തീരദേശറൂട്ടുപിടിച്ചുതന്നെ എറണാകുളത്തെത്തി. തീരദേശം വഴി വരേണ്ട എന്ന് പറഞ്ഞതിന്റെ രഹസ്യം അതിനുശേഷമാണ് ചുരുളഴിഞ്ഞത്.

മുന്‍പരിചയമില്ലാത്ത സുനാമിയെന്ന ഒരു പ്രകൃതിദുരന്തം സംഹാരതാണ്ഡവമാടിയിരിക്കുന്നു.

മരിച്ചവരുടെ കൃത്യമായിട്ടുള്ള സ്ഥിതിവിവരക്കണക്കുകള്‍ സംഹരിച്ച ശക്തിയുടെ കയ്യില്‍ മാത്രമേ ഉണ്ടാകാന്‍ സാദ്ധ്യതയുള്ളൂ. പലപല മാധ്യമങ്ങളിലൂടെ പുറത്തുവന്ന കണക്കുകളും ഔദ്യോഗിക കണക്കുകളും‍ പലതരത്തിലുള്ളതായിരുന്നു. ഏകദേശകണക്കുകള്‍ തന്നെ ഞെട്ടിക്കാന്‍ പോന്നതായിരുന്നു..

ഇന്തോനേഷ്യയില്‍ 125,596-127,420 മരണം. കാണാ‍തായവര്‍ 94,550-116,368.
ശ്രീലങ്കയില്‍ 31,003-38,195 മരണം. കാണാ‍തായവര്‍ 4,698-4,924.
ഇന്ത്യയില്‍ 10,779 മരണം. കാണാ‍തായവര്‍ 5,614.
തായ്‌ലാന്റില്‍ 5,395 മരണം. കാണാ‍തായവര്‍ 2,991.
സോമാലിയയില്‍ 298 മരണം.
മ്യാണ്‍‌മാറില്‍ 90 മരണം.
മാല്‍‌ദീവ്‌സില്‍ 82 മരണം.
മലേഷ്യയില്‍ 68 മരണം.
ടാന്‍സാനിയയില്‍ 10 മരണം.
ബംഗ്ലാദേശില്‍ 2 മരണം.
കെനിയയില്‍ 1 മരണം.

നമ്മുടെ കൊച്ചുകേരളത്തിലും നൂറുകണക്കിനാളുകള്‍ സുനാമി ദുരന്തത്തിനിരയായി. രാജ്യമേതായാലും ഭാഷയേതായാലും പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോള്‍ നമ്മെ വിട്ടുയാത്രയായത് ലക്ഷക്കണക്കിന് സഹജീവികള്‍.സുനാമി എന്ന പ്രകൃതിക്ഷോഭം വിതച്ച കൊടും നാശത്തിന്റെ കഥകളും, പത്രവാര്‍ത്തകളും, ഭീകരാവസ്ഥയുമൊക്കെ ഒരു വാര്‍ത്തയല്ലാതായി മാറിയ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്.

ലക്ഷക്കണക്കിനാള്‍ക്കാര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു, ഉറ്റവരെ നഷ്ടപ്പെട്ടു. അനാഥരാക്കപ്പെട്ട കുട്ടികള്‍, വലിയ വലിയ കുഴികള്‍ കുത്തി യന്ത്രങ്ങളുടെ സഹായത്തോടെ മനുഷ്യന്മാരെ കൂട്ടത്തോടെ വാരിയെടുത്ത് ശവസംസ്ക്കാരം നടത്തുന്നതിന്റെ ചിത്രങ്ങള്‍. ഏതൊരു കഠിനഹൃദയനേയും പിടിച്ചുകുലുക്കുന്ന രംഗങ്ങള്‍.

അതൊക്കെ കഴിഞ്ഞിട്ട് ഇന്നേക്ക് കൊല്ലം നാലായി. ആ സംഭവമൊക്കെ നമ്മള്‍ മറന്നുകഴിഞ്ഞു. ദുരന്തത്തിനിരയായവര്‍ക്കും നഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും വേണ്ടി സംഭരിച്ച പണമൊക്കെ വഴിമാറ്റി ചിലവഴിച്ച് നാം തിന്ന് തീര്‍ത്തുകഴിഞ്ഞു. അതിവേഗ ജീവിതത്തിന്റെ കുത്തൊഴുക്കില്‍ ഗതി നഷ്ടപ്പെട്ട് എങ്ങോട്ടൊക്കെയോ നമ്മള്‍ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

ജീവന്‍ വെടിഞ്ഞവരെ ഒരിക്കല്‍ക്കൂടെ സ്മരിക്കാനും, ആദരാജ്ഞലികള്‍ അര്‍പ്പിക്കാനും, തന്നില്‍ നിന്ന് അകന്നുപോകുന്നവര്‍ക്ക് ഒരു ചെറിയ മുന്നറിയിപ്പ് തന്നതാണ് പ്രകൃതി എന്ന് തിരിച്ചറിയാനുമൊക്കെ ഈ ദിനം നമുക്ക് നീക്കിവെക്കാം, ഇനിയൊരു സുനാമി ഉണ്ടാകില്ലെന്ന് പ്രതീക്ഷയോടെ…….
—————————————————————————————-
ചിത്രങ്ങള്‍ക്ക് കടപ്പാട് http://www.pbase.com/minoltaman/phuket_tsunami